
ബസ്സ് നാഗര്‍ഹോളയിൽ അല്‍പ സമയം നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു. ഗോണിക്കുപ്പയിലേക്ക് ഏകദേശം ഒന്നര മണിക്കൂര്‍ കൂടിയുണ്ട്. മാനന്തവാടിയില്‍ നിന്നും മൈസൂരിലേക്കു സന്ധ്യ കഴിഞ്ഞുള്ള ട്രിപ്പ് ഗോണിക്കുപ്പ വഴിയാണ്. ബസ്സില്‍ അധികം യാത്രക്കാരുണ്ടായിരുന്നില്ല. ഞാന്‍ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. ആകാശം വിളറിയ പ്രകാശത്താല്‍ പനിച്ചു കിടക്കുന്ന ഒരു രോഗിയുടേതിനു സമാനമായി തോന്നി. ഇനിയുമൊരുറക്കത്തിനു കൂടി സമയമുണ്ട്. ഉള്ളിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്ന തണുത്ത കാറ്റ് സുഖകരമായ ഒരാലസ്യത്തിലേക്ക് കണ്ണുകളടച്ചു കിടക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ ഷട്ടറുകള്‍ താഴ്ത്തി ബസ്സിന്റെ താളാത്മകതയിലേക്ക് പതുക്കെ ലയിച്ചു.
രണ്ടു മാസത്തിലൊരിക്കല്‍ നടത്താറുള്ള മടിക്കേരി യാത്രയിൽ ഞാൻ ആരെയും കൂട്ടിനു വിളിക്കാറില്ല. മിക്കപ്പോഴും സ്വയം ഡ്രൈവാണു പതിവ്. ഇത്തവണ കാറുമെടുത്തു നാസറും കുടുംബവും ഗൂഡലൂരിലേക്കു പോയിട്ടു ദിവസം രണ്ടായി. എനിക്കാണെങ്കില്‍ യാത്ര നീട്ടിവെക്കാനുമാവില്ലായിരുന്നു. ധാരാളം മലയാളികളുള്ള ഒരു കൊച്ചു പട്ടണമാണ് ഗോണിക്കുപ്പ. അതുവഴി മടിക്കേരിയിലേക്ക് പോകുക എളുപ്പമാണ്. ബസ്സ് കഷ്ടിച്ച് രണ്ട് മിനിറ്റ് നേരം മാത്രമേ ഗോണിക്കുപ്പയില്‍ നിര്‍ത്തുകയുള്ളൂ. ഇക്കാര്യങ്ങളൊക്കെ വ്യക്തമായി നേരത്തെ അറിയാവുന്നതു കൊണ്ട് കൃത്യമായ കണക്കു കൂട്ടലുമായാണ് ഞാന്‍ ഗോണിക്കുപ്പയിലേക്ക് ടിക്കറ്റെടുത്തത്. അല്ലെങ്കിലും ഈ റൂട്ടിലുള്ള യാത്ര എനിക്ക് പതിവുള്ളതാണല്ലോ.
ഉറക്കത്തില്‍ നിന്ന് ഞെട്ടിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന ബോധം വന്നത്. ബസ്സ് ഗോണിക്കുപ്പ പിന്നിട്ട് ഏറെ ദൂരം ഓടിക്കഴിഞ്ഞിരിക്കുന്നു. ദീര്‍ഘദൂര ബസ്സുകളിൽ സാധാരണ ഒരു യാത്രക്കാരൻ അധികമായി വന്നാൽ കണ്ടക്ടർ കണ്ടു പിടിക്കേണ്ടതാണ്. എന്റെ കാര്യത്തിൽ എന്തു സംഭവിച്ചെന്നറിയില്ല, അതുണ്ടായില്ല. കണ്ടക്ടര്‍ ഒരു പ്രത്യേക രീതിയിൽ ബെല്ലടിച്ചപ്പോള്‍ ഡ്രൈവർ വണ്ടി നിര്‍ത്തി. ഒന്നും നോക്കാതെ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് അമളി പറ്റിയെന്ന് മനസ്സിലായത്. ഹുണ്‍സൂരിനും ഗോണിക്കുപ്പയ്ക്കും ഇടക്കെവിടെയോ ഉള്ള വനപ്രദേശമായിരുന്നു അത്. ഞാന്‍ റോഡ് സൈഡിലേക്കു മാറി നിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒന്നു രണ്ടു കടകളുള്ളത് അടഞ്ഞു കിടക്കുന്നു. തൊട്ടടുത്തുള്ള കുരിശു പള്ളിയിലെ വെളിച്ചമാണ് ആകെ ആശ്വാസമായുണ്ടായിരുന്നത്. പ്രദേശത്തെങ്ങും ഒരു മനുഷ്യജീവിയുള്ള ലക്ഷണമില്ല. രണ്ടു മൂന്നു വാഹനങ്ങള്‍ക്ക് നേരെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഒരു വാഹനവും അവിടെ തനിക്കു വേണ്ടി നിര്‍ത്താൻ പോകുന്നില്ല. പെട്ടെന്ന് മൈസൂര്‍ ദേശീയ പാതയിൽ തട്ടിപ്പു സംഘങ്ങള്‍ യാത്രക്കാരെ രാത്രിയിൽ വേട്ടയാടുന്നതായുള്ള വാര്‍ത്തകൾ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

വര :പി ആര്‍ രാജന്‍
മൊബൈല്‍ സ്ക്രീനിൽ സമയം പതിനൊന്നായെന്നു കാണിച്ചു. ഞാന്‍ ഹുണ്‍സൂരിൽ നിന്നോ ഗോണിക്കുപ്പയിൽ നിന്നോ ഒരു ടാക്സി വരുത്തുന്ന കാര്യം ആലോചിച്ചു. ഏതെങ്കിലും ദിശയിലേക്കു നടക്കുന്ന കാര്യം ആലോചിച്ചു. അടുത്തുള്ള ആരുടെയെങ്കിലും വീട്ടില്‍ കയറി സഹായമഭ്യര്‍ത്ഥിക്കുന്ന കാര്യം ആലോചിച്ചു. എന്നാല്‍ അതൊന്നും പ്രായോഗികമായിരുന്നില്ല. അല്‍പ സമയത്തിനുള്ളിൽ കുരിശു പള്ളിക്കു ചുറ്റുമുണ്ടായിരുന്ന അലങ്കാര ദീപങ്ങള്‍ കൂടി അണഞ്ഞു. എങ്ങും കുറ്റാക്കുറ്റിരുട്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഓരോ വാഹനത്തിന്റെ വെളിച്ചത്തിന്റെ നേര്‍ക്കും ഞാൻ കൈകാണിച്ചു കൊണ്ടിരുന്നു. ഏതു പ്രതിസന്ധിയുടെ നടുവിലും ദൈവം നമുക്കായി ഒരു വഴി കാത്തു വെച്ചിരിക്കും എന്നു പറയുന്നതെത്ര നേരാണ്. പെട്ടെന്നാണ് എങ്ങു നിന്നെന്നറിയാതെ ഒരു ചെറുപ്പക്കാരൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
"എന്തു പറ്റി സര്‍?"
മൊബൈലിന്റെ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം ഭാഗികമായി കണ്ടു. ഉണ്ടായ കാര്യങ്ങൾ ഞാൻ ചുരുക്കത്തിൽ വിവരിച്ചു. അവന്‍ ശുദ്ധമായ മലയാളത്തിൽ എന്നോടു പറഞ്ഞു.
"ഇനി ഇവിടെ നിന്നും എന്തെങ്കിലും വാഹനത്തിനു ശ്രമിച്ചിട്ടു വലിയ ഫലമുണ്ടെന്നു തോന്നുന്നില്ല സര്‍, നാളെ കാലത്തു യാത്ര തുടരുന്നതാവും ഉചിതം. വിരോധമില്ലെങ്കില്‍ എന്റെ കുടിലിൽ ഇന്ന് അന്തിയുറങ്ങാം."
ഞാന്‍ സമ്മതമാണെന്നോ അല്ലെന്നോ പറഞ്ഞില്ല. പകരം കുറച്ചു കൂടി ശ്രമിച്ചു നോക്കാം എന്നു മാത്രം കരുതി. അതു മനസ്സിലാക്കി അവന്‍ എനിക്കു വേണ്ടി ആത്മാര്‍ത്ഥമായി തന്നെ ശ്രമിച്ചു. ഒടുവില്‍ അവൻ പറഞ്ഞതാണു ശരി എന്നെനിക്കു ബോധ്യപ്പെട്ടു. യാത്ര തുടരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു അവന്റെ കൂടെ പോകാന്‍ മനസ്സു കൊണ്ട് ഞാൻ തയ്യാറായി. ഹൈവേയിലൂടെ കിഴക്കു ദിശയിലേക്ക് അല്‍പദൂരം നടന്നതിനു ശേഷം ഒരു ചെറിയ ഊടുവഴിയിലേക്കു ഞങ്ങള്‍ പ്രവേശിച്ചു. ചുറ്റും ആകാശം മുട്ടി നില്‍ക്കുന്ന ഭീമാകാരന്‍ മരങ്ങള്‍. നഗരവാസിയായ എനിക്ക് അത്രയും കട്ടിയുള്ള ഇരുട്ട് നട്ടപ്പാതിരാക്കു പോലും അതുവരെ അനുഭവമില്ലായിരുന്നു. ഉരുളന്‍ കല്ലുകൾ നിറഞ്ഞ ആ കാട്ടുപാതയ്ക്ക് കഷ്ടിച്ച് ഒരു ജീപ്പിന് കടന്നു പോകാനുള്ള വീതി മാത്രമാണുണ്ടായിരുന്നതെന്ന് ഫോണിലെ പ്രകാശത്തിൽ എനിക്ക് ഏറെക്കുറെ മനസ്സിലായി. ആ വഴിയിലൂടെ ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു.
"വെളിച്ചമില്ലാതെ നിങ്ങളെങ്ങിനെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്?"
അവനതിനുത്തരം പറയാതെ നടത്തം നിര്‍ത്തി. ഞാന്‍ മൊബൈലിന്റെ വെട്ടം അവന്റെ മുഖത്തിനു നേര്‍ക്കു പിടിച്ചു. അത്ര നേരം കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു രൂപമാണ് അവനുള്ളതെന്ന് അപ്പോഴെനിക്ക് തോന്നി. കഷ്ടിച്ച് മുപ്പത് വയസ്സ് പ്രായം വരുന്ന അവന്റെ പേര് ബസവൻ എന്നായിരുന്നു. വായയിലെ മുറുക്കാന്‍ തുപ്പിക്കളഞ്ഞ് ചിരിച്ചപ്പോൾ മഞ്ഞച്ച അവന്റെ പല്ലുകളും കഴുത്തറ്റം നീണ്ടുകിടന്ന മുടിയും ഞാന്‍ വ്യക്തമായി കണ്ടു. അതെന്നില്‍ അകാരണമായ ഒരു ഭീതി നിറച്ചു.
"ഞങ്ങള്‍, കാട്ടുനായ്ക വിഭാഗത്തിൽ പെട്ടവര്‍ക്ക് മനോവെളിച്ചം തന്നെയാണ് സാറെ അഭയം. കാടിന്റെ ശബ്ദവും ചലനവും ഞങ്ങള്‍ക്ക് മനപ്പാഠമാണ്. പിന്നെന്തിനാ സാറെ മറ്റു വെളിച്ചം?"
അവനൊരു നിമിഷം നിര്‍ത്തിയിട്ടു പറഞ്ഞു. "സാറിനാര്‍ക്കെങ്കിലും ഫോൺ ചെയ്യണമെങ്കിൽ ഇപ്പോള്‍ ചെയ്തു കൊള്ളൂ. ഇനിയങ്ങോട്ട് റെയിഞ്ച് കിട്ടില്ല".
ഞാനവന്‍ പറഞ്ഞതനുസരിച്ചു. മാധവനാശാന്‍ മടിക്കേരിയിലെ റിസോര്‍ട്ടിൽ പുളിയോഗ്രയും ചപ്പാത്തിയുമായി കാത്തു നില്‍പുണ്ടാവും. നല്ല ചൂടുള്ള മട്ടന്‍ സ്റ്റ്യൂ കൂടിയുണ്ടാവും. മാധവനാശാന്‍ ചിലപ്പോൾ രഹസ്യമായി കാട്ടുപോത്തിന്റെ ഇറച്ചി സംഘടിപ്പിക്കും. അതിനായി ശിക്കാരികളായ ചില ശിങ്കിടികൾ അയാളുടെ പരിചിത വലയത്തിലുണ്ട്. അത്തരം വേളകളില്‍ സ്റ്റോക്കിൽ നിന്നും അയാൾ വില കൂടിയ വോഡ്ക ഒരെണ്ണം പൊട്ടിക്കും. പാം ഗ്രോവ് റിസോര്‍ട്ടിൽ നിന്ന് മഞ്ഞണിഞ്ഞ മടിക്കേരി നഗരം കാണാം. രാജാ സീറ്റും അബി ഫോള്‍സും കാണാം. കൂര്‍ഗികളായ ഗൗഡമാരുടെ വിലയേറിയ കച്ചവട ഉടമ്പടികൾ നടക്കുന്ന സ്ഥലം കൂടിയാണ് പാം ഗ്രോവ്. മാധവനാശാന്‍ ഫോണെടുക്കുന്നില്ല. ഞാന്‍ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞു. അയാള്‍ തിരിച്ചു എന്നെ വിളിച്ച് കിട്ടിയില്ലെങ്കില്‍ വീട്ടിലെ ലാന്റ് ലൈനിലേക്കായിരിക്കും അടുത്ത ശ്രമം.

വര :പി ആര്‍ രാജന്‍
ഞങ്ങള്‍ നടന്നു കൊണ്ടിരുന്ന കാനന പാതയിൽ നിന്നും ബസവൻ പെട്ടെന്ന് മരങ്ങള്‍ക്കിടയിലേക്ക് കയറി. കാട്ടു ചെടികള്‍ക്കിടയിൽ അവ്യക്തമായിക്കിടന്ന ഒറ്റയടിപ്പാതയായിരുന്നു അത്. വലിയ കല്ലുകളിലും മരങ്ങളുടെ വേരുകളിലും ചവിട്ടി അവനേതോ കുന്നിനു മുകളിലേക്കാണു കയറിപ്പോകുന്നതെന്നെനിക്കു തോന്നി. അവന്‍റെ കൂടെയെത്താൻ ഞാൻ നന്നായി ആയാസപ്പെട്ടു. ഒരു പാറയുടെ ചെരുവിലൂടെ നടക്കുന്നതിനിടയിൽ എന്റെ ജൂബയുടെ പോക്കറ്റിൽ നിന്നും വീണു പോയ മരപ്പേനയെടുത്ത് തരുന്നതിനിടയില്‍ അവനത് മൊബൈൽ സ്ക്രീനിനടുത്ത് പിടിച്ച് സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.
"സാറിനിതെവിടെന്ന് കിട്ടി? ഞങ്ങള്‍ ഭൂദാനം കോളനി നിവാസികൾ പ്രത്യേക തരം മുളന്തണ്ട് കൊണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പേന ഉണ്ടാക്കിയിരുന്നു. കാട്ടുതേന്‍ കഴിഞ്ഞാൽ ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഇതും കൊട്ട മെടയലുമാണ്. മറ്റെവിടെയെങ്കിലും ഇത്തരം പേന ഉണ്ടാക്കുന്നതായി അറിവില്ല. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പേന നിര്‍മ്മാണം നിര്‍ത്തിയിട്ട്. മുളയുടെ വംശനാശം തന്നെ കാരണം."
കൊളുത്തടര്‍ന്നുപോയ പേന അവൻ തിരിച്ചും മറിച്ചും കുറെ നേരം നോക്കിയ ശേഷം തിരികെത്തന്നു. ഞാനവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. അതിനു പകരം ദൂരെ കുന്നിനു മുകളില്‍ കാണുന്ന വെളിച്ചപ്പൊട്ടുകളെക്കുറിച്ച് ആരാഞ്ഞു. എന്നില്‍ അത് വല്ലാത്ത ആശ്വാസം പകര്‍ന്നു. ഞാന്‍ നടന്നു തളര്‍ന്നിരുന്നു. സുഗന്ധഗിരിക്കുന്നിലെ ഭൂദാനം കോളനിയായിരുന്നു അത്. പതിനാറോളം കുടുംബങ്ങള്‍ അവിടെ കഴിയുന്നുണ്ട്. പണിയ, കാട്ടുനായ്ക്ക, കുറിച്യ വിഭാഗത്തില്‍ പെട്ടവര്‍. കര്‍ണ്ണാടകത്തിന്റെയും കേരളത്തിന്റെയും തമിഴ്നാടിന്റെയും വനപ്രദേശങ്ങളുടെ സംഗമ സ്ഥാനം. ബസവന്‍ അവരുടെ ചരിത്രത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവന്റെ വിവരണം ഇടക്കൽ ഗുഹയിലെ ലിപികളുടെ അര്‍ത്ഥങ്ങളെക്കുറിച്ചും, നന്നങ്ങാടികളെക്കുറിച്ചും, പ്രിമിറ്റീവ് ട്രൈബ്സിന്റെ ആചാരങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു. അവന്റെ സംസാര ശൈലിയും അറിവും അഭിപ്രായങ്ങളും എന്നില്‍ കൂടുതൽ സന്ദേഹങ്ങളുണര്‍ത്തിക്കൊണ്ടിരുന്നു. ബസവന്‍ ആദിവാസി വേഷമിട്ട വല്ല മാവോ വാദിയുമാണോയെന്ന് എന്റെ ഉള്ളം സംശയിക്കാതിരുന്നില്ല.
"ബസവന്‍, ഇതു തന്നെയാണോ നിങ്ങളുടെ കോളനിയിലേക്കുള്ള യഥാര്‍ത്ഥ വഴി?"
അവന്‍ അതു കേട്ടു ചിരിച്ചു. എന്നിട്ട് തന്റെ വിവരണം മറ്റൊരു ദിശയിലേക്കു തിരിച്ചു വിട്ടു. അതില്‍ നിന്നും ഭൂദാനം കോളനിയെക്കുറിച്ച് കുറെയധികം കാര്യങ്ങള്‍ എനിക്കറിയാൻ കഴിഞ്ഞു. ഞങ്ങള്‍ നടന്നു കൊണ്ടിരുന്നത് യഥാര്‍ത്ഥത്തിൽ കോളനിയിലേക്കുള്ള കുറുക്കു വഴിയിലൂടെയായിരുന്നു. നേരത്തെ ഞങ്ങള്‍ നടന്ന മൂന്നടി മാത്രം വീതിയുള്ള കാട്ടുപാത നേരെ കോളനിയിലേക്കാണ് ചെന്നെത്തിയിരുന്നത്. അതാകുമ്പോള്‍ ഏറെ ദൂരം നടക്കണം. കുറെക്കൂടെ അന്തസ്സായ റോഡ് കുന്നിനു മറുഭാഗത്തു കൂടിയുണ്ടത്രെ. കോളനിയുടെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ അതു വഴിയാണു സഞ്ചരിക്കുന്നത്. റിസോര്‍ട്ടു വരുന്നതിനു മുമ്പ് അങ്ങിനെയൊരു വഴി ഉണ്ടായിരുന്നില്ല. അന്ന് കോളനിക്കാര്‍ റിസോര്‍ട്ടിനെതിരെ ഒറ്റക്കെട്ടായി അണി നിരന്നു. കളക്ടറേറ്റു പടിക്കലും ഫോറസ്റ്റ് ഓഫീസിനു മുമ്പിലും ഊരു മൂപ്പന്‍മാർ നിരാഹാരം കിടന്നു. പതിയെപ്പതിയെ സമരക്കാരെ മുതലാളിമാര്‍ വിലക്കെടുത്തു. വിലക്കെടുത്തെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തു തന്നെയായാലും നാല്‍പത്തേഴു കുടുംബങ്ങളുണ്ടായിരുന്ന ഭൂദാനം കോളനിയില്‍ ഇന്ന് പതിനാറു കുടുംബങ്ങളേയുള്ളൂ. ബാക്കിയുള്ളവരുടെ മണ്ണും കുടിലും റിസോര്‍ട്ടുകാര് കൊണ്ടുപോയി. കുടിയൊഴിഞ്ഞു പോയവര്‍ ഇന്നെവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പലരും അവരവര്‍ക്കു തോന്നിയ പോലുള്ള കഥകൾ മെനയുന്നുണ്ടെങ്കിലും ഒന്നിനും വിശ്വാസയോഗ്യമായ തെളിവുകളില്ല.
ഞങ്ങള്‍ ബസവന്റെ കുടിലിനു മുമ്പിൽ എത്തിക്കഴിഞ്ഞിരുന്നു. അവിടെ മറ്റാരെങ്കിലുമുള്ളതായി തോന്നിച്ചില്ല. ബസവന്‍ വാതിൽ സ്വയം തള്ളിത്തുറന്ന് അകത്തു കയറി. അരണ്ട വെളിച്ചം പരത്തിയിരുന്ന മണ്ണെണ്ണ വിളക്കിന്റെ തിരി അയാള്‍ അല്‍പം ഉയര്‍ത്തി വെച്ചു. അവന്‍ എവിടെ നിന്നോ എനിക്കായ് ഒരു പ്ലാസ്റ്റിക് കസേര എടുത്തു കൊണ്ടു വന്നു. വല്ലാത്തൊരാശ്വാസത്തോടെ ഞാന്‍ അതില്‍ ഇരിപ്പുറപ്പിച്ചു. കാട്ടിലൂടെയുള്ള നടത്തം എന്നെ അത്രയധികം പരവശനാക്കിയിരുന്നു. ചെളിമണ്ണ് കുഴച്ച് പിടിപ്പിച്ചിട്ടുള്ള ഭിത്തിയും ചാണകം മെഴുകിയ തറയുമായിരുന്നു പുല്ലുമേഞ്ഞ മേല്‍ക്കുരക്കു കീഴിലെ ആദിവാസികളുടെ പരമ്പരാഗത ശൈലിയിലുള്ള ആ കുടിലിന്റെ രൂപം. തറയിലും ഭിത്തിയോടു ചേര്‍ത്തുള്ള അഴയിലുമായി ചില വസ്ത്രങ്ങൾ അലങ്കോലമായി ഇട്ടിരുന്നു. മനം മടുപ്പിക്കുന്ന എന്തോ ഒരു ഗന്ധവും പുറത്തെ ഇരുട്ടില്‍ കുഴയുന്ന കാടിന്റെ അപരിചിതമായ നിരവധി ശബ്ദങ്ങളും എന്നെ വിവരണാതീതമായ ഒരു മാനസികാവസ്ഥയിലെത്തിച്ചു.
എവിടെ നിന്നോ ഒരു പാത്രത്തിലല്‍പം കഞ്ഞിയും പുഴുക്കുമായി ബസവൻ കടന്നു വന്നു. അവനത് വിളക്കിനരികില്‍ വെച്ചു. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും എനിക്കത് എന്തു കൊണ്ടോ കഴിക്കുന്നതില്‍ വിമുഖത തോന്നി. ഞാന്‍ മടിക്കേരിയിലെ മാധവനാശാന്റെ ചൂടുള്ള മട്ടൻ സ്റ്റ്യൂവും ചപ്പാത്തിയും ഓര്‍ത്തു. എന്നാല്‍ ബസവന്റെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ കഞ്ഞിയും കാച്ചില്‍ പുഴുക്കും കാട്ടു കാന്താരിച്ചമ്മന്തിയും കഴിച്ചു തുടങ്ങിയപ്പോഴാണ് അസാധാരണമായ സ്വാദുള്ളതാണെന്നറിഞ്ഞത്.
"സാര്‍ മണി പന്ത്രണ്ട് കഴിഞ്ഞു. സംസാരമൊക്കെ ഇനി കാലത്താവാം."
ബസവന്‍ എന്നെ ഒരു കൊച്ചു മുറിയിലേക്കാനയിച്ചു. അവിടെ തകരപ്പാട്ടയില്‍ മണ്ണെണ്ണ നിറച്ചു വെച്ച പ്രാകൃത രൂപത്തിലുള്ള മറ്റൊരു വിളക്ക് എരിയുന്നുണ്ടായിരുന്നു. നിന്നു തിരിയാനിടമില്ലാത്ത ആ മുറിയില്‍ എന്നെ തനിച്ചാക്കി വാതിലടക്കുന്നതിനു മുമ്പ് ബസവന്റെ അവസാന നിര്‍ദ്ദേശം വന്നു.
"രാത്രിയില്‍ എന്തു ശബ്ദം കേട്ടാലും പുറത്തിറങ്ങി നോക്കാൻ ശ്രമിക്കരുത്."
അതു പറഞ്ഞ് അവന്‍ തല വെളിയിലേക്കു വലിച്ചു. ഒട്ടും ബലമില്ലാത്ത പലക കൊണ്ടുണ്ടാക്കിയ വാതില്‍ ചാരിയിട്ടെങ്കിലും രണ്ടു വശത്തു നിന്നും അതു തുറക്കാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. കയറു കൊണ്ടു വലിച്ചു കെട്ടിയ കട്ടിലില്‍ ഞാനല്‍പ നേരമിരുന്നു. തീരെച്ചെറിയ ജനല്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ചിരുന്നു. സാധനങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ സൂക്ഷിച്ചിരുന്ന കാര്യത്തിൽ നേരത്തെ കണ്ട മുറിയില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എനിക്കൊരുക്കിയിരുന്ന കിടപ്പറയും. പെട്ടെന്നാണ് എന്നെ തീര്‍ത്തും ആല്‍ഭുതപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പെട്ടത്. മുറിയുടെ വശങ്ങളിലും കട്ടിലിനടിയിലുമായി അനേകം കാര്‍ബോര്‍ഡു പെട്ടികളില്‍ നിറയെ പുസ്തകങ്ങള്‍. ചിലത് പഴയ പത്രക്കടലാസു കൊണ്ടും തുണി കൊണ്ടും പൊതിഞ്ഞ നിലയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി അവയില്‍ പലതും ഞാൻ കേട്ടിട്ടു പോലുമില്ലാത്തവയും പഴക്കം ചെന്ന ഗ്രന്ഥങ്ങളുമായിരുന്നു. അവയിൽ ചിലത് കട്ടിലിലും തറയിലും കസേരകളിലുമായി വലിച്ചു വാരിയിട്ടു ഞാന്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഏകദേശം രണ്ടു മണിക്കൂർ നേരം കടന്നു പോയത് ഞാനറിഞ്ഞതേയില്ല.
പുറത്ത് എന്തോ ശബ്ദം കേട്ടതുപോലെ തോന്നിയതും കത്തിക്കൊണ്ടിരുന്ന പാട്ട വിളക്ക് ഞാന്‍ പെട്ടെന്ന് ഊതിക്കെടുത്തി. രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അന്ധകാരം മുറിയെയും അതിലെ സകലതിനെയും വിഴുങ്ങിക്കളഞ്ഞു. പുറത്ത് പതിഞ്ഞ ശബ്ദത്തില്‍ മനുഷ്യർ സംസാരിക്കുന്നുണ്ടോ? ഹേയ് ഇല്ല. എല്ലാം വെറും തോന്നലുകൾ മാത്രം. സമയം എന്തായിക്കാണും? ഞാന്‍ മൊബൈൽ തപ്പിയെടുത്തു. നാശം. അതിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നു സ്വിച്ച് ഓഫായിരുന്നു. ഒരു നിമിഷം. വിളക്കൂതാന്‍ തോന്നിയ നിമിഷത്തെയോര്‍ത്തു ഞാൻ പരിതപിച്ചു. ആ മുറിയിലെവിടെയെങ്കിലും തീപ്പെട്ടിയുണ്ടോ എന്നതിനെക്കുറിച്ച് എനിക്കൊരു തിട്ടവുമുണ്ടായിരുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അതെനിക്കു കണ്ടെത്താൻ കഴിയുകയുമില്ലായിരുന്നു. ഇരുട്ടില്‍ തുറിച്ചു നോക്കിക്കൊണ്ട് ഞാൻ കട്ടിലിൽ അല്‍പ നേരമിരുന്നു. പിന്നെ പതിയെ ശബ്ദമുണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ ഞാന്‍ തന്നെ ചിതറിയിട്ട പുസ്തകങ്ങള്‍ക്കിടയിൽ അല്‍പം സ്ഥലമുണ്ടാക്കി അവിടെ ചുരുണ്ടുകൂടി.
ബസവന്‍ വല്ല തീവ്രവാദി സംഘത്തിന്‍റെയും നേതാവായിരിക്കുമോ. അയാളുടെ സംസാരത്തിലും ഭാവത്തിലും ഒരിക്കലും ഒരു ആദിവാസിത്തനിമ ഉള്ളതായി തോന്നിയിരുന്നില്ല. രാത്രിയില്‍ എന്തു ശബ്ദം കേട്ടാലും പുറത്തിറങ്ങി നോക്കാൻ ശ്രമിക്കരുത് എന്ന അയാളുടെ ശാസനം എന്നെ കൂടുതൽ ഭീതിയിൽ ആഴ്ത്തി. വന്യമൃഗശല്യം കാരണമായിരിക്കാം എന്നാണ് അപ്പോള്‍ തോന്നിയിരുന്നത്. എന്നാല്‍ ഞാനെത്തിപ്പെട്ടിരിക്കുന്നത് ഭൂദാനം കോളനിയിൽ തന്നെയാണെന്നെന്താണുറപ്പ്? ചിന്തിക്കുന്തോറും എന്നിലെ ആധി പെരുകിക്കൊണ്ടിരുന്നു. ഞാന്‍ കണ്ണുകൾ ഇറുക്കിയടച്ചു ഉറക്കത്തിനായി പ്രാര്‍ത്ഥിച്ചു. മല ദൈവങ്ങള്‍ അപ്പോഴെന്റെ പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നെനിക്കുറപ്പായിരുന്നു. ഭയം എന്നത് മരണത്തിന്റെ മറുപുറമാണെന്ന് അന്നാദ്യമായി ഞാന്‍ അനുഭവിച്ചു.
നേരം പരപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. പുറത്തെ വഴിയില്‍ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ബസവന്‍ കണ്ണു തുറന്നത്. തന്റെ കുഞ്ഞു ജനാലയിലൂടെ അയാൾ പുറത്തേക്കു നോക്കി. മരങ്ങളും ഇരുട്ടും അയാളുടെ കാഴ്ചക്ക് മുമ്പില്‍ മൂടൽ മഞ്ഞിന്റെതു പോലൊരു ആവരണമിട്ടു. എങ്കിലും ദൂരെ കട്ടുപാതയിലൂടെ നീങ്ങുന്നത് മനുഷ്യ രൂപങ്ങള്‍ തന്നെയാണെന്ന് അയാള്‍ ഊഹിച്ചു. ഇറയത്തെ കഴുക്കോലിൽ തൂക്കിയിട്ടിരുന്ന പാളപ്പാത്രത്തിൽ നിന്നും ഉമിക്കരിയെടുത്തു വിരലുകൊണ്ടു പല്ലു തേക്കുന്നതിനിടയിൽ കാനന പാതലൂടെ ഒരു ജീപ്പ് കടന്നുപോയി. അതിന്റെ ഹെഡ് ലൈറ്റിലൂടെ അയാളുടെ ഊഹത്തെ ശരിവെക്കുന്ന തരത്തില്‍ ചിലരൊക്കെ തിടുക്കപ്പെട്ടു നടക്കുന്നത് ബസവൻ വ്യക്തമായി കണ്ടു.
എന്തോ സംഭവിച്ചിട്ടുണ്ട്. എന്താവാമത്. എവിടേക്കാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് കോളനിക്കാര്‍ വെച്ചു പിടിക്കുന്നത്. അയാള്‍ കുപ്പായമെടുത്ത് തോളിലിട്ടു പുറത്തേക്കിറങ്ങി. പുറത്തെ കാട്ടരുവിയുടെ വശത്തൂടെ കല്ലുകളില്‍ ചവിട്ടിച്ചാടി ബസവന്‍ റോഡിലേക്കു പ്രവേശിച്ചു. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിന് മിനക്കെടാതെ മറ്റുള്ളവര്‍ക്കൊപ്പം അയാളും വേഗത്തിൽ നടന്നു. ആ നടത്തം അവസാനിച്ചത് റിസോട്ടിന്റെ ഗെയിറ്റിലായിരുന്നു. ഒന്ന് രണ്ട് പോലീസ് ജീപ്പുകള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. തന്റെ മുന്നിൽ നടന്നു വന്നവര്‍ മുറ്റത്തും ഉമ്മറത്തുമായി പലയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. മുന്‍ വശത്തെ വാതില്‍ അടച്ചിട്ടിരിക്കുന്നു. ഇടക്ക് പോലീസുകാര്‍ മാത്രം വാതിൽ തുറന്നു പുറത്തേക്കു വരികയും അകത്തേക്കു കയറിപ്പോവുകയും ചെയ്യുന്നുണ്ട്. ബസവന്‍ ആരും കാണാതെ തെക്കുഭാഗത്തെ മുറ്റത്തെ ഇരുണ്ട മൂലയിലേക്കു നടന്നു. പിന്നെ ചുവരിനോടു ചേര്‍ന്ന പൈപ്പിൽ ചവിട്ടിക്കയറി പാതി തുറന്നിട്ട ജനല്‍പ്പാളിയിലൂടെ അകത്തേക്കു നോക്കി. അകത്തെ തറയില്‍ കമിഴ്ന്നു കിടക്കുന്ന ആളാരാണെന്നു വ്യക്തമല്ലായിരുന്നു. ശരീരത്തില്‍ അടിവസ്ത്രങ്ങളല്ലാതെ മറ്റൊന്നുമില്ല. തളം കെട്ടിക്കിടക്കുന്ന രക്തത്തിനു ചുറ്റും നില്‍ക്കുന്ന പോലീസുകാര്‍. അവര്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കുന്ന തിരക്കിലായിരുന്നു. പോലീസുകാരിലൊരാളുടെ ശ്രദ്ധ തന്നിലേക്കു നീളുന്നത് കണ്ട് ബസവന്‍ താഴേക്കിറങ്ങി. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടിനിന്നവരെ പുറത്താക്കി ഗേറ്റ് അടക്കാനുള്ള ശ്രമങ്ങള്‍ അവർ തുടങ്ങിക്കഴിഞ്ഞിരുന്നു.
കരിങ്കല്ലുകള്‍ പാകി അവയ്ക്കിടയിൽ പുല്ലുകൾ വളര്‍ത്തിയ മനോഹരമായ മുറ്റം ദീപപ്രഭയാല്‍ തിളങ്ങി നിന്നു. തിടുക്കത്തില്‍ പുറത്തേക്കു നീങ്ങിയ ബസവൻ തന്റെ കാലിൽ തട്ടിയ വസ്തു കുനിഞ്ഞെടുത്തു. അതൊരു പേനയായിരുന്നു. കൊളുത്തടര്‍ന്നു പോയ അപൂര്‍വമായ ഒരു മരപ്പേന. അതിലേക്കു തന്നെ നോക്കി നില്‍ക്കെ പലതരം വികാരങ്ങൾ ഒന്നിച്ച് അയാളുടെ തലച്ചോറിലൂടെ മിന്നിമാഞ്ഞു. ചുറ്റുമുള്ള കാഴ്ചകളെ വെളിപ്പെടുത്തുമാറ് നേരം പുലര്‍ന്നു കഴിഞ്ഞിരുന്നു. പൊടുന്നനെ ബസവന്‍ വഴിയിലെ തടസ്സങ്ങൾ ചാടിക്കടന്ന് തന്റെ കുടിലിലേക്ക് ഓടിയെത്തി. കിതപ്പോടെ തലേന്നത്തെ അതിഥിക്കായ് നല്‍കിയ കിടപ്പറ വാതിൽ തള്ളിത്തുറന്നു. അയാളിലെ സന്ദേഹങ്ങളുടെ ആകാശം അതിരുകളില്ലാതെ വിശാലമാക്കിക്കൊണ്ട് അത് ശൂന്യമായിക്കിടന്നു.