
കോക്രോച്ച് ജനതാ പാർട്ടി(സിജെപി)യുടെ വെബ്‌സൈറ്റ് വീണ്ടും സജീവമെന്ന് സ്ഥാപകൻ അഭിജീത് ദീപ്‌കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് ഇതുവരെ അഞ്ച് ലക്ഷം ഒപ്പാണ് ലഭിച്ചത്. ഒപ്പുവെക്കുന്നതിനുള്ള ലിങ്കും സജീവമാണ്. പത്ത് ലക്ഷം നിവേദനമാണ് സിജെപിയുടെ ലക്ഷ്യം.
‘പാറ്റകൾ എല്ലാം അതിജീവിക്കും. സിജെപിയുടെ പോരാട്ടത്തിന് മാറ്റമൊന്നുമില്ല. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ട്’ അഭിജീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം സിജെപിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ അഭിജീത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഹർജി പരിഗണിക്കും. സിജെപിയുടെ പ്രവർത്തനങ്ങളിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ വൈകാരികമായി എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.