
കേരള സമൂഹം തെരുവിലിറങ്ങി ഉയർത്തിയ ശബ്ദം പാഴായില്ല.
ജനങ്ങളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ
ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ചിറകേകുന്ന ഉചിതമായ തീരുമാനമെടുത്ത കോൺഗ്രസ് നേതൃത്വത്തോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
പ്രിയ മുഖ്യമന്ത്രി,
അങ്ങ് അധികാരമേൽക്കുന്നത് ഒരു ഭരണപദവി ഏറ്റെടുക്കൽ മാത്രമല്ല;
ഒരു ജനതയുടെ ഹിമാലയൻ പ്രതീക്ഷകളുടെ ഭാരം ചുമക്കുന്ന വിശുദ്ധ ഉത്തരവാദിത്തമാണ്.
ഓരോ തീരുമാനവും ലക്ഷക്കണക്കിന് ജീവിതങ്ങളെയും സ്വപ്നങ്ങളെയും സ്പർശിക്കുമെന്ന പ്രതീക്ഷയിലാണ്.
പ്രവാസികളായ ഞങ്ങളുടെ ശരീരം വിദേശ മണ്ണിലായിരിക്കാം.
പക്ഷേ, ഇന്നും ഞങ്ങളുടെ ആത്മാവും, ശ്വാസവും, ചിന്തകളും, സ്വപ്നങ്ങളും ഞങ്ങൾ ജനിച്ചു വളർന്ന ആ മലയാള മണ്ണിലാണ്!
അതുകൊണ്ട് തന്നെ ജന്മഭൂമിയിലെ ഓരോ മാറ്റവും ഞങ്ങളെ ആഴത്തിൽ സ്പർശിക്കുന്നു.
പ്രവാസി എഴുത്തുകാരെ മറക്കരുത്… പ്രവാസി സാഹിത്യത്തിന് അർഹിക്കുന്ന അംഗീകാരം നൽകണം.
കേരളത്തിന് പുറത്ത്ത്തു അനേകം മലയാളി പ്രവാസി സാഹിത്യകാരന്മാരുണ്ട്.
വടക്കേ അമേരിക്കയിലും കാനഡയിലുമായി തന്നെ നൂറ്റിയമ്പതിലധികം മലയാളി എഴുത്തുകാർ ഇന്ന് സജീവമാണ്.
കേരളത്തിന്റെ ഓർമ്മകളും സംസ്കാരവും, ഭാഷയും അവർ തങ്ങളുടെ തൂലികയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
ഇംഗ്ലീഷിൽ സൃഷ്ടികൾ നടത്തുന്ന പ്രശസ്തരായ മലയാളി എഴുത്തുകാരും പ്രവാസ ലോകത്ത് ഉയർന്നുവരുന്നു.
എന്നാൽ, പ്രവാസി മലയാളി എഴുത്തുകാരുടെ കൃതികൾ കേരളത്തിന്റെ സാംസ്കാരിക സംവിധാനങ്ങളിൽ വേണ്ടത്ര ശ്രദ്ധയും അംഗീകാരവും നേടുന്നില്ലെന്ന വേദന വർഷങ്ങളായി ഞങ്ങളിലുണ്ട്.
ഈ അവഗണന ഒരു വ്യക്തിയുടെ മാത്രമല്ല — മലയാള സാഹിത്യത്തിന്റെ തന്നെ നഷ്ടമാണ്.
പക്ഷേ, പരന്ന വായനയുള്ള അങ്ങയിൽ വലിയ പ്രതീക്ഷയുണ്ട്.
കാനഡയിൽ താമസിക്കുന്ന നിർമ്മലയുടെ “കരയിലെ മീനുകൾ” എന്ന നോവൽ വായിച്ച ശേഷം അങ്ങ് നേരിട്ട് അവരെ വിളിച്ച് ആ കൃതിയെക്കുറിച്ചുള്ള ആസ്വാദനം പങ്കുവെച്ച സംഭവം അതിയായ സന്തോഷത്തോടെയും പ്രതീക്ഷയോടെയും കാണുന്നു. ഒരു മുഖ്യമന്ത്രിയുടെ വായനാസംസ്കാരവും കലാസ്നേഹവും തെളിയിച്ച അപൂർവ നിമിഷമായിരുന്നു അത്. പ്രവാസി എഴുത്തുകാരുടെ കൃതികൾ വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അങ്ങ് കാണിച്ച നല്ല മനസ്സിന് വാക്കുകൾക്കതീതമായ നന്ദി.
അതുകൊണ്ട് ഒരു വിനീതമായ അഭ്യർത്ഥന:
കേരള സാഹിത്യ അക്കാദമിയുടെ വാർഷിക പുരസ്ക്കാരങ്ങളിൽ, പ്രവാസി മലയാളി എഴുത്തുകാരുടെ കൃതികൾക്കായി പ്രത്യേക പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തണം. അതിലൂടെ ലോകമെമ്പാടുമുള്ള മലയാളി സൃഷ്ടികൾ കൂടുതൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. മലയാള സാഹിത്യത്തിന്റെ അതിരുകൾ കൂടുതൽ വിശാലമാകും. പ്രവാസികളുടെ സർഗാത്മകത നാട്ടിലെ മുഖ്യധാരാ സാംസ്കാരിക വേദികളിലേക്ക് എത്തിച്ചേരാനും അത് വഴിയൊരുക്കും.
"ഒരു പക്ഷേ അവാർഡുകളുടെ പ്രധാന ഗുണം അതിലൂടെ ഒരാളുടെ പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേക്ക് എത്തുന്നു എന്നതാണ്"
- സേതു - 'കാന്താബായി കരയുന്നില്ല' എന്ന ചെറുകഥ സമാഹാരത്തിലെ (Green Books, Thrissur) മുഖക്കുറിപ്പിൽ നിന്നും.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് വകുപ്പ് — ചരിത്രം സൃഷ്ടിച്ച ദർശനം.
രാജ്യത്ത് ആദ്യമായി വ്യവസായ വകുപ്പിന് കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (AI) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച അങ്ങയുടെ ദീർഘവീക്ഷണത്തിന് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്. കേരളത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ചരിത്രപരമായ തീരുമാനമാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഭാവിയിലെ എല്ലാ തൊഴിൽ മേഖലയെയും, ജീവിത രീതികളെയും മാറ്റിമറിക്കുന്ന മഹാവിപ്ലവമാണെന്ന് അങ്ങ് വ്യക്തമായി തിരിച്ചറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രവാസി മലയാളി വിദഗ്ധർ പുതിയ വകുപ്പിന് വലിയ സംഭാവനകൾ നൽകാൻ കഴിവുള്ളവരാണ്.
വടക്കേ അമേരിക്കയിൽ എഞ്ചിനിയറിങ്, ഐ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മേഖലകളിൽ ലോകോത്തര നിലവാരത്തിൽ പ്രവർത്തിക്കുന്ന അനേകം മലയാളി ടെക്നോക്രാറ്റുകൾ ഇന്ന് സജീവമാണ്.
ഈ രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ് ഇവിടെയുള്ള സോണി തോമസ് അമ്പൂക്കനും സജ്ജയ് ഗോപിനാഥും. മലയാളത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് ഒരു പഠന പുസ്തകം പ്രസിദ്ധീകരിച്ചതും ഇവരാണ് - 'ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് - സ്വാധീനമേഖലകൾ, സാധ്യതകൾ.' 2024-ലെ ലേഖനത്തിനുള്ള ഫൊക്കാന സുകുമാർ അഴീക്കോട് പുരസ്‌കാരം ഈ കൃതിക്കായിരുന്നു.
AI ടൂളുകളും സംസ്കൃതഭാഷയും സങ്കരിപ്പിച്ച്, പുതിയ അൽഗോരിതങ്ങൾ കണ്ടെത്തി, ജെനെറിക് ബിസിനസ്സ് സിസ്റ്റംസ് ഓട്ടോമേറ്റ് ചെയ്യാനായി ഗവേഷണം ചെയ്യുന്ന ബാബു കുര്യാക്കോസ്, AI-യുടെ ദിവസം പ്രതിയുള്ള ടെവലപ്മെന്റ്സ് പഠിച്ച് അതിൽ പരീക്ഷണം നടത്തുന്ന ഹേമൻ കൊടപ്പുള്ളി: ഇവരെപ്പോലുള്ളവരുടെ വിജ്ഞാനവും കേരളത്തിന് വലിയ സാധ്യതകളാണ്. .
ഇവരുടെയും, മറ്റ് മുൻനിര പ്രവാസി മലയാളി ടെക്നോക്രാറ്റ് പ്രതിഭകളുടെയും അറിവും, അനുഭവസമ്പത്തും, സേവനവും, വൈദഗ്ധ്യവും (Expertise) ഈ പുതിയ വകുപ്പിന് വലിയൊരു മുതൽകൂട്ടാകും എന്നതിൽ സംശയമില്ല. കേരളത്തിന്റെ ഭാവി നിർമാണത്തിനായി ഇവരെ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാരിന് കഴിയട്ടെ.
പ്രിയ മുഖ്യമന്ത്രി,
അങ്ങയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ വലിയ പ്രതീക്ഷയുണ്ട്. ജനങ്ങളുടെയും പ്രവാസികളുടെയും പ്രതീക്ഷകൾക്ക് നിറം പകരുന്ന ഭരണമായിരിക്കട്ടെ ഇത്.
ഈ ചെറിയ അഭ്യർത്ഥനകൾ സഹൃദയത്തോടെ പരിഗണിക്കുമെന്ന പ്രതീക്ഷയോടെ…
സ്നേഹപൂർവ്വം,
ഒരു പ്രവാസി മലയാളി ✍️
https://greenbooksindia.com/sony-thomas-ambooken-sanjay-gopinath/artificial-intelligence