
ആഗയുടെ കവിതകളിൽ മൗനം ഒരു അഭാവമല്ല; മറിച്ച് അതൊരു ഭാഷയാണ്. വാക്കുകൾക്ക് അതീതമായി അനുഭവങ്ങളെ കൈമാറുന്ന ഒരു മാധ്യമമായി മൗനം പ്രവർത്തിക്കുന്നു.
ആഗയുടെ ദി അഡൽറ്ററി ഓഫ് പോയട്രി – ചാപ്റ്റർ 1- അജ്ഞാതമായ ആനന്ദങ്ങൾ എന്ന കവിതാ സമാഹാരം ആധുനിക മലയാള കവിതയിൽ ശ്രദ്ധേയമായ ഒരു ഇടപെടലാണ്. ജീവിതത്തിന്റെ സൂക്ഷ്മമായ വികാരതലങ്ങൾ, ബന്ധങ്ങളുടെ അദൃശ്യ ചലനങ്ങൾ, മൗനത്തിന്റെ ഭാഷ, ആന്തരികമായ ആനന്ദ–വേദനകളുടെ ദ്വന്ദ്വം എന്നിവ ഈ കവിതകളുടെ കേന്ദ്രബിന്ദുവായി വർത്തിക്കുന്നു. കവി, വ്യക്തിപരമായ അനുഭവങ്ങളെ സർവജനീനമായ മാനവിക അനുഭവങ്ങളാക്കി മാറ്റുന്നതിൽ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
“Adultery of Poetry” എന്ന ശീർഷകം തന്നെ പരമ്പരാഗത കാവ്യനീതികളോടുള്ള ഒരു ലംഘനസൂചനയാണ്. കവിത ഇവിടെ സാമൂഹികമായി അംഗീകരിച്ച ശീലങ്ങളിൽ ഒതുങ്ങുന്നില്ല; മറിച്ച്, കവിയുടെ ആന്തരിക സത്യങ്ങളോടുള്ള ‘വഞ്ചനയല്ലാത്ത വഞ്ചന’യായി കവിത പരിവർത്തനം ചെയ്യപ്പെടുന്നു.താൻ കടന്നു പോകുന്ന അനുഭവങ്ങളും തന്നിലൂടെ കടന്നു പോകുന്ന വികാരങ്ങളും തന്റെ ഇന്ദ്രിയാനുഭവങ്ങളും കവി അതീന്ദ്രിയമായ മറ്റൊരു തലത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട് കവിതയിൽ പലയിടത്തും.
ആനന്ദത്തെ രണ്ടായി ഭാഗിക്കുമ്പോൾ എന്ന കവിതയിൽ കവി നമ്മോട് ചോദിക്കുന്നു
"നഷ്ടപ്പെടാൻ മാത്രമുള്ള ഒരാനന്ദത്തെ മനുഷ്യർ ഇതയധികം സ്നേഹിക്കുന്നതിൻ്റെ രഹസ്യമെന്താണ്"
പുസ്തകത്തിൻ്റെ തുടക്ക കവിതകളിലൊന്നായ ആദ്യത്തെ കവിത എന്ന കവിതയിൽ
ആത്മാവ് പൂക്കാലങ്ങളിലേക്ക് നടന്ന് പോകുന്നത്
ഞാനേകാകിയായി നോക്കി നിന്നു"
“അജ്ഞാതമായ ആനന്ദങ്ങൾ” എന്ന ഉപശീർഷകം മനുഷ്യജീവിതത്തിൽ പലപ്പോഴും വാക്കുകളില്ലാതെ അനുഭവപ്പെടുന്ന, എന്നാൽ അതീവ ശക്തമായ ആനന്ദങ്ങളിലേക്കാണ് വായനക്കാരനെ നയിക്കുന്നത്.
"അജ്ഞാതമായ ആനന്ദങ്ങൾ
അത്രതന്നെ മധുരം
വിത്തിൽനിന്ന് വേരിലേക്കുള്ള ദാഹംപോലെ
ഇരുട്ടിനെ സന്ദർശിച്ചെത്തുന്ന
പ്രഭാതത്തിന്റെ വെളിച്ചംപോലെ
പ്രത്യാശയുടെ ചില്ലകളിൽ
മധുരിക്കുന്ന തളിരിലകൾപോലെ "
(അജ്ഞാതമായ ആനന്ദങ്ങളെന്ന കവിതയിൽ )
അജ്ഞാതതയും ആന്തരിക ആനന്ദവും
ഈ സമാഹാരത്തിലെ കവിതകൾ തുറന്ന പ്രഖ്യാപനങ്ങളേക്കാൾ സൂക്ഷ്മ അനുഭവങ്ങളെയാണ് മുൻനിരയിൽ വയ്ക്കുന്നത്. സന്തോഷം, ദുഃഖം, സ്നേഹം, നഷ്ടം എന്നിവ ഇവിടെ വലിയ സംഭവങ്ങളായി അല്ല, മറിച്ച് ഉള്ളിൽ നിസ്സാരമായി പടരുന്ന വികാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. അജ്ഞാതമായ ആനന്ദം എന്നത് ഒരുപക്ഷേ നൈമിഷികമായ ഒരു ബോധോദയം, ഓർമ്മയുടെ നേർത്ത സ്പർശം, അല്ലെങ്കിൽ മൗനത്തിന്റെ ആശ്വാസം ഒക്കെയാകാം.
"ഏകാകിയായൊരു യുവാവ്
ഹൃദയത്തിൽ വീണ്ടും
ഏകാകിയാവുക
കാറ്റും, പൂക്കളും, കിളികളും
അത് കണ്ടിരിക്കുക
മേഘങ്ങൾ ആ രഹസ്യമറിയാൻ
മണ്ണിലേക്ക് മുട്ടുകുത്തുക"
(ആ രാത്രിയിൽ എന്ന കവിതയിൽ നിന്ന് )
മൗനത്തിന്റെ ഭാഷ...
ആഗയുടെ കവിതകളിൽ മൗനം ഒരു അഭാവമല്ല; മറിച്ച് അതൊരു ഭാഷയാണ്. വാക്കുകൾക്ക് അതീതമായി അനുഭവങ്ങളെ കൈമാറുന്ന ഒരു മാധ്യമമായി മൗനം പ്രവർത്തിക്കുന്നു. പല കവിതകളിലും കവി പറയാൻ എന്തൊക്കെയോ ബാക്കി നിറുത്തി പോയതായി കാണാം. ഓരോ വായനക്കാരിയും അല്ലെങ്കിൽ കാരനും തന്റെ ചിന്ത കൊണ്ട് പൂരിപ്പിക്കാനായി.
"നിനക്കറിയാമോ
നിലനിൽപ്പിന്റെ ആനന്ദമില്ലാത്തവർ
നമ്മെ ദു:ഖിതരാക്കുന്നു
അവരായിരിക്കണം ലോകത്തിൽ
ആദ്യത്തെ ആത്മഹത്യ ചിത്രീകരിച്ചത് "
( നിലനിൽപ്പിൻ്റെ ആനന്ദമെന്ന കവിതയിൽ നിന്ന്)
ബന്ധങ്ങളും ഏകാന്തതയും..
സ്നേഹബന്ധങ്ങൾ, പ്രണയം, അകലം, വിരഹം എന്നിവ ഈ കവിതകളിൽ ആവർത്തിച്ചു വരുന്ന പ്രമേയങ്ങളാണ്. എന്നാൽ ഇവ പരമ്പരാഗത പ്രണയകവിതകളിലെ ആവേശഭരിതമായ ആവിഷ്കാരങ്ങളല്ല; പകരം, ബന്ധങ്ങളുടെ നിസ്സാര ചലനങ്ങളും അവയോടൊപ്പം വരുന്ന ഏകാന്തതയും കവി അന്വേഷിക്കുന്നു.
"ഒരു പൂവും , ഒരിലയും കൊഴിഞ്ഞിട്ടില്ല
തെന്നൽ ചുംബിച്ചിട്ടല്ലാതെ
നമ്മളെപ്പോലെ വിശുദ്ധപാപികൾ മറ്റാരുമില്ല!
വിറപൂണ്ട അധരങ്ങൾ തമ്മിലടുത്തതേയില്ല
നീയൊരു നഗരത്തിലേക്കും
ഞാനൊരു ഗ്രാമത്തിലേക്കുമൊഴുകിപ്പോയി"
(ഒരു പൂവിൻ്റെ മരണം എന്ന കവിതയിൽ നിന്ന്)
പ്രകൃതിയും മനുഷ്യനും
പ്രകൃതിബിംബങ്ങൾ—മഴ, കാറ്റ്, പുഴ, രാത്രികൾ, നക്ഷത്രങ്ങൾ—ഇവ കവിതകളിൽ അലങ്കാരങ്ങളായി മാത്രമല്ല, മനുഷ്യന്റെ ആന്തരികാവസ്ഥകളുടെ പ്രതീകങ്ങളായി മാറുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ആത്മബന്ധം ഈ കവിതകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു.
"എന്റെ മുറിവുകളിൽ ഏറ്റവും ഉത്തമമായത് നീ തന്നെ
നിന്നോളമാഴത്തിൽ
ഒരു സമുദ്രവും എന്നിൽ നിലനിൽക്കുന്നില്ല
ഒരു പർവ്വതവും നിന്നോളം വേരാഴ്ത്തിയിട്ടില്ല
ഒരു നക്ഷത്രവുമില്ല
ആകാശത്തിങ്ങനെ
ഏതിരുട്ടിലും എനിക്ക് ദിശ കാണിക്കാൻ"
( ഒറ്റ നക്ഷത്രം എന്ന കവിതയിൽ നിന്ന്)
ഭാഷയും ശൈലിയും
ആഗയുടെ ഭാഷ ലളിതവും മൃദുവുമാണ്. വലിയ വാചാലതയോ കൃത്രിമ കാവ്യാഭാസങ്ങളോ ഇല്ലാതെ, സാധാരണ വാക്കുകൾ കൊണ്ട് തന്നെ ആഴമുള്ള അർത്ഥങ്ങൾ സൃഷ്ടിക്കാൻ കവി ശ്രമിക്കുന്നു.
സ്വതന്ത്രവൃത്തം ആണ് കവിതകളുടെ മുഖ്യരൂപം.
ചുരുങ്ങിയ വരികളിൽ ശക്തമായ വികാരസാന്ദ്രത സൃഷ്ടിക്കുന്നതാണ് ശൈലിയുടെ പ്രത്യേകത.
രൂപകങ്ങളും ഉപമകളും സ്വാഭാവികമായി കവിതയിൽ ലയിച്ചിരിക്കുന്നു.
"ചോദിക്കൂ,
മനുഷ്യരെന്തിന്
പരസ്പരംസന്ദർശിക്കുമ്പോൾ
ദു:ഖത്തെഒരാളിൽനിന്ന്
ഒരാളിലേക്ക് ഉപേക്ഷിച്ച് പോകുന്നു
ചോദിക്കൂ,
മനുഷ്യരെന്തിന്
സ്വന്തം ജീവിതാഭിലാഷങ്ങളിൽ
മറ്റൊരാത്മാവിനെ ബലിയർപ്പിക്കുന്നു."
(ചില ചോദ്യങ്ങൾ എന്ന കവിതയിൽ നിന്ന് )
ദാർശനിക നിലപാട്
ഈ കവിതകൾ ഒരു നേരിട്ടുള്ള ദാർശനിക പ്രസ്താവന നടത്തുന്നില്ല. എങ്കിലും ജീവിതത്തെക്കുറിച്ചുള്ള ഒരു ആന്തരിക ദർശനം ഇവയിൽ അടങ്ങിയിരിക്കുന്നു.
മനുഷ്യൻ സ്വയം തിരിച്ചറിയുന്ന നിമിഷങ്ങൾ
സ്നേഹവും വേദനയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാകുന്ന അവസ്ഥ
ജീവിതത്തിന്റെ അർത്ഥം വലിയ ആശയങ്ങളിലല്ല, ചെറിയ അനുഭവങ്ങളിലാണെന്ന ബോധം,
ഇവയെല്ലാം ഈ സമാഹാരത്തിന്റെ ദാർശനിക അടിത്തറയായി പ്രവർത്തിക്കുന്നു.
"ഒരേ സത്യംതന്നെ
ഒരേവസ്തുത തന്നെ
ആനന്ദത്തേയുംവേദനയേയും സൃഷ്ടിക്കുന്നു
അയാളുടെ കണ്ണുകളിലെ ആനന്ദവും
എന്റെ കണ്ണുകളിലെ വേദനയും തട്ടിപ്പറിച്ചെടുത്ത്
നഗരമതിന്റെ ഇരുമ്പിന്റെ പകൽ യാത്രതുടരുന്നു,"
( നമുക്കിടയിലെ വാക്കുകൾ എന്ന കവിതയിൽ നിന്നും) ഈ കവിതയുടെ അവസാനം നമുക്കിടയിലെ ദൂരം ദൂരത്തിലേക്ക് സഞ്ചരിക്കുന്നു ദൈവമതിൻ്റെ കണക്കെടുക്കുന്നു എന്ന വരിയിൽ കവിത അവസാനിക്കുമ്പോൾ പുസ്തകത്തിൻ്റെ ആമുഖത്തിൽ കവി തന്നെ വായനക്കാരനോട് പറയുന്ന കവിത വൈകാരികമായ ഒരു അനുഭവമായിരിക്കുക എന്നതതിനെ ഒരേസമയം വ്യാജവും സത്യസന്ധവും ആക്കുന്നു എന്ന തിരിച്ചറിവ് വായനയിലേക്ക് മറ നീക്കി പുറത്ത് വരുന്നു
ആധുനിക മലയാള കവിതയിലെ സ്ഥാനം...
ആഗയുടെ കവിതകൾ സമകാലിക മലയാള കവിതയിലെ ആത്മാന്വേഷണധാരയുമായി ചേർന്ന് നിൽക്കുന്നു. അതേസമയം, അമിതമായ രാഷ്ട്രീയപ്രഖ്യാപനങ്ങളിൽ നിന്ന് മാറി, വ്യക്തിയുടെ ആന്തരിക ലോകത്തേക്കാണ് ഈ കവിതകൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
അതെ ഈ കവിതാ സമാഹാരത്തിൻ്റെ പുറംചട്ടയിൽ കവിയത് ഹൃദയം കൊണ്ടെഴുതി വെച്ചിരിക്കുന്നു
" എത്ര ചെറിയ ജീവിതമായിരുന്നു എപ്പോഴെങ്കിലും നമുക്കതിനെ സൂക്ഷിക്കാനായോ നമ്മുടെ ചുരുട്ടിപ്പിടിച്ച മുഷ്‌ഠികളിൽ "
കവിതകളിലൂടെ 2014ൽ നിന്ന് 2021 ൽ സഞ്ചരിച്ചെത്തുമ്പോൾ
ഈ കവിതയെന്ന തലക്കെട്ടിലെത്തുമ്പോൾ
"ആരോ വരുന്നുണ്ടെന്നറിവിൽ
വസന്തം അതിനാകുന്നതെല്ലാം
ചെയ്ത് നോക്കുന്നു
വാക്കിൻ്റെ കവിതയിൽ നിന്ന്
ഞാനെൻ്റെ ഹൃദയം
നിശ്ശബ്ദമായ ഒരു പാദപതനമാക്കുന്നു
വാക്കിൻ്റെ ഒരു നുള്ള് കൊണ്ട്
ഞാനവളെ നിശ്ശബ്ദയാക്കുന്നു"
വായനക്കൊടുവിൽ വായനക്കാരനും നിശ്ശബ്ദനാകുന്ന
ആത്മഭാഷണങ്ങളുടെ ഈ 49 കവിതകൾ ഗഹനമായ വായനയും ചിന്തയും നമ്മോട് ആവശ്യപ്പെടുന്നുണ്ട്