
വിമർശകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടും തിയേറ്ററുകളിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാനാവാതെ പോയ ധനുഷ് ചിത്രം ‘കര’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘പോർ തൊഴിൽ’ എന്ന സൂപ്പർ ഹിറ്റിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 28 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ധനുഷിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്.
ധനുഷിനൊപ്പം സുരാജ് വെഞ്ഞാറമൂട്, കരുണാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മമിത ബൈജുവാണ് നായിക. ‘പൊല്ലാതവൻ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി.വി. പ്രകാശ് കുമാറും ധനുഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലയാളി താരം മമിത ബൈജുവിനെ ഇരുണ്ട നിറക്കാരിയാക്കി അവതരിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തമിഴ് നടിമാരെ ലഭിക്കാത്തതുകൊണ്ടാണോ മലയാളിയെ നിറം മാറ്റി അഭിനയിപ്പിച്ചത് എന്ന ചോദ്യവും ഉയർന്നിരുന്നു.