Image

മരണം മനോഹരം(കവിത: ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 25 May, 2026
മരണം മനോഹരം(കവിത: ജോസ് ചെരിപുറം)

മൗനമുദ്രിതമാണു നി-
ന്നധരങ്ങളെങ്കിലും
നിന്നീറൻ മിഴിയിണക്കോണുകളിൽ
ത്യാഗത്തിൻ മധുര-
നൊമ്പരം കണ്ടു ഞാൻ.

കാനന നിഗൂഢതയിൽ
കാട്ടാറിൻ തീരത്തെ പൂമരക്കൊമ്പിൽ
സ്വപ്‌നങ്ങൾ നെയ്യുന്ന ക്രൗഞ്ചമിഥുനങ്ങളെ
അമ്പെയ്തുവീഴ്ത്തിയ
കാട്ടാളന്റെ കണ്ണിലെ
വിശപ്പിൻ ദൈന്യത കണ്ടു ഞാൻ.

കോൺക്രീറ്റുവനങ്ങളിൽ
പതിയിരുന്നൊളിയമ്പെയ്യും
അഭിനവ വേടൻതൻ കണ്ണിലെ 
നിഷ്ഠുരസ്വാർത്ഥത
കണ്ടു നടുങ്ങി ഞാൻ.

വിഷാദകന്യകൾ വന്ന്
എൻ മനസ്സിൻ ചില്ലുജാലകം
തുറന്നെൻ കാതിൽ മന്ത്രിച്ചു;
"ഉണരൂ, നമുക്കിനി 
ഒരുമിച്ചു യാത്ര തുടരാം.
ഉറക്കം ഇത്രയും സുഖരമെങ്കിൽ
മരണമെത്രയോ മനോഹരം!"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക