
ലണ്ടന്‍: ഹരിയാനയിലെ റോഹ്തക്കില്‍നിന്നു2013-ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിലെ മേയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിന് അര്‍ഹരായി. 23 വയസ്സുള്ള തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ (Elstree and Borehamwood Town Coun-cil) മേയറായി ചുമതലയേറ്റതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയര്‍ എന്ന ചരിത്രപരമായ നേട്ടവും കൈവരിച്ചു.
തൊട്ടടുത്ത ആഴ്ച, ഹെര്‍ട്‌സ്മിയര്‍ ബറോ കൗണ്‍സിലിന്റെ (Hertsmere Borough Council) പ്രഥമ ഇന്ത്യന്‍ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പര്‍വീണ്‍ റാണി തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 13-ന് തുഷാര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടതായും മെയ് 20-ന് പര്‍വീണ്‍ മേയറായതായും തുഷാറിന്റെ പിതാവ് സുനില്‍ ദഹിയ ഫോണിലൂടെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോളേജ് പഠനകാലത്ത് തന്നെ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന തുഷാര്‍, ചെറുപ്പത്തില്‍തന്നെ പൊതുസേവനത്തില്‍ സജീവമായിരുന്നു. മാതൃഭാഷയായ ഹിന്ദി പഠിപ്പിക്കുന്നതിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇരുവരും പുലര്‍ത്തിയ താത്പര്യം ഈ വിജയത്തിലേക്ക് നയിച്ചതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു.ഹരിയാനയിലെ സോനിപതിലെ ഖാര്‍ഖോദയിലുള്ള റോഹ്ന ഗ്രാമത്തിലാണ് ഇവരുടെതറവാട്.
2013-ല്‍ യുകെയിലേക്ക് മാറുന്നതിന് മുമ്പ് ഇവര്‍ ദീര്‍ഘകാലം റോഹ്തക്കിലാണ് താമസിച്ചിരുന്നത്. തുഷാറിന് 10 വയസുള്ളപ്പോള്‍, 2013-ല്‍ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം യുകെയിലേക്ക് മാറുമ്പോള്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നും മുന്നില്‍ ഉണ്ടായിരുന്നില്ല എന്ന് ബിസിനസ്സുകാരനായ ദഹിയ പറയുന്നു. ഒരേസമയം ഇന്ത്യന്‍ വംശജരായ അമ്മയും മകനും
മേയര്‍മാരാകുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുപേരും ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2023-ലാണ്. മേയറാകുന്നതിന് മുമ്പ് പര്‍വീണ്‍ റാണി ഹെര്‍ട്ട്സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ കിംഗ്സ് കോളേജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ (Politics) ബിരുദം നേടിയ തുഷാര്‍ സെപ്റ്റംബറില്‍ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കും. തുഷാറിന്റെ സഹോദരനും ഇതേ കോളേജിലാണ് പഠിക്കുന്നത്.