
ബി ആര് പി അന്തരിച്ചിട്ട് ജൂണ്‍ നാലിന് രണ്ടു വര്‍ഷമാകുന്നു .അദ്ദേഹത്തിന്‍റെ ന്യൂസ് റൂം എന്ന പുസ്തകത്തെ പറ്റി ഒരു കുറിപ്പ്
സത്യാനന്തരകാലത്തെ മാധ്യമ പ്രവര്‍ത്തകരും വായനക്കാരും നിര്‍ബന്ധമായി വായിക്കേണ്ട പുസ്തകമാണ് ഏഴു ദശകങ്ങളായി മാധ്യമരംഗത്ത് നിറസാന്നിധ്യമായ ബി ആര് പി ഭാസ്കര്‍ എഴുതിയ ന്യൂസ് റൂം .പ്രിന്റ് മീഡിയയിലും വിഷ്വല്‍ മീഡിയയിലും സജീവമായി പ്രവര്‍ത്തിച്ച ബി ആര് പി ഇന്ത്യയിലെ ന്യൂസ് ഏജന്‍സികളില്‍ ഒന്നായ യു എന്‍ ഐ യില്‍ നീണ്ട കാലം നിരവധി റോളുകളില്‍ പ്രവര്‍ത്തിച്ച ആളാണ് .വാര്‍ത്തകളുടെ ഉള്ളും ഉറവിടവും നന്നായി അറിയുന്ന വ്യക്തി. ചരിത്രത്തിനൊപ്പം സഞ്ചരിച്ചയാള്‍.കണിശതയും ജാഗ്രതയും കാത്തു സൂക്ഷിച്ച മാധ്യമ പ്രവര്‍ത്തകന്‍ .ഒറ്റയിരുപ്പില്‍ വായിക്കാവുന്ന വിധം തികച്ചും അയത്ന ലളിതമായി എഴുതിയിരിക്കുന്ന ഈ കൃതി സമകാലിന ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണ് .
1952 ഫെബ്രുവരി 25 നു മദ്രാസിലെ “ഹിന്ദു” ദിനപത്രത്തില്‍ എഡിറ്റോറിയല്‍ ട്രെയിനിയായി തുടങ്ങിയ ബി ആര്‍ പിയുടെ മാധ്യമ പ്രവര്‍ത്തനം എല്ലാ അര്‍ത്ഥത്തിലും ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചരിത്രവുമായുള്ള മുഖാമുഖം ആണ് .പിന്നിട് അദ്ദേഹം പേട്രിയറ്റ്,സ്റ്റേറ്റ്സ്മാന്‍ തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചുവെങ്കിലും കുടുതല്‍ സംഭവബഹുലമായ കാലങ്ങള്‍ അദ്ദേഹം ചെലവഴിച്ചത് യു എന്‍ ഐ യിലും ഡെക്കാന്‍ ഹെറാള്‍ഡിലും ഏഷ്യാനെറ്റ് ടി വി യിലുമാണ് .യാഥാസ്ഥിതികത്തിന്‍റെ ഈറ്റില്ലമായ ഹിന്ദുവില്‍ നിന്ന് പടിപടിയായി മാധ്യമ രംഗത്തെ വ്യത്യസ്ത സ്ഥാപനങ്ങളുമായി കൈകോര്‍ത്ത ഒരു ക്ഷോഭിക്കുന്ന പത്രപ്രവര്‍ത്തകന്റെ നിറമാര്‍ന്ന ആല്‍മകഥയാണ് ന്യൂസ് റൂം .
ആരെയും ഭള്ളു പറയാന്‍ ഇല്ലാത്തത് കൊണ്ടു ഒരു സര്‍വീസ് സ്റ്റോറി എഴുതാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ബി ആര് പി അതുകൊണ്ടു തന്നെ ,തന്നെ പ്രക്ഷുബ്ധനാക്കിയ ദേശീയവും അന്തര്‍ ദേശീയവുമായ സംഭവവികാസങ്ങളിലേക്കും അവയുടെ കവറേജിലേക്കുമാണ് ശ്രദ്ധ തിരിക്കുന്നത് .വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളും അതുമായി ബന്ധപ്പെട്ട നിരവധി കഥാപാത്രങ്ങളും ഈ ഓര്‍മ്മകുറിപ്പുകളില്‍ അമാനുഷിക പരിവേഷമില്ലാതെ കടന്നു വരുന്നു .
സൂയസ് കനാല്‍ ഉപരോധവും അതിനെ അപലപിച്ചു കൊണ്ടു നെഹ്‌റു നടത്തിയ പ്രസ്താവനയും ലീഡ് ആക്കി ഒരവധി ദിവസം പ്രത്യേക എഡിഷന്‍ തന്നെ ഹിന്ദു ഇറക്കി .അതിനു പ്രേരണയായത് യുവാവായിരുന്ന ബി ആര് പി യുടെ ഇടപെടല്‍ മൂലവും .ഇന്ന് പോലും നടക്കാന്‍ ഇടയില്ലാത്ത കാര്യമാണത്.ഇന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നിരവധി പ്ലാറ്റ്ഫോമുകള്‍ ഉണ്ട് എന്നതിനാല്‍ ഇതൊരു അതിശയമായി തോന്നില്ല .പക്ഷെ അന്‍പതുകളില്‍ അതൊരു വലിയ സാഹസമായിരുന്നു .മാത്രമല്ല ആദ്യ പേജില്‍ പരസ്യവുമായി ഇറങ്ങിയിരുന്ന ഹിന്ദു ആദ്യമായി വാര്‍ത്ത തുടക്കത്തില്‍ നല്‍കി .ഇന്ന് ആദ്യ പേജ് പരസ്യക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നതിനാല്‍ ഇതില്‍ വലിയ അതിശയം തോന്നില്ലെങ്കിലും അതൊരു ശൈലി വിപ്ലവം തന്നെയായിരുന്നു
ഈ സാഹസികബുദ്ധിയും വാര്‍ത്തകളുടെ അടിത്തട്ടിലേക്ക് ഇറങ്ങിചെല്ലാനുള്ള ശ്രദ്ധയുമാണ് ബി ആര് പി യെ വ്യത്യസ്തനാക്കുന്നത് . ഹിന്ദുവില്‍ ജോലി ചെയ്യുമ്പോഴാണ് ഒരു കസ്റ്റഡി മരണത്തില്‍ അദ്ദേഹം വിജയകരമായി ഇടപെടുന്നത് .ഹിന്ദു അത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ബലത്തിലുള്ള പോലിസ് ഭാഗം ഒരു ചെറിയ വാര്‍ത്തയായി കൊടുത്തപ്പോള്‍ സോഷ്യലിസ്റ്റ് നേതാവ് കെ ബി മേനോന്‍റെ സഹചാരി എ പി കുഞ്ഞിക്കണ്ണനും ബി ആര്‍ പിയും അതിനു പിറകെ ശക്തമായി അലഞ്ഞു .
അപ്പോഴേ വന്നു ,കമ്മ്യൂണിസ്റ്റ് എന്ന ലേബല്‍ !കോടതിയിലും അതെ ചോദ്യമുണ്ടായി .താന്‍ പി എസ പി ക്കാരനാണ് എന്നായിരുന്നു ബി ആര്‍ പിയുടെ മൊഴി .
ഹിന്ദുവില്‍ കഴിയുമ്പോള്‍ ആയിരുന്നു ആദ്യത്തെ ട്രേഡ് യുണിയന്‍ അനുഭവം.മദ്രാസ് യുണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സിന്‍റെസ്ഥാപക സെക്രട്ടറി നരസിംഹനെ ഹിന്ദു പിരിച്ചു വിടുന്നു .അതിനെതിരെ യുണിയനു നല്‍കിയ കത്തില്‍ നിന്ന് എല്ലാവരും പിന്മാറിയപ്പോഴും ഒപ്പ് പിന്‍വലിക്കാതെ മനസാക്ഷിക്കൊപ്പം ബി ആര് പി നിന്നു .പില്‍കാലത്ത് യു എന്‍ ഐയില്‍ നിന്ന് ബി ആര്‍ പിയെ പിരിച്ചു വിടുമ്പോള്‍ അദ്ദേഹത്തോടൊപ്പം യു എന്‍ ഐ മുഴുവന്‍ കൂടെ നിന്നു എന്നത് മറ്റൊരു കൌതുകം .തനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കാശ്മീരില്‍ മറ്റൊരു ഇന്നിങ്ങ്സ് .
ഭീതിയുടെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ഹിന്ദു വില്‍ നിന്ന് ഫിലിപ്പൈന്‍സിലെക്കയിരുന്നു മാധ്യമ പഠനത്തിനായി ബി ആര്‍ പിയുടെ യാത്ര .ഇത്യന്‍ എംബസ്സിയിലെ ഒരു ഉദ്യോഗസ്ഥന്റെ നോട്ടപ്പിശക് മൂലമാണ് തനിക്കു കമ്മ്യുണിസ്റ്റ് വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന ആ നാട്ടില്‍ ആ സൗകര്യം ഒത്തതെന്നു അദ്ദേഹം പറയുന്നുണ്ട് .ഭീതിയുടെയും ഭീഷണിയുടെയും ലോകത്തിലും പത്രപ്രവര്‍ത്തകര്‍ മുട്ടുമടക്കാതെ എഴുതുന്നത് കണ്ടാണ് ,പല ലോകങ്ങളില്‍ നിന്നുള്ള പത്രക്കാരെ കണ്ടു അദ്ദേഹത്തിന്‍റെ മടക്കം പട്ടാള വിപ്ലവത്തില്‍ അധികാരം പിടിച്ചെടുത്ത .മര്‍കോസിന്റെ കാലത്ത്
ഏര്‍ണി ഗ്രനാദയെപോലെ ജയിലില്‍ കഴിയേണ്ടി വന്ന മാധ്യമപ്രവര്തകരെ അദ്ദേഹം ഓര്‍ക്കുന്നു .
ന്യൂസ് റൂം ശ്രദ്ധേയമാകുന്നത് കൂടെ പ്രവര്‍ത്തിച്ച പ്രഗത്ഭരായ ഒട്ടേറെ പേരുടെ നഖചിത്രങ്ങള്‍ കൊണ്ടു കൂടിയാണ് .താന്‍ സ്ഥാപിച്ച പത്രത്തെക്കാള്‍ പേരുണ്ടായിരുന്ന എടത്തട്ട നാരായണനുമായി പേട്രിയറ്‍റ് ദിനപത്രത്തില്‍ കഴിച്ച നാളുകള്‍ ബി ആര് പി വിശദമായി എഴുതുന്നുണ്ട് .”എതിര്‍പ്പ് അതിശക്തമായ ഭാഷയില്‍ പ്രകടിപ്പിച്ച പത്രാധിപരായിരുന്നു എടത്തട്ട നാരായണന്‍.പക്ഷെ ഒരിക്കലും അദ്ദേഹം വ്യക്തിഹത്യക്ക് ശ്രമിച്ചില്ല”,ബി ആര് പി എഴുതുന്നു .അന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപരായ മുള്‍ഗോങ്കര്‍ ബ്ലിറ്സിലെ കരഞജിയക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്ന ഒരു ചോദ്യവും മറുപടിയും കൊട്ടിഘോഷിക്കാമായിരുന്നിട്ടു പോലും അദ്ദേഹം അത് വെട്ടിക്കളയുകയായിരുന്നു.അടുത്ത ദിവസം പക്ഷെ അക്കാര്യം ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ചുവെന്നത് വേറൊരു കാര്യം .
“നാരായണന്‍റെ രാഷ്ട്രീയം അനിവാര്യമായും അദ്ദേഹത്തെ അടിയന്തരാവസ്ഥയെ പിന്തുണക്കുന്ന പത്രാധിപരാക്കി .പക്ഷെ അദ്ദേഹം മുട്ടിലിഴഞ്ഞ പത്രാധിപര്‍ അല്ലായിരുന്നു “,ബി ആര് പി വിലയിരുത്തുന്നു .
പേട്രിയറ്‍റ് ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു ബി ആര് പി .ഇന്ന് പോലും എളുപ്പമല്ലാത്ത സവിശേഷതകളുമായിട്ടായിരുന്നുആ ദിനപത്രത്തിന്റെ തുടക്കം സംസാരിക്കുന്ന തലക്കെട്ടുകള്‍ എന്ന ആശയമായിരുന്നു അതിലൊന്ന് .ഗ്രാമീണ കാര്യങ്ങള്‍ക്കുള്ള റൂറല്‍ കമെന്ററി ആയിരുന്നു മറ്റൊരു പുതുമ .
1964 മെയ് 27 നു നെഹ്‌റു അന്തരിച്ചപ്പോള്‍ പേട്രിയറ്‍റ് അഭിമുഖീകരിച്ച ചില വിഷമതകള്‍ അദ്ദേഹം ഗൌരവത്തോടെ അവതരിപ്പിക്കുന്നു .നെഹ്‌റു ജീവിത സായാഹ്നത്തില്‍ ആണെന്ന് അറിയാമയിരുന്നു എങ്കിലും അദ്ദേഹത്തെപറ്റി ഭൂതകാലത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കാന്‍ ഒരു ലേഖകന്‍ ഗിരിഷ് മാത്തൂറിന് കഴിഞ്ഞില്ല.നെഹ്രുവിന്റെ ചരമ വാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രഗല്‍ഭനായ മറ്റൊരു എഡിറ്റര്‍ വേണുഗോപാല്‍ റാവു ഒന്നുമെഴുതാനാകാതെ കരയുകയായിരുന്നു. അവസാനം തട്ടിക്കൂട്ടിയ അടുത്ത ദിവസത്തെ പത്രമാണ് നെഹ്രുവിന്റെ ചരമംഏറ്റവും നന്നായി കൈകാര്യം ചെയ്തതെന്ന് പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ശില്പശാലക്കു വന്ന ബ്രിട്ടീഷ് വിദഗ്ദന്‍ വിലയിരുത്തി !
ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിലെ വൈരുദ്ധ്യാത്മകത വര്‍ദ്ധിക്കുന്ന ആ കാലത്ത് ബി ആര്‍പി പേട്രിയറ്‍റ് വിട്ടു .പക്ഷെ രാജി, തന്നെകാണാന്‍ വന്ന എം പി നാരായണപിള്ളക്ക് ഏടത്തട്ട സാരോപദേശം നല്‍കിയതിന്റെ പേരില്‍ ആയിരുന്നു .അങ്ങനെയാണ് അദ്ദേഹം യു എന്‍ ഐ എന്ന വാര്‍ത്ത എജെന്‍സിയില്‍ എത്തിപ്പെടുന്നത് .ആ സ്ഥാപനം രൂപികരിച്ചിട്ട് അന്ന് അഞ്ചു വര്‍ഷങ്ങള്‍ തികഞ്ഞിരുന്നില്ല .കുല്‍ദീപ് നയ്യാര്‍ ആയിരുന്നു ജനറല്‍ മാനേജര്‍ .
കുല്‍ദീപ് നയ്യാറിന്റെ ഒരു റിപ്പോര്‍ട്ട് ആണ് മൊറാര്‍ജിക്കു പകരം ശാസ്ത്രി പ്രധാനമന്ത്രി ആകാന്‍ കാരണം എന്ന് ഒരു സൂചന നല്കുന്നുണ്ട് ബി ആര് പി .സ്രോതസ്സുകള്‍ ഇല്ലാത്ത ആ റിപ്പോര്‍ട്ട് അത്ര നിഷ്കളങ്കം ആയിരുന്നില്ലെന്ന ധാരണ അത് സൃഷ്ട്ടിക്കുന്നു .കരക്കമ്പികളുടെ കേന്ദ്രമായിരുന്ന ഡല്‍ഹിയില്‍ അങ്ങനെ എത്രയെത്ര കഥകള്‍ !
യു എന്‍ ഐയില്‍ പ്രധാന തുടക്കം അഹമദാബാദ് ലേഖകന്‍ ആയി .”ആരെങ്കിലും പൂഴ്ത്തി വെയ്ക്കുന്ന വാര്‍ത്ത “കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം വിക്രം സാരാഭായിയെ കാണുന്നത് .റോക്കറ്റ് അയക്കാന്‍ മാത്രമല്ല തന്റെ സ്കൂപ്പ് തകര്‍ക്കാനും മിടുക്കനാണ് സാരാഭായി എന്നദ്ദേഹം അവിടെ വെച്ചു മനസ്സിലാക്കി .
വിവര സാങ്കേതിക വിപ്ലവത്തിന് മുന്‍പ് മിനുട്ടുകള്‍ ഡെഡ് ലൈന്‍
ആയ വാര്‍ത്ത എജെന്‍സിയില്‍ വാര്‍ത്തകളുടെ ഒഴുക്കാണ് പ്രധാനം .അതിനു വേണ്ടി താന്‍ ചെയ്ത പ്രവര്‍ത്തനം അദ്ദേഹം എണ്ണിയെണ്ണിപറയുന്നുണ്ട് .പക്ഷെ കുടുതല്‍ വിശദവും അപഗ്രഥനാല്‍മകവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു .യു എന്‍ ഐ കാലം പക്ഷെ രസകരമാകുന്നത് കുല്‍ദീപ് നായര്‍ക്കു ശേഷം എഡിറ്ററും ജനറല്‍ മനഗേരുമായി വന്ന ജി ജി മിര്‍
ചന്ദാനിയുമായുള്ള പോരാട്ടത്തിന്റെ പേരിലാണ് .അവസാനം പിരിച്ചു വിടപ്പെട്ട ലേഖകനെ അദ്ദേഹത്തിനു പുനര്‍ നിയമിക്കേണ്ടി വന്നു .വലിയൊരു സമരത്തിന്റെ വിജയകരമായ പര്യവസാനമായിരുന്നു അത് .അങ്ങനെ ശ്രീനഗറില്‍ അദ്ദേഹം നിയമിതനാകുന്നു .ഷെയ്ക്ക് അബ്ദുള്ളയുടെ രണ്ടാം വരവിന്റെ വാര്‍ത്ത അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു
തന്‍റെ പ്രൊഫഷണല്‍ പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഇന്ത്യ പാക് യുദ്ധവും ബംഗ്ലാദേശ് വിമോചനവും പ്രധാന വിഷയമാകുന്നുണ്ട്.അതെ പോലെ അടിയന്തിരാവസ്ഥയും.അടിയന്തരാവസ്ഥ എജെന്‍സിയെയും പിടിച്ചു കുലുക്കി യു എന്‍ ഐയും സംയോജിപ്പിച്ചു ഒറ്റ എജെന്സി സമാചാര്‍ രൂപികൃതമായി .രണ്ടു വര്‍ഷത്തിനു ശേഷം അധികാരത്തില്‍ വന്ന ജനതസര്‍ക്കാര്‍ അത് വീണ്ടും വിഭജിച്ചു .വീണ്ടും മിര്‍ചന്ദാനീ തലപ്പത്തു എത്തി .ബി ആര് പി മദ്രാസിലും. .
എം ജി ആറും തമിഴ് ഈഴവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കാലത്താണ് ബി ആര്‍പി ചെന്നെയില്‍ എത്തുന്നത് .അപ്പോഴേക്കും മദ്രാസ് ചെന്നൈ ആയി മാറിയിരുന്നു ..രാം നാഥ് ഗോയങ്ക എന്നമാധ്യമ പ്രഭുവിനെപറ്റിയുള്ള കണ്ടെത്തലുകള്‍ ആണ് ഇക്കാലത്തെ ഒരു സുപ്രധാന സംഭവം .ഒരു വക്കീല്‍ നോട്ടീസ് പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് കൌതുകാരമായ പല കണ്ടെത്തലുകള്‍ക്കും കാരണമായത് ബി ആര് പി നല്‍കിയ രേഖകള്‍ പിന്തുടര്‍ന്നു അലോക് മിത്ര പ്രോബെ ഇന്ത്യയില്‍ കവര്‍ സ്റ്റോറി ആയി അത് പ്രസിദ്ധീകരിച്ചു ഇന്ദിര ഗാന്ധിയെ വരെ ആ റിപ്പോര്‍ട്ട് ആക്ര്ഷിച്ചു .അതെ കുറിച്ചു ഇന്ദിര ചോദിച്ചപ്പോള്‍ താന്‍ പല തെറ്റും ചെയ്തിട്ടുണ്ട് എങ്കിലും ഇത് ചെയ്തിടില്ല എന്നായിരുന്നു ഗോയങ്കയുടെ മറുപടി .
വീണ്ടും മിര്‍ ചന്ദാനിയുടെ കരങ്ങള്‍ ബി ആര്‍ പിക്ക് നേരെ നീണ്ടു .അങ്ങനെയാണ് അദ്ദേഹം യു എന്‍ ഐ വിട്ടു ഡെക്കാന്‍ ഹെറാള്‍ഡില്‍എത്തുന്നത്.ഡല്‍ഹിയില്‍ നിന്ന് പുറത്താക്കപ്പെട്ടു 12 വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ അഞ്ചര വര്ഷം ചെന്നെയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം ബംഗ്ലൂരില്‍ എത്തുന്നത് .വളര്‍ന്നു വരുന്ന ഒരു നഗരത്തിലെ ശക്തമായ ഒരു ദിനപത്രത്തില്‍ കഴിയവേ അദ്ദേഹം ആധുനിക ചൈനയുടെ മുന്നേറ്റ കണ്ടു ശക്തമായ ഒരു ലേഖന പരമ്പര എഴുതിയത്.ആ പത്രം നിയന്ത്രിച്ചിരുന്ന ഉടമകളായ ഹരികുമാറിന്റെ കുടുംബത്തെ കുറിച്ചു നല്ല ഉള്‍ക്കാഴ്ചയോടെ അദ്ദേഹം എഴുതുന്നു .എവിടെയാണ് അവര്‍ക്ക് പിഴച്ചുപോയതെന്നും .
റിട്ടയര്‍മെന്റ് വന്നതോടെ ബാംഗ്ലൂരില്‍ അതെ ജോലിയില്‍ തുടരാമായിട്ടും അദ്ദേഹം കേരളത്തിലേക്ക് മടങ്ങാനാണ് തീരുമാനിച്ചത് .അവിടെ ടി വി മേഖലയില്‍ കാലുകുത്തിയ ഏഷ്യാനെറ്റില്‍ കണ്‍സല്‍ട്ടന്റ് ആയതു മറ്റൊരു ചരിത്ര നിയോഗമായി .ടി വി യിലെ വാര്‍ത്ത അപഗന്ഥന പരിപാടി ആയ പത്രവിശേഷം മാധ്യമ വിമര്‍ശനത്തില്‍. ഗോള്‍ഡ് സ്റാന്‍ഡെഡ് ആയി മാറി ..
ഒരു പക്ഷെ ദേശീയതലത്തിലും കേരളത്തിലും ഒരേ പോലെ മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുള്ള അധികം പേര്‍ നമുക്കില്ല .വാര്‍ത്തയുടെ സാക്ഷി ആരും വാര്‍ത്തകളുടെ സംഘാടകന്‍ ആയും വിമര്‍ശകന്‍ ആയും സ്വയം വാര്‍ത്തയായും നിറഞ്ഞു നിന്ന എഴുപതു വര്‍ഷങ്ങള്‍ .അതാണ് ന്യൂസ് റൂം സമശീര്‍ഷരെ അസൂയപ്പെടുത്തുന്ന ഈ അനുഭവ സമ്പത്ത് പുതിയ തലമുറയ്ക്ക് വലിയ പാഠമാകും .
ന്യൂസ് റൂം
ബി ആര് പി ഭാസ്കര്‍
പ്രസാധനം :ഡി സി ബുക്സ്
വില 499