
കൊച്ചി: കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ സമ്മാനിച്ചതില്‍ പറവൂരുകാര്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ സലിംകുമാര്‍. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാവിയെക്കുറിച്ചുപോലും ചിന്തിക്കാതെ വലിയ റിസ്‌കാണ് സതീശന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റെടുത്തതെന്നും സലിംകുമാര്‍ പറഞ്ഞു.
'ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് പോലെ പത്തുദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയിട്ടാണ് ആ സന്തോഷിപ്പിക്കുന്ന വിവരം നമ്മുടെ ചെവികളില്‍ എത്തിയത്. പറവൂരുകാര്‍ക്ക് അഭിമാനിക്കാം, പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ കേരളത്തിന് നല്‍കിയെന്ന്', എന്നായിരുന്നു സലിംകുമാറിന്റെ വാക്കുകള്‍.
'102 സീറ്റില്ലാതെ, കഴിഞ്ഞ തവണത്തെപ്പോലെ ഭൂരിപക്ഷമില്ലാതെ വന്നാല്‍ സതീശന്‍ ചേട്ടന്റെ അവസ്ഥ എന്താകുമായിരുന്നേനെ? അത്രയും റിസ്‌ക് എടുത്ത്, തന്റെ ഭാവി പോലും കണക്കാക്കാതെ ഏറ്റെടുത്ത വെല്ലുവിളികളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ', അദ്ദേഹം വ്യക്തമാക്കി. 'വനവാസത്തിന് പോവാന്‍ നിന്നവനെ നിര്‍ബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇന്ന് നമ്മള്‍ കാണുന്ന വി.ഡി. സതീശന്‍. നല്ല തുടക്കംപകുതി ചെയ്തതിന് തുല്യമാണെന്ന് പറയും. അങ്ങനെയെങ്കില്‍ നല്ല തുടക്കമായിരുന്നു. അതിമനോഹരമായി ഇനിയുള്ള വര്‍ഷങ്ങള്‍ പോവട്ടെ. അദ്ദേഹത്തിന്റെ മുഖത്തുള്ള പാല്‍പ്പുഞ്ചിരി മായാതെ സൂക്ഷിച്ച് മുന്നോട്ടുപോവാന്‍ എല്ലാവിധ ആശംസകളും നേരുന്നു', സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹം ഹൈസ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി സമ്മേളനം ഉദ്ഘാടനംചെയ്തു. പൗരാവലിയുടെ ആദരം നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ചു. ജില്ലയിലെ മന്ത്രിമാരും നടന്‍ സലിംകുമാറും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു.