
നന്ദിനി മേനോന് ഓരോ യാത്രയും അന്വേഷണത്തിന്റെ സാഹസികതയാണ്.അപരിചിതമായ ജനപദങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്നു. വിഭിന്ന ജീവിത സംസ്ക്കാരത്തിന്റെ രുചി ഭേദങ്ങൾ കണ്ടെത്തുന്നു.പ്രകൃതി ലാവണ്യത്തിനപുറത്ത്, മനുഷ്യ ജീവിതവുമായി ലയിക്കുന്ന അസാധാരണ സന്ദർഭങ്ങൾ ആവിഷ്ക്കരിക്കുന്നു. യാത്രയിലെ ക്ലേശങ്ങളും അനുഭവത്തിന്റെ തീഷ്ണ തകളും കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിത വിതാനങ്ങളും മനോഹരമായി പകർത്തി വെക്കുന്നുണ്ട്.പച്ച മണമുളള വഴികൾ, ആംചൊബസ്തർ, ഭൂട്ടാൻ വിശുദ്ധ ഭ്രാന്തന്റെ വഴിത്താരകൾ എന്നീ സഞ്ചാര കൃതികൾ മലയാള വായനയിലെ സവിശേഷ അനുഭവങ്ങളാണ്. മികച്ച യാത്രാ രചനയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.നന്ദിനി മേനോനുമായുളള സംഭാഷണത്തിൽ നിന്ന്.
ചോദ്യം:നിരന്തരമായ യാത്രകളിൽ നിന്ന് ലഭിക്കുന്ന സാഫല്യം എന്താണ് ?
ഉത്തരം : യാത്ര എൻ്റെ ഹോബിയല്ല, അത് ഒഴിവുകാലത്ത് ചെയ്യുന്ന വിനോദമല്ല. അതെനിക്ക് പരിശ്രമമോ വിശ്രമമോ അല്ല. യാത്ര എൻ്റെ സ്വാഭാവമാണ്.
എൻ്റെ വഴികളിൽ കാഴ്ച്ചകൾ കുറവാണ്, പലപ്പോഴും ഇല്ല എന്നു തന്നെ പറയാം. അനുഭവങ്ങൾ മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം യാത്ര. ഒരു മനുഷ്യനെപ്പോലും കാണാതെ , ഒരക്ഷരം മിണ്ടാതെ , ഒരു ചിത്രം പോലെ എടുക്കാതെ ,മണിക്കൂറുകളോളം ഞാൻ നടന്നിട്ടുണ്ട്.അതിനിടയിൽ തീർത്തും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന അപരിചിതർ , അവരുമായി പങ്കിടുന്ന നിമിഷങ്ങൾ , അതിലൂടെ വഴി തിരിഞ്ഞു പോകുന്ന പാതകൾ , ഞാനെത്തുന്ന അവരുടെ ലോകങ്ങൾ , അവിടെ കാത്തിരിക്കുന്ന അത്ഭുതങ്ങൾ തിരിച്ചറിവുകൾ പൊളിച്ചെഴുത്തുകൾ , അവിടെ നിന്നു തുടങ്ങുന്ന പുത്തൻ അന്വേഷണങ്ങൾ.... ഇതാണെൻ്റെ യാത്രയുടെ വഴികൾ.

യാത്ര യാത്രികയെ നിരന്തരം പുതുക്കുകയും തിരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. സഞ്ചാരി എന്നും സമകാലികയായിരിക്കുന്നു. അവളെ കടുംപിടുത്തങ്ങളോ മുൻവിധികളോ ബാധിക്കുന്നില്ല. അവളൊരു തരത്തിലുമുള്ള ന്യായീകരണത്തിനോ തീർപ്പുകല്പിക്കലിനോ തയ്യാറാവുന്നില്ല. സഞ്ചാരത്തിൽ ഭൂതവും ഭാവിയുമില്ല , വർത്തമാനം മാത്രമാണ്.
എന്നും എന്തും സ്വീകരിക്കുവാൻ തക്കവണ്ണം അത്യന്തം ഉർവരമായി മനസും ചിന്തയും നിലനിർത്തുവാൻ കഴിയുന്നു എന്നതാണ് യാത്രിക എന്ന നിലയിൽ എൻ്റെ സാഫല്യം.
യാത്ര ഒരു അഭിനിവേശമായി മാറിയത് എപ്പോൾ ?
ഉത്തരം : അച്ഛൻ യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. പാലക്കാട്ടെ ഒരു കർഷകൻ്റെ ചെറിയ ജീവിതത്തിൽ നിന്നും ഏറെ ഉയരെ ചിന്തിച്ചിരുന്ന മനുഷ്യനും വിദ്യാസമ്പന്നനുമായിരുന്നു. ലോകം വീടിനു പുറത്താണെന്നും , ലോകത്തേക്കുള്ള വഴികളെല്ലാം വീട്ടിൽ നി
പുറത്തേക്കാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു. കുടുംബമൊന്നിച്ച് അദ്ദേഹം നടത്തിയ യാത്രകളാണ് ആദ്യാനുഭവങ്ങൾ.പക്ഷെ അതെല്ലാം കാഴ്ച്ചകളിലേക്കുള്ള യാത്രകളായിരുന്നു. പലരും പറഞ്ഞു പറഞ്ഞ് വലുതായ കാഴ്ച്ചകൾ മക്കൾക്ക് കാണിച്ചു കൊടുക്കുക എന്ന ഒരച്ഛൻ്റെ ആഗ്രഹം. ഞാനാഗ്രഹിക്കുന്ന യാത്രകൾ അതല്ലെന്നും , എനിക്കു നടക്കേണ്ട വഴികൾ ഇതല്ലെന്നും തിരിച്ചറിയാൻ തുടങ്ങിയത് പിന്നീടേറെ കഴിഞ്ഞാണ്.അതിന് വിവാഹവും പ്രവാസവും പലതരത്തിൽ കാരണമായി. സാമ്പത്തിക സ്വാതന്ത്ര്യം , വ്യക്തി സ്വാതന്ത്ര്യം , ഭാഷാപ്രാവീണ്യം , അഭിരുചികൾ പങ്കിടുന്ന പങ്കാളി , അതിരുകളില്ലാത്ത വിശാലലോകം , ഇവയെല്ലാം തരുന്ന ആത്മവിശ്വാസം, എല്ലാം കാരണങ്ങൾ തന്നെയാണ്.

പൊതുവെ അപരിചിത പ്രദേശങ്ങളിലൂടെ അപരിചിത മനുഷ്യർക്കൊപ്പം നടക്കുവാൻ ഇഷ്ടപ്പെടുന്ന എനിക്ക് , പരിചിത പരിചയ വൃത്തങ്ങളിൽ നിന്നും വേറിട്ട പ്രവാസ ജീവിതം ഏറെ വഴികൾ തുറന്നു തന്നു എന്നു തന്നെ പറയാം.
നിരവധി പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു. ഓരോ യാത്രയിലും അന്വേഷിക്കുന്നത് എന്താണ് ?
ഉത്തരം : ഞാനാദ്യം തന്നെ പറഞ്ഞു , അപ്രതീക്ഷിത കണ്ടുമുട്ടലുകളും വഴിത്തിരിവുകളും അനുഭവങ്ങളും ആണ് എൻ്റെ യാത്രകൾ എന്ന്. ഇവിടെ കാലേക്കൂട്ടി നിശ്ചയിക്കുവാൻ ഒന്നുമില്ല. വീട്ടുമുറ്റത്തിരുന്ന് ഉലയൂതുന്ന ശില്പിക്ക് കൂട്ടിരുന്നപ്പോഴാണ് , ലോക പ്രശസ്ത റോമിയോ ജൂലിയറ്റ് ലൈല മജ്നു പ്രണയങ്ങളേക്കാൾ തീവ്രമായ ജിട്കു മിട്കി പ്രണയകഥ കേട്ടു കരഞ്ഞത്. ദസറ തെരുവിൽ അലയുന്ന വൃദ്ധനായ ഠാക്കുറിൻ്റെ വിചാരണകൾക്കും അധികാരപ്രകടനങ്ങൾക്കും വിധേയയായി ഒപ്പം നടന്നപ്പോഴാണ് , വലിയൊരു രാജകീയ രഹസ്യം കേട്ടു ഞെട്ടിയത്. ബസ്തറിലെ അതിനിബിഡ വനത്തിനകത്തുള്ള കാട്ടു ഗ്രാമങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു നടന്നിട്ടാണ് അവരെന്നെ ദീദീ എന്ന് സ്വീകരിക്കാൻ തുടങ്ങിയത്.

എന്തെങ്കിലും പ്രത്യേകിച്ച് ഒന്നിനെ അന്വേഷിച്ചു നടന്നിരുന്നെങ്കിൽ , ഞാനൊരിക്കലും കൈലാസ് നാഗിൻ്റെ മന്ത്രവാദപ്പുരയിലേക്കോ , അജ്ഞാതമായ എന്തോ ഒന്നിനോട് മണിക്കൂറുകളോളം തർക്കിച്ചു കൊണ്ടേയിരുന്നിരുന്ന ബേർട്ടിയിലെ വയോവൃദ്ധയിലേക്കോ , ജംബുദ്വീപിലേക്ക് കളിത്തോണിയൊഴുക്കിവിടാൻ ബ്രഹ്മപുത്രയുടെ കരയിലെത്തിയ മദം കൊണ്ട പുരുഷൻമാരുടെ അരികിലേക്കോ , കൈത്തണ്ടയിൽ വിരൽ കൊണ്ടമർത്തി മുഖത്തേക്ക് പൂനിലാവു പരത്തി ഉരുകുന്ന വെണ്ണ പോലെ അറിയാത്ത ഭാഷയിൽ എന്നോടു മിണ്ടിക്കൊണ്ടിരുന്ന വൃദ്ധസന്യാസിയിലേക്കോ എത്തുമായിരുന്നില്ല.
എനിക്കായി അന്നക്കുമ്പിളുകൾ നിറച്ചവരും , മദ്യഭരണികൾ തുറന്നവരും , പുത്തൻ ചാക്ക് വിരിച്ചവരും , കണ്ണീരോടെ ചേർത്തു പിടിച്ചവരും , പ്രാർത്ഥിച്ചവരും , അനുഗ്രഹിച്ചവരും, പാടിയവരും ആടിയവരും ആരും , എന്നെ കാത്തു നിന്നവരല്ല , ഞാൻ തേടി പോയവരല്ല.
'അകലങ്ങൾ അപരിചിതങ്ങൾ അപ്രതീക്ഷിതങ്ങൾ ,' എന്നാണ് ഞാനെൻ്റെ നടത്തങ്ങൾക്ക് കൊടുത്തേക്കാവുന്ന പേര്.
താങ്കൾ പലപ്പോഴും യാത്ര നടത്തുന്നത് പലതരത്തിലുള്ള അപകടങ്ങൾ പതിയിരിക്കുന്ന മേഖലകളിലൂടെയാണ്. ആ സങ്കീർണ സന്ദർഭങ്ങൾ നേരിടുന്നത് എങ്ങനെയാണ് ?
ഉത്തരം :അപകടങ്ങൾ ഉള്ള പ്രദേശങ്ങൾ , ഇല്ലാത്ത ദേശങ്ങൾ എന്ന വേർതിരിവിന് വലിയ അർത്ഥമൊന്നുമില്ല. ചില സ്ഥലങ്ങളിലെ പ്രത്യേക രാഷ്ട്രീയ സാമൂഹിക കാലാവസ്ഥ , അവിടം കലാപഭൂമിയാണെന്ന് അടയാളപ്പെടുവാൻ കാരണമായിട്ടുണ്ട്. ബസ്തർ അത്തരം ഒരിടമാണ്.ചില പ്രദേശങ്ങളിലെ ഇനിയും ലോകത്തിന് പങ്കുവെക്കപ്പെട്ടിട്ടില്ലാത്ത ജീവിത ശൈലികൾ , നിഗൂഢവും അരക്ഷിതവുമായി തോന്നാറുണ്ട് . കിഴക്കൻ ഭൂട്ടാൻ അത്തരമൊരു ഇടമാണ്.വിശാഖപട്ടണത്ത് ജീവിക്കുമ്പോൾ ബസ്തർ കൊതിപ്പിക്കുന്ന പ്രദേശമല്ല . അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് അറിവുണ്ട്. ജോലി സംബന്ധമായി നിരന്തരം ബസ്തർ സന്ദർശിക്കുന്ന പങ്കാളിക്കൊപ്പം അവിടെയെത്തുമ്പോൾ എനിക്കതൊന്നും അവിചാരിതമായിരുന്നില്ല.

എന്തെങ്കിലും അന്വേഷിക്കാനോ പഠിക്കാനോ ഗവേഷണം ചെയ്യാനോ ഞാൻ മുതിർന്നതേയില്ല. മുൻവിധിയും പക്ഷപാതവും ഇല്ലേയില്ല. ഞാൻ അവിടത്തെ മനുഷ്യരുടെ സൗഹൃദം ഒത്തുനടത്തം മിണ്ടിപ്പറയൽ മാത്രം ആഗ്രഹിച്ചു , അതിനായി ഗ്രാമങ്ങളുടെ, വീടുകളുടെ വാതിൽക്കൽ കാത്തു നിന്നു. ഒന്നര വർഷം കാത്തു നില്ക്കേണ്ടി വന്നു വാതിൽ തുറന്നു കിട്ടാൻ . ആ കാലത്തിനിടക്ക് നായാട്ടിനു പോകുന്നവർ , കർഷകർ , ആദിവാസി പ്രവർത്തകർ , രാഷ്ട്രീയ പ്രവർത്തകർ , പ്രതിരോധസേനയിലെ ഉദ്യോഗസ്ഥർ , സ്ത്രീകൾ , വിദ്യാർത്ഥികൾ , ശില്പികൾ തുടങ്ങി പലരുമായും പരിചയത്തിലായി. അവരെന്നെ സ്വീകരിച്ചു.
ബസ്തറിൻ്റെ നിഗൂഢവും വന്യവും ഇരുണ്ടതുമായ ഉള്ളറകളിലേക്ക് നാലര വർഷക്കാലം അവർക്കൊപ്പം നടന്നു. അവരുടെ വിശ്വാസം ഞാനൊരിക്കലും മുതലെടുത്തില്ല . അതിനാൽത്തന്നെ ഏതു പരിതസ്ഥിതിയിലും എൻ്റെ പ്രിയപ്പെട്ടവരായി അവർ ഒപ്പം നിന്നു.
ഇനിയൊന്നിനോട് കലർന്ന് വേറൊന്നാവാതെ , കെട്ടിക്കിടക്കുന്നതരം ചില ജീവിതവ്യാപാരങ്ങൾ അതിവിദൂര ദുർഗമ കിഴക്കൻ ഭൂട്ടാനിലുണ്ട്. വളരെ നീണ്ട യാത്രയായിരുന്നു അത്. അവരുടെ സാമൂഹിക ജീവിതത്തെ പരിപൂർണമായും ഉൾക്കൊണ്ടു കൊണ്ട് , അനാവശ്യ താരതമ്യങ്ങളോ അപഹാസ്യമോ ഒഴിവാക്കി ഒപ്പം നടക്കുക മാത്രമാണ് ഞാൻ ചെയ്തത്. കൂട്ടത്തിലൊരാളായി മാറാൻ പെട്ടെന്നു കഴിയാറുണ്ട്.
എന്നിട്ടും , തീർത്തും അപ്രതീക്ഷിതമായി നമ്മളകപ്പെട്ടു പോകുന്ന ഗുരുതര സാഹചര്യങ്ങളിൽ , സമചിത്തത കൈവിടാതെ , ചോദ്യം ചെയ്യാതെ , എത്രയും പെട്ടെന്ന് നിഷ്ക്രമിക്കുക എന്നതു മാത്രമാണ് വഴി. ബസ്തറിൽ പ്രാദേശികരായ സുഹൃത്തുക്കളുടെ മുന്നറിയിപ്പുകൾ ഞാനൊരിക്കലും അവഗണിച്ചിട്ടില്ല. ഞാനവർക്കു മുന്നിൽ കാരുണ്യത്തിൻ്റെ സൈദ്ധാന്തികത്തിൻ്റെ സാമൂഹ്യനായകത്വത്തിൻ്റെ ആൾരൂപമായി അഭിനയിച്ചിട്ടില്ല.

പിന്നെ സ്ത്രീയെന്ന നിലയിലുള്ള അപകടങ്ങളെക്കുറിച്ചാണെങ്കിൽ , സമൂഹത്തിനകത്ത് , വിദ്യാലയങ്ങൾക്കകത്ത് , ജോലിയിടങ്ങളിൽ , പൊതു വഴിയിലും ഗതാഗതങ്ങളിലും , എന്തിന് സ്വന്തം വീടകങ്ങളിൽ പോലും , ഒരുവൾ നിത്യേന നേരിടുന്ന അരക്ഷിതാവസ്ഥയിൽ കവിഞ്ഞൊരു അപകടവും ഞാൻ യാത്രാവഴികളിൽ കണ്ടില്ല. രക്തബന്ധങ്ങളിൽ സൗഹൃദങ്ങളിൽ പ്രണയങ്ങളിൽ വിശ്വാസങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ മാത്രമെ അപരിചിതരിലും കണ്ടുള്ളു. അനുനിമിഷം അതിനെയൊക്കെ പ്രതിരോധിച്ച് മുന്നേറുന്ന പെൺചേതന തന്നെ ധാരാളം മതി യാത്രയുടെ വിശാല ലോകത്തും.
യാത്രക്കു വേണ്ടിയുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് ?
ഉത്തരം : പ്രദേശങ്ങളെക്കാൾ , അവിടെ ഞാനിറങ്ങി നടക്കുന്ന വഴികളാണ് എനിക്ക് പ്രധാനം. പൊതുവെ നടന്നു തേഞ്ഞ വഴികൾ , പറഞ്ഞ് വലുതാക്കിയ കാഴ്ച്ചകൾ , നിർമ്മിക്കപ്പെട്ട ചരിത്രങ്ങൾ , പർവ്വതീകരിക്കപ്പെട്ട സൗകുമാര്യങ്ങൾ , എന്നെ ആകർഷിക്കാറേയില്ല. ലോകം മുഴുവൻ പുകഴ്ത്തിപ്പാടുന്ന ദൃശ്യചാരുതകളിൽ അഭിരമിക്കാറില്ല. എവിടേയും, തെളിയാത്ത ഒരു പാത , കാണാത്ത ഒരു കാഴ്ച്ച , ആരും പറഞ്ഞിട്ടില്ലാത്ത ഒരു കഥ ഉണ്ട് എന്നതാണ് നടക്കാൻ പ്രേരിപ്പിക്കുന്നത്
ഒറ്റക്കാഴ്ച്ചയിലൊന്നുമൊതുങ്ങാത്ത കൂറ്റൻ നിർമ്മിതികളുടെ വടക്കുപുറത്ത് , ഒറ്റ നിമിഷം കണ്ണിൽ തങ്ങുന്ന ചില ജീവിത മുഹൂർത്തങ്ങളുണ്ട്. വാരണാസിയിലെ ചുടല ജീവനക്കാരനുമൊത്ത് , നൂറ്റാണ്ടുകൾ മണക്കുന്ന ഇരുണ്ട ഗലികളിലൂടെ, ഗുസ്തിക്കളരികളുടെ മണൽമുറ്റങ്ങളിലൂടെ , മരണത്തേക്കാൾ തണുത്തുറഞ്ഞ അനാഥ വാർദ്ധക്യങ്ങളുടെ ഇരുട്ടറകളിലൂടെ , ആരോ മറന്നു വെച്ചു പോയ കാലത്തിൻ്റെ തുരുമ്പിച്ച പഴുതുകളിലൂടെ അലഞ്ഞുനടന്ന് , അതിമനോഹരമായ സിംഫണി പോലെ അരങ്ങേറുന്ന ഗംഗ ആരതി കാണാൻ മറന്നിട്ടുണ്ട്.
അതിപ്രതാപവാനായ ചക്രവർത്തിയുടെ അമൂല്യ പ്രണയം വിറ്റു കാശാക്കി അന്നന്നത്തെ അന്നത്തിനു വക തേടുന്നവരുടെ തെരുവിലൂടെ താജ്മഹലിനു ചുറ്റും നടന്നിട്ടുണ്ട്.
ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് , കുല്ലു താഴ്‌വരയിലൊരു കാട്ടു ഗ്രാമത്തിൽ ഒറ്റമുറി മരവീട് എടുത്ത് ഒരു മാസം താമസിച്ചതിനെക്കുറിച്ചാണ്. അവിടെയുള്ള ഹരിറാംജിയുടെ കടയിൽ എടുത്തുകൊടുപ്പുകാരിയായിരുന്നു ഞാൻ. മറയൂരിൽ ശെൽവൻ്റെ ചായക്കടയിൽ വന്നിറങ്ങുന്ന യാത്രാഗ്രൂപ്പുകൾക്ക് ചൂടുള്ള ഊത്തപ്പം ചുട്ടുകൊടുത്തു കൊണ്ടും , അരക്കു താഴ്‌വരയിലെ ബാംബു ചിക്കനുണ്ടാക്കുന്ന മൺകുടിലിലേക്ക് സഞ്ചാരികളെ വിളിച്ചു കയറ്റിക്കൊണ്ടും ഞാൻ യാത്രകൾ ആഘോഷിക്കാറുണ്ട്.

സത്യത്തിൽ വഴികളാണ് എന്നെ വിളിക്കുന്നത്. വഴികൾക്കു ചുറ്റും പ്രദേശങ്ങളുമുണ്ടാവാറുണ്ട് എന്നു മാത്രം....
സഞ്ചാരത്തിൽ നിന്നും സഞ്ചാര രചനയിലേക്ക് എത്തുന്നത് എപ്പോഴാണ് ?
ഉത്തരം : വളരെ കുറച്ചു മാത്രമെ എഴുതിയിട്ടുള്ളു. ഞാൻ തീർച്ചയായും പറയേണ്ടത് , ഞാൻ മാത്രം പറയേണ്ടത് , എനിക്കു മാത്രം പങ്കുവെക്കുവാൻ കഴിയുന്നത് , അങ്ങനെ തോന്നിയതു മാത്രം. ഏറിയ പങ്കും തീർത്തും വ്യക്തിപരമായ അനുഭൂതികളും ആഘാതങ്ങളും അർമാദങ്ങളും അനുഭവങ്ങളുമാണ് . ഇത് വേറൊരാൾക്ക് ഇഷ്ടപ്പെടുമോ , എൻ്റത്രയും തീവ്രമായി അവരത് ഉൾക്കൊള്ളുമോ എന്നൊക്കെയുള്ള സംശയങ്ങളുണ്ടായിരുന്നു.
പിന്നീട് എൻ്റെ തന്നെ ഓർമ്മക്കായി എന്ന നിലയിൽ ഞാനെഴുതിത്തുടങ്ങി. അതേറെ വായനക്കാർ കൗതുകപൂർവ്വം വായിച്ചു തുടങ്ങി. സമാനരുചിയുള്ളവരുമായുള്ള പങ്കുവെക്കലുകൾ പ്രോത്സാഹനമായി. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ കൗതുകം , ഏറെ പേർക്കുണ്ടെന്നു മനസിലായി. ചലിക്കുന്ന ചിത്രങ്ങൾ പോലെ എനിക്കെഴുതാനാവുമെന്നൊരു ധൈര്യം കൈവന്നപ്പോൾ , ഞാനെൻ്റെ നടത്തങ്ങളിൽ അക്ഷരങ്ങളെയും ഒപ്പം കൂട്ടി.
യാത്ര എഴുത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് ?
ഉത്തരം : സത്യസന്ധത പാലിക്കുക എന്നതാണ്. എഴുത്തിൽ മാത്രമല്ല , നമ്മുടെ കാഴ്ച്ചപ്പാട് ,നിലപാട്, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ ജീവിതവ്യവഹാരങ്ങളിൽ കഴിയുന്നത്ര വെള്ളം ചേർക്കാതിരിക്കുക എന്നത് സഞ്ചാരിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം , യാത്ര എഴുത്ത് ഫിക്ഷൻ അല്ല , അത് വർത്തമാന കാലത്തിൻ്റെ അടയാളപ്പെടലാണ്.

നാലു പേർ ഒന്നിച്ചു ഒരിടത്തിലൂടെ സഞ്ചരിക്കുമ്പോൾ നാലുതരം കാഴ്ച്ചകളും അനുഭവങ്ങളുമാണ്. അത് ആ വ്യക്തിയുടെ സാമൂഹിക സാംസ്കാരിക സമീപനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിൽ അസ്വാഭാവികത , തെറ്റിദ്ധാരണ , അമാനുഷികത , വ്യാജ രാഷ്ട്രീയ ശരികൾ കുത്തിച്ചേർത്തുന്നത് , ആ പ്രദേശത്തോടും ജനതയോടും സംസ്കാരത്തോടും ചെയ്യുന്ന അനീതിയായി തോന്നാറുണ്ട്. നമ്മുടെ ശരി തെറ്റുകൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവരല്ല അകലങ്ങളിലെ മനുഷ്യർ. നമ്മുടെ നിഗമനങ്ങളിൽ ഒതുക്കേണ്ടതല്ല അവരുടെ ജീവിതം. എഴുത്താളിൻ്റെ പരിമിതികൾ ഒരു ജനത എന്തിനു സഹിക്കണം?!
യാത്രാവിവരണമടക്കമുള്ള രചനകളാൽ , എഴുത്തടക്കമുള്ള മാദ്ധ്യമങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും , പൊലിപ്പിക്കപ്പെടുകയും ചെയ്ത ഇടങ്ങളുണ്ട്. ബസ്തർ ആദ്യ ഗണത്തിലും , ഭൂട്ടാൻ രണ്ടാം ഗണത്തിലും വരുന്നുണ്ടെന്ന് ഞാൻ പറയും. അപകട മേഖല എന്ന ടാഗും , സന്തോഷ സാമ്രാജ്യം എന്ന കവാടകമാനവും ബോധപൂർവ്വം വളർത്തിക്കൊണ്ടു വന്നതാണ്. സഞ്ചാരി എഴുതുമ്പോൾ ഇത്തരം കൈചൂണ്ടികൾ ഒഴിവാക്കണം. അല്ലെങ്കിൽ , പുതുതായി ഒന്നും പങ്കിടാനില്ലാത്ത , ചരിത്ര ഭൂമിശാസ്ത്ര പാഠപുസ്തകങ്ങൾ പോലെയാവും എഴുത്തുകൾ.
സഞ്ചാരി ഗവേഷണമോ പഠനമോ ഒന്നും നടത്താൻ പ്രാപ്തയല്ല. അവൾക്കതിനുള്ള സമയമോ സാവകാശമാ ഒന്നും ആഴ്ച്ചകളും മാസങ്ങളും നീളുന്ന യാത്രയിൽ ലഭിക്കുന്നില്ല. അപരിചിത പ്രദേശങ്ങളിലൂടെയും മനുഷ്യരിലൂടെയും കടന്നു പോവുക മാത്രമാണ് അവൾ ചെയ്യുന്നത്. ആ സമയത്തെ കാലാവസ്ഥയിൽ നിന്നു തുടങ്ങി മനുഷ്യരുടെ മൂഡ് വരെ അനുഭവങ്ങളെ ബാധിക്കുന്നുണ്ട്. യാത്രാവഴികളിൽ ഒന്നും സ്ഥായിയല്ല , ആപേക്ഷികമാണ് എന്ന തിരിച്ചറിവ് എഴുത്തിലും ജീവിതത്തിലും കൈക്കൊള്ളുക എന്നത് വെല്ലുവിളി തന്നെയാണ്.
നിങ്ങൾക്ക് നിർമ്മിക്കണമെങ്കിൽ ഫിക്ഷൻ എഴുതുക , യാത്രാനുഭവങ്ങളിൽ സ്വയ നിർമ്മിതികൾ ഒഴിവാക്കുക.

യാത്രയിൽ നിരവധി കാഴ്ചകൾ കാണുന്നു. യാത്ര എഴുതുമ്പോൾ അതിൻ്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് ?
ഉത്തരം : നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു , ഒരക്ഷരം എഴുതാതെ ഞാനെത്രയോ യാത്രകൾ ചെയ്തിട്ടുണ്ട് എന്ന്. വളരെ കുറച്ചു മാത്രമെ എഴുതിയിട്ടുമുള്ളു.കാഴ്ച്ചകൾ അനുഭവങ്ങൾ അനുഭൂതികൾ, അതിലൂടെ ഊറി വരുന്ന ഓർമ്മകൾ, അതിനോട് ചേർന്നു നില്ക്കുന്ന മനുഷ്യർ ,കേട്ടു രസിച്ചിരുന്ന കവിതകൾ സിനിമാഗാനങ്ങൾ കഥകൾ ഒക്കെ എൻ്റെ യാത്ര എഴുത്തിൽ വരാറുണ്ട്.വായനക്കാർക്ക് രസിക്കുമോ , അവരെ ആകർഷിക്കുമോ അത്ഭുതപ്പെടുത്തുമോ എന്നതിലൊക്കെ ഉപരി , ആ നിമിഷം എന്നിലുണ്ടാക്കിയത് ഉണർത്തിയത് എന്ത് എന്നെഴുതാനാണിഷ്ടം.
തിളക്കുന്ന വെയിലിൽ നിന്നൊരല്പം തണലിനായി ഞാനൊരു മാവിൻചുവടു തേടി. ആ കർഷകഭവനം അന്നു ചില അതിഥികളെ പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചസാരയും പാലും മൈദയും കൽക്കണ്ടവും വാങ്ങിക്കൊണ്ടു വരാതെ മാഞ്ചോട്ടിലെ കയറുകട്ടിലിൽ കിടക്കുന്ന വീട്ടുകാരനെക്കുറിച്ച് വീട്ടമ്മ എന്നോട് പരാതി പറയുകയാണ്. നീയവർക്ക് വെള്ളവും ചായയും കൊടുക്ക് , പരാതി പറയാതിരിക്ക് എന്നയാൾ സ്നേഹപൂർവ്വം ശാസിക്കുകയാണ് . വെറും അര മണിക്കൂർ , ഞാനാ വീട്ടിലെ അംഗമാവുകയാണ് , ഇരുവരെയും ആശ്വസിപ്പിക്കുകയാണ്. യാത്ര പറയുമ്പോൾ , അന്ന് ആറോ ഏഴോ വയസുണ്ടായിരുന്ന എൻ്റെ മകനും സമപ്രായക്കാരനായ അവരുടെ മകനും കെട്ടിപ്പിടിച്ചു യാത്ര പറയുകയാണ്. അത്രയും നേരം അവർ രണ്ടു പേരും തണലിൽ കിടക്കുന്ന കാളകൾക്കു ചുറ്റും ഓടിക്കളിക്കുകയും വൈക്കോൽ തീറ്റിക്കുകയുമായിരുന്നു.
ഒരു പകൽ മുഴുവനെടുത്ത് കണ്ടു തീർത്ത ചരിത്ര ബാദ്ധ്യതകളായ കോട്ട കൊട്ടാര കെട്ടുകഥകൾ മാറ്റി വെച്ച് ഞാനിതെഴുതും.
വഴിവക്കിൽ വിശ്രമിക്കുന്ന എനിക്ക് ഇടക്കിടെ പഴുത്ത തക്കാളികൾ കൊണ്ടുവന്നു തന്നു കൊണ്ടിരുന്ന കിഴക്കൻ ഭൂട്ടാനിലെ വൃദ്ധയായ വില്പനക്കാരി , ഭക്ഷണം തയ്യാറാകുന്നതുവരെ നമുക്ക് പാട്ടുപാടി കളിക്കാം എന്നു കൈപിടിച്ചുച്ചേർത്തിയ സോയൽ ഗ്രാമത്തിലെ സുന്ദരി അമ്മൂമ്മ, ഓടി വന്നെൻ്റെ മടിയിൽ വീണ് കുഞ്ഞു കയ്യിലെ രുദ്രാക്ഷമാല നെറുകയിൽ വെച്ചനുഗ്രഹിച്ച ബാലസന്യാസി , ശീതനിദ്രയിലാണ്ടു പോയ ജീവൻ്റെ പൊടിപ്പുകളെ വിളിച്ചുണർത്തി ആകാശത്താകെ സ്വർണമുരുക്കിയൊഴിച്ച വാസന്തപഞ്ചമി, വന്യമായ ഗന്ധവും സാമീപ്യവും നോട്ടവും കൊണ്ട് ഞൊടിയിടയിൽ എന്നെ പ്രണയപരവശയാക്കിയ യതിയുടെ പർവതഗ്രാമത്തിലെ മരം വെട്ടുകാരൻ....
പക്ഷെ ആംചൊ ബസ്തർ പോലുള്ളൊരു പുസ്തകം ഞാനെഴുതാൻ കാരണമായത് , ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും പറയാനാവില്ല എന്ന തോന്നലിൽ നിന്നാണ്. പല സന്ദർഭങ്ങളിലും ഞാനതിന് നിയോഗിക്കപ്പെട്ടതു പോലെയും തോന്നിയിരുന്നു. പോളാവരം ജലവൈദ്യുതപദ്ധതി നടപ്പിലാവുമ്പോൾ മുങ്ങിപ്പോകാനിരിക്കുന്ന കൊണ്ട എന്ന അതിവിശാല കാർഷിക ഗ്രാമത്തിലിരുന്ന് , ആ ഗോത്ര നേതാവ് പലതരം സ്വപ്ന പദ്ധതികളെക്കുറിച്ച് ആശയോടെ സംസാരിക്കുമ്പോൾ , അതു രേഖപ്പെടുത്തേണ്ടത് എൻ്റെ ദൗത്യമാണെന്ന തോന്നലാണുണ്ടായിരുന്നത്.
എൻ്റെ തിരഞ്ഞെടുപ്പുകൾ, മറക്കാനും മറയ്ക്കാനുമാവാത്ത അനുഭവങ്ങളിൽ നിന്നും അനുഭൂതികളിൽ നിന്നും നിയോഗങ്ങളിൽ നിന്നുമാണ്. അതൊരു പക്ഷെ അന്ന് അപ്പോൾ ആ പ്രദേശത്ത് നടന്നതാവണമെന്നു പോലുമില്ല. എന്നോ ഒരിക്കൽ നടന്നതിനെ ഓർമ്മിച്ചതു പോലുമാവാം.
ഒരു സഞ്ചാരിയുടെ ജീവിതം തിരഞ്ഞെടുക്കുമ്പോൾ അതിലെ പ്രതിസന്ധികളെ കുറിച്ച് മനസിലാക്കിയിരുന്നോ ?
ഉത്തരം : അതിന് ഞാനിത് തിരഞ്ഞെടുത്തതല്ലല്ലോ, ഇതെൻ്റെ സ്വഭാവമല്ലേ..
അതിനാൽ തന്നെ പ്രതിസന്ധികളും വെല്ലുവിളികളും സ്വഭാവത്തിൻ്റെ ഭാഗമായി മാറുകയല്ലേ. അതെല്ലാം ഒഴിവാക്കണമെങ്കിൽ ഞാനെൻ്റെ സ്വാഭാവികത വെടിയേണ്ടി വരും . അപ്പോഴത് ഒരു നിർമ്മിതബുദ്ധിക്ക് ചെയ്യാനാവുന്നതിലും അധികം ഒന്നുമാവാതെ പോകും.
പക്ഷെ മനപൂർവ്വം ശീലിപ്പിച്ചെടുക്കുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന് , ഒരു ജീവനും ജീവിതവും ജീവിതാവസ്ഥയും ഒരിക്കലും ഒരിടത്തും ഒരുപോലെയല്ല . പ്രിവിലേജുകളുടെ സുരക്ഷിതത്വത്തിൽ നിന്നു കൊണ്ട് മറ്റു ജീവിതങ്ങളെ അളക്കുവാൻ തുനിയരുത് എന്നാണ്.രണ്ട് , ഗൃഹാതുരത്വത്തിൻ്റെയും ദേശഭാഷപ്രേമത്തിൻ്റെയും അനാവശ്യ ഭാണ്ഡങ്ങൾ ചുമലിലെടുക്കരുത് എന്നാണ്.ഇതു രണ്ടും എളുപ്പമല്ല. പക്ഷെ അവസാന യാത്ര വരെയും ഞാനിതിന് ശ്രമിച്ചു കൊണ്ടേയിരിക്കണം എന്നതാണ്....
ഭാവനാ ഭൂപടത്തിലെ സഞ്ചാര ദേശങ്ങൾ ഏതെല്ലാമാണ് ?
ഉത്തരം : തെളിയാത്ത വഴികളും കാണാത്ത മനുഷ്യരും അറിയാത്ത ജീവിതങ്ങളും പകരാത്ത അനുഭവങ്ങളും ഉള്ള എല്ലാ ദേശങ്ങളും....