
(compiled and modified)
(അദ്ധ്യായാനുസരണ രത്നച്ചുരുക്കം)
മുഖവുര:
ശ്രീമദ് ഭഗവദ് ഗീത എല്ലാവർക്കും സുപരിചിതമാണല്ലോ. ധർമ്മ ക്ഷേത്രമായ കുരുക്ഷേത്രത്തിൽ നടന്ന കൗരവ പാണ്ഡവ യുദ്ധക്കളത്തിൽ, തൻ്റെ ബന്ധു ജനങ്ങളോട് യുദ്ധം ചെയ്യാൻ മടിച്ചു വിഷണ്ണനായി നിന്ന അർജ്ജുനനു ധൈര്യം പകർന്നു കൊടുക്കാൻ പരമ കൃപാലുവായ ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശ സംഗ്രഹമാണ് ദിവ്യ ഗാനം എന്ന് വേദങ്ങൾ ഉൽഘോഷിക്കുന്ന ശ്രീമദ് ഭഗവദ് ഗീത. ഈ മഹദ് ഗ്രന്ഥം വായിക്കുന്നതു മാത്രമല്ല, ആ പേര് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും പറയുന്നത് തന്നെ വളരെ പുണ്യമാണ്.
സുഖദുഃഖങ്ങൾ ശരീരത്തെ സംബന്ധിക്കുന്നതും മനസ്സിനെ ആത്മാവുമായി ബന്ധിക്കുമ്പോൾ അത് ആത്മീയമായി മാറുന്നതും അതിലൂടെ ആത്മ സംതൃപ്തിയും ജന്മ സാക്ഷാത്കാരവും ലഭ്യമാകുന്നതും കുലങ്കുഷം വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു.
ഓരോ അദ്ധ്യായത്തിലും ഭഗവാൻ നമുക്ക് എന്താണുപദേശിക്കുന്നതെന്നു നോക്കാം. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഗീത ഒരു പരിഹാരമാണ്. മാനവരാശിക്ക് തന്നെ ഒരു മാർഗ്ഗ ദർശിയാണ്. സ്വാതന്ത്ര്യ സമര സമയത്തു എല്ലാ പ്രശ്നങ്ങൾക്കും പോംവഴി കാണുവാനുള്ള ആത്മ ധൈര്യം നല്കിയതു ഭഗവദ് ഗീത യാണെന്ന് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ.
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്കും ദുഖങ്ങൾക്കും അർഹമായ പരിഹാരം കാണാനും വിജയം കൈവരിക്കാനും ശ്രീമദ് ഭഗവദ് ഗീത സഹായിക്കട്ടെ! ഇനി നമുക്ക് മുഖ്യ വിഷയത്തിലേക്കു കടക്കാം. ഓരോ അദ്ധ്യായത്തിലും ഭഗവാൻ എന്താണു് ഉപദേശിക്കുന്നതെന്നു നോക്കാം!
മൊത്തം 18 അദ്ധ്യായങ്ങളുള്ള ശ്രീമദ് ഭഗവദ് ഗീതയിലെ ആദ്യത്തെ അധ്യായം:
1. അർജ്ജുന വിഷാദ യോഗം:
ധൃതരാഷ്ട്ര ഉവാച;
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ:
മാമകാ പാണ്ഡവാശ്ചൈവ കിമ കുർവ്വത സഞ്ജയ...
മധ്യമ പാണ്ഡവനായ അർജുനന്റെ അപേക്ഷ പ്രകാരം സാരഥിയായ കൃഷ്ണൻ രഥത്തെ രണ്ടു സൈന്യങ്ങളുടെയും മദ്ധ്യത്തിൽ നിർത്തുന്നു.
യുദ്ധം ചെയ്യേണ്ടത് പിതാമഹനായ ഭീഷ്മരോടും ഗുരുക്കന്മാരായ ദ്രോണർ, കൃപാചാര്യർ മുതലായവരോടുമാണെന്നു കണ്ടപ്പോൾ അർജ്ജുനന്റെ മനസ്സ് കരുണാ പരവശമായി. മനസ്സിലെ ധൈര്യം വാർന്നു പോകുന്നത് പോലെ തോന്നി. അവരെ കൊന്നിട്ട് തനിക്കു ഒന്നും നേടേണ്ട എന്ന് പറഞ്ഞു ആയുധം ഉപേക്ഷിച്ചു വിഷാദ ചിത്തനായി അർജ്ജുനൻ തേർത്തട്ടിലിരുന്നു. തത്സമയം ശ്രീകൃഷ്ണൻ അർജ്ജുനനു കൊടുക്കുന്ന സാരോപദേശമാണ് 2 -)൦ അദ്ധ്യായം മുതൽ 18 -)൦ അദ്ധ്യായം വരെ ഭഗവദ് ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നത്. ധൃതരാഷ്ട്രരും സഞ്ജയനും തമ്മിൽ യുദ്ധക്കളത്തെയും സൈന്യങ്ങളെയും പാണ്ഡവ കൗരവാദി കളെപ്പറ്റിയും നടന്ന ഹ്രസ്വ സംവാദമാണ് ഒന്നാം അദ്ധ്യായത്തിലെ മുഖ്യ വിഷയം
2. സാംഖ്യാ യോഗം:
സഞ്ജയ ഉവാച:
തം തഥാ കൃപയാവിഷ്ടം അശ്രുപുർണാ കുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദന:...........
ദേഹം നശിക്കുന്നെങ്കിലും ദേഹിക്ക് നാശമില്ല. ദേഹം വെറും ജഡമാണ്. സ്വയം പ്രവർത്തിക്കാനാവില്ല. അതുകൊണ്ടു പ്രവർത്തിക്കാനുള്ള ചൈതന്യം നൽകുന്ന ശക്തിയാണ് ഈശ്വരൻ. ഈശ്വരന്റെ അംശമായ ജീവാത്മാവാണ് ആ ചൈതന്യം. ശരീരം മരിക്കുമ്പോൾ, ജീവാത്മാ പരമാത്മാവിൽ വിലയം പ്രാപിക്കുന്നു. മനസ്സിന് അൽപ്പം പോലും ഇളക്കമില്ലാതെ ഉറച്ച ബുദ്ധിയോടെ പ്രവർത്തിക്കുന്നവനെ സ്ഥിത പ്രജ്ഞനെന്ന് പറയുന്നു.അതായത് ഈശ്വരനിൽ സ്ഥിതനായി നിൽക്കുന്നവൻ! അധർമ്മികളായ കൗരവരെ നശിപ്പിക്കേണ്ട ഈ യുദ്ധം നീ ചെയ്യാതിരുന്നാൽ അധർമ്മം വർദ്ധിക്കും. തന്നെയുമല്ല, നീ വെറും ഒരു ഭീരുവാണെന്ന ദുഷ്‌പ്പേരും ലഭിക്കും. നാളെ, കൗരവന്മാർ തന്നെ നിന്നെ പരിഹസിക്കും. അങ്ങനെ, കാരണമില്ലാതെ നിനക്ക് ദുഖിക്കേണ്ടി വരും. അതുകൊണ്ടു, ധർമ്മം സംസ്ഥാപിക്കാൻ നീ ഉണർന്നു പ്രവർത്തിക്കുക. ഋഷിവര്യനായ കപില വാസുദേവൻ ദേവഹൂതിയുടെയും കർദ്ദമ പ്രജാപതിയുടെയും പത്താമത്തെ സന്തനമായി ജാതനായി.(ഒൻപതു പെൺ മക്കൾക്കുശേഷം ഒരു ആൺകുഞ്ഞു വേണമെന്ന് മഹാവിഷ്ണുവിനോട് പ്രാർത്ഥിച്ചതനുസരിച്ചു കപിലനായി അവതരിച്ചു). മാതാവായ ദേവഹൂതിക്ക് കപിലദേവൻ ഉപദേശിച്ച ജ്ഞാനമാണ് സാംഖ്യാ യോഗം.
സാംഖ്യാ യോഗത്തിന്റെ മുഖ്യ ഘടകങ്ങൾ:
- പഞ്ച ഭൂതങ്ങൾ - 5
- പഞ്ചേന്ദ്രിയങ്ങൾ - 5
- കർമ്മേന്ദ്രിയങ്ങൾ - 5
- പഞ്ച തന്മാത്രകൾ - 5
------
20
+മനസ്സ് - 1
ചിത്തം - 1
ബുദ്ധി - 1
അഹങ്കാരം - 1
-----------
24
പുരുഷൻ- 1
-------------
മൊത്തം 25
3. കർമ്മ യോഗം:
അർജുന ഉവാച:
ജ്യായസി ചേത് കർമ്മണസ്തേ മതാ ബുദ്ധിർ ജനാർദ്ദന
തത്‍കീം കർമണി ഘോരേ മാം നിയോജയസി കേശവ....
പഞ്ചഭൂത നിർമ്മിതമാണ് ഈ പ്രപഞ്ചം. അതേ പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിച്ചതാണല്ലോ ഭൂമിയിലെ സർവ്വ ജീവജാലങ്ങളും. അതിലെല്ലാം പരമാത്മഅംശമായ ജീവാത്മാ പ്രവർത്തിക്കുന്നു. ദേഹത്തിൽ രമിക്കുന്ന അതിനെ നാം ദേഹി എന്നു വിളിക്കുന്നു. പഞ്ചഭൂത നിർമ്മിതമായ ദേഹം, അതിൽ നിവസിക്കുന്ന ദേഹി അതിൻ്റെ നിസ്സംഗമായ പ്രവർത്തനം, കർമ്മത്തിലൂടെ അതിനെയെല്ലാം പറ്റിയുള്ള ജ്ഞാനം നേടുന്നതാണ് കർമ്മയോഗം. എല്ലാ കർമ്മങ്ങളും ഈശ്വരനുള്ള യജ്ഞം അഥവാ പൂജയാക്കിത്തീർത്തു മന:ശൂദ്ധിനേടണം. കർമ്മങ്ങൾ നിഷ്ക്കാമമായി അനുഷ്‌ഠിക്കണം. കർമ്മഫലം അത് ജയമോ പരാജയമോ ഏന്തുമാകട്ടെ, അത് ഈശ്വരന്റെ പ്രസാദമായി കരുതി പ്രസാദബുദ്ധിയോടെ സ്വീകരിക്കണം. അത് നമ്മുടെ മനസ്സിനെ തളർത്താതെ കർമ്മങ്ങൾ തുടർന്ന് ചെയ്യാൻ സാധിക്കണം. കർമ്മങ്ങളെ ഈശ്വരനുമായി യോജിപ്പിക്കണം. ഇതാണ് ഫലേച്ഛയില്ലാതെയുള്ള കർമ്മയോഗം. അത് മറ്റുള്ളവർക്ക് മാതൃകയാവണം. നല്ല വാക്കുകളും നല്ല കർമ്മങ്ങളും മാത്രമായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം. ഇപ്രകാരമേ നമുക്ക് സമൂഹത്തിൽ ശ്രേഷ്ഠത കൈവരിക്കാൻ പറ്റുകയുള്ളൂ. നമ്മുടെ കർമ്മങ്ങൾ മാത്രമാണ് നമ്മുടെ മനസ്സിനെ ഇളക്കി മറിക്കുന്നത്. കാമം അഥവാ ആഗ്രഹിക്കുന്നത് നടക്കാതെ വന്നാൽ അത് ക്രോധമായി പരിണമിക്കും. ആ ക്രോധം നമ്മുടെ തന്നെ നാശത്തിനു കാരണമാകുന്നു. അതുകൊണ്ടു മനസ്സിനെ നിയന്ത്രിച്ചു ആഗ്രഹങ്ങൾ ചുരുക്കി ഉള്ളിലുള്ള ആനന്ദ സ്വരൂപനായ ഈശ്വരനെ അനുഭവിക്കണം. അതാണ് കർമ്മയോഗത്തിലൂടെ ലഭിക്കുന്ന ആനന്ദ മയമായ ധന്യ ജീവിതം.
4. ജ്ഞാന കർമ്മ സന്യാസ യോഗം:
ശ്രീ ഭഗവാനുവാച:
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേ/ബ്രവീത്......
നാം ചെയ്യേണ്ട കർമ്മത്തെ സ്വധർമ്മം എന്നു പറയുന്നു.ഭക്തിയോടെ സ്വധർമ്മം ചെയ്താൽ മനസ്സ് ശുദ്ധമാകും. അതുകൊണ്ടു എല്ലാ കർമ്മങ്ങളും ഒരു യജ്ഞമായി കരുതി വേണം ചെയ്യുവാൻ.യജ്ഞം എന്നാൽ ഭഗവാനുള്ള പൂജ എന്നർത്ഥം. അതുകൊണ്ടു് എല്ലാ കർമ്മങ്ങളും ഈശ്വര പൂജയായി കരുതണം. ഇതെല്ലം നമ്മെക്കൊണ്ട് ചെയ്യിക്കുന്നത് ഉള്ളിലിരിക്കുന്ന ഈശ്വരാംശമായ ജീവാത്മാവാണെന്ന ഓർമ്മ വേണം. ആത്മാവ് പോയാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കുകയില്ലല്ലോ. ആത്മാവാണ് ശരീരത്തിന് ചൈതന്യം നൽകുന്നത്. സൂക്ഷമമായ ഉറുമ്പിലും സ്ഥൂലിച്ച ആനയിലും ആത്മാവ് ഒന്നു തന്നെ. എല്ലാ യജ്ഞങ്ങളിലും വച്ച് ശ്രേഷ്ഠമായ യജ്ഞം ജ്ഞാന യജ്ഞമാണ്. ജ്ഞാനത്തിലൂടെ മാത്രമേ നമുക്ക് നാം ആരാണെന്നു അറിയാൻ പറ്റുകയുള്ളൂ. അതിനു കർമ്മ യോഗം അനുഷ്ഠിക്കുക തന്നെ വേണം. ഭഗവാൻ ഇത് ആദ്യം ഉപദേശിച്ചത് സൂര്യദേവനായിരുന്നു. അദ്ദേഹത്തിൽ നിന്ന് രാജർഷിമാർ*ആ ജ്ഞാനം നേടി. ഇപ്പോൾ അർജ്ജുനനെ നിമിത്തമാക്കി ശ്രീകൃഷ്ണ ഭഗവാൻ നമുക്കും ഭഗവദ് ഗീതയിലൂടെ ആത്മ ജ്ഞാനം ഉപദേശിച്ചു തന്നിരിക്കുന്നു.
(*ഋഷികൾ മൂന്നു വിധം- ബ്രഹ്മഋഷി, ദേവഋഷി, രാജഋഷി. ഉദാ: വസിഷ്ഠർ, നാരദർ, ജമദഗ്നി, ഭരദ്വാജർ, ഗൗതമൻ വിശ്വാമിത്രൻ എന്നിവർ.) ഋഷി എന്നാൽ ആത്മജ്ഞാനം ലഭിച്ചയാൾ എന്നാണർത്ഥം.
5. കർമ്മ സന്യാസ യോഗം:
അർജുന ഉവാച:
സന്യാസം കർമണാം കൃഷ്ണ പുനഃ ര്യോഗം ച ശംസസി
യച്ഛരേയ ഏതയൊരേകം തന്മേ ബ്രൂഹി സുനിശ്ചിതം....
നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം ഈശ്വര പൂജയായി കരുതി ചെയ്യുകയാണെങ്കിൽ ഈശ്വര പ്രാപ്തി നേടാൻ സാധിക്കും. അതിനാണ് കർമ്മത്തിലൂടെ ഈശ്വരനെ പ്രാപിക്കുന്ന കർമ്മ യോഗം എന്ന് പറയുന്നത്. മനസ്സ് ശുദ്ധമായ ഒരുത്തനു മറ്റു കർമ്മങ്ങളെല്ലാം വെടിഞ്ഞു ഈശ്വരനെ ധ്യാനിച്ച് ഈശ്വര പ്രാപ്തി നേടാം. അതാണ് എല്ലാം വെടിഞ്ഞു കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള കർമ്മ സന്യാസ യോഗം.( സർവ്വവും ന്യാസിക്കുന്ന, ലൗകിക ജീവിതത്തിൽ നിസ്സംഗനായിത്തീരുന്ന ഒരുവനെ സന്യാസി എന്ന് പറയുന്നു.) അപ്പോൾ സന്യാസവും ഈശ്വരപ്രാപ്തിക്കുള്ള കർമ്മങ്ങളുടെ ഏകോപനവും ചേരുന്ന അവസ്ഥക്ക് അഥവാ സ്ഥിതി വിശേഷത്തിനു കർമ്മ സന്യാസ യോഗമെന്നു പറയുന്നു. കർമ്മ യോഗത്തിന്റെ മാർഗ്ഗമാണ് ഏറ്റവും ശ്രേഷ്ഠ കരം എന്ന് ശ്രീകൃഷ്ണ ഭഗവൻ ഗീതയിൽ പറയുന്നു. ഒരുത്തന്റെ സ്വഭാവം നന്നാകുമ്പോൾ അവന്റെ കർമ്മത്തിന്റെ മാറ്റും കൂടുന്നു. തത്സമയം, രാഗദ്വേഷാദികൾ നശിക്കുകയും അതോടെ അജ്ഞാനവും പാടേ നശിച്ചു ജ്ഞാനസ്വരൂപനായ ഈശ്വരൻ പ്രകടമാകുകയും ചെയ്യുന്നു. അങ്ങനെ ഈശ്വര പ്രകാശത്തിൽ അജ്ഞാനം നശിക്കുമ്പോൾ, പ്രകാശമയമായ ആത്മ ജ്ഞാനം ലഭിക്കുന്നു. ആത്മ ജ്ഞാനത്തിലൂടെ ജ്യോതിർമയമായ ആത്മാനന്ദവും ലഭ്യമാകുന്നു . ഇതാണ് ഭഗവദ് ഗീത ഉൽഘോഷിക്കുന്ന കർമ്മ സന്യാസയോഗം!
കർമ്മഫലം എന്തായിരിക്കുമെന്ന് ചിന്തിച്ചു സമയം കളയാതെ ആരാണോ തന്റെ കർമ്മം അഥവാ കർത്തവ്യം നിർവ്വഹിക്കുന്നത് അയാളാണ് യഥാർത്ഥ യോഗിയും അതു പോലെ സന്യാസിയുമെന്നതാണ് വാസ്തവം. അയാളുടെ മനസ്സാണ് അയാളുടെ ആത്മ ബന്ധു എന്ന് നാം മനസ്സിലാക്കണം. ഈ അവസ്ഥ നിലനിർത്തുവാൻ അയാൾ ദിവസവും ധ്യാനം പരിശീലിക്കണം. വൃത്തിയാക്കിയ ശുദ്ധമായ നിലത്തു നിവർന്നിരുന്നു കണ്ണടച്ചു വിരലുകൾ(ചൂണ്ടു വിരലും കട്ടവിരലും ചേർത്ത് വൃത്തരൂപത്തിൽ ആക്കി) കണ്ണടച്ചിരുന്നു ഭഗവാനെക്കുറിച്ചു മാത്രം ചിന്തിച്ചു മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടു വരണം. ഇത് പതിവായി അഭ്യസിക്കണം. ഇതുകൊണ്ടുള്ള ഫലം ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാകും എന്നതാണ്.അതുപോലെ മറ്റെല്ലാ ജീവിത ചര്യകളിലും ഒരു കൃത്യ നിഷ്ഠയും കർത്തവ്യ നിർവ്വഹണ ക്ഷമതയും സ്വയമേ ആവിർഭവിക്കും. അതു തുടർന്ന് പോകുമ്പോൾ ക്രമേണ അയാൾ സമാധി എന്ന ആത്മാനന്ദം അഥവാ ആത്മാനുഭൂതി അനുഭവിക്കുവാൻ തുടങ്ങുന്നു. ഇപ്രകാരമുള്ള താളക്രമം നിറഞ്ഞ ജീവിതത്തിന്റെ പരിണാമം എന്തെന്നാൽ നിത്യ നിഷ്ഠ മൂലം അയാൾ ജന്മാന്തരങ്ങളിലൂടെ ഭഗവാന്റെ തൃപ്പാദങ്ങളിൽ ലയിച്ചു മോക്ഷപ്രാപ്തി നേടുന്നു. അതാണ് ജന്മസാക്ഷാത്കാരം എന്ന് വേദങ്ങൾ ഉൽഘോഷിക്കുന്ന വൈകുണ്ഠ പ്രാപ്തി!
6.ധ്യാന യോഗം അഥവാ അഭ്യാസ യോഗം:
ശ്രീ ഭഗവാനുവാച:
അനാശ്രിത: കർമ്മ ഫലം കാര്യം കർമ്മ കരോതി യ:
സ സന്യാസി ച യോഗി ച ന നിരഗ്നിർന ചാക്രിയ:.....
കർമ്മം ചെയ്യുമ്പോൾ അതിന്റെ ഫലേച്ഛ യില്ലാതെ നിസ്വാർത്ഥമായി വേണം ചെയ്യാൻ. ഏതൊരുത്തൻ ഫലേച്ഛ യില്ലാതെ ഈശ്വര ചിന്തയോടു കൂടി കർമ്മം ചെയ്യുന്നുവോ അവൻ യോഗിയും അതു പോലെ സന്യാസിയും ആകുന്നു. അയാൾക്ക് മനസ്സാണ് അയാളുടെ ഉറ്റ ബന്ധു. ഈ അവസ്ഥ നിലനിർത്തുവാൻ അയാൾ ദിവസവും ധ്യാനം പരിശീലിക്കണം.
ശുദ്ധമായ നിലത്തുനിവർന്നിരുന്നു ഭഗവാനെ കുറിച്ച് മാത്രം ചിന്തിച്ചു മനസ്സിനെ പരി പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടു വരണം. ഇത് ദിവസസേന അഭ്യസിക്കണം. ഇതു മൂലം ജീവിതത്തിൽ ഒരു ചിട്ട യുണ്ടാകുന്നു. മാത്രമല്ല, എല്ലാ ദൈനം ദിന പ്രവർത്തികളിലും ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നു.ക്രമേണ, അയാൾ സമാധി എന്ന ആത്മാനന്ദം അനുഭവിക്കുവാൻ തുടങ്ങുന്നു. അപ്രകാരം കർമ്മ നിഷ്ഠ യിലൂടെ ആ യോഗി ഭഗവാനിൽ പരിപൂർണ്ണമായി ലയിക്കുന്നു.
7.ജ്ഞാന വിജ്ഞാന യോഗം
:
ശ്രീ ഭഗവാനുവാച:
മയ്യാസക്തമനാ:പാർത്ഥ യോഗം യുൻജന്മദാശ്രയ:
അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛ്രുണു
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവും പരിപാലകനുമായ ഭഗവാൻ ഈ പ്രപഞ്ചത്തെ ഒരു അശ്വദ്ധ(അരയാൽ) വൃക്ഷത്തോട് ഉപമിച്ചിരിക്കുന്നു. മുകളിൽ വേരുകളും താഴോട്ട് ശാഖകളും ഇലകളുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷം. പ്രപഞ്ച വൃക്ഷത്തിന്റെ ബീജം പരമാത്മാവാണെന്നു സാരം. ഒരു സാധകൻ അറിയേണ്ട ജ്ഞാനവും അനുഭവത്തിൽ വരുത്തേണ്ട വിജ്ഞാനവും തദ്വാരാ പരമ ലാഭം പ്രാപിക്കുന്ന രീതിയും ഭഗവാൻ ഈ അദ്ധ്യായത്തിൽ സുസൂഷ്മം വിവരിക്കുന്നതിനാൽ ഈ അദ്ധ്യായത്തിനു ജ്ഞാന വിജ്ഞാന യോഗം അല്ലെങ്കിൽ കൂടിച്ചേരൽ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ഈ പരമാത്മ തത്വം ഗ്രഹിക്കാൻ ശ്രമിക്കുന്നവർ തുലോം വിരളമാണ്. പരമാത്മാവിനു രണ്ടു പ്രകൃതികളുണ്ട്. 1. പരാ പ്രകൃതിയും 2. അപരാ പ്രകൃതിയും.
ആകാശം വായു അഗ്നി ജലം ഭൂമി എന്നീ പഞ്ച ഭൂതങ്ങളും മനസ്സ് ചിത്തം ബുദ്ധി അഹങ്കാരം പുരുഷൻ എന്നീ സൂക്ഷ്മ തത്വങ്ങളും ചേർന്നതാണ് അപരാകൃതി. പരാകൃതി ജീവനാണ്.ആത്മാവ്! ഈ രണ്ടു പ്രകൃതികളും ചേർന്നുണ്ടായതാണ് നാം കാണുന്ന ഈ പ്രപഞ്ചം. ഭഗവാൻ എല്ലാം സ്വയം അറിയുന്നു, പക്ഷെ ആർക്കും ഭഗവാനെ അറിയാൻ സാധിക്കുകയില്ല എന്നതാണ് സത്യം!പ്രപഞ്ച രഹസ്യം നിഗൂഠമാണ്!
8. ക്ഷരാക്ഷര ബ്രഹ്മ യോഗം:
അർജ്ജുന ഉവാച:
കിം തദ്‌ബ്രഹ്മ കിമദ്ധ്യാത്മം കിം കർമ്മ പുരുഷോത്തമ
അധി ഭൂതം ച കിം പ്രോക്തം അധി ദൈവം കിമുച്യതേ.....
ക്ഷരമായ അഥവാ നശിക്കുന്നതായ അപര ബ്രഹ്മത്തിന്റെയും അക്ഷരമായ അഥവാ നാശമില്ലാത്ത പരബ്രഹ്മത്തിന്റെയും വർണ്ണനയായതിനാൽ ഭഗവൻ ഈ അദ്ധ്യായത്തിനു ക്ഷരാക്ഷര ബ്രഹ്മയോഗം എന്ന് പേരിട്ടിരിക്കുന്നു. അക്ഷര ബ്രഹ്മത്തിന്റെയും അക്ഷര ബ്രഹ്മോപാസനയുടെയും വർണ്ണനയായതുകൊണ്ടു്, അക്ഷര ബ്രഹ്മയോഗം എന്നും ഈ അദ്ധ്യായത്തിനു ചില ആചാര്യന്മാർ നാമകരണം ചെയ്തിരിക്കുന്നു.
ശ്രീകൃഷ്ണ ഭഗവാൻ അർജ്ജുനനു പരമാത്മാവിനെക്കുറിച്ചുള്ള ജ്ഞാനം വിവരിച്ചു പകർന്നു കൊടുക്കുന്നു.ഒരുവന്റെ മരണസമയത്തുണ്ടാകുന്ന ഭാവനയാണ് അവന്റെ അടുത്ത ജന്മത്തെ നിശ്ചയിക്കുന്നത് എന്നതാണ് വാസ്തവം. പരമാത്മാവിനെ ധ്യാനിച്ച് ദേഹം ത്യജിക്കുന്ന ഒരുവന് പരമാത്മവുമായി ഐക്യം പ്രാപിച്ചു മോക്ഷം നേടാം. അത് കൊണ്ട് ഏതു കർമ്മം അനുഷ്ഠിക്കുമ്പോഴും മനസ്സും ബുദ്ധിയും ഭഗവാനിൽ ഉറപ്പിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
9. രാജ വിദ്യാ രാജ ഗുഹ്യ യോഗം:
ശ്രീ ഭഗവാനുവാച:
ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യ ന സൂയവേ
ജ്ഞാനം വിജ്ഞാന സഹിതം യജ്ജഞാത്വാ മോക്ഷ്യസേ/ശുഭാത്
ഈ ലോകത്തിൽ നാം കാണുന്നത് സർവ്വവും ബ്രഹ്മമയം എന്ന വിജ്ഞാനം സമ്പാദിക്കുന്നതാണ് ബ്രഹ്മ സാക്ഷാത്കാരം എന്ന് മനീഷികൾ കൊണ്ടാടുന്നത്. ഈ ജ്ഞാന വിജ്ഞാന വിവരണം ഈ ശരീരത്തിൽ വച്ചു തന്നെ ബ്രഹ്മ സാക്ഷാത്കാരത്തിന് ഉപകരിക്കുന്നതു കൊണ്ട് ഇതിനെ രാജവിദ്യ എന്നും പറയുന്നു. എന്നാൽ ഈ ജ്ഞാനം അനുഭവത്തിൽ മാത്രം തെളിയുന്നതു കൊണ്ട് അത്യന്തം ഗുഹ്യം അഥവാ രഹസ്യം ആയതിനാൽ ഇതു് രാജഗുഹ്യവുമാണ്. അതുകൊണ്ടു്, ഈ അദ്ധ്യായം രാജാവിദ്യാ രാജഗുഹ്യ യോഗം എന്ന പേരിൽ അറിയപ്പെടുന്നു.
- മന്മനാ: ഭവ- ആദ്യമായി ഭഗവാനെ മനസ്സിൽ ഉറപ്പിക്കണം.
- മദ് ഭക്ത ഭാവ - മന്മനത്വം വരുമ്പോൾ എല്ലാ കർമ്മങ്ങളും
ലോകനന്മയെ ലക്ഷ്യമാക്കി അനുഷ്ഠിക്കാൻ സാധിക്കും. അങ്ങനെ അറിവും വർദ്ധിക്കും.
- മദ്യാജി ഭവ - ഭഗവാനെ പൂജിക്കണം.
-മാ നമസ്‌കുരു-എല്ലാ മനുഷ്യരെയും വർണ്ണഭേദ മില്ലാതെ
എല്ലാവരും ബ്രഹ്മസ്വരൂപികളെന്നു കണ്ടു മനസാ വണങ്ങണം.
_മത്പരായണ: ഭവ-ആത്മാവായ ഈശ്വരനാണ് പരമലക്ഷ്യമെന്നും ആ ലക്ഷ്യത്തിൽ ഈ ജന്മം കൊണ്ട് തന്നെ എത്തിച്ചേരും എന്നുമുള്ള നിശ്ചയം വന്ന ബുദ്ധിയോടെ പ്രവർത്തിക്കണം. ഈ ഗുണം നേടിയ സാധകൻ ആത്മ സാക്ഷാത്കാരം നേടി ജീവന്മുക്തനായി ത്തീരുന്നു.
10. വിഭൂതി യോഗം:
ശ്രീ ഭഗവാനുവാച:
ഭൂയഃ ഏവ മഹാബാഹോ ശൃണു മേ പരമം വച:
യത്തേ/ഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ
മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം പരമ സാക്ഷാത്കാരമാണ്. ഭഗവാനെ പ്രാപിക്കുന്നത് ക്ഷിപ്രസാദ്ധ്യമല്ലെന്നതാണ് വാസ്തവം. അതുകൊണ്ടു ഭഗവാന്റെ സോപാധിക (conditional) ഭാവത്തെ അറിഞ്ഞു ആരാധിക്കുന്നത് ഉത്തമമായിരിക്കും. ഈ അദ്ധ്യായത്തിൽ ഭഗവാൻ വിഭൂതികളെക്കുറിച്ചു വിസ്തരിച്ചു പ്രതിപാദിച്ചു തന്നിൽ നിന്ന് ഒന്നും അന്യമല്ല എന്ന പരമാത്മ തത്വത്തെ വിശദമാക്കുന്നു.
അഹമാത്മാ ഗുഡാകേശാ
സർവ്വ ഭൂതാ യസ്ഥിത:
അഹമദിശ്ച മദ്ധ്യം ച (10 - 12 )
ഭൂതാനാ മന്ത ഏവ ച
ഈ ജഗം മുഴുവൻ ഭഗവദ് വിഭൂതികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏതൊരു വസ്തുവും ഈശ്വര വിഭൂതി തന്നെ. എല്ലാ ജീവജാലങ്ങളിലും അന്തര്യാമിയായി വർത്തിക്കുന്ന ആത്മാവും അവയുടെ സൂക്ഷ്മ സ്ഥിതി രൂപമായി വർത്തിക്കുന്ന ആത്മാവും അവയുടെ സ്ഥിതി ലയ രൂപമായി വർത്തിക്കുന്നതും പരമാത്മാവ് മാത്ര മാകുന്നു. മനുഷ്യന്റെ എല്ലാ കഴിവുകളും ഈശ്വരന്റെ വിഭൂതികളാണ്. വിശേഷ രൂപത്തിൽ ഭവിച്ചതിനെ വിഭൂതി എന്ന് പറയുന്നു.
11. വിശ്വരൂപ ദർശനം:
അർജുന ഉവാച:
മദനുഗ്രഹായ പരമം ഗുഹ്യ മദ്ധ്യാത്മ സംജ്ഞിതം
യത്ത്വയോക്തം വചസ്തേന മോഹോ/യം വിഗതോ മമ
ശ്രീകൃഷ്ണ ഭഗവാന്റെ വിശ്വാത്മകമായ സ്വരൂപത്തെ കാണണമെന്ന് അർജുനൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭഗവാൻ അര്ജ്ജുനന് ദിവ്യദൃഷ്ടി പ്രദാനം ചെയ്യുന്നു.
ദിവ്യ ചക്ഷുസ്സ് ലഭിച്ചപ്പോൾ അർജ്ജുനൻ സർവ്വ പ്രപഞ്ചവും ഭഗവാനിൽ ദർശിച്ചു. ശംഖു ചക്ര ഗദാദികളും ആഭരണങ്ങളും അണിഞ്ഞു അനേകം കരങ്ങളും ശിരസ്സും ചരണങ്ങളും ആയുധങ്ങളും സഹിതം നിൽക്കുന്ന ഭഗവാനെ കണ്ടപ്പോൾ അർജുനൻ രോമാഞ്ചം കൊണ്ട് ഭഗവാനെ സ്തുതിച്ചു. വീണ്ടും വീണ്ടും സ്തുതിച്ചു. താൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ ക്ഷമിച്ചു അനുഗ്രഹിക്കണമെന്നു പ്രാർത്ഥിച്ചു. മനുഷ്യ ജന്മം ലഭിച്ച ഓരോ ജീവന്റെയും കർത്തവ്യമാണ് ജീവന്മുക്തി നേടുക എന്നത്. വിശ്വരൂപ ദർശനം മൂലം ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവാണ് താനെന്ന ബോദ്ധ്യം ഭഗവാൻ വരുത്തിയ അദ്ധ്യായമായതിനാൽ ഈ അദ്ധ്യായത്തിനു വിശ്വരൂപദർശനം എന്ന പേരു സിദ്ധിച്ചു.
12. ഭക്തിയോഗം:
അർജുന ഉവാച:
ഏവം സതത യുക് ത്താ യേ ഭക്താസ്ത്വാo പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാ:
ഏകാന്ത ഭക്തി ഒന്നു് കൊണ്ടു മാത്രമേ ഈശ്വര സാക്ഷാത്കാരം നേടാൻ സാധിക്കുകയുള്ളൂ എന്നു കൃഷ്ണൻ പറഞ്ഞപ്പോൾ അർജുനന്റെ മനസ്സിൽ സംശയ മുദിച്ചു. ആ സംശയത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്.
ഹേ ഭഗവാൻ-
1 സഗുണോപാസന
2 നിർഗ്ഗുണോപാസന എന്നീ രണ്ടു മാർഗ്ഗങ്ങളിൽ ഏതു മാർഗ്ഗമാണ് ശ്രേഷ്ഠമായ മാർഗ്ഗം?
ഭഗവാൻ പറഞ്ഞു:
ഒരു പ്രതീകത്തെ അംഗീകരിച്ചു ശ്രദ്ധയോടുകൂടി മനസ്സിനെ അതിൽ ഉറപ്പിച്ചു നിരന്തരമായ ഭഗവൽ സ്മരണ അഭ്യസിക്കുന്ന സഗുണോപാസകൻ തന്നെയാണ് ശ്രേഷ്ഠൻ!
പ്രതീകങ്ങളൊന്നുമില്ലാതെ ആ നിർഗ്ഗുണ ഭാവത്തെ അഥവാ ബ്രഹ്മത്തെ ആര് ഉപാസിക്കുന്നുവോ ആ നിർഗ്ഗുണോപാസകനും പരമലക്ഷ്യമായ ബ്രഹ്മ പ്രാപ്തി നേടുന്നു.
13. ക്ഷേത്ര ക്ഷേത്രജ്ഞ യോഗം:
അർജുന ഉവാച:
പ്രകൃതീം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേതിതു മിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ:
'പര' എന്ന പ്രകൃതിയെ ക്ഷേത്രജ്ഞനായും 'അപര' യെ
ക്ഷേത്രമായും പ്രതിപാദിച്ചിരിക്കുന്നു. ജഡമായ ക്ഷേത്രത്തെ വേർതിരിച്ചറിയുന്നവനാണ് ക്ഷേത്രജ്ഞൻ. നമ്മുടെ ശരീരം ക്ഷേത്രവും അതിനെ പ്രവർത്തിപ്പിക്കുന്ന ജീവാത്മാവ് ക്ഷേത്രജ്ഞനും ആണ്. ഇങ്ങനെ ക്ഷേത്ര ക്ഷേത്രജ്ഞന്മാരെ വിശേഷിച്ചു അറിയുന്നതാണ് യഥാർത്ഥ ജ്ഞാനം.
ക്ഷേത്രം:
ക്ഷേത്രമാകുന്ന ശരീരം 8 സ്വരൂപ തത്വങ്ങളും 16 സ്വഭാവ തത്വങ്ങളും 7 വികാരങ്ങളും ഉൾക്കൊണ്ടതാണ്.
അവ്യക്തം(പ്രകൃതി), ബുദ്ധി(മഹത്തത്വം), അഹങ്കാരം, പഞ്ച തന്മാത്രകൾ എന്നീ 8 എണ്ണമാണ് ക്ഷേത്രത്തിന്റെ സ്വരൂപം. ശ്രോത്രാദി പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, വാഗാദി പഞ്ച കർമ്മേന്ദ്രിങ്ങൾ, ആകാശാദി പഞ്ച ഭൂതങ്ങൾ, മനസ്സ് എന്നീ 16 ജഡ തത്വങ്ങളാണ് ക്ഷേത്രത്തിന്റെ സ്വഭാവം.
ക്ഷേത്രത്തിലുണ്ടാകുന്ന സൂക്ഷ്മ പരിണാമങ്ങളാണ് ഇച്ഛാ ദ്വേഷ സുഖ ദുഃഖ സംഘാത ശ്ചേതന ധൃതി എന്നീ ഏഴു വികാരങ്ങൾ.
14. ഗുണത്രയ വിഭാഗ യോഗം:
ശ്രീ ഭഗവാനുവാച:
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാനാം ജ്ഞാനമുത്തമം
യജ്ഞാത്വാ മുനയ: സർവ്വേ പരാം സിദ്ധി മിതോ ഗതാ:...
പ്രകൃതിയുടെ സത്ത്വ രജോ തമോ ഗുണങ്ങളുടെ വിവിധ തോതിലുള്ള കലർപ്പു കൊണ്ടാണ് പ്രപഞ്ചത്തിൽ എല്ലാ ജഡ വസ്തുക്കളും ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഇതിനു ഗുണത്രയ വിഭാഗയോഗം എന്ന് പേരിട്ടിരിക്കുന്നത്.
മനുഷ്യനിലും ഈ മൂന്ന് ഗുണങ്ങളും പ്രകടമാണ്.
15. പുരുഷോത്തമ യോഗം:
ശ്രീ ഭഗവാനുവാച:
ഊർധ്വമൂലമധ:ശാഖം അശ്വത്ഥം പ്രാഹുരവ്യയം
ചന്ദംസിയസ്യ പർണാനി യസ്‌തം വേദ സ വേദവിത്
ഗുണാതീതനായ പരമാത്മാവിന്റെ പുരുഷോത്തമ സ്വരൂപം ഭഗവാൻ നമുക്ക് കാട്ടിത്തരുന്നു അതു കൊണ്ട് ഈ അദ്ധ്യായത്തിനു പുരുഷോത്തമ യോഗം എന്ന് പേരിട്ടിരിക്കുന്നു.
ഈ പ്രപഞ്ചം മുകളിൽ വേരുകളുള്ള ഒരു അശ്വദ്ധാ വൃക്ഷം പോലെയെന്ന് കരുതപ്പെടുന്നു. അതിന്റെ ശിഖരങ്ങളും കൊമ്പുകളും ചില്ലകളും കീഴ്പ്പോട്ടും മേൽപ്പോട്ടും സർവത്ര വ്യാപിച്ചു കിടക്കുന്നു.
അതുപോലെ ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിയെ പറ്റിയോ നിലനിൽപ്പിനെ പറ്റിയോ നാശത്തെ പറ്റിയോ അറിയാൻ സാദ്ധ്യമല്ല എന്നതാണ് വാസ്തവം!പക്ഷെ, തീവ്ര വൈരാഗ്യം പരിശീലിക്കുകയാനാണെങ്കിൽ തീർച്ചയായും മനസ്സിക്കാൻ സാധിക്കുമെന്ന് ജ്ഞാനികൾ പറയുന്നു.
ക്ഷര പുരുഷനിൽ നിന്നും അക്ഷര പുരുഷനിൽ നിന്നും വ്യത്യസ്തനായി മൂന്നു ലോകങ്ങളും നിറഞ്ഞു നിൽക്കുന്നവൻ പുരുഷോത്തമൻ!ഈ ജ്ഞാനം നേടുന്നവൻ കൃത കൃത്യനായിത്തീരുന്നു.
16. ദൈവാസുര സമ്പദ്വിഭാഗ യോഗം:
ശ്രീ ഭഗവാനുവാച:
അഭയം സത്ത്വ സംശുദ്ധി: ജ്ഞാന യോഗ വ്യവസ്ഥിതി:
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായഃ സ്ഥപ ആർജവം
ദൈവീ ഗുണങ്ങളെയും ആസുരീ ഗുണങ്ങളെയും പറ്റി പ്രതിപാദിക്കുന്നതു കൊണ്ട് ഈ അദ്ധ്യായത്തിനു ദേവാസുര സമ്പദ്വിഭാഗ യോഗം എന്നു പേരിട്ടിരിക്കുന്നു.
മനോവൃത്തികളനുസരിച്ചു മനുഷ്യ വർഗ്ഗത്തെ രണ്ടായി തരം തിരിക്കാം. സത്ത്വ ഗുണ പ്രധാനങ്ങളായ ഗുണങ്ങളുള്ളവർ രജസ്സ് തമസ്സ് എന്നീ പ്രധാന വൃത്തികളുള്ളവർ എന്നു തരം തിരിച്ചിരിക്കുന്നു.
സത്ത്വ ഗുണമുള്ളവർ ഈശ്വരനിൽ വിശ്വസിക്കുന്നു.എന്നാൽ, ആസുരീ വർഗ്ഗക്കാർ ഈശ്വര ചൈതന്യത്തെ അംഗീകരിക്കുന്നില്ല.
എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നു നിർണ്ണയിക്കുന്ന ശാസ്ത്രമാണ് പ്രമാണം. ഏതൊരുത്തൻ ശാസ്ത്രത്തെ മതിക്കുന്നുവോ അവന്റെ ജീവിതം സുഖപ്രദമാകുന്നു, അവനു് മരണാനന്തര പരമഗതി ലാഭവും ഉണ്ടാകുന്നു.
17. ശ്രദ്ധാ ത്രയ വിഭാഗ യോഗം:
അർജുന ഉവാച:
യേ ശാസ്ത്രവിധിമുൽസ്യജ്യ യജന്തേ ശ്രദ്ധയാന്വിതാഃ
തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമ:
ഓരോ മനുഷ്യന്റെയും ഗുണങ്ങളുടെ ഘടനയനുസരിച്ചു
അവന്റെ കർമ്മത്തിലുള്ള ശ്രദ്ധയെ മൂന്നായി തരം തിരിക്കാം:
സാത്വികീ ശ്രദ്ധ രാജസീ ശ്രദ്ധ താമസീ ശ്രദ്ധ.
ശ്രദ്ധാ മയനായ പുരുഷൻ എന്ത് ശ്രദ്ധിക്കുന്നുവോ അതായി ഭവിക്കുന്നു. വാസ്തവത്തിൽ സാത്വീക ശ്രദ്ധയാണ് നാം നേടേണ്ടത്.
ശ്രദ്ധയുടെ വിവിധ ഘടകങ്ങളെക്കുറിച്ചും ഒരു സാധകന്റെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുന്നു എന്നും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് ഈ അദ്ധ്യായത്തിനു ശ്രദ്ധാ ത്രയ വിഭാഗ യോഗം എന്നു പേരിട്ടിരിക്കുന്നു.
18. മോക്ഷ സംന്യാസ യോഗം:
അർജുന ഉവാച:
സന്യാസസ്യ മഹാബാഹോ തത്വമിച്ഛാമി വേദിതും
ത്യാഗസ്യ ച ഹൃഷികേശ പ്യഥ ക്കേശി നിഷൂദന
മോക്ഷോപായമായ സംന്യാസവും അതിന്റെ ഫലമായ നൈഷ്കർമ്മ സിദ്ധിയെന്ന മോക്ഷവും എന്തെന്ന് പ്രതിപാദിച്ചിരിക്കുന്നതിനാൽ ഈ അദ്ധ്യായത്തിന് മോക്ഷ സംന്യാസ യോഗം എന്ന് നാമകരണം ചെയ്തിരിക്കുന്നു.
സംന്യാസം, ത്യാഗം എന്നീ രണ്ടു പദങ്ങൾക്കും ഉപേക്ഷിക്കൽ എന്ന് തന്നെ അർത്ഥം. എന്നിരുന്നാലും, നേരിയ വ്യത്യാസമുണ്ട്.
വന്നു ചേരുന്ന കർമ്മങ്ങളെ സ്വധർമ്മമെന്ന നിലയിൽ സ്വീകരിച്ചു നിഷ്കാമമനുഷ്ഠിച്ചു ഫലത്തെ ഉപേക്ഷിക്കുന്നതിനു ത്യാഗം എന്നു പറയുന്നു.
ഫലേച്ഛയോട് കൂടിയ കർമ്മങ്ങളെ പൂർണ്ണമായി ഉപേക്ഷിക്കുന്നതിനു സംന്യാസം എന്നു പറയുന്നു.
വിവിധ ത്യാഗങ്ങൾ-
ഫലേച്ഛ ത്യാഗം
കർമ്മത്യാഗം
താമസ കർമ്മ ത്യാഗം
രാജസ കർമ്മ ത്യാഗം
സാത്ത്വിക കർമ്മ ത്യാഗം
സാത്ത്വിക രാജസ താമസ ജ്ഞാനം
സാത്ത്വിക രാജസ താമസ കർമ്മ ജ്ഞാനം
സാത്ത്വിക രാജസീ താമസീ ബുദ്ധി
സാത്ത്വിക രാജസീ താമസീ ധൃതി
സാത്ത്വിക രാജസീ താമസീ സുഖം
സ്വധർമ്മാനുഷ്ഠാനാം
ബ്രഹ്മ പ്രാപ്തി
സമസ്ത കർമ്മാർപ്പണം
ഫലശ്രുതി:
അഭക്തൻമാർക്കു ഗീതാ ശാസ്ത്രം ഉപദേശിക്കരുതെന്നു ഭഗവാൻ നിർദ്ദേശിച്ചിരിക്കുന്നതായി പറയുന്നു. ഇന്ദ്രിയ നിയന്ത്രണത്തോടെ ഭക്തന്മാർ ചെയ്യുന്ന ജ്ഞാന യജ്ഞം ഭഗവാൻ തനിക്കുള്ള പൂജയായി സ്വീകരിക്കുന്നു.
വിദ്യയുടെയും അവിദ്യയുടെയും നിയന്താവാണ് യോഗേശ്വരനായ ശ്രീകൃഷ്ണൻ!
18-)0 അദ്ധ്യായം ആദ്യത്തെ 17 അദ്ധ്യായങ്ങളുടെ സാരാംശമായി കരുതാവുന്നതാണ്.
(ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ നിർദ്ദേശാനുസരണം മഹാന്മാരായ ഭാഗവത ഹംസങ്ങളാൽ വിരചിതമായ ഭഗവദ് ഗീതയുടെ വ്യാഖ്യാനങ്ങളുടെ പഠനത്തിൽനിന്നും ലഭിച്ച അറിവ് പ്രിയ വായനക്കാരുമായി സസന്തോഷം പങ്കു വയ്ക്കുന്നു.) ………………………………
(Compiled and modified by Thodupuzha K Shankar Mumbai)
********************************