
തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാനചിത്രമെന്ന വിശേഷണമുള്ള 'ജനനായകന്‍' റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യുടെ ഈ ചിത്രം കഴിഞ്ഞ അഞ്ചു മാസമായി വിവിധ കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം.
നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പില്‍ 'ജനനായകന്‍' സിനിമയുടെ റിലീസ് ജൂണ്‍ 19 നാണെന്നാണ് കാണിച്ചിട്ടുണ്ട്. ബുക്ക്‌മൈഷോയില്‍ കൃത്യം റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും ജൂണില്‍ റിലീസുണ്ടാകുമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വെങ്കട്ട് കെ. നാരായണന്‍ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തെങ്കിലും, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി ടീം ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്.
'ജനനായകനെക്കുറിച്ച് സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഞാന്‍ ക്ഷേത്ര ദര്‍ശനത്തിന് വന്നതാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വരാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അത് ഉടന്‍ നല്‍കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ദൈവാനുഗ്രഹം തേടാനാണ് ഞാന്‍ ഇവിടെ വന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ റിലീസ് തീയതി അറിയിക്കും. ലോകമെമ്പാടും ഗംഭീരമായി ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങള്‍ കാരണമാണ് വൈകിയത്. ചിത്രത്തിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സര്‍ട്ടിഫിക്കേഷന്‍ വൈകിയത്.