Image

ചെരിവില്ലാത്തൊരു വ്യക്തിത്വമേ... ശ്രീ ജോസ് ചെരിപുറമേ.... (സുധീര്‍ പണിക്കവീട്ടില്‍)

Published on 26 May, 2026
ചെരിവില്ലാത്തൊരു വ്യക്തിത്വമേ... ശ്രീ ജോസ് ചെരിപുറമേ.... (സുധീര്‍ പണിക്കവീട്ടില്‍)

ഇ-മലയാളിയുടെ താളുകളിലൂടെ എഴുതി അമേരിക്കന്‍ മലയാളസാഹിത്യത്തിനു തന്റേതായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍, കവി, നിരൂപകന്‍, ഹാസ്യകഥാകാരന്‍, ലേഖകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ ജോസ് ചെരിപ്പുറത്തിനു ഇ-മലയാളിയുടെ ജന്മദിനാശംസകള്‍

ഇന്നു മെയ് 25 - അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ ശ്രീ ജോസ് ചെരിപ്പുറത്തിന്റെ പിറന്നാള്‍ സുദിനം. വയസ്സ് പറയുന്നില്ല. ഭാരതീയ വിശ്വാസപ്രകാരം (ഈ ലേഖകന്റെയും) ഒരു വയസ്സ് കൂടി എന്ന് പറയുമ്പോള്‍ ആയുസ്സ് കുറയുന്നു. അതിനാല്‍ വയസ്സ് വെളിപ്പെടുത്തുന്നത് ആയുസ്സ് കുറയ്ക്കുമെന്നാണു. വയസ്സിനെപ്പറ്റി ഈ ലേഖകന്റെ അഭിപ്രായം - വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്നാണ്.

ശ്രീ ജോസ് ചെരിപുറം നീണാള്‍ വാഴട്ടെ!! രാജ്യഭരണം നിലവിലിരുന്ന കാലത്ത് രാജാക്കന്മാരെയാണു ഇങ്ങനെ ജനം ആശംസിച്ചിരുന്നത്. പിറന്നാള്‍ ആശംസകളോടൊപ്പം ആയുഷ്മാന്‍ ഭവ: എന്നും പറയണമല്ലോ. അദ്ദേഹം ആയുരാരോഗ്യങ്ങളോടെ നീണാള്‍ വാഴട്ടെ. വാഴുക എന്ന് പറയുമ്പോള്‍ ജീവിക്കുക എന്ന പോലെ തന്നെ ഭരിക്കുക എന്നും അര്‍ത്ഥമുണ്ട്. രണ്ടും ശ്രീ ജോസിനു ചേരുന്നു.ശ്രീ ജോസ് രാജാവാണ്. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന രാജാവ്. ഒരു സര്‍ഗ്ഗസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി. സ്വപ്നസൂര്യന്‍ അസ്തമിക്കാത്ത, നിഴലും നിലാവും കൈകോര്‍ത്ത് നിന്ന്  സൗന്ദര്യത്തിന്റെ ഈണങ്ങള്‍ പാടി രസിക്കുന്ന,  മ്രുണാളകോമളമായ സങ്കല്‍പ്പങ്ങള്‍ വിടര്‍ന്ന് നില്‍ക്കുന്ന ഒരു ലോകം ശ്രീ ജോസ് സ്രുഷ്ടിക്കുന്നു. അവിടെ ജോസ് സദസ്സില്‍ (രാജസദസ്സില്‍) കാവ്യനര്‍ത്തികളുടെ നിലക്കാത്ത നൃത്യനൃത്തങ്ങള്‍, മായികമായ നൂപുരധ്വനികള്‍.  ശ്രീ ജോസിന്റെ കവിത ടൈപ്പ്‌സെറ്റ് ചെയ്യുന്ന ത്രുശൂര്‍ക്കാരന്‍ സുഹ്രുത്ത് ഒരിക്കല്‍ ഈ ലേകനോട് പറഞ്ഞു. 'ജോസേട്ടന്‍ പൊടി റൊമാന്റിക്കാണു അല്ലേ''? പൊടിയല്ല മുഴുവനുമാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ റഷ്യന്‍ കവി അലെക്‌സാണ്ഡര്‍ പുഷികിനെ ആലോചിച്ചു. ബൈബിള്‍ പറയുന്നു മനുഷ്യാ നീ മണ്ണാകുന്നുവെന്ന്, എന്നാല്‍ പൂഷികന്‍ പറഞ്ഞു ഞാന്‍ മുഴുവനായി മണ്ണല്ല. ശരിയാണു് ശരീരം മണ്ണില്‍ ചേരുമ്പോള്‍  അവ പുഴുക്കള്‍ക്ക് ആഹാരമാകുന്നു. എന്നാല്‍ കവി കുത്തികുറിച്ച് വച്ചിരിക്കുന്ന അക്ഷരങ്ങള്‍, വാക്ക് സൂചിപ്പിക്കുന്ന പോലെ നശിക്കുന്നില്ല.

കേരളത്തില്‍ പാലായിലെ കാത്തലിക്ക് കുടുംബത്തിന്‍ ജനിച്ച ശ്രീ ജോസ് ജാതകമെഴുതിയിട്ടില്ല. എന്നാലും ജനന തിയ്യതി അനുസരിച്ച്  ശ്രീ ജോസിന്റെ നക്ഷത്രം പൂരുരുട്ടാതിയാണു്. പുരുഷപ്രജകള്‍ക്ക് ജനിക്കാന്‍ നല്ല നക്ഷത്രമാണത്രെ അത്.  ഇംഗ്ലീഷ്‌കാരുടെ പന്ത്രണ്ടുരാശിപ്രകാരം ശ്രീ ജോസ് ജെമിനിയാണു്. ജെമിനിയെന്നാല്‍ ഇരട്ടകള്‍, എപ്പോഴും എതിര്‍ലിംഗകാരെ കൂടെ കൊണ്ട്‌നടക്കുന്നവര്‍.  കൂടാതെ ഇവര്‍ ശുഭാപ്തിവിശ്വാസകാരും, തുറന്ന് പറയുന്നവരും, ഭാവനാലോലരും, നര്‍മ്മപ്രിയരുമൊക്കെയാണു്. ഈ  വിശേഷണങ്ങള്‍ മുഴുവന്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ശ്രീ ജോസ് പ്രകടിപ്പിക്കുന്നു. പ്രായം കലണ്ടറിലും, ശരീരത്തിലും അടയാളപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ  മനസ്സ് ചെറുപ്പം വിടാതെ ചുറ്റികറങ്ങുന്നു. ബാല്യകാലസികളേയും, സഹപ്രവര്‍ത്തകരായിരുന്ന സുന്ദരിമാരേയും ഓര്‍മ്മിക്കയും അന്നത്തെ ബാലിശമായ, യുവമാനസ ചാപല്യങ്ങളേയും നഷ്ടവേദനയോടെ ഓര്‍ക്കുകയും അതെക്കുറിച്ച് സുഹ്രുത്തുക്കളുമായി പങ്കിടുകയും ചെയ്യുക ശ്രീ ജോസിന്റെ പ്രക്രുതിയാണു്. കവിത എഴുതുന്നപോലെ തന്നെ കവിതകള്‍ കേട്ടിരിക്കുന്നതും ഇദ്ദേഹത്തിന്റെ വിനോദമാണു്. കേരളത്തില്‍ ആദ്യമായി ചെരുപ്പ് ധരിച്ച കുടുംബമായിരിക്കും ശ്രീ ജോസിന്റേത്. അങ്ങനെ ജനങ്ങള്‍ അവരെ ചെരിപ്പിട്ടവര്‍ എന്ന്പറഞ്ഞ് അത് ചെരിപ്പിന്‍ പുറത്ത് നടക്കുന്നവര്‍ എന്നായി പിന്നെ അത് ചെരിപുറമെന്നായതാകാം എന്ന് ഒരു എഴുത്തുകാരന്റെ ഭാവനയ്ക്ക് സഞ്ചരിക്കാം. എന്തായാലും തീരുമാനങ്ങളില്‍, ചിന്തകളില്‍ ഉറച്ച് നില്‍ക്കുന്നു ശ്രീ ജോസ്. 'ുജുവായ രേകളില്‍ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വത്തിനുടമ. ചെരിവില്ലാത്ത വ്യക്തിത്വം, ചെരിപുറത്തിന്റെ മേന്മ.

പ്രിയ സുഹ്രുത്തേ, ഈ മേയ്മാസത്തില്‍  താങ്കള്‍ക്ക് ഒരു വയസ്സ് കൂടി കൂടുന്ന എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസപ്പെട്ടു. പുഷികിനെപോലെ എന്റെ സ്വപനങ്ങള്‍, എന്റെ സ്വപനങ്ങള്‍, അവയുടെ മധുരിമയ്ക്ക് എന്തുപ്പറ്റി, ശരിയ്ക്കും എന്റെ യുവത്വത്തിനു എന്താണു സംഭവിച്ചത് എന്ന് ഒരു പക്ഷെ ഈ പിറന്നാല്‍ ദിനത്തില്‍ താങ്കള്‍ ചിന്തിക്കുന്നുണ്ടോ? ന്യൂയോര്‍ക്കില്‍ തോരാതെ മഴപെയ്യുന്ന സമയങ്ങളില്‍ 'അടപട മഴയും, അടച്ചിട്ട മുറിയും, അടുത്തൊരു പെണ്ണുമെന്ന്' പാടി നിങ്ങളെ മോഹിപ്പിക്കാറുള്ള  ഈ സുഹ്രുത്ത്  നിങ്ങള്‍ക്ക്  നിത്യയൗവ്വനം നേരുന്നു. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെയല്ല അതിനെക്കാളും കൂടുതല്‍ കാലം ആയുരരോഗ്യത്തോടെ താങ്കള്‍ ഈ വസുന്ധരയില്‍ സുഖമായി കഴിയുക എന്നാശംസിച്ച്‌കൊണ്ട്..

ശുഭം

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 11:47:17
💥🔥ശ്രീ.ചെരിപുറത്തിന് എൺപത്താറു തികഞ്ഞ് 87-ലേക്ക് കടക്കുന്നു..ഇനി ഒരു പത്തും കൂടെ ഈസി ആയിട്ട് ഓടും. അതു മതി. 100 നമുക്ക് വേണ്ടാ ജോസേ , അത് കഷ്ട്ടതയാ.....മരിച്ചു കിടക്കണം, കിടന്നു മരിക്കരുത് ‼️. ശ്രീ.ചെരിപുറമേ, കുടി നിർത്തരുത്, നിർത്തി നിർത്തി കുടിച്ചോണം മരിക്കുന്നിടം വരെ .💪👻💪 റെജിസ്. ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 12:05:53
🌹ശ്രീമാൻ.ചെരിപുറത്തിന് എന്റെ ആദരാഞ്ജലി.🌹 [{ആദരവിന്റെ കൂപ്പു കൈ}] റെജിസ്🙏🫰🫶
Josecheripuram 2026-05-26 16:46:46
അപ്രതീഷിതമാണ് ഈ കുറിപ്പ്, ജന്മ നാളിൽ ഇങ്ങനെ ഒരു മധുരം, തിരു മധുരം എന്നേ പറയാനുള്ളു? ആശംസകൾക്കു നന്ദി! ഹൃദയം നിറയുമ്പോൾ വാക്കുകൾ മൗനത്തിൻ ചില്ലയിൽ ചേക്ക്ഏറുന്നു.
Josecheripram 2026-05-26 17:26:12
റെജീസേ ന്യൂ യോർക വിട്ട് പോയിട്ടും, ,വിട്ടുപോകാത്ത ഓർമകളിൽ ഞാൻ ഉണ്ട് എന്നത് സന്തോഷം. കുശുമ്പ് തനിക്കില്ല. പക്ഷേ കഷണ്ടി ഉണ്ടോ?
K.G. RAJASEKHARAN 2026-05-26 20:50:01
താങ്കളെ അനുമോദിക്കാൻ ഒരു റെജിസും ഒരു സുധീറും മാത്രമേ കണ്ടുള്ളു. അമേരിക്കൻ മലയാളികൾക്ക് പള്ളിയും രാഷ്ട്രീയവും ഒഴിഞ്ഞു നേരമില്ല,. ശ്രീ ജോസ് താങ്കളെ നേരിട്ട് പരിചയമില്ല പക്ഷെ രചനകൾ കാണാറുണ്ട്. ആയുഷ്‌മാൻ ഭവ:
ജ്യോതിഷ രത്‌നം കൃഷ്ണ കുറുപ്പ് 2026-05-26 22:39:18
ആയിരം പൂർണ്ണ ചന്ദ്രോദയം എന്ന് പറഞ്ഞാൽ 82 വയസ്സും 8 മാസവുമാണ്. സുധീർ എഴുതിയത് "ആയിരം പൂർണ്ണ ചന്ദ്രന്മാരെയല്ല അതിനേക്കാളും കൂടുതൽ സമയം ശ്രീ ജോസ് ജീവിക്കട്ടെ:" എന്നാണു. അതിനർത്ഥം ജോസ് പൂർണ്ണ ചന്ദ്രന്മാരെ കണ്ടുവെന്ന് റെജിസ് തെറ്റിദ്ധരിച്ചു. ജ്യോതിഷശാസ്‌ത്ര പ്രകാരമുള്ള ഒരു അറിവ് വിനീതമായി പങ്കു വയ്ക്കുകയാണ്. ശ്രീ ജോസ് അവിടെ വരെ എത്തിയില്ലെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-27 00:36:00
💥🔥ശ്രീമാൻ.ജോസിന് ശരിക്കും 86 തികഞ്ഞു കുറുപ്പേ . ( ഇന്ത്യൻ മിലിറ്ററി രേഖകൾ പ്രകാരം. ) ക്രീഡ്മോറിലെ രേഖകൾ 82 ആണ് കാണിക്കുന്നത്. വിവര അവകാശ നിയമ പ്രകാരം ഒരു request ഞാൻ കൊടുത്തിട്ടുണ്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ. അതൊന്നു വന്നോട്ടേ, എന്നിട്ട് കൃത്യം പറയാം. { ഞാൻ ഡൈ apply ചെയ്യുന്നതു കൊണ്ട് കഷണ്ടി അധികം തെളിഞ്ഞു കാണുന്നില്ല ചെരിപുറമേ.💪} റെജിസ്🔆
Mathew vazhappallil 2026-05-27 02:34:14
പ്രിയ ജോസ് ചേട്ടൻ നീണാൽ വാഴട്ടെ. ജെന്മദിനാശംസകൾ നേരുന്നു.
Josecheripuram 2026-05-27 11:27:05
ശ്രീ രാജാശേഖരൻ സാർ നന്ദി.
Jayan varghese 2026-05-27 12:56:19
സൗമ്യനായ, ബഹുമാന്യനായ ശ്രീ ജോസ് ചെരിപ്പുറത്തിനെ കണ്ടുമുട്ടാൻ ഇടയായ അപൂർവ അവസരങ്ങളുടെ ഓർമ്മകൾ ഒരു നിധി പോലെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ആയുരാരോഗ്യങ്ങളും അംഗീകാരങ്ങളും അങ്ങയെ തേടി വരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക