
ബാർബർ ബാലന്റെ ജീവിതകഥ. നാട്ടിലെ പഴയ ബാർബർ ഷോപ്പുകളിൽ പലതും അടച്ചുപൂട്ടി. ചിലതു കാലത്തിനൊപ്പം മുഖം മിനുക്കി. പുതിയ പാർലറുകൾ ബ്യുട്ടിയുടെ ലോകകാഴ്ചകൾ നാടിനും പകർന്നു. തിമിരക്കണ്ണിൽ മങ്ങിയ കാഴ്ചകൾ കണ്ടു നിർവികാരത നിറഞ്ഞ ചിരിയുമായി ബാലൻ കറങ്ങിനടന്നു…
"വ്യത്യസ്തനാമൊരു ബാർബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീല..."
മേലുകാവിലെ ബാർബറാം ബാലന്റെ കഥ പറയുന്ന ഈ ഗാനം ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലേതാണ്. ഈ കഥക്കു സമാനമാണ് മണർകാട്ടുകാരുടെ ബാലന്റെ കഥയും. നാട്ടിൽ പുതിയകാലത്തെ ആദ്യ മൊബൈൽ ബാർബർ ഷോപ്പിനുടമയായ ബാലന്റെ കഥ.
കടുംനിറത്തിൽ വലിയ കളങ്ങളുള്ള മുഴുക്കയ്യൻ ഷർട്ട്. അലസമായണിഞ്ഞ അയഞ്ഞ ബ്രൗൺ പാന്റ്. ഇടതുകയ്യിൽ പണ്ടുണ്ടായിരുന്ന പഴയ വാച്ച് ചെയിൻ പൊട്ടിയെങ്കിലും പാന്റിന്റെ ഇടതുപോക്കറ്റിലുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽ ക്യാമറയുള്ള മൊബൈൽ ഫോൺ. തോളിൽ തൂക്കിയ പഴകിമങ്ങിയ കറുത്ത ബാഗിൽ ഒന്നുരണ്ടു കത്രികകൾ, കത്തികൾ, ബ്ലേഡുകൾ, ചീപ്പുകൾ, സോപ്പുകൾ... പിന്നെ പഴയൊരു റാലി സൈക്കിൾ. സൈക്കിളിന്റെ ഇരു ഹാൻഡിലുകളിലും കൈപിടിച്ച് പതിയെ സൈക്കിളുരുട്ടി കാണുന്ന പരിചയക്കാരോടെല്ലാം കുശലം പറഞ്ഞു പതിവുവീടുകളിൽ മുടങ്ങാതെത്തുന്ന മുടിമിനുക്കുകാരൻ. ബാർബറാം ബാലൻ. മണർകാടിന്റെ സഞ്ചരിക്കുന്ന ബാർബർ ഷോപ്പ്. മൊബൈൽ ബാലൻ.
ബാർബർ ജീവിതം മുമ്പും സാഹിത്യത്തിലും സിനിമയിലും കടന്നുവന്നിട്ടുണ്ട്. സാഹിത്യത്തിൽ ദേശത്തിന്റെ കഥയിലെ ബാർബറും പാലേരിയിലെ ബാര്‍ബർ കേശവനുംപോലെ. ചിക്കാഗോയുടെ തെക്കൻ പ്രദേശത്തെ ഒരു ബാർബർഷോപ്പിലെ സാമൂഹിക ജീവിതത്തെ ചുറ്റിപ്പറ്റി ടിം സ്റ്റോറി സംവിധാനം ചെയ്തതാണ് ‘ബാർബർഷോപ്പ്’ (2002) എന്ന അമേരിക്കൻ കോമഡി സിനിമയും തുടർന്നുള്ള മൂന്ന് സിനിമ/ടെലിവിഷൻ പരിപാടികളും.
കെ ബാലചന്ദ്രന്റെ ‘വരുമയിൽ നിറം ചുവപ്പിൽ’ (1989) മഹാനടനായ കമലഹാസൻ അവതരിപ്പിച്ച രംഗന് ബാലനുമായി സമാനതകൾ ഏറെയാണ്. പലയിടങ്ങളിൽ പണിതേടി പലതിലും അപമാനിതനായ അഭ്യസ്തവിദ്യനായ രംഗന്‍ ഒടുവിൽ മാന്യമായ തൊഴിലെന്ന നിലയിൽ സ്വന്തമായി ബാർബർ ഷോപ്പുതുടങ്ങുന്നു. കമലഹാസനോടോപ്പം ശ്രീദേവിയും അഭിനയിച്ച ഈ സിനിമ ദാരിദ്ര്യത്തിന്റെ നിറം എല്ലായിടത്തും ചുവപ്പുതന്നെയെന്ന് കാട്ടിത്തരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മഴവിൽക്കാവടി (1989) സിനിമയിലെ കൃഷ്ണൻകുട്ടിനായരുടെ പളനിയിലെ ബാർബറും അയാളുടെ ബാഗ് മോഷ്ടിക്കുകയും ബാർബറായി സ്വന്തം മാറുകയും ചെയ്യുന്ന ജയറാമും ആ സിനിമയിലെ പള്ളിത്തേരുണ്ടോ... തങ്കത്തോണി... എന്നീ ഗാനങ്ങൾപോലെ മലയാളിയുടെ ഓർമ്മയിലുണ്ട്. ടി വി ചന്ദ്രന്റെ ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ (1995) എന്ന സിനിമയിലെ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും കൃഷ്ണപ്പിള്ളയുടെയുമൊക്കെ പടങ്ങൾ തൂക്കിയ നാണുവിന്റെ ബാര്‍ബർ ഷോപ്പ് കേരളത്തിന്റെ ഒരു കാലഘട്ട സൂചകമാണ്. ഒടുവിൽ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്തു ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിൽ (neestream) വന്ന 'മുടി' കോവിഡുകാലത്തെ ബാർബറുടെ കുടുംബ-സാമൂഹിക ജീവിതം പകർത്തുന്ന ചിത്രമാണ്.

വര : സലിമോൻ
മണർകാട്ടുകാരുടെ ബാലൻറെ സഞ്ചരിക്കുന്ന ബാർബർ ഷോപ്പ് എന്നിൽ തീർത്ത കാഴ്ചകൾക്ക് ഏതാണ്ട് 30 വർഷത്തെ പഴക്കം മാത്രമേയുള്ളു. നാട്ടിലെ പഴയ ബാർബർ ഷോപ്പുകളിൽ പലതും അടച്ചുപൂട്ടി. ചിലതു കാലത്തിനൊപ്പം മുഖം മിനുക്കി. പുതിയ ബ്യൂട്ടി പാർലറുകൾ ബ്യുട്ടിയുടെ ലോക കാഴ്ചകൾ നാട്ടിലും പകർന്നു. പണിയെടുക്കാനാവാതായ ബാലൻ തന്റെ തിമിരക്കണ്ണിൽ പെടുന്ന മങ്ങിയ കാഴ്ചകൾ കണ്ടു നിർവികാരത നിറഞ്ഞ ചിരിയുമായി പതിവ് വഴികളിൽ വെറുതെ കറങ്ങുന്നു.
അഞ്ചേരിയിൽ അമ്മവീട്ടിൽ കഴിയുന്ന കുട്ടിക്കാലത്ത് മുടിമുറിക്കാൻ എത്തിയിയിരുന്ന മൂപ്പരു കൊച്ചായിരുന്നു ഓർമ്മയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബാർബർ. ഒറ്റമുണ്ടുടുത്ത് വലിപ്പമുള്ള ചുട്ടിത്തോർത്തും പുതച്ച് മടിക്കുത്തിൽ പാളപ്പൊതിയിൽ കത്രികയും ചീപ്പും ഷേവിങ് കത്തിയുമായി മൂപ്പരെത്തിയാൽ അമ്മവീടിൻറെ തെക്കുപടിഞ്ഞാറ് ചരൽപാകിയ മുറ്റത്ത് ഊണുമുറിയിലെ സ്റ്റൂളിട്ടു താൽക്കാലിക ബാർബർ ഷോപ്പുയരും. ആദ്യം ചെറിയ പാത്രത്തിൽ വെള്ളമെടുത്തു വെക്കും. വെട്ടുമ്പോൾ മുടി ദേഹത്ത് വീഴാതിരിക്കാൻ താൻ പുതച്ചെത്തുന്ന ചുട്ടിത്തോർത്താവും കൊച്ചുമൂപ്പര് പുതപ്പിക്കുക. എന്നാൽ തനിക്കു തന്റെ തോർത്തുതന്നെ വേണണെന്നു സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അമ്മാച്ചന് നിർബന്ധമായിരുന്നു. എന്റെ മുടിയാവും ആദ്യം വെട്ടുക. അമ്മാച്ചന്റെ മുടി വെട്ടിക്കഴിഞ്ഞാൽ കടുംനിറങ്ങളിൽ കൈപ്പിടിയുള്ള ഷേവിംഗ് കത്തികൊണ്ട് ഇരുകൃതാവുകളിൽനിന്നും താഴേയ്ക്കും കഴുത്തിൽനിന്നും മുകളിലേക്കും ഷേവിങ്. പിന്നെ മൂക്കിൽനിന്നും നീണ്ടുനിൽക്കുന്നതും ചെവിയിൽ വളർന്നു നിൽക്കുന്നതുമായ രോമങ്ങൾ നീക്കും. അതു കഴിഞ്ഞാണ് കക്ഷത്തിന്റെ താളത്തിലുള്ള ക്ലീൻ ഷേവിങ്ങ്. വലതു കൈക്കുള്ളിൽവെച്ച ഷേവിങ് കത്തി തള്ളവിരലും ചൂണ്ടുവിരലുംകൊണ്ട് അമർത്തിപ്പിടിച്ച് മുകളിൽനിന്നു താഴോട്ട്. പിന്നെ വട്ടത്തിലുള്ള ഷേവിങ് ക്രീമിൽ ഷേവിങ് ബ്രഷ് ഉപയോഗിച്ച് പതച്ചു വയ്ക്കും. മുടിമുറിക്കുമ്പോഴും കത്തികൊണ്ട് വടിക്കുമ്പോഴും മുറിവുപറ്റിയാൽ പുരട്ടാൻ പ്രത്യേക ഒറ്റമൂലികളും കൊച്ചിന്റെ പാളപ്പൊതിയിൽ ഉണ്ടാവും.
കുട്ടിക്കാലത്ത് വെട്ടിക്കാട്ട് സ്കൂളിൻറെ മുന്നിൽ വഴിക്കിക്കരെ വാടകവീട്ടിൽ താമസിക്കുന്നകാലത്ത് വെട്ടത്തുകവലയിൽ വഴിക്കുതെക്കുണ്ടായിരുന്ന തടിയിൽതീർത്ത പഴയ ഇരുനില മാളികയിലെ രാഘവന്റെയും തമ്പിയുടെയും കടയിലായിരുന്നു മുടിവെട്ട്. ബാല്യയൗവനങ്ങളിൽ എറികാട്ട് ആശാരിക്കുന്നിന്റെ തെക്കേ ചെരുവിൽ താമസിക്കുമ്പോൾ ചാലുങ്കൽപ്പടിയിലെ ചായിപ്പിലുണ്ടായിരുന്ന രാജപ്പന്റെ കട്ടയായിരുന്നു മുടിവെട്ടിന്റെയും പത്രമാസിക വായനയുടെയും വായ്നോട്ടത്തിന്റെയും ഇടം.
രാഘവന്റെയും രാജപ്പന്റെയും ബാർബർ ഷോപ്പുകൾപോലെ നാൽക്കവലകളിലെ അപ്രധാനമായ കെട്ടിടം അല്ലെങ്കിൽ ചാർത്തിൽ/ചായ്‌പ്പിലായിരുന്നു നാട്ടു ബാർബർഷോപ്പുകളെല്ലാം. പുറത്തൊരു ബോർഡ്. അകത്ത് പൊക്കമുള്ള കസേര തൊണ്ണൂറുകളിലെപ്പോഴോ കറങ്ങുന്ന കസേരകൾക്കു വഴിമാറി. കടലാസു വിരിച്ച മേശമേൽ ഒരു കണ്ണാടിയും കത്രികകൾ, ചീപ്പുകൾ, മുടിനനക്കാൻ വെള്ളം സ്പ്രേ ചെയ്യാൻ കീടനാശിനി തളിക്കാനുപയോഗിക്കുന്ന സ്പ്രൈയർപോലെ വളഞ്ഞ കുഴലുകളുള്ള മെലിഞ്ഞുനീണ്ട ഗ്ലാസ് കുപ്പി. ഷേവ് ചെയ്യാനും ചെവിപ്പുറകു മുതൽ പിൻകഴുത്തുവരെ മുടിയരുകുകൾ വടിച്ചു വൃത്തിയാക്കാനുള്ള കത്തി. മുടി വെട്ടാനുള്ള ആളിരിക്കുന്ന കസേരക്ക് പിറകിലെ ഭിത്തിയിൽ ചെരിച്ചുതൂക്കിയ മറ്റൊരു കണ്ണാടി. ഭിത്തിയിൽ സിനിമാനടികളായ വിജയശ്രീയുടെയും ജയഭാരതിയുടെയും വിധുബാലയുടെയും ശ്രീദേവിയുടെയും ജയമാലിനിയുടെയും അനുരാധയുടെയുമൊക്കെ ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകൾ. ഇരിക്കുന്നവർക്കുള്ള ബെഞ്ചിൽ പത്രങ്ങളും മനോരമയും മനോരാജ്യവുമടക്കം വാരികകളും നാനപോലെ ചലച്ചിത്ര മാസികകളും. വെട്ടിയ മുടിയൊക്കെ മുറിയുടെ കോണിൽ തന്നെ കൂട്ടിയിരിക്കും. മുടി അടിച്ചുകൂട്ടാൻ ഒരു ഈർക്കിലി ചൂൽ. കട തുറന്നാൽപ്പിന്നെ വാർത്തകൾ, ചലച്ചിത്ര ഗാനങ്ങൾ, ശബ്ദരേഖകൾ ഇങ്ങനെ ബാർബർ ഷോപ്പിലെ ട്രാൻസിസ്റ്ററുകൾക്ക് വിശ്രമം ഉണ്ടാവില്ല.
ഷേവ് ചെയ്യാൻ കസേരയിൽ ഇരുന്നാൽ ആദ്യം വളഞ്ഞ കുഴലിട്ട പൊക്കമുള്ള കുപ്പിയിലെ വെള്ളം പമ്പു ചെയ്തു മുഖത്തേക്ക് ചീറ്റിക്കും. നടുഭാഗം കടുംനിറത്തിൽ അടിതെളിഞ്ഞ വട്ടത്തിൽ അരിവുകളിൽമാത്രം വെളുത്ത ഷേവിങ് സോപ്പുള്ള ചെറിയ ഡബ്ബകളിൽനിന്നും ഷേവിംഗ് സോപ്പ് നന്നായി നിറയെ വെളുത്ത നാരുകളുള്ള കുറ്റിബ്രഷിൽ പതച്ച് മുഖത്ത് തേച്ചുപിടിപ്പിക്കും. പഴയ ഷേവിങ് കത്തി ഇന്നത്തെ മുറിച്ച ബ്ലേഡൊടിച്ചു മുറുക്കുന്നതായിരുന്നില്ല. ഷേവിങ്ങിനുമുമ്പ് ആറിഞ്ചു നീളവും രണ്ടിഞ്ച് വീതിയുമുള്ള എണ്ണ പുരട്ടിയ കറുത്ത കല്ലിൽ കത്തിയുടെ വായ്ത്തല ഇരുപുറവും താളത്തിലുരച്ച് മൂർച്ചകൂട്ടുന്ന ഒരു കലാപരിപാടിയുണ്ട്. പിന്നെ ജനൽപടിയിലോ മറ്റോ ആണിയിൽ തൂക്കിയ വീതി കുറഞ്ഞു നീണ്ട തുകൽ കഷണത്തിൽ കത്തിവായ്ത്തല വേഗത്തിൽ തേച്ചു തേച്ച് ഇരുപുറവും വീണ്ടും മൂർച്ച കൂട്ടും. പിന്നെ വലതുകയ്യിലെ മൂന്നു വിരലുകളിൽ അമർത്തിപ്പിടിച്ചു ഇടതുകൈപ്പത്തിയുടെ ഇടത്തെ തടിപ്പിൽ തിരിച്ചും മറിച്ചും താളത്തിലുരച്ച്...
വലിപ്പച്ചെറുപ്പം ഇല്ലാതെ ഇടപെടുന്ന ജനാധിപത്യ പൊതുഇടങ്ങൾ ആയിരുന്നു നാട്ടുബാർബർ ഷോപ്പുകൾ. അവിടെയായിരുന്നു വീട്ടിൽ വിലക്കുണ്ടായിരുന്ന പത്രങ്ങൾ വായിച്ചു തുടങ്ങിയത്. അവിടെയാണ് ഗ്രാമം ആദ്യമായി മാസികകളും വാരികകളും വായിച്ചും സിനിമാ പ്രസിദ്ധീകരണങ്ങൾ കണ്ടും മനസ്സുകുളിർത്തത്. അവിടെയായിരുന്നു കുട്ടിക്കാലത്ത് സുന്ദരിമാരായ സിനിമാ നടികളുടെ സെൻറർ സ്പ്രെഡ് കളർ പെണ്ണുടലുകൾ അടുത്തുകണ്ടത്. അവിടെയായിരുന്നു ചൂടുള്ള നാട്ടു രാഷ്ട്രീയ ചർച്ചകളിൽ ആദ്യമായി പങ്കെടുത്ത് തുടങ്ങിയത്. അവിടത്തെ മൂന്നു ബാറ്ററിയുടെ ബുഷ് റേഡിയോയിലൂടെയാണ് ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും ശബ്ദരേഖകളും മാത്രമല്ല കേരളം ആദ്യമായി കപ്പടിച്ച 1973-74 ലെ സന്തോഷ് ട്രോഫി ഫൈനൽപോലും മനസ്സിലെ കാഴ്ചയാക്കി മാറ്റിയത്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന സിനിമയിലെ നാണുവിന്റെ ബാര്‍ബര്‍ ഷോപ്പിലെ ‘രാഷ്ട്രീയം പാടില്ല’ എന്ന ചുമരെഴുത്തില്‍നിന്നും ‘പാടില്ല’ എന്ന വാക്കുമായ്ച്ചു 'രാഷ്ട്രീയം' മാത്രം നിലനിര്‍ത്തുന്ന ജയൻ ഒരു കാലഘട്ടത്തിലെ മലയാളി ആൺകൗമാര പ്രതിനിധാനമാണ്.
പണ്ട് ബാലന്റെ അപ്പൻ കൊച്ചു, കവലയിൽ കട നടത്തിയിരുന്നു. ആദ്യം പടിഞ്ഞാറേ കവലയിലെ വലിയ കെട്ടിടത്തിന്റെ ചാവടിയിൽ. പിന്നെ കിഴക്കേ കവലയിൽ. കടയെന്നാൽ കുട്ടിക്കാലത്തു കണ്ട രാജപ്പന്റെയും രാഘവന്റെയും ബാർബർ ഷോപ്പുകൾപോലെ ചില്ലറ വ്യത്യാസങ്ങളോടെ. പിന്നെയെപ്പൊഴോ കവലയിലെ കട നിർത്തി ഇഷ്ടമുള്ളവരുടെമാത്രം മുടിമുറിക്കാൻ അയാൾ വീടുതേടിയിറങ്ങി.
ബാലൻ ആറു കൊല്ലംകൊണ്ട് നാലു ക്ലാസ്സ് പഠിച്ചു. ആദ്യം രണ്ടുവർഷം പള്ളിസ്കൂളിൽ. സ്കൂൾ അന്ന് പള്ളിപ്പറമ്പിൽ ആയിരുന്നു. പിന്നെ കവലയിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ വീണ്ടും ചേർത്തു. എപ്പഴോ പഠിത്തം നിർത്തി. പിന്നെ മീൻകച്ചവടം തുടങ്ങി. കോട്ടയം മീൻചന്തയിൽനിന്നും മീനുമായി സൈക്കിളിൽ മണർകാട്ടെത്തി മീൻ വിറ്റു.
എഴുപതുകളിലെങ്ങോ കുമളിയിലേക്കൊരു കുടിമാറ്റം. വകയിലൊരു ചേട്ടൻറെ കൂടെക്കഴിഞ്ഞ കാലത്താണ് കത്തിയും കത്രികയും കയ്യിലെടുത്തത്. രാവിലെ കട തുറക്കണം. അടിച്ചു വാരണം. പണിസാധനങ്ങൾ എടുത്ത് തുടച്ചുവയ്ക്കണം. പതയിൽ പൊതിഞ്ഞ വടിച്ച മീശ തുടച്ചെടുക്കാൻ പത്രം മുറിച്ചു കമ്പിയിൽ തൂക്കണം. കത്രികയും ചീപ്പുമൊക്കെ ചേട്ടന് എടുത്തുകൊടുത്തിട്ടു മുടിവെട്ട് ആദ്യം നോക്കി പഠിക്കണം. ഷേവിങ്ങ് കഴിയുമ്പോൾ ഷേവിങ്ങ് കത്തി വൃത്തിയാക്കണം. കടലാസിൽ തേച്ചുപിടിപ്പിച്ച വെളുത്ത പതയിലെ വടിച്ച മീശയും എടുത്തു കളയണം. ഷേവിങ്ങിൽ നിന്നായിരുന്നു ബാലന്റെ തുടക്കം. മുറിയുമ്പോൾ വെട്ടുന്നയാളിന്റെയും ചേട്ടന്റെയും പുളിച്ച തെറി. വൈകുന്നേരം കടയടക്കുന്നതിനുമുമ്പ് വെട്ടിക്കൂട്ടിയ മുടിവാരി തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചെറിയും. പണി പഠിച്ചതോടെ പണിതേടി ബാലൻ നാട്ടിലേക്ക് മടങ്ങി.
ആദ്യം പണിയെടുത്തത് പള്ളിക്കവലയിൽ, കരോട്ടെ പള്ളിക്കു വടക്ക് ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡിന് തൊട്ടുണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ വടക്കു കിഴക്കേ മൂലയിലെ കടയിൽ. എഴുപതുകളുടെ ഒടുവിൽ കട്ടിങ്ങിന് നാലു രൂപയും ഷേവിങ്ങിന് ഒരു രൂപയായിരുന്നു കൂലി. ബാലനെ കടയുമേൽപ്പിച്ച് കടയുടമ കറങ്ങാൻ ഇറങ്ങും. പിന്നെ പണിയെല്ലാം ബാലൻ തന്നെ. കൂലി ദിവസം മൂന്നു രൂപ. കന്നി മാസ പെരുനാൾ കാലത്ത് നോമ്പെടുത്ത് ഏഴാം നാൾ നടതുറക്കുന്നതും പെരുനാൾ രാത്രിയിൽ റാസയും വെടിക്കെട്ടും പുലർച്ചെ പെരുന്നാൾ കുർബാനയും കണ്ടു കുളിച്ചു ശുദ്ധരായി മടങ്ങുന്ന ഭക്തർ തിരമാലയായിരുന്നു കടയിൽ എത്തിയിരുന്നത്. വെളുക്കുമ്പോൾ തുടങ്ങുന്ന കട്ടിങ്ങും ഷേവിങ്ങും രാത്രിയായാലും തീരില്ലായിരുന്നുവത്രേ.
എടുക്കുന്ന പണിക്ക് കിട്ടുന്ന പണം പോരെന്നുതോന്നി ആ പണിയും വേണ്ടെന്നുവച്ചു. പണിയില്ലാതെ അലഞ്ഞപ്പോഴായിരുന്നു അമ്പലക്കവലയിൽ പലചരക്കുകട നടത്തുന്ന ചേട്ടൻ പണിയായുധങ്ങൾ വാങ്ങാൻ പണം നൽകിയത്. അങ്ങനെ രണ്ടു ചീപ്പും രണ്ട് കത്രികയും മെഷീനും കത്തിയും സ്വന്തമാക്കി. ഏറെ താമസിയാതെയൊരു പഴയ റാലി സൈക്കിളും. മൊബൈൽ ബാലനെന്ന പേരിട്ടത് നാട്ടിലെ പോലീസ് സ്റ്റേഷന്റെ തുടക്കകാലത്തെ ഇൻസ്പെക്ടറായിരുന്നു. മൊബൈൽ ലൈബ്രറി, മൊബൈൽ മോർച്ചറി, മൊബൈൽ ഫോൺപോലെ മൊബൈൽ ബാലനെന്ന പേരും ബാലന്റെ സഞ്ചരിക്കുന്ന ബാർബർ ഷോപ്പും അങ്ങനെ യാഥാർത്ഥ്യമായി. സൈക്കിളിൽ വീട്ടിലെത്തി ആദ്യം മുടിവെട്ടിയതു നാട്ടുപള്ളിയിലെ വല്യച്ഛന്റെയായിരുന്നെന്ന് ബാലൻ അഭിമാനത്തോടെ ഓർക്കുന്നു. പിന്നീടെപ്പോഴോ ഒരു മൊബൈൽ ഫോണും ബാലനു സ്വന്തമായി. ആരുടെയോ സംഭാവന. കൊച്ചുകുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ, ശയ്യാവലംബികൾ… എല്ലാവർക്കും അവരാവശ്യപ്പെടുന്ന സമയത്ത് ബാലൻ മുടിമുറിക്കാൻ എത്തുമായിരുന്നു. ആളുകൾക്കിടയിൽ ഒറ്റചുഴിയുള്ളവർതൊട്ട് മുച്ചുഴിയന്മാർവരെ ഉള്ളതുപോലെ തലയുടെയും മുടിയുടെയും പ്രത്യേകതകൾക്കൊപ്പം മുടി എഴുന്നുനിൽക്കാതെ വെട്ടിയൊതുക്കുക ഒരു കലയാണെന്ന് ബാലൻ തിരിച്ചറിഞ്ഞു. മുടിയൊന്നു പുറകോട്ട് ചീകിയൊതുക്കിയാൽ ഏതു സ്റ്റൈലാ ആ തലക്കിണങ്ങുക എന്ന് ബാലനറിയാമായിരുന്നു.
പതിവുകാർക്ക് ബാലൻ പ്രിയപ്പെട്ടവനായി. ആവശ്യം വരുമ്പോൾ മാത്രമല്ല വിശേഷങ്ങൾ വരുമ്പോഴും അവർ ബാലനെ ഓർത്തു. പാന്റുകൾ, ഉടുപ്പുകൾ, സെന്റുകൾ, പൗഡറുകൾ,മൊബൈൽ ഫോൺ, സാമ്പത്തിക സഹായം... ബാലൻ ഒന്നും ചോദിച്ചില്ല. കിട്ടിയതൊക്കെ മടികൂടാതെ വാങ്ങി.
മുടിമുറിച്ച് നാടിൻറെ തലയൊരുക്കിയ ബാലൻ തന്നെയായിരുന്നു അഴുക്കുകളുടെ മാറാപ്പുചുമ്മി നാടിൻറെ മുഖം മിനുക്കിയതും. അനാഥപ്രേതങ്ങൾ മറവു ചെയ്യുമ്പോൾ ബാലൻ ഉണ്ടാവും. അവകാശികളോ ബന്ധുക്കളോ എത്തുമോ എന്നുകാത്ത് മൂന്നുദിവസംവരെ അവ മോർച്ചറിയിൽ സൂക്ഷിക്കും. ആരും എത്താനില്ലെന്നുറപ്പായാൽ പൊതുശ്മശാനത്തിൽ കൊണ്ടുപോയി മറവ് ചെയ്യും. പിഞ്ചുകുഞ്ഞുങ്ങളുടെ, അനാഥ സ്ത്രീകളുടെ, അറിയപ്പെടാത്തവരുടെ പടുമരണങ്ങൾ, അറിയുന്നവരുടെ ദുർമരണങ്ങൾ, അപകട മരണങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ...
കാലം ബാർബർ ഷോപ്പുകളുടെ രൂപത്തിലും സേവനങ്ങളിലും വലിയ മാറ്റങ്ങൾ എഴുതിചേർത്തു. ഒറ്റമുറി ബാർബർ ഷോപ്പുകൾക്കുപകരം പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യകം പ്രത്യേകം എയർ കണ്ടീഷൻ സലൂണുകളും ബ്യൂട്ടി പാർലറുകളും. മുടി മുറിക്കാൻ, കഴുകാൻ, ഉണക്കാൻ, കളർ അടിക്കാൻ ഒക്കെ ശീതികരിച്ച പ്രത്യേക ഇടങ്ങൾ. പഴയ റേഡിയോ പാട്ടിനു പകരം പാശ്ചാത്യ സംഗീതവും ടെലിവിഷൻ പരിപാടികളും. ടെലിഫോൺ ബുക്കിംഗ്. ഗായകൻ വിജയ് യേശുദാസ് രണ്ടു സഹപ്രവർത്തകർക്കൊപ്പം 2020 ൽ കൊച്ചിയിൽ പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായി സമാരംഭിച്ച ഹൈ എൻഡ് പ്രീമിയം ബാർബർ ഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് യു എസ് ആസ്ഥാനമായ ചോപ്പ് ഷോപ്പ് എന്ന ലോകോത്തര ബ്രാന്‍ഡിന്റെ തെക്കേ ഇന്ത്യയിലെ ആദ്യ ശാഖയാണ്.
ഇന്ന് ഈ പണിയെടുക്കുന്നവരിൽ ഏറെയും പ്രൊഫഷണൽ ബ്യൂട്ടീഷ്യന്മാർ. മുടി ചീകി ഒതുക്കാൻ സാദാ ചിപ്പുകൾക്കുപകരം വൈവിധ്യമാർന്ന ബ്രഷുകൾ. ചീപ്പുപോലുള്ള കത്രികകൾ. ജാഗ്വാർ/മാക്/സ്റ്റാഗ് പോലെ ബ്രാൻഡഡ് കത്രികകൾ, മോസർ/വാൾ ഡ്രിമ്മറുകൾ, സ്‌ട്രെയിറ്റ്‌നറുകൾ, അത്യാധുനിക ഡ്രയറുകൾ, കെർലിംഗ് റോഡുകൾ പോലെ ഉപകരണങ്ങൾ. ക്ലീൻ അപ്പും ഫേസ് മാസാജും ഇവയെല്ലാംചേർന്ന ഫേഷ്യൽസുപോലെ മുഖസൗന്ദര്യ വർദ്ധക സംവിധാനങ്ങളും വ്യാപകമായി. അതോടെ പണ്ടുണ്ടായിരുന്ന കുട്ടിക്കുറായിക്കും പോൺസിനും പകരമെത്തിയ ഓൾഡ് സ്‌പൈസു മുതൽ ആക്സ് പൾസ് കൊളോൺ വരെയുള്ള പുതുപുത്തൻ ടാൽക്കം പൗഡറുകളുടെയും ഉപയോഗം പാർലറുകളിൽ ഫലത്തിൽ ഇല്ലാതായി. ജോലിചെയ്യുന്നവരിൽ നല്ലൊരു പങ്ക് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. പണ്ട് നാലണയ്ക്ക് ചെയ്തിരുന്ന ഷേവിങ്ങിനു പകരമുള്ള ഫേഷ്യൽ മാസ്സേജുകൾക്ക് ഇപ്പോൾ 4000 രൂപ വരെയാണ് ചാർജ്.
ലേഡീസ് ബ്യൂട്ടി പാർലറുകൾ* സ്ത്രീകളുടെ രൂപഭാവങ്ങൾ മാത്രമല്ല, മനോഭാവം തന്നെ മാറ്റിമറിച്ചു. അവരുടെ ദൈനംദിന പദാവലിയിൽ പേമും (perm), പെഡിക്യൂറും (pedicure), മാനിക്യൂറു(manicure)മൊക്കെ ഇടം പിടിച്ചു. ബ്ലണ്ട് കട്ട്, ലെയർ കട്ട്, മുടിയിഴകളിൽ തൂവലുകൾ തീർക്കുന്ന ഫെതർ കട്ട് പോലെ സ്റ്റൈലുകളും നീണ്ട മുടിയിഴകൾ ചുരുളുകൾ പോലാക്കുന്ന പേമിങ്ങും അടങ്ങുന്ന കേശാലങ്കാര രീതികൾ. ബ്ലൂ, ഗ്രീൻ, പർപ്പിൾ, പിങ്ക്, ആഷ്/ചോക്ലേറ്റ്/ചെസ്റ്റ്നട്ട് ബ്രൗൺ, ഗോൾഡൻ ഓംബ്രെ,ഹണി ബ്ളണ്ട്,ബർഗണ്ടി റെഡ്, ഹെയർ കളറിംഗ്പാർലറുകൾ. സ്ത്രീകൾ തങ്ങൾക്കിണങ്ങുന്ന സ്റ്റൈലുകൾ സ്വയം നിർദ്ദേശിക്കുകയും അവ ചെയ്ത ഇടങ്ങളും രീതികളും സുഹൃത്തുക്കളിൽനിന്നുംപോലും രഹസ്യമായി വെക്കുകയും ചെയ്തിട്ട് ചിലവാക്കിയ ഭീമമായ ബില്ലുകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഈ മാറ്റങ്ങൾ നാട്ടിലും പ്രതിഫലിച്ചു. പണ്ട് കൊച്ചുവിൻറെ കടയിൽ 'എല്ലാരും' വെട്ടാൻ എത്തിയിരുന്നതിനാൽ അക്കാലത്ത് 'കുടുംബക്കാർ' മുടിവെട്ടിയിരുന്ന കവലയിൽ പീടിയേക്കൽക്കാരുടെ കെട്ടിടത്തിലെ കോട്ടമുറി കാക്കനാട് അമ്മുമൂപ്പരുടെയും മകൻ രാജപ്പന്റെയും കട ഇന്നില്ല. അവിടെ പാറമ്പുഴയിലെ പാപ്പുവും മകൻ രാജുവും പിന്നീട് നടത്തിയിരുന്ന കടയും ഇന്നില്ല. കുരിശുപള്ളി കവലയിൽ താഴത്തേടത്തു കെട്ടിടത്തിൽ നാല്പത്തഞ്ചു വർഷമായി പ്രവർത്തിക്കുന്ന സോമന്റെ സലൂൺ എസിയും ടിവിയും ഒക്കെയായി പുതുക്കപ്പെട്ടു. തൊട്ടുപടിഞ്ഞാറ് കത്തിപ്പോയ കെട്ടിടത്തിൽ അട്ടാർവേലിക്കാരുടെ കടയ്ക്ക് തൊട്ടുണ്ടായിരുന്ന തന്റെ ബാർബർ ഷോപ്പിനുമുന്നിൽ വണ്ടിയിടിച്ചു മരിച്ച കുട്ടപ്പന്റെ മകനാണ് പടിഞ്ഞാറേ കവലയിൽ കോഴിക്കടയിലേക്കു പോകുന്നവഴിയിൽ മകനോടൊപ്പം കട നടത്തുന്ന തമ്പി. കാൽനൂറ്റാണ്ടുമുമ്പ് ഞാനും അന്നു സ്കൂൾ വിദ്യാർത്ഥികളായിരുന്ന പെണ്മക്കളും മുടിമുറിച്ചിരുന്ന സുകുമാരന്റെയും മക്കളുടെയും രണ്ടുകടകളിലൊന്നും സുകുമാരനും മൂത്ത മകനും ഇന്നില്ല. കാലപ്പാച്ചിലിനോട് സമരസപ്പെട്ട് തന്നോടൊപ്പം പണിയെടുക്കുന്നവർക്കെല്ലാം യൂണിഫോമടക്കം നൽകി കട നവീകരിച്ച ഇളയ മകൻ ബിജുവിന്റെ സലൂൺ കുലത്തൊഴിലിന്റെ പുതിയകാല അതിജീവനത്തിന്റെ നാട്ടുകാഴ്ചയാണ്.
നാട്ടിൽ ചെറുതും വലുതും ആധുനികരിച്ചതും അല്ലാത്തതുമായ രണ്ടു ഡസനിലേറെ ബാർബർ ഷോപ്പുകൾ/സലൂണുകൾ/ലേഡീസ് ബ്യൂട്ടി പാർലറുകൾ ഉണ്ടത്രേ. കാലുകടവിൽപടിയിൽ പെട്രോൾ പമ്പിനടുത്ത കെട്ടിടത്തിൽ, പാലാ റോഡിൽ പൈനുങ്കൽ പടിയിൽ, പുതുപ്പള്ളി റോഡിന്റെ തുടക്കത്തിൽ വലത്തും ന്യൂ ജെൻ കടകൾ.
മലയാളിക്ക് മേലുകാവിലെ ബാലന്റെ ജീവിതം ജുറാസിക് പാർക്കിലെ ഡയനോസറിനെപോലെ അത്ഭുതകാഴ്ചയും മമ്മൂട്ടി അവതരിപ്പിച്ച അതിഥിതാരം ആത്മരതിയോടെ ചേർത്തുവെക്കാവുന്ന ഉത്തമപുരുഷ സങ്കല്പവുമാണ്. മണർകാട്ടെ ബാലന്റെ ജീവിതമാകട്ടെ നാടിനും നാട്ടാർക്കും വേണ്ടാത്ത പലതും മുറിച്ചുമാറ്റാനും അഴുകിപ്പുഴുത്ത പലതും മറവുചെയ്യാനും മാറ്റിവെക്കപ്പെട്ടതായിരുന്നു. വിവിധ കർമ്മരംഗങ്ങളിൽ വേഷപ്പകർച്ചകളോടെ ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്ന ഇത്തരം കാഴ്ചത്തുടർച്ചകൾ ദേശകഥകളിൽ കുറിക്കാൻ മടിക്കുന്ന വേറിട്ട ചരിത്രമാണ്.
പണിയിടങ്ങൾ കാലത്തിനൊപ്പം പരിഷകരിക്കപ്പെട്ടപ്പോൾ ആ മാറ്റത്തിന്റെ രാഷ്ട്രീയം മാത്രമല്ല അവിടെ പണിയെടുത്തിരുന്ന മനുഷ്യരും അവരുടെ സാമൂഹിക ജീവിതവും തൊഴിൽ മേഖലയുമായുള്ള സമരസപ്പെടലുമെല്ലാം പൊതുവെ അവഗണിക്കപ്പെട്ടു. വായ്മൊഴികൾ, ചരിത്രം, രാഷ്ട്രീയം, സാഹിത്യം, കല, ലൈംഗികബോധം പോലെ നാടിന്റെ ആൺബോധത്തിൽ ഇത്തരം പൊതുഇടങ്ങൾ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവയില്ലാത്ത നാട്ടുചരിത്രം അപൂർണ്ണമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 പിറന്നാൾ ആഘോഷിക്കുമ്പോഴും ഇടുക്കി വട്ടവടയില്‍ ഒരു പൊതു ബാർബർഷോപ്പ് ഉണ്ടായതു 2020 ലായിരുന്നു എന്ന വാർത്ത ആ നാട്ടുചരിത്രത്തിന്റെ ടിപ്പണിയാണ്.
ബാലൻ ഇപ്പോൾ മറവി രോഗത്തിന് അടിമയാണ്. തന്റെ പഴയ റാലി സൈക്കിളിനു എന്തു സംഭവിച്ചു എന്ന് ബാലന് ഓർമ്മയില്ല. മൊബൈൽ ഫോണും ഇപ്പോഴില്ല. അപമാനിതനാവുന്നു എന്നുപോലും തിരിച്ചറിയാതെ കൊട്ടിയടച്ച വാതിലുകളിൽ വീണ്ടും വീണ്ടും ബാലൻ മുട്ടിവിളിക്കുന്നു.
പുതുക്കപ്പെട്ടപ്പോൾ പരമ്പര്യ തൊഴിലിൽ പിടിച്ചുനിൽക്കാൻ മേലുകാവിലെന്നപോലെ മണർകാട്ടെ ബാലനും പാടുപെടുകയാണ്. എല്ലാവരും ആഗോളീകരണത്തെ പഴിപറഞ്ഞിട്ട് മേലുകാവിലെ നേതാവിനെപ്പോലെ അതിന്റെ പ്രലോഭനങ്ങൾക്ക് വശംവദരാവുന്നു. ബാലനാവട്ടെ തിമിരക്കണ്ണിലെ മങ്ങിയ കാഴ്ചകൾ കണ്ടു നീട്ടിയ കൈകളുമായി ഊരുചുറ്റുന്നു.
ബാലന്റെ കഥ പറയുമ്പോൾ അനിൽ പനച്ചൂരാന്റെ പാട്ട് ഓർമ്മയിൽ വീണ്ടുമെത്തുന്നു…
"വ്യത്യസ്തനാമൊരു ബാർബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീല..."
* വ്യാവസായിക വിപ്ലവത്തെ തുടർന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വൈദഗ്ധ്യമുള്ള സ്ത്രീകൾക്ക് സംരംഭകരാകാൻ അവസരം നൽകുന്ന തൊഴിലുകളിൽ ഒന്നായി പാശ്ചാത്യ നാടുകളിൽ ബ്യൂട്ടി പാർലറുകൾ ഉയർന്നു. കൂലിയിൽ വലിയ അന്തരത്തോടെ സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിദ്ധ്യവും തൊഴിലിടങ്ങളിലെ പങ്കാളിത്തവും വർദ്ധിച്ചതോടെയാണ് സമ്പന്നരായ സ്ത്രീകൾ ഭൃത്യരിലൂടെയും സാധാരണ സ്ത്രീകൾ സ്വന്തമായും നിർവ്വഹിച്ചിരുന്ന സൗന്ദര്യ പരിപാലനത്തിനു പൊതുവായ സംവിധാനങ്ങളും ഇടങ്ങളും അനിവാര്യമായത്. കുട്ടിക്കാലം മുതൽ ഒരു ഫിസിഷ്യന്റെ ഭൃത്യയായി മുടിയിഴകളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് പഠിച്ച കറുത്ത വർഗ്ഗക്കാരി മാർത്ത മട്ടിൽഡ ഹാർപ്പറായിരുന്നു സ്ത്രീ ബ്യൂട്ടീഷ്യൻ രംഗത്തെ ആദ്യസംരംഭക. അടിമകളുടെ മകളായി, അലക്കുകാരിയായി വർഷങ്ങളോളം ജോലിചെയ്ത സാറാ ബ്രീഡ്‌ലോവ് വാക്കർ, വെള്ളക്കാരുടെ ബ്യൂട്ടി സ്‌കൂളിൽ പഠിക്കുകയും കറുത്തവർക്കൊപ്പം വെള്ളക്കാർക്കും ബ്യൂട്ടീഷ്യൻ സേവനം നൽകുകയും ചെയ്ത ചിക്കാഗോയിലെ 1900 കാലത്തെ ബ്ലാക്ക് ബ്യൂട്ടീഷ്യൻ മാർജോറി ജോയ്‌നർ, പോലെ നിരവധി പ്രാരംഭകർ. ഒന്നാം ലോകമഹായുദ്ധ തുടക്കത്തിൽ, മുടിബോബ് ചെയ്യുന്നത് ഫാഷനായി മാറി. രണ്ടാം ലോകമഹായുദ്ധാനന്തര കാലത്താണ് കൂടുതൽ പരിപാലനം ആവശ്യമായ ഹെയർസ്റ്റൈലുകൾ വ്യാപകമാകുന്നതും വെള്ളക്കാരികളടക്കം കൂടുതൽ സ്ത്രീകൾക്ക് ഈ മേഖല തൊഴിലിടമായി മാറുന്നതും. 1950-60 കൾ മുടിക്കു നിറം പകരുന്ന സാങ്കേതിക വിദ്യകളുടെ വികസ കാലമായിരുന്നെങ്കിൽ പുരുഷ സലൂണുകൾ വ്യാപകവുന്നതും മുടി നീട്ടിവളർത്തുന്നത് ഫാഷനാവുന്നതും 1970-കളിലാണ്.
തൊണ്ണൂറുകളോടെ കമ്പോളം സൗന്ദര്യബോധത്തിന്റെ വിധികർത്താക്കൾ ആയതോടെയാണ് ഇന്ത്യയിലും കോസ്മറ്റിക് സാമ്രാജ്യം വളർന്നു പടർന്നതും ഫാഷൻ ഷോകളും സൗന്ദര്യമൽസരങ്ങളുംവഴി കോസ്മെറ്റിക്സ് ജയിന്റുകൾ സൗന്ദര്യ മാനദണ്ഡങ്ങൾക്കൊപ്പം നാടിന്റെ സൗന്ദര്യ അഭിരുചികളെയും സങ്കല്പങ്ങളെയും നിര്ണയിക്കാൻ തുടങ്ങുന്നതും. ഇന്ത്യയിൽനിന്നും റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്താ മുഖി (1999), പ്രിയങ്ക ചോപ്ര (2000) മാനുഷി ചില്ലാർ (2017) പോലെ ലോകസുന്ദരികളും സുസ്മിത സെൻ (1994) ,ലാറദത്ത (2000),ഹർനാസ് സന്ധു (2021) പോലെ മിസ് യൂണിവേഴ്സും തെരഞ്ഞെടുക്കപ്പെട്ടു എന്നത് ചരിത്രം. നാട്ടിലെ ബ്യൂട്ടി പാർലറുകളുടെ എണ്ണപ്പെരുക്കത്തെ ഈ പശ്ചാത്തലത്തിൽ കൂടിവേണം വിലയിരുത്താൻ.