Image

അമേരിക്കയില്‍ നിന്ന് ബി.ജെ.പിക്കിട്ട് പണികൊടുക്കുന്ന 'പാറ്റാ' പാര്‍ട്ടി അഭിജിത്ത് ഇന്ത്യയിലെത്തിയാല്‍ അറസ്റ്റിലാവുമോ..?

എ.എസ് ശ്രീകുമാര്‍ Published on 23 May, 2026
അമേരിക്കയില്‍ നിന്ന് ബി.ജെ.പിക്കിട്ട് പണികൊടുക്കുന്ന 'പാറ്റാ' പാര്‍ട്ടി അഭിജിത്ത് ഇന്ത്യയിലെത്തിയാല്‍ അറസ്റ്റിലാവുമോ..?

വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയുമൊക്കെ ഉറക്കം കെടുത്തിയ സോഷ്യല്‍ മീഡിയയിലെ വന്‍തരംഗം 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക വെബ്‌സൈറ്റ് മരവിപ്പിച്ചുവെന്നും ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ആരോപിച്ചു. വെബ്‌സൈറ്റ് അടക്കം സര്‍ക്കാര്‍ പൂര്‍ണ്ണമായി മരവിപ്പിച്ചതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാര്‍ഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തുന്നു. ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും യാതൊരുവിധ നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അഭിജിത്തിന് ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ഭീഷണിയുമുണ്ട്.

നിലവിലെ ജനവിരുദ്ധമായ ഇന്ത്യന്‍ വ്യവസ്ഥിതിക്കെതിരെയുള്ള പരിഹാസങ്ങള്‍, ട്രോളുകള്‍, ആക്ഷേപഹാസ്യങ്ങള്‍ എന്നിവയിലൂടെ മില്ലേനിയലുകള്‍ക്കും ജനറേഷന്‍ സെഡ് യുവാക്കള്‍ക്കുമിടയില്‍ ഇസി.ജെ.പി എന്ന ഡിജിറ്റല്‍ കൂട്ടായ്മ അതിവേഗം ജനപ്രീതി നേടിയിരുന്നു. ഇവരുടെ ഇന്‍സ്റ്റഗ്രം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ സി.ജെ.പിയുടെ എക്‌സ് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഇന്റലിജന്‍ല് ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയായിരുന്നു ഈ നടപടി. തുടര്‍ന്ന് 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പുതിയ അക്കൗണ്ടുമായി അഭിജിത് ദിപ്‌കെ വീണ്ടും എത്തുകയായിരുന്നു. യുവാക്കള്‍ക്കെതിരെയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിദ്വേഷ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഡിജിറ്റല്‍ വിപ്ലവ പ്ലാറ്റ്‌ഫോമായ സി.ജെ.പിക്ക് അഭിജിത് രൂപം നല്‍കിയത്.

മെയ് 16-ന് തുടങ്ങിയ അക്കൗണ്ടിന് രണ്ടുകോടിയിലധികം ജെന്‍സികളുടെ ആവേശോജ്വലമായ പിന്തുണയാണ് ലഭിച്ചത്. പോസ്റ്റ് ചെയ്തതാകട്ടെ അന്‍പതോളം ചെറു വീഡിയോകള്‍ മാത്രമാണ്. അവ പക്ഷേ, കൊള്ളേണ്ടിടത്ത് തറയ്ക്കുകയും ചെയ്തു. ഇതിനിടെ, അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അഭിജിത് ദീപ്‌കെയ്ക്ക് നിരവധി വധ ഭീഷണികളും ലഭിക്കുന്നുണ്ട്. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്‌കെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കില്‍ വകവരുത്തുമെന്നാണ് ഭീഷണി. ഈ പശ്ചാത്തലത്തില്‍ ദീപ്‌കെയുടെ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മകന് എന്തും സംഭവിച്ചേക്കാമെന്ന ഭയത്തിലാണ് അഭിജത്തിന്റെ മാതാപിതാക്കള്‍. അതിനാല്‍ ഈ പരിപാടി ഉപേക്ഷിക്കണമെന്ന് അവര്‍ പറയുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഭിജിത്ത് മത്സരിക്കണമെന്നാണ് ബന്ധുമിത്രാദികളുടെയും കോടിക്കണക്കിന് അനുയായികളുടെയും സ്വപ്നം.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലായിരുന്നു അഭിജിത്തും കുടംബവും താമസിച്ചിരുന്നത്. പിന്നീട് പിതാവിന്റെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഛത്രപതി സംഭാജി നഗര്‍ എന്ന പഴയ ഔറംഗാബാദിലേക്ക് താമസം മാറുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ ശേഷം ബോസസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്ന അഭിജിത്ത് പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായാണ് പ്രവര്‍ത്തിക്കുന്നത്. 2020 മുതല്‍ 2023 വരെ, ആം ആദ്മി പാര്‍ട്ടിയുടെ ഡിജിറ്റല്‍ കാമ്പെയ്ന്‍ വകുപ്പില്‍ അഭിജിത്ത് ജോലി ചെയ്തിട്ടുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മീമുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും യുവാക്കളെ ആകര്‍ഷിച്ച പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു.

തീരെ ചെറുപ്പം മുതല്‍ക്കെ വളരെ ശാന്ത സ്വഭാവമുള്ള ആളാണ് അഭിജിത്ത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത പഠനത്തിനായാണ് പുനെയിലേക്ക് താമസം മാറിയത്. എന്നാല്‍ എന്‍ജിനീയറിങ് പഠനം അഭിജിത്തിന് ബുദ്ധിമുട്ടായിരുന്നുവെന്നും അതിനുശേഷമാണ് അവന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതെന്നും അഭിജിത്തിന്റെ അമ്മ അനിത ദീപ്‌കെ പറഞ്ഞു. പിന്നീട് സഹോദരിയുടെ നിര്‍ദ്ദേശ പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി അഭിജിത്ത് അമേരിക്കയിലേയ്ക്ക് പോവുകയായിരുന്നുവെന്ന് പിതാവ് ഭഗവാന്‍ ദീപ്‌കെ വ്യക്തമാക്കി. അവന്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉയര്‍ന്ന ഉദ്യോഗസ്ഥനാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം അവന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് കരുതിയില്ലെന്നും അമ്മ  പറഞ്ഞു.

തങ്ങളുടെ മകന്‍ ഇത്രയും പ്രകോപനമായ രീതിയില്‍ മീഡിയയില്‍ പ്രചാരണം നടത്തിയത് പലരെയും അതൃപ്തരാക്കിയിരിക്കാം. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയവും തങ്ങള്‍ക്കുണ്ടെന്ന് പിതാവ് പറഞ്ഞു. എത്ര ചെറുപ്പക്കാര്‍ അഭിജിത്തിന് പിന്നില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വന്നാലും അവന്റെ സുരക്ഷയെ കുറിച്ച് ഓര്‍ത്ത് ഞങ്ങള്‍ ആശങ്കയില്ലാണ്. അവന്‍ തിരിക എത്തിയാല്‍ നല്ല ഒരു ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രാഷ്ട്രീയത്തല്‍ പ്രവേശിക്കാനുള്ള അവന്റെ തീരുമാനത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും അമ്മ പറഞ്ഞു. അതേസമയം, അഭിജിത്തിന്റ ബന്ധുക്കള്‍ അദേഹത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. അഭിജിത്ത് ഇപ്പോള്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തൊഴില്‍ രഹിതരായ യുവാക്കളുടെ ശബ്ദായി മാറണമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അത് വഴി നിലവിലെ സര്‍ക്കാര്‍ നയങ്ങളോടുള്ള പൊതുജനങ്ങളുടെ അമര്‍ഷം പുറത്ത് കൊണ്ടുവരണമെന്നുമാണ് അഭിജിത്തിന്റെ അമ്മാവന്റെ ആഗ്രഹം.

അഭിജിത്തിന്റെ പാറ്റ ഒരു പ്രതീകമാണ്. വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .മനുഷ്യര്‍ക്കും മുന്‍പേ ഏതാണ്ട് 320 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ്  ഇവ. ജുറാസിക് കാലം മുതല്‍ക്കേ ഇവ ഈ ഭൂമിയില്‍ കാണപ്പെട്ടിരുന്നു. കടുത്ത സാഹചര്യങ്ങളിലും ജീവിച്ചു നിലനില്‍ക്കുന്ന കോക്ക്രോച്ചിനെ, ഇന്ത്യന്‍ യുവാക്കള്‍ ഇപ്പോള്‍ ''പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ പ്രതീകം'' എന്ന രീതിയില്‍ തമാശയോടെയും പ്രതിഷേധത്തോടെയും ഏറ്റെടുത്തിരിക്കുകയാണ്.  ''നിങ്ങള്‍ ഞങ്ങളെ പാറ്റകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചാല്‍, ഞങ്ങള്‍ ആ പേര് അഭിമാനത്തോടെ സ്വീകരിക്കും, കാരണം ആറ്റോമിക് ബോംബ് സ്‌ഫോടനത്തെപ്പോലും അതിജീവിക്കാന്‍ കഴിയുന്ന ഒരേയൊരു ജീവി പാറ്റയാണ്...'' എന്ന് അവര്‍ പറയുന്നു.

ആശയങ്ങള്‍ ജനങ്ങലിലേയ്ക്ക് വളരെവേഗം എത്തിക്കുന്ന ആക്ഷേപ ഹാസ്യത്തിലൂടെയാണ് സി.ജെ.പി തികച്ചും ഗൗരവതരമായ ആനുകാലിക വിഷയങ്ങളെ ജനങ്ങളുടെ മുന്നില്‍ വിശ്വസനീയമായി അവതരിപ്പിക്കുന്നത്. വ്യക്തികളെയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേസമയം അനുവാചകരെ ചിരിപ്പിക്കാനും അതിലുപരി ചിന്തിപ്പിക്കാനും സാധിക്കുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിന് തലവേദനയുണ്ടാക്കുന്നതാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമായിരുന്നു18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ആയുധമെങ്കില്‍ ഇന്ന് ജെന്‍സിയെ പ്രക്ഷോഭകാരികളാക്കുന്നതും അതേ മൂര്‍ഛ തന്നെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക