Image

പരിയാരത്തുകാവില്‍ കുടുംബങ്ങള്‍ വഴിയാധാരാമാകില്ല; ഗുരുവായൂരില്‍ ദര്‍ശനം ടിക്കറ്റെടുത്ത്; മുനമ്പത്ത് കുടിയൊഴിപ്പിക്കലില്ല: മുഖ്യമന്ത്രി

Published on 25 May, 2026
പരിയാരത്തുകാവില്‍ കുടുംബങ്ങള്‍ വഴിയാധാരാമാകില്ല; ഗുരുവായൂരില്‍ ദര്‍ശനം ടിക്കറ്റെടുത്ത്; മുനമ്പത്ത് കുടിയൊഴിപ്പിക്കലില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: എറണാകുളം പരിയാരത്തുകാവില്‍ ഒരു കുടുംബത്തേയും വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് പിറ്റേ ദിവസമാണ് കുടിയൊഴിപ്പിക്കല്‍ നടപടി വരുന്നത്. മുന്‍പ് 14 തവണ കുടിയൊഴിപ്പിക്കല്‍ നടപടി വന്നിട്ടും ഒന്നും ചെയ്യാതിരുന്ന സിപിഎം ആണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇത്തവണ സുപ്രീം കോടതി ഉത്തരവുമായാണ് കക്ഷികള്‍ വന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സാധ്യമായ എല്ലാ നടപടികളും നോക്കുകയാണ്. ബന്ധപ്പെട്ട എല്ലാകക്ഷികളുമായും ഇതിനകം ചര്‍ച്ച നടത്തി. എട്ട് കുടുംബങ്ങളെയും വീടും സ്ഥലവും നല്‍കി പുനരധിവസിപ്പിക്കുന്നത് അടക്കം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂരില്‍ തന്റെ ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തിലും അദ്ദേഹം മറുപടി നല്‍കി. ഒരു ചട്ട ലംഘനവും നടന്നിട്ടില്ല. ഞായറാഴ്ച ഗുരുവായൂരില്‍ വിഐപി ദര്‍ശനമില്ല. വിവാദമുണ്ടാകുമെന്ന് അറിയാവുന്നതിനാല്‍ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് ദര്‍ശനം നടത്തിയത്. തന്റെ കൂടെയുണ്ടായിരുന്ന നാല് പേരില്‍ ഒരാള്‍ ഗണ്‍മാന്‍ ആയിരുന്നു. മറ്റുള്ളവര്‍ ക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെട്ടവരാണ്. തന്റെ ദര്‍ശനത്തില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. ഉപദേവതമാരെ തൊഴാന്‍ പോയപ്പോള്‍ ക്ഷേത്രം സെക്യൂരിറ്റി ഭക്തരെ തടയാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തന്നെയാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മഴയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു.

ഭൂ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിപുലമായ നിയമ പരിഷ്‌കരണം വരികയാണ്. ജനങ്ങള്‍ക്ക് ഭൂമിയുടെ കാര്യത്തിലുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റുന്നതായിരിക്കും നിയമപരിഷ്‌കരണം.

മുനമ്പം വിഷയം വിവാദമാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. പോയ പോക്കില്‍ പുതിയ സര്‍ക്കാരിന് ഒരു എട്ടിന്റെ പണി വച്ചുകൊടുത്തിട്ട് പോയതാണ്. ഇരു സമുദായങ്ങളെയും തമ്മില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ നയമാണ് എല്‍ഡിഎഫും സ്വീകരിച്ചത്. പോകുന്നതിനു മുന്‍പ് മുനമ്പം ഭൂമി വഖഫിന്റെ ആണെന്ന് കാണിച്ച് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. അവിടെ ഇപ്പോള്‍ താമസിക്കുന്ന ആരെയും ഒഴിവാക്കുന്ന പ്രശ്‌നമില്ല. ഇക്കാര്യം മന്ത്രിമാര്‍ അവിടം സന്ദര്‍ശിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക