Image

'കോക്രോച്ച് ജനതാ പാർട്ടി വിഷയത്തിൽ കാര്യങ്ങളെ ഇത്ര വൈകാരികമായി കാണേണ്ടതില്ല': ഹർജിയിൽ അടിയന്തര ഇടപെടൽ തള്ളി സുപ്രീം കോടതി

Published on 25 May, 2026
'കോക്രോച്ച് ജനതാ പാർട്ടി വിഷയത്തിൽ  കാര്യങ്ങളെ ഇത്ര വൈകാരികമായി കാണേണ്ടതില്ല': ഹർജിയിൽ അടിയന്തര ഇടപെടൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉദയംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’യുമായി ബന്ധപ്പെട്ട ഹരജികളിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ അഭിഭാഷകർ ഇത്രയധികം വികാരാധീനരാകേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കോക്രോച്ച് ജനതാ പാർട്ടി അഥവാ സി ജെ പി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും കാമ്പെയ്നുകളും നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. നിലവിൽ ഇതിൽ വലിയ അടിയന്തര സാഹചര്യമില്ലെന്നും ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് നടത്തിയ മുൻപത്തെ പരാമർശങ്ങളെ വളച്ചൊടിച്ചും വികലമാക്കിയും ചില കേന്ദ്രങ്ങൾ ഇപ്പോഴും നീതിന്യായ വ്യവസ്ഥയെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഹർജിക്കാരനായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് തന്നെ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടും സോഷ്യൽ മീഡിയയിൽ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാനുള്ള പ്രചാരണങ്ങൾ തുടരുകയാണ്. കോടതി മുറികളിലെ വാദപ്രതിവാദങ്ങളും വാക്കാലുള്ള പരാമർശങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നും കോടതി നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിൽ ഭാഗികമായി മാത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ രാജ്യത്ത് 35 മുതൽ 40 ശതമാനം വരെ വ്യാജ നിയമ ബിരുദങ്ങൾ ഉണ്ടെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സന്റെ പ്രസ്താവനയെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദമെന്ന രീതിയിൽ മെയ് 16-നാണ് നിലവിൽ യുഎസിലുള്ള മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് ദിപ്കെ  ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്. ഇത് പെട്ടെന്ന് തന്നെ തരംഗമായി മാറി. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം 21 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടി ഈ പേജ് രാജ്യത്ത് വലിയ ചർച്ചയായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശത്തെത്തുടർന്നാണ് ഈ പേരിൽ ഒരു പേജ് രൂപപ്പെടാൻ ഇടയായത്. കോടതി വാദത്തിനിടെ, വ്യാജ ബിരുദങ്ങളുമായി നിയമം, മാധ്യമം, സമൂഹമാധ്യമങ്ങൾ എന്നിവടങ്ങളിൽ കടന്നുകൂടി വ്യവസ്ഥിതിയെ നശിപ്പിക്കുന്ന ചിലരെ അദ്ദേഹം പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചിരുന്നു.

വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമ-മാധ്യമ രംഗങ്ങളിലേക്ക് കടന്നുവരുന്ന പരാന്നഭോജികളെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും, സമൂഹമാധ്യമങ്ങളിൽ യുവാക്കൾ ഈ പ്രയോഗം ഏറ്റെടുത്തു. തുടർന്ന് ട്രോളുകളിലൂടെയും രാഷ്ട്രീയ പരിഹാസങ്ങളിലൂടെയും ഇതൊരു വലിയ ക്യാമ്പെയിനായി മാറുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക