Image

ഭരതമുനി കളം വരച്ചു; നാട്യം പഠിക്കുന്നേ ഉള്ളുവെന്ന് ഡോ. മമ്മൂട്ടി (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 25 May, 2026
ഭരതമുനി കളം വരച്ചു; നാട്യം പഠിക്കുന്നേ  ഉള്ളുവെന്ന് ഡോ. മമ്മൂട്ടി (കുര്യന്‍ പാമ്പാടി)

രണ്ടായിരം വര്‍ഷം  മുമ്പ് ഭരതമുനി തീര്‍ത്ത മഹത്തായ  നാട്യശാസ്ത്രത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ  ജനകീയ കലാകാരന്മാരെന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആ നിലക്ക് ഭാരതത്തിന്റെ മഹത്തായ സാംസ് കാരിക പാരമ്പര്യത്തില്‍ അഭിരമിക്കുന്നവരാണ് ഇന്നത്തെ കലാകാരന്‍മാര്‍.

എം.ജി. സര്‍വകലാശാല ചാന്‍സലര്‍ ആയ ആര്‍ലേക്കറില്‍  നിന്ന് ഓണററി ഡോക്ട്രേറ്റ് (ഡിലിറ്റ്)  സ്വീകരിച്ച മമ്മൂട്ടി ഇത് തന്റെ മൂന്നാമത്തെ ബഹുമതി ബിരുദം ആണെന്ന് അനുസ്മരിച്ചു. കേരളക്കും കാലിക്കറ്റിനും ശേഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി.

ചമയങ്ങളോടെ: ഡിലിറ്റ് സ്വീകരിക്കാന്‍ ഒരുങ്ങുന്ന  മമ്മൂട്ടി

'ഭരത മുനിയൊരു കളം വരച്ചു, ഭാസകാളിദാസര്‍ കരുക്കള്‍ വച്ചു,' സഞ്ചരിക്കുന്ന നാടക ശാലയെപ്പറ്റി കെ ജി ജോര്‍ജ്  സംവിധാനം ചെയ്ത 'യവനിക'ക്കു വേണ്ടി അവതരണ ഗാനം എഴുതിയത് ജ്ഞാനപീഠസമ്മാനം നേടിയ ഒഎന്‍വി കുറുപ് ആയിരുന്നല്ലോ എന്ന് എംജി യൂണിവേഴ്സിറ്റിയുടെ ഒമ്പതാമത് സ്പെഷ്യല്‍ ബിരുദദാനത്തില്‍ പങ്കെടുത്ത പലരും ഓര്‍മ്മിച്ചു.

ഭരതമുനിയുടെ കാലടിപ്പാടുകളില്‍ സഞ്ചരിക്കുന്നുവെങ്കിലും അഭിനയം തുടങ്ങി നാല്‍പ്പത്തഞ്ചു വര്‍ഷ മായിട്ടും അഭിനയസിദ്ധി പെര്‍ഫെക്ട് ആക്കാന്‍ പരിശ്രമിക്കുകയാണ് താനെന്നു മികച്ച നടനെന്ന നിലയില്‍ മൂന്നു തവണ ദേശീയ പുരസ്‌ക്കാരവും ഏഴു തവണ സംസ്ഥാന അവാര്‍ഡും നേടിയ  പദ്മ ഭൂഷണ്‍ മമ്മൂട്ടി സമ്മതിച്ചു.

മമ്മൂട്ടിക്ക് എംജി യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ്  ചാന്‍സലര്‍ ആര്‍ലേക്കര്‍ സമ്മാനിക്കുന്നു.

'നാടും നാട്ടാരും നല്‍കുന്ന അംഗീകാരങ്ങളാണ് തന്റെ ശക്തിയെന്ന് പറഞ്ഞ അദ്ദേഹം ഓരോ അംഗീകാരവും തന്റെ അര്‍പ്പണബോധത്തിനു  ശക്തി നല്‍കുന്നതായി തുറന്നു പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം നാദസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍ക്കും സര്‍വകലാശാല ഡിലിറ്റ്  സമ്മാനിച്ചു. രാഷ്ട്രപതി രാജേന്ദ്രപ്രസ്സില്‍ നിന്ന് പോലും അംഗീകാരം നേടിയിട്ടുള്ള തനിക്കു നാദസ്വര വിദ്വാന്‍ എന്നനിലയില്‍ കേരളത്തില്‍ ലഭിക്കുന്ന ആദ്യത്തെ ബഹുമതിയാണിതെന്നു ജയശങ്കര്‍ അറിയിച്ചു.

സദസിന്റെ ഒരു നേര്‍ക്കാഴ്ച

ഡിഎസ് സി ബഹുമതി സ്വീകരിച്ച വാസ് കുലര്‍  സര്‍ജന്‍ എന്‍. രാധാകൃഷ്ണന്‍ എഫ്.ആര്‍. സി.എസ്.   ഇതിനകം 50,000 വാസ്‌കുലര്‍  സര്‍ജറികള്‍ നടത്തി ആ രംഗത്തെ കുലപതി ആയതായി വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ സമര്‍പ്പിച്ച പ്രശംസാ പത്രത്തില്‍ പറഞ്ഞു. ചങ്ങാശേരി സെന്റ്  തോമസ് ഹോസ്പിറ്റലില്‍ അദ്ദേഹം സേവനം ചെയ്യുന്നു.

'കേരളത്തിന്റെ പുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ എന്റെ  ആദ്യത്തെ ഔപചാരിക പരിപാടിയാണിത്, ' ചടങ്ങില്‍ പങ്കെടുത്ത റോജി ജോണ്‍ അറിയിച്ചപ്പോള്‍ സര്‍വകലാശാലയുടെ അസംബ്ലി ഹാളില്‍ നിറഞ്ഞിരുന്ന സദസില്‍ ഹര്‍ഷാരവം  ഉയര്‍ന്നു

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക