
ഒന്ന്
ഒറ്റബുദ്ധി
വീട്ടുമുറ്റത്ത് ടാർപ്പ വലിച്ചുകെട്ടിയ പന്തലിൽ 16 അടിയന്തിരത്തിൻ്റെ ചടങ്ങുകൾ ഉച്ചക്ക് 12 മണിയോടെ കഴിഞ്ഞു. ദക്ഷിണ നൽകി കർമിയെ യാത്രയാക്കി. വീടിനു മുന്നിലെ ചെറുറോഡിലൂടെ നീങ്ങിയ അദ്ദേഹത്തെ കാറിൽ കൊണ്ടുവിടുവാൻ അരുണിനെ ഏർപ്പാടാക്കി.
ഇനി ഭക്ഷണത്തിൻ്റെ സമയമാണ്. മുറ്റത്തിൻ്റെ ഓരത്ത് അടുക്കിയിട്ടിരുന്ന ഇരുമ്പു ഡസ്കുകളും, അതിൻ്റെ പിന്നിലായി അട്ടിവച്ചിരുന്ന പ്ലാസ്റ്റിക്ക് കസേരകളും നിരത്തിച്ചു. തൃക്കാരിയൂരിലെ വിജയ കേറ്ററിങ്ങ്സിൽ നിന്നും ഏർപ്പാടാക്കിയ ചോറും, കറികളും, ഇലയും, കപ്പും നേരത്തെതന്നെ റെഡിയാണ്. വിളമ്പിയാൽ മതി. അടുത്ത ബന്ധുക്കളും തൊട്ടയൽക്കാരും അല്ലെ ഒള്ളു. അതിൽതന്നെ എത്ര പേര് കഴിക്കാതെ പോകുമെന്ന് അറിയില്ല.
അപ്പോഴാണ് അകത്തുനിന്ന് ഉച്ചത്തിലുള്ള ശകാരവും, ആർദ്രയുടെ കരച്ചിലും കേട്ടത്. ഓമന അമ്മായിയാണ്. ഈ അമ്മായിക്കിത് എന്തിൻ്റെ കുഴപ്പമാണ്. ഇതിപ്പോൾ രണ്ടാം പ്രാവശ്യമാണ് വന്നിട്ട് മൂന്നാഴ്ച്ച തികയാത്ത എൻ്റെ പെണ്ണിനെ ശപിക്കുന്നത്. മുറിയിലേക്ക് ചെല്ലുമ്പോൾ അമ്മായിയെ കൂടാതെ ആർദ്രയും, എൻ്റെ രണ്ട് പെങ്ങന്മാരും, രണ്ടുമൂന്ന് ബന്ധുക്കളായ അമ്മായിമാരും അവിടെയുണ്ട്.
'അതേടി നിൻ്റെ കാലവരവാടി എൻ്റെ ആങ്ങള മരിക്കാൻ കാരണം. നിന്നെയെൻ്റെ കൺമുന്നില് കണ്ടേക്കരുത്'.
അമ്മയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ ആർദ്രയുടെ മുഖത്തേക്കൊന്നു നോക്കി. അവളുടെ അച്ഛൻ പുറത്തേക്ക് എങ്ങോ മാറിയതുകൊണ്ട് ഇതൊന്നും കേൾക്കുവാൻ ഇടയായിട്ടില്ല. ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി. തൊഴുത്തിനോട് ചേർന്നുള്ള തണ്ടികയുടെ വാതിൽ മെല്ലെ തുറന്ന് വാക്കത്തിയും, മൺവെട്ടിയും, പ്ലാസ്റ്റിക്ക് കുട്ടയുമെടുത്ത് വീടിൻ്റെ പിന്നാമ്പുറത്തെ പുല്ലും വട്ടമരങ്ങളും നിറഞ്ഞ പറമ്പിലൂടെ ആരും കാണാതെ മെയിൻ റോഡിലേക്കു നടന്നു.

വര :മറിയം ജാസ്മിന്‍
നട്ടുച്ചനേരം ആയതിനാൽ സൂര്യൻ തീഷ്ണതയോടെ കത്തിനിൽക്കുകയാണ്. വെയിലിനെക്കുറിച്ചൊന്നും ചിന്തിക്കാവുന്ന സമയമായിരുന്നില്ല. അതുകൊണ്ട്, പുല്ലുകൾ ഇല്ലാത്തവഴിയോ, തണലുപററിയോ ആയിരുന്നില്ല നടത്തം. ആ നടത്തത്തിനിടയിൽ സന്തോഷം ലഭിച്ച, സങ്കടങ്ങൾ പിന്തുടർന്ന കഴിഞ്ഞ 18 ദിനരാത്രങ്ങൾ മനസിലൂടെ കടന്നു പോയി.
രണ്ടാഴ്ച്ച മുമ്പായിരുന്നു എൻ്റേയും ആർദ്രയുടേയും കല്യാണം. കെട്ട് ചോറ്റാനിക്കര അമ്പലത്തിൽ വച്ചായിരുന്നു. സദ്യ തിരുവാങ്കുളത്തെ ആർദ്രയുടെ വീട്ടിലും. അന്ന് വൈകിട്ടായിരുന്നു എൻ്റെ വീട്ടിലെ ടീ പാർട്ടി. ഏകദേശം 250 പേർ പങ്കെടുത്ത ചെറിയൊരു റിസപ്ഷൻ.
വീടിൻ്റെ തൊട്ടു താഴെ മെയിൻ റോഡരികിൽ വെറുതെ കിടക്കുന്ന 15 സെൻ്റ് വരുന്ന വേറൊരാളുടെ പ്ളോട്ടിൽ ട്രാക്റ്ററുകൊണ്ട് കാടൊക്കെ കളഞ്ഞ് മണ്ണൊതുക്കിയിട്ട താൽക്കാലിക പന്തലായിരുന്നു. പടുതയിട്ട്, നിലമാകെ ചുവന്ന പരവതാനി വിരിച്ച് വശങ്ങൾ വിതാനിച്ച, ദീപങ്ങളാൽ അലങ്കരിച്ച ചെറിയൊരു മഴചോരാ പന്തൽ. ലൈവായി ദോശ ഐറ്റംസും ചായയും പിന്നെ ഐസ്ക്രീമും ഉൾപ്പെട്ട ഭക്ഷണം.
എന്നും വൈകിട്ട് വെയിലൊതുങ്ങി അഞ്ചരയായാൽ അച്ഛന് ഇരുമലപ്പടി കവലയിലേക്ക് ഒരു പോക്കുണ്ട്. കാവിയിലും കറുപ്പിലും ഉള്ള ഒററക്കളർ കൈലിമുണ്ടും മടക്കിവച്ച ഫുൾ കൈയ്യൻ ഷർട്ടും ആയിരുന്നു അച്ഛൻ്റെ സാദാവേഷം. മുണ്ട് മടക്കിക്കുത്താത്തതിനാൽ പാതയോരങ്ങളിലേക്ക് വാഹനങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ട എല്ലാ മാലിന്യങ്ങളിലും തൊട്ടും തലോടിയുമാകും നടത്തം.
ബാലേട്ടൻ്റെ ചായക്കടയിൽ നിന്ന് ഒരു ചായയും കടിയും. സുബൈറിക്കയുടെ പലചരക്കു കടയിൽ നിന്ന് ഒരു കെട്ട് ബീഡി. അതിൽ ഒരെണ്ണം എടുത്ത് മാറി നിന്ന് വലിക്കും. ബാക്കി ബീഡി ഷർട്ടിൻ്റെ കൈമടക്കിലേക്ക് വച്ച് മടക്ക് അൽപ്പം മേലോട്ട് ചുരുട്ടും. അമ്മ പറയുന്ന വീട്ടു സാമാനങ്ങൾ വാങ്ങി കടം പറയാതെ പോക്കറ്റിൽ നിന്ന് രൂപ എണ്ണിക്കൊടുക്കും. സർവീസ് പെൻഷൻ കിട്ടുന്നതിനാൽ എവിടെയും കടം പറച്ചിലൊന്നും ഇല്ലായിരുന്നു.
സാധനങ്ങൾ കൂടുതലുണ്ടായാലും ഓട്ടോയൊന്നും അച്ഛൻ വിളിക്കുകയില്ല. തിരിച്ചും നടക്കും. ഒരു കിലോമീറ്ററിൽ താഴെയല്ലെ ഉള്ളു. സാധാരണ ആറര മണിയോടെ തിരികെ വീട്ടിലെത്തും. കല്യാണം കഴിഞ്ഞതിൻ്റെ പിറേറന്ന് വൈകുന്നേരവും അങ്ങനെ പോയതാണ്. പക്ഷെ, തിരിച്ച് വീട്ടിലേക്ക് എത്തിയില്ല.
എൻ്റെ വീടിൻ്റെ ഉൾപ്പെടെയുള്ള ചെറുറോഡിലേക്ക് കയറുവാൻ തുടങ്ങുന്നതിൻ്റെ എതിർവശത്തുള്ള ഉന്തുവണ്ടിക്കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന സുകുമാരൻ ചേട്ടൻ എന്തോ കാര്യം പറയുവാൻ അച്ഛനെ കൈകൊട്ടി വിളിച്ചതാണ്. വർത്തമാനം പറഞ്ഞ് തിരികെ റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുട്ടു പരന്നിരുന്നു. ലൈറ്റിടാതെ വന്ന ഒരു കാറായിരുന്നു. ലൈസൻസില്ലാത്ത പൂവത്തൂരുകാരൻ ചെറുപ്പക്കാരൻ ആയിരുന്നുവത്രെ കാർ ഓടിച്ചിരുന്നത്.
ഒരു മെച്ചം കിട്ടിയത് വൈകാതെ അച്ഛനെ മെഡിക്കൽ സിറ്റി ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചു എന്നുള്ളതാണ്. ഞാൻ വീട്ടിൽ ഇല്ലായിരുന്നു. വൈകാതെ വിളിവന്നതിനാൽ ഞങ്ങൾ വീട്ടുകാരും ആബുലൻസിനു പിന്നാലെ ആശുപത്രിയിൽ എത്തി. അച്ഛന് മെഡിസെപ്പ് കാർഡുണ്ടായതിനാൽ രൂപയൊന്നും തുടക്കത്തിൽ അടക്കേണ്ടി വന്നില്ല. തുക കൂടിക്കൂടി വന്നപ്പോൾ ആർദ്രയുടെ അച്ഛൻ പണമടച്ചു. അവളുടെ അച്ഛൻ്റെ കൈയ്യിലുള്ളത് എല്ലാം തീർന്നപ്പോൾ എൻ്റെ അച്ഛൻ കണ്ണടച്ചു.

വീടിൻ്റെ തെക്കേ മതിലിനോട് ചേർന്ന് അച്ഛനെ ദഹിപ്പിച്ച് പുക അടങ്ങും മുമ്പേ ആയിരുന്നു ഓമന അമ്മായിയുടെ ആദ്യ പ്രകടനം. അന്ന് 'നിൻ്റെ കാലവരവാടി ഇതിനൊക്കെ കാരണം' എന്ന് അമ്മായി പറഞ്ഞു തുടങ്ങിയത് ഞാൻകൂടി കേൾക്കെ ആയിരുന്നു. പാവം അമ്മ, അമ്മായിയുടെ വായ പൊത്തിയത് കൊണ്ട് എന്താ പറഞ്ഞതെന്ന് അധികമാർക്കുമങ്ങ് പിടികിട്ടിയതുമില്ല. അന്ന് ഞാൻ അമ്മായിയെ രൂക്ഷമായൊന്നു നോക്കി. അമ്മായി എന്നെ 'എന്താടാ' എന്ന മട്ടിൽ തിരിച്ചും നോക്കി.
ഓമന അമ്മായിക്ക് ഇതെന്തിൻ്റെ കേടാണ്. ഒറ്റാന്തടിയായ അവർക്ക് വയസ് 65 കഴിഞ്ഞു. ഞങ്ങളുടെ ബസ്സ്റ്റോപ്പിൻ്റെ പഴയകാലത്തെ പേര് 'ഓമന വളവ്' എന്നായിരുന്നു. എൻ്റെ കൂട്ടുകാരന് കിട്ടിയ അറിവാണ്. ഓമന അമ്മായിയെ പണ്ടത്തെ വണ്ടിക്കാർക്ക് പലർക്കും അറിയാമായിരുന്നുവത്രെ. അന്ന് 30 പിന്നിട്ട അവർ താമസിച്ചിരുന്നത് എൻ്റെ വീടിനോട് ചേർന്ന് ഒറ്റമുറി വീട്ടിലായിരുന്നു.
ഞങ്ങളുടെ വീട്ടിൽ സ്വാതന്ത്ര്യക്കുറവ് തോന്നിയതിനാലാകണം വളരെ ചെറിയൊരു വീട് അവർ പണിയിച്ചത്. ഇരുട്ടു മൂടിയാൽ അന്ന് ലോഡുമായി വരുന്ന വണ്ടികൾ ഞങ്ങളുടെ വീടിൻ്റെ താഴെ മെയിൻ റോഡിൽ വിശ്രമിക്കുമായിരുന്നുവത്രെ.
മെയിൻ റോഡാണെങ്കിലും അക്കാലത്ത് പ്രദേശത്തുള്ളത് രണ്ടുമൂന്ന് വീടുകൾ മാത്രം. താരതമ്യേന ആളൊഴിഞ്ഞ സ്ഥലത്തെ സ്റ്റോപ്പിന് അങ്ങനെ പ്രൈവറ്റ് ബസുകാർ കൊടുത്ത പേരായിരുന്നു 'ഓമന വളവ്'.
അമ്മായി പുക്കാട്ടുപടിക്ക് താമസം മാറ്റി രണ്ട് പതിറ്റാണ്ടായിട്ടും 'ഓമന വളവ്' എന്ന പേര് മാറിക്കിട്ടുവാൻ നാട്ടുകാർ പ്രാർത്ഥിച്ചിരുന്നുവത്രെ. നാട്ടുകാരായിട്ട് ഒന്നു രണ്ടു പേരുകൾ ഇട്ട് സ്വീകരിക്കപ്പെടാതെ വന്നതോടെയാണ് 'പൂമല ജംങ്ഷൻ' എന്ന ഇപ്പോഴത്തെ പേര് ബസ്സ്റേറാപ്പിന് കിട്ടിയത്. എൻ്റെ വീടിനു മുന്നിലുള്ള റോഡിലൂടെ കുറെ ദൂരം ഉള്ളിലേക്ക് പോയാൽ പിന്നെ ഉരുളൻ കല്ലു നിറഞ്ഞ വഴിയാണ്. കുറച്ചു കൂടി നടന്നാൽ കുന്നായി. കുന്ന് നിറയെ പണ്ട് വയലറ്റ്, മഞ്ഞ പൂക്കൾ വിരിഞ്ഞു നിന്നിരുന്ന പൂമലയാണ്.
പറമ്പിൻ്റെ അതിരിലെ നെഞ്ചുയരമുള്ള ഈടു ചാടി ഞാൻ റോഡിലെത്തി. റോഡിലിപ്പോൾ ഇരു വശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട ഒഴുക്കുണ്ട്. ഇവിടത്തെ റോഡിനെ അറിയാത്ത കാറുകളും ബൈക്കുകളും ഓവർടേക്ക് ചെയ്തും, ചെയ്യാൻ ശ്രമിച്ചും അങ്ങനെ ചീറിപ്പായുകയാണ്. അവക്കിടയിൽ നിറഞ്ഞ ഭാരവുമായി ടോറസ് ലോറികളും, കണ്ടെയ്നർ ട്രക്കുകളുമുണ്ട്. പ്രൈവററും, ട്രാൻസ്പോർട്ടും ബസുകൾ ഹോണടികളോടെ ഓവർടേക്ക് ചെയ്ത് മുന്നേറുന്നു.
വീട്ടിൽ വന്നിട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനുള്ളതു കൊണ്ട് നേരത്തെ പോകുമെന്ന് പറഞ്ഞ ബന്ധു പ്രിയലക്ഷ്മിയും രണ്ടു മക്കളും പെരുമ്പാവൂർ ദിശയിലേക്കുള്ള ബസിനു പോകുവാൻ റോഡുക്രോസു ചെയ്യാനാകാതെ നിന്നു തുടങ്ങിയിട്ട് അഞ്ചു മിനിറ്റു കഴിഞ്ഞിരിക്കുന്നു. ഇടക്ക് തിരക്കൊന്ന് ഒഴിഞ്ഞ് റോഡ് വട്ടം കടക്കുവാൻ തുനിയവെ ഒരു ബൈക്ക് അതിവേഗത്തിൽ പാഞ്ഞു പോയതിനാൽ അവർക്ക് റോഡുമുറിച്ചു കടക്കുവാനായില്ല. പൂജ അവധി ദിനങ്ങളായതിനാൽ റോഡിൽ മൂന്നാറിലേക്കും കുമളിയിലേക്കും തിരിച്ചുമുള്ള ടൂറിസ്റ്റുകളുടെ ബസുകൾ രണ്ടു ദിവസമായി കൂടുതലായുണ്ട്.
റോഡ് സൈഡിൽ ഏറ്റവും കൂടുതൽ പൊന്തക്കാടുള്ളിടത്തെ കുഴിയിലേക്ക് ഞാനിറങ്ങി. ഞാൻ വന്ന പറമ്പിലെ ഈടിന്മേൽ വട്ടമരങ്ങൾ തണൽ വിരിച്ചു നിന്നിരുന്നതിനാൽ വെയിലേറ്റ് തളരേണ്ടി വന്നില്ല. വാക്കത്തികൊണ്ട് കാടാക്കെ വെട്ടി പറമ്പിലേക്ക് ചവറ് ചുമന്നിട്ടു. ആരൊക്കെയോ എത്തി നോക്കുന്നുണ്ട്. അരമണിക്കൂറ് കഴിഞ്ഞപ്പോൾ ഒരു ചെറു സ്റ്റീൽ പാത്രത്തിൽ വെള്ളവുമായി അമ്മയെത്തി.
'ഈ നേരത്ത് നീ അവിടെ വേണ്ടതല്ലെ. നീ കഴിച്ചൂല്ലല്ലൊ. വെള്ളോങ്കിലും കുടിക്ക്. അമ്മായി അങ്ങനെ ചെലക്കും. നീ ഇവിടെ പണിയിലാന്ന് പറഞ്ഞറിഞ്ഞപ്പെ വർത്താനൊക്കെ നിറുത്തി മുറീ പോയി കിടക്വാ.'
വാശി പിടിച്ചാൽ പെട്ടെന്നൊന്നും തീരുകയില്ലെന്ന് അമ്മക്കറിയാം. വെള്ളപാത്രം വച്ച് തിരികെ പോകുമ്പോൾ അമ്മ വീണ്ടും പറഞ്ഞു.
'നീ വൈകാതെ വാട്ടൊ. ആർദ്ര ഒറ്റക്കൊള്ളൂന്ന തോന്നല് മനസിലുണ്ടാവണോട്ടൊ.'
ഞാനിറങ്ങി പണിയുന്ന സ്ഥലം കലുങ്കിലേക്ക് വെള്ളം ഒഴുകുന്ന ഇടമാണ്. റോഡിലൂടെ പോകുന്ന വണ്ടിക്കാർക്കും, കാൽനടക്കാർക്കും, കാടുകയറി മൂടിയതിനാൽ ഇവിടെ ഒരു കുഴിയോ, ആഴമുള്ള കലുങ്കോ ഉണ്ടെന്ന് അറിയില്ല.
കലുങ്കിൻ്റെ ഇരുവശത്തെയും ഉയർന്നു നിന്നിരുന്ന കരിങ്കൽകെട്ടുകൾ വണ്ടികൾ ഇടിച്ചു തകർന്നു പോയിട്ട് പതിറ്റാണ്ടുകൾ ആയിട്ടുണ്ടാകണം. കാടു നിറഞ്ഞു നിൽക്കുന്നതിതാൽ ഞാൻ നിൽക്കുന്ന സ്ഥലമാകെ കൂടുതൽ വെയ്സ്റ്റു സാധനങ്ങൾ വലിച്ചെറിയപ്പെടുന്ന പ്രദേശമാണ്. പ്ലാസ്റ്റിക്ക് കിറ്റുകളിൽ മാത്രമല്ല ചാക്കുകളിലും മാലിന്യങ്ങൾ തള്ളപ്പെടുന്നു.
റോഡിലെ വാഹനങ്ങളുടെ ശബ്ദത്തിനു പുറമെ ആളുകളുടെ സംസാരം കേട്ടതോടെ കുഴിയിൽ നിന്നും ഞാൻ മുകളിലേക്ക് നോക്കി. പൊതു പ്രവർത്തകനും കൂട്ടാളികളായ കുറെ ചെറുപ്പക്കാരുമാണ്. ആൾക്കാരുടെ കൂട്ടത്തിൽ കൊച്ചച്ഛൻ ശശിയച്ഛനുമുണ്ട്.
'എന്താ നിൻ്റെ ഉദ്ദേശം. എന്തെങ്കിലും തോന്ന്യാസം കാട്ടാനാണെങ്കി പോലീസ് എത്തൂട്ടൊ. പറയൂല്ലങ്കി നിന്നേക്കൊണ്ട് പറയിപ്പിച്ചോളും'
അയാളും സംഘവും വിട്ടു പോയി. കൊച്ചച്ഛൻ എൻ്റെ അടുത്തേക്ക് ഇറങ്ങി വന്നു. ചവറ് വെട്ടിക്കളഞ്ഞ പ്രദേശമാകെ കണ്ണോടിച്ചപ്പോൾ, മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതിലേക്കും കൊച്ചച്ഛൻ്റെ നോട്ടം പതിയുന്നുണ്ട്. വീടുകളിൽ നിന്നും കാറുകളിൽ, ബൈക്കുകളിൽ ഒക്കെയായി കൊണ്ടുവന്നു തള്ളിയ ചാക്കുകെട്ടുകൾ, പഴയ വസ്ത്രങ്ങൾ, ചെരിപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പൊട്ടിയ ബിയർ - ബ്രാണ്ടി ബോട്ടിലുകൾ, കരിക്കു വെട്ടിയതിൻ്റെ അവശിഷ്ഠങ്ങൾ, ചാക്കിൽ കെട്ടിയ നിലയിൽ കോഴിക്കടയിലെയും പച്ചക്കറിക്കടയിലെയും ഉണങ്ങിയ വെയിസ്റ്റ്, അങ്ങനെ എന്തൊക്കെയുണ്ടെന്ന് വിശദമായി ഞാനും നോക്കിയത് ഇപ്പോഴാണ്.
കാലവർഷം മാറി തുലാവർഷം എത്തിയതിനാൽ കലുങ്കിലൂടെ കുറച്ച് വെള്ളം ഒഴുകുന്നുണ്ട്. അമ്മ വച്ചിട്ടു പോയ പാത്രത്തിൽ നിന്ന് രണ്ടു കവിൾ വെള്ളമെടുത്ത് കുടിക്കവെ കൊച്ചച്ഛൻ ചോദിച്ചു.
'എടാ, ഇതൊക്കെ പെറുക്കി മറ്റാനാണോ. വല്ല ജേസീബീം വിളിച്ച് തൊഴിലുറപ്പുകാരേം കൊണ്ട് ചെയ്യിക്കട്ടെ. ഞാൻ രണ്ടടിക്കാൻ പയ്യാല് വരെ പോയി. ഞാനുണ്ടായിരുന്നെങ്കി നീ ഇവിടെ എറങ്ങൂല്ലാർന്നു. മോനേ, നമുക്ക് കേറിപ്പോകാം'.
ഞാൻ വഴങ്ങുകയില്ലെന്ന് കണ്ടപ്പോൾ കൊച്ചച്ഛൻ അയഞ്ഞു. എന്നാൽ ഞാനും ഉണ്ടെന്ന ഭാവത്തിലായി. അങ്ങനെ ബലമായി എൻ്റെ കൈയ്യിൽ നിന്ന് തൂമ്പയും കുട്ടയും വാങ്ങി. പിന്നെ, ഞങ്ങൾ നിന്നിടത്തു നിന്ന് കുറച്ചു മാറി റോഡരികിൽ ആഴവും പരപ്പുമുള്ള വലിയൊരു വേസ്റ്റുകുഴി ഉണ്ടാക്കി. വേസ്റ്റുകൾ ആ കുഴിയിലിട്ട് നിറക്കുകയെന്ന കൊച്ചച്ഛൻ്റെ ചിന്തയെ മനസുകൊണ്ട് ഞാൻ അഭിനന്ദിച്ചു. പിന്നീട് ഞാൻ വേസ്റ്റ് കോരി തലയിൽ വച്ചു കൊടുക്കുവാനും, കൊച്ചച്ഛനത് കുഴിയിൽ കൊണ്ടുപോയി ഇടുവാനും തുടങ്ങി.
അവിടെ ഉണ്ടായിരുന്ന നിറചാക്കുകൾ ഞാൻ കാലിയാക്കി. എന്നിട്ട് പ്ലാസ്റ്റിക്ക്, ചെരുപ്പ്, കുപ്പി, ഇരുമ്പ് ഇത്യാദി സാധനങ്ങൾ വെവ്വേറെ ചാക്കുകളിൽ നിറച്ചു. വീശാനുള്ളത് അവ വിറ്റാൽ കിട്ടുമെന്ന കൊച്ചച്ഛൻ്റെ വാദം ഞാൻ അംഗീകരിക്കുകയും, നിറച്ചു വച്ച ചാക്കുകൾ കൊച്ചച്ഛൻ റോഡരികിലെ കയ്യാലയോട് ചേർത്ത് ഇറക്കി വക്കുകയും ചെയ്തു.
സമയം ആറിനോട് അടുത്തു. അപ്പോൾ ആദ്യ കുഴി വെയിസ്റ്റിനാൽ നിറയുകയും, അത് കൊച്ചച്ഛൻ മണ്ണിട്ട് മൂടുകയും ചെയ്തു. ഞാൻ വീണ്ടും കുഴിയിലേക്ക് ആകമാനം കണ്ണോടിച്ചു. മൂന്നിലൊന്ന് വെയിസ്റ്റ് പോലും നീക്കിയിട്ടില്ല. എൻ്റെ നോട്ടം കണ്ടിട്ട് കൊച്ചച്ഛന് അരിശം വന്നു.
'അപ്പഴേ ഞാൻ പറഞ്ഞതല്ലെ. എന്താ നിൻ്റെ പ്ലാൻ. '
ഞാൻ പറഞ്ഞു.
' ഈ വെയിസ്റ്റ് മാത്രമല്ല, കലുങ്കിലെ മണലും മണ്ണും മാറ്റണം. അങ്ങനെ കലുങ്കിനടിയിലൂടെ ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാനുള്ള വഴി തുറക്കണം. ഇനി ഒരാളും ഇവിടെ മരിക്കാമ്പാടില്ല'.
കൊച്ചച്ഛന് പെട്ടെന്നൊരു തലക്കറക്കം പോലെ തോന്നിച്ചു . എൻ്റെ മുഖത്തു നോക്കി 'നിനക്ക് വട്ടായോ' എന്ന് പറയാൻ തുടങ്ങിയിട്ട് വിഴുങ്ങിയെന്ന് തോന്നുന്നു.
എൻ്റെ കാലിൽ നിന്നും ചോര വരുന്നത് കണ്ട് കൊച്ചച്ഛൻ ഒച്ചവച്ചു. വേദന തോന്നാത്തതിനാൽ എനിക്ക് മനസിലാക്കാനായില്ല. കുപ്പിച്ചില്ല് കൊണ്ടതാകണം. ഞങ്ങൾ പണി നിറുത്തി കയറി. പൊട്ടി ഒഴുകുന്ന വാട്ടർ ടാപ്പിലെ ഇററിറ്റു വീണ വെള്ളത്തിൽ കൈകാലുകൾ കഴുകി. കൊച്ചച്ഛൻ്റെ തോർത്തു വാങ്ങി വെള്ളം നനച്ച് ദേഹമാകെ ചെറുതായൊന്നു തോർത്തിയെടുത്തു.
'എടാ, ഒരു കുപ്പി വാങ്ങണം. ഞാമ്പോയി ബൈക്കിടുത്ത് വരട്ടെ. നിൻ്റെ ഫോണും കൊണ്ടോരാം. '
ഞാൻ ഓക്കെ പറഞ്ഞു. ഫോണിൽ ഗൂഗിൾ പേ ഉണ്ടല്ലൊ. അമ്മയോട് പറഞ്ഞ് മേശവലിപ്പിൽ നിന്ന് കുറച്ചു രൂപകൂടി വാങ്ങിക്കൊണ്ടു വരുവാൻ കൊച്ചച്ഛനെ ഏർപ്പാടാക്കി. കെട്ടടങ്ങിയ വിശപ്പ് വീണ്ടും തുടങ്ങി. കുഴിവെട്ടി മൂടിയതിനു മുകളിൽ കൊച്ചച്ഛൻ്റെ വരവിനായി ഇരുട്ടത്ത് കാത്തുനിന്നു.
വൈകുന്നത് കണ്ട് ആദ്യം കിഴക്കോട്ടും പിന്നീട് പടിഞ്ഞാറോട്ടും അതിവേഗം വെളിച്ചം തെളിയിച്ച് പോകുന്ന വണ്ടികളുടെ എണ്ണമെടുക്കുവാൻ തുടങ്ങി. സന്ധ്യ മയങ്ങിയിട്ടും വെളിച്ചം ഇല്ലാതെ പായുന്ന വണ്ടികളെയും നോക്കി 'കാലൻ വരുന്നുണ്ടേ' എന്ന് അത്യുച്ചത്തിൽ വിളിച്ചുകൂകിയത് ആരെങ്കിലും കേൾക്കുകയുണ്ടായോ എന്നറിയില്ല. ഏതായാലും, ഇതിനിടെ പ്ലാസ്റ്റിക് കിറ്റിൽ നിറച്ച രണ്ടു മൂന്ന് മാലിന്യക്കൂടുകൾ കുഴിയിലേക്ക് വീണിരുന്നു. അപ്പോഴേക്കും ബൈക്കും കൊച്ചച്ഛനും എത്തി. കാലിലെ മുറിവ് ഒന്നുകൂടി നന്നായി കഴുകി കൊച്ചച്ഛൻ കൊണ്ടുവന്ന മരുന്നു പുരട്ടി പ്ലാസ്റ്ററൊട്ടിച്ചു.
രണ്ട്
ശുഷ്കാന്തി
'പയ്യാലിന് വിട്ടോ'
കൊച്ചച്ഛൻ നിർദ്ദേശം തന്നു. ഓടക്കാലി കഴിഞ്ഞുള്ള പയ്യാലിലാണ് സാധനം കിട്ടുന്ന ഏറ്റവും അടുത്ത സ്ഥലം. ഞാൻ ബൈക്ക് വലത്തോട്ട് എടുത്തു. നേരം ഇരുട്ടിയതോടെ എതിർദിശയിൽ കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് കൂടുതലും. കാറും, ബൈക്കും, ലോറിയും, ഓട്ടോറിക്ഷയും ക്ഷമ പാലിച്ച് ഇരുവശത്തേക്കും നിരനിരയായി ഒഴുകുന്നുണ്ട്. ബസുകൾ മാത്രം ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നു. രണ്ടാമത്തെ കൊടുംവളവ് എത്തവേ ബൈക്ക് പെട്ടെന്ന് നിന്നു.
'പെട്രോള് തീർന്നോ?'
ഞാൻ സംശയം പറഞ്ഞു. കൊച്ചച്ഛൻ ഇടതുവശത്തെ മൺതിട്ട ചൂണ്ടി വിശദീകരിച്ചു.
'എടാ, ഓവർ ടേക്ക് ചെയ്യുമ്പെ ഇവിടെ ഉണ്ടായിരുന്ന മൺതിട്ടേല് ഇടിച്ചാണ് 10-12 വർഷം മുമ്പ് 'ശലഭം' ബസിലെ മൂന്നു യാത്രക്കാര് സ്‌പ്പോട്ടില് മരിച്ചത്.'
ഞാൻ പറഞ്ഞു.
'എന്നാ നമക്ക് കോതോംഗലം പാം'.
ബൈക്ക് കോതമംഗലം ഭാഗത്തേക്ക് തിരിക്കാൻ സ്റ്റാർട്ടാക്കിയപ്പോൾ ദേ വണ്ടി സ്റ്റാർട്ടായി. കൊച്ചച്ഛൻ പറഞ്ഞു.
'എടാ, നീ പേടിക്കണ്ടാട്ടൊ.'
അങ്ങനെ പൂമല ജംങ്ഷൻ - പപ്പൂസ് ഹോട്ടൽ - ഈസ്റേറൺ കമ്പനി കഴിഞ്ഞ് ഞങ്ങളുടെ ബൈക്ക് പായവെ അത് ചടേന്ന് വീണ്ടും നിന്നു.
'എട, പണി പാളി. ഇത് പുത്തൻവീട്ടിലെ ജോളി ബസിടിച്ച് മരിച്ച സ്ഥലാ. ഡിഗ്രിക്കു പഠിക്കണ ജോളി അതിസുന്ദരിയായിരുന്നു. ഞാനുൾപ്പെട്ട എസ്ടിക്കാരും വേറെ കൊറേപ്പേരും അവിടന്ന് ദിവസോം കേറും. തലേന്ന് 'മാർത്ത' നിർത്തീല്ല. ഇന്ന് ബസ് ഞാൻ നിർത്തിക്കൂന്ന് വരുമ്പഴേ തന്നെ ജോളി പറഞ്ഞു. റോഡിൻ്റെ നടുക്കോട്ട് കേറി നിന്ന ജോളിയേയും കൊണ്ട് മുന്നോട്ട് കുറെ ദൂരം കൂടി പോയ ശേഷ ബസ് നിന്നത്.'
കൊച്ചച്ഛൻ ചെറുകരച്ചിലോടെ തുടർന്നു.

'ജോളി രക്തത്തിൽ കുളിച്ച് നിശ്ചലയായി കിടക്കുന്നത് ഇന്നും ഭയത്തോടെയെ ഓർക്കാനാകൂ'.
വീണ്ടും സ്റ്റാർട്ടായി നൂറു മീററർ പിന്നിട്ട് ഇരുമലപ്പടി കനാൽപ്പാലം എത്തിയപ്പോൾ ബൈക്ക് വീണ്ടും നിന്നു.
'എടാ, ഇത് പാനിപ്ര തടത്തിവീട്ടിലെ സഹദേവൻ മരിച്ച സ്ഥല. കോതമംഗലത്ത് ചുമട്ടു തൊഴിലാളി ആയിരുന്നു. അനാഥ പ്രേതങ്ങളെ കുരൂര് തോട്ടീന്ന് ഉൾപ്പെടെ നീക്കുവാൻ പോലീസിൻ്റെ സഹായി ആയിരുന്നു. എല്ലാർക്കും ഉപകാരി ആയിരുന്നു സഹദേവൻ '.
കൊച്ചച്ഛൻ തുടർന്നു.
'ആള് തികഞ്ഞ മദ്യപാനിയായിപ്പോയി. മദ്യപാനം നിർത്താൻ ചികിത്സ നടത്തീട്ട് വീണ്ടും കഴിക്കാൻ തൊടങ്ങി.അങ്ങനെ ഇരുമലപ്പടി ഷാപ്പീന്ന് കുടിച്ചിട്ട് പോകുമ്പെ റോഡിൻ്റെ വലതുവശം ചേർന്നു നടന്ന സഹദേവന് മുദ്രാവാക്യം വിളിച്ച് എടതു വശത്തേക്ക് പോണോന്ന് ഒരു തോന്നൽ.
സ്വന്തം സംഘടനക്കും, നേതാക്കൾക്കും ജയ് വിളിച്ച് ചാടീത് 'ചൈത്രം' ബസിൻ്റെ മുന്നിലേക്ക്. അപ്പതന്നെ തീർന്നു. നീ വണ്ടി എടുക്ക്'.
കൊച്ചച്ഛൻ പറഞ്ഞതോടെ ഞാൻ വണ്ടി സ്റ്റാർട്ടാക്കി. വീണ്ടും പായുമ്പോൾ എനിക്കാകെ സംശയമായി. ശ്ശെടാ, അപകടത്തിൽ മരിച്ചവരുടെ ആത്മാവ് ഇപ്പോഴും അതാതിടങ്ങളിൽ തങ്ങുന്നുണ്ടാകുമോ? സംശയ നിവർത്തിക്ക് പോയില്ല.
കൊച്ചച്ഛനിപ്പോൾ ജയചന്ദ്രൻ സ്മൃതിയിൽ പാട്ടുപാടുകയാണ്. 'താമസമെന്തേ വരുവാൻ പ്രാണസഖീ...'
നൊസ്റ്റാൾജിയ ഫീൽ ചെയ്താൽ ചെറുതല്ലാത്ത പ്രശ്നമാണ്. എത്ര കഴിച്ചിട്ടുണ്ടെന്ന് ചോദിക്കാമെന്നു വച്ചാൽ അസ്ഥാനത്താവും. ചിലപ്പോൾ യാത്ര തന്നെ നിലക്കും.
ഇരുമലപ്പടി കിഴക്കേക്കവല കഴിഞ്ഞിട്ടുള്ള പെട്രോൾ പമ്പിൻ്റെ വളവിൽ ബൈക്കിൻ്റെ ഓട്ടം വീണ്ടും നിലച്ചു. കൊച്ചച്ഛൻ പറഞ്ഞു.
'എടാ, ഇത് ഒത്തിരി പഴയ അപകടാ. ഞാന് പറഞ്ഞ് കേട്ടിട്ടേയൊള്ളു. 1965 ബ്ലാക്ക് & വൈറ്റ് കാലത്തെ സംഭവ. വൈകിട്ടായിരുന്നു മൂന്നാർ ടീ എസ്റേററ്റിലെ മാനേജരുടെ, മുന്നിൽ ഷീൽഡ് പോലത്തെ ഗ്ലാസ് ഫിറ്റ്ചെയ്ത ബുള്ളറ്റായിരുന്നു. എറണാകുളത്തു നിന്ന് വന്ന മൂന്നാർ ഫാസ്റ്റ് പാസഞ്ചറ ഇടിച്ചത്. അപ്പത്തനെ കഴിഞ്ഞൂന്നാ കേട്ടിട്ടൊള്ളെ.
നീ ബൈക്ക് സ്റ്റാർട്ട് ചെയ്യണ്ട. ഒരു നൂറ് മീറ്ററ് തള്ള്. ദാ ഇവിടാ, പൂക്കട മോഹനൻ്റെ മോള് ഏഴില് പഠിക്കുമ്പെ സ്കൂൾ ബസിൽ കേറാൻ റോഡു ക്രോസ് ചെയ്തത. ഓട്ടോ ഇടിച്ച മരിച്ചെ.'
അങ്ങനെ ഇടക്കിടെ ബൈക്ക് നിന്നും, തുടർന്ന് സ്റ്റാർട്ടാക്കിയും യാത്ര തുടർന്നു. ഇടക്ക് കമ്പനിപ്പടിയിൽ ഒരു പഴം - ജ്യൂസ് കടയുടെ മുന്നിൽ ബൈക്ക് നിലക്കവേ 'ഇവിടെ വണ്ടിയിടിച്ച് ആരാ മരിച്ചട്ടൊള്ളെ' എന്ന് കൊച്ചച്ഛൻ ബാക്കിലിരുന്നു തന്നെ കടയിലെ പയ്യനോട് ചോദിക്കുകയും, 'അറി ഇല്ല' എന്ന് മറുപടി ലഭിക്കുകയും, 'എൻ്റെ മണ്ടത്തരം. അവൻ ബംഗാളിയാകാം' എന്ന് എന്നോട് തമാശ പറയുകയും ചെയ്തു. നങ്ങേലി ആയുർവേദ ആശുപത്രി കഴിഞ്ഞുള്ള കൊടുംവളവും കയറ്റവും ആയപ്പോൾ ബൈക്ക് വീണ്ടും നിന്നു.
' അറിയാങ്കി, കൊച്ചച്ഛനിതൊന്ന് പറഞ്ഞൂടാർന്നൊ. ഇതിപ്പെ ഈ കേറ്റത്തില് '.
കൊച്ചച്ചൻ ചാടിയിറങ്ങി. ഞാൻ ബൈക്ക് ഉന്തി കയറ്റം കഴിഞ്ഞപാടെ സ്റ്റാൻഡിൽ വച്ചു.
'ഇതേ നമ്മടെ ലഷ്മി കോളേജിലെ പ്രൊഫസറ. നെല്ലിക്കുഴി കാഞ്ഞിരംമൂട്ടിലെ യൂസഫ്സാറ്. ഒത്തിരി ശിഷ്യസമ്പത്തുണ്ടാർന്നു. എന്താ അങ്ങേരുടെ ഇംഗ്ലീഷ് ക്ലാസ്. സർക്കാർ കോളേജീന്ന് റിട്ടയർ ചെയ്ത ശേഷം പാരലൽ കോളേജിലെ സാറായതായിരുന്നു. 85 കാലമാണ്. പഴയ ലാബ്രട്ടയിൽ എന്നത്തേയും പോലെ 30-40 സ്പീഡിലായിരുന്നു പ്രൊഫസറ്. എതിരെ നിന്ന് ഓവർ ടേക്കു ചെയ്തു വന്ന ലോറി ഇടിക്കാർന്നു'.
അടിക്കടി ബൈക്ക് നിൽക്കുന്നത് എന്നെ ഏറെ അസ്വസ്ഥനാക്കി. ഞാൻ ഏറെക്കുറെ നിരാശയിലാണെന്ന് കണ്ട കൊച്ചച്ഛൻ പറഞ്ഞു.
'ടാ, നീ നിരാശപ്പെടാതെ. ഇനി നാലഞ്ചിടത്തു കൂടിയെ നിൽക്കു. അല്ലെങ്കി നമുക്ക് എച്ചിത്തൊണ്ടു വഴി പോകാം. അതുവഴി പോയാപ്പിന്നെ ഇമ്മാതിരി പ്രശ്നോന്നും ഒണ്ടാവില്ല'.
അങ്ങനെ വളഞ്ഞ വഴി സ്വീകരിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. റൂട്ടുമാററിപ്പിടിച്ച്, കോഴക്കാട്ടുമല എസ്റേററ്റിനു നടുവിലെ പുതിയ റോഡിലൂടെ ബസേലിയോസ് നേഴ്സിങ്ങ് കോളേജ്, ഡെൻ്റൽ കോളേജ്, എച്ചിത്തൊണ്ട് വഴി തൃക്കാരിയൂർ റോഡിൽ കടന്ന് ബൈപാസിലൂടെ മദ്യഷോപ്പിലെത്തി. കൊച്ചച്ഛൻ്റെ ബ്രാൻഡ് മാക്ഡോവൽ വിസ്കിയാണ്. അത് ഒരു ലിറ്ററ് വാങ്ങി. പിന്നെ, രണ്ടു വീര്യം കൂടിയ ബിയറും. തിരിച്ചു ഞങ്ങൾ മെയിൻ റോഡ് ഉപേക്ഷിച്ച് എച്ചിത്തൊണ്ടു വഴി തന്നെപോന്നു. ഒരു പ്രശ്നവും തോന്നിയില്ല.
നെല്ലിക്കുഴി വന്നപ്പോൾ കൊച്ചച്ഛൻ ബൈക്കിൽ നിന്നും 'വന്നോളാം' എന്നു പറഞ്ഞ് ഇറങ്ങി. സോഡ, വെള്ളം, ചില്ലുഗ്ലാസ്, ചിപ്സ് അനാദികൾ മാത്രം വാങ്ങുവാൻ ഇറങ്ങിയതാണെങ്കിൽ വന്നോളാം എന്ന് പറയേണ്ടതില്ലല്ലോ.
ഞാനൊരു അഞ്ഞൂറിൻ്റെ നോട്ട് കൊച്ചച്ഛൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. നിൽക്കാമെന്ന് പറഞ്ഞപ്പോൾ 'പൊക്കോ' എന്നു പറഞ്ഞതിനാൽ ഞാൻ പോന്നു. എന്തു ഗുലുമാൽ ഒപ്പിക്കുമെന്ന് അറിയില്ല.
ഇരുട്ടിൽ റോഡരികിൽ തോർത്ത് വിരിച്ച് അതിലിരുന്നു. സമയം എട്ടാകുന്നു. ഈ കൊച്ചച്ഛനിത് എവിടെപ്പോയി കിടക്കുകയാണോ ആവോ? ഇങ്ങനെ പോയാൽ പണി തീർക്കുവാൻ എത്ര ദിവസം എടുക്കുമെന്ന് കണക്കുകൂട്ടുവാൻ സാധിക്കാതെ ഞാൻ വിഷമിച്ചു.
മനസു വേദനിച്ച് കണ്ണുനീര് ഒഴുകി മുഖമാകെ പരന്നപ്പോൾ പൈപ്പിൻ ചുവട്ടിൽ നിന്ന് മുഖമൊന്ന് കഴുകി. വിശപ്പ് പാരമ്യത്തിലെത്തി. സാധനം ബൈക്കിൽ ഇരിക്കുമ്പോൾ പോക്കറ്റിൽ ഇട്ടു കൊടുത്ത 500ന് കൂടി അടിക്കുവാൻ വീണ്ടും കോതമംഗലത്തിന് പോയിക്കാണുമോ? അങ്ങനെ അടിച്ച് കഴിക്കാനുള്ളതും വാങ്ങാതെ ആകുമോ വരവ്?
മൂന്ന്
അദൃശ്യവാക്യം
കൊച്ചച്ഛൻ വന്നത് ഓട്ടോറിക്ഷയിലാണ്. സമയം എട്ടര ആയിരുന്നു. ഓട്ടോയുടെ ബാക്കിൽ നിന്നും സാധനങ്ങൾ ഇറക്കി വയ്ക്കുവാൻ പറഞ്ഞതു പ്രകാരം ഞാൻ നോക്കിയപ്പോൾ ഡിക്കിയിലാകെ പണി സാധനങ്ങളാണ്. ആറു വീതം ചട്ടി, തൂമ്പ, ചെറുതും വലുതും കുലശേറ്, കാക്കി കവർക്കൂട്ടിൽ 10 കിലോ സിമൻ്റ്, 10 കാലിച്ചാക്ക്. അങ്ങനെ പോയി കൊണ്ടുവന്ന സാധനങ്ങളുടെ കണക്ക്.
ശേഷം സീറ്റിൽ വച്ചിരുന്ന രണ്ട് കിറ്റുകൾ കൊച്ചച്ഛൻ തന്നെ എടുത്ത് എന്നെ ഏൽപ്പിച്ചു. സോഡക്കുപ്പി രണ്ട്, തണുത്തതും തണുക്കാത്തതുമായ ഈരണ്ടു കുപ്പിവെള്ളം, ചില്ലു ഗ്ലാസ് രണ്ട്, മിക്ച്ചർ, കപ്പ വറുത്തത്, അഞ്ചാറ് ഓറഞ്ച്, രണ്ട് ഭക്ഷണപ്പൊതി ഒക്കെയാണ് കൂടുകളിലേക്ക് കണ്ണോടിച്ചപ്പോൾ എനിക്ക് കാണുവാനായത്. വിശപ്പ് കെട്ടെങ്കിലും എനിക്ക് സന്തോഷമായി.
ഓട്ടോ പറഞ്ഞു വിട്ടു. ഭക്ഷണ കിറ്റുകൾ നിലത്ത് വച്ചശേഷം പണി സാധനങ്ങൾ റോഡരികിലേക്ക് കഴിവതും അടുപ്പിച്ചു. പൊതുടാപ്പിൽ നിന്ന് കുറേശെ വന്നു കിട്ടിയ വെള്ളത്തിൽ ഒന്നുകൂടി കൈ കഴുകി. ബൈക്കിൻ്റെ സൈഡ് ബോക്സിൽ നിന്നും വിസ്കി, ബിയർ ബോട്ടിലുകൾ ഞാനെടുത്തു. കിറ്റുകളുമായി കൊച്ചച്ഛൻ തൊട്ടുപിറകെ. പറമ്പിൻ്റെ ഈടു ചാടിക്കടന്നാൽ ഒരു ചെറിയ പാറപ്പുറമുണ്ട്. കിറ്റുകൾ ഈടിൽ വച്ചശേഷം ഇരുകൈകുത്തി ഞാൻ മുകളിലേക്ക് ഉയർന്ന് കയ്യാലകയറി. ശേഷം കൊച്ചച്ഛനെ വലിച്ചു കയറ്റി.
ഞങ്ങൾ പാറയിലിരുന്ന് മദ്യപിക്കുവാനും, ബിരിയാണികഴിക്കുവാനും തുടങ്ങി. ബിയർ കഴിക്കാമെന്നു കരുതിയ എനിക്കാദ്യം രണ്ട് പെഗ് വിസ്ക്കിയാണ് കൊച്ചച്ഛൻ ഒഴിച്ചു തന്നത്. പിന്നെ ബിയർ മിക്സു ചെയ്തായി. ശരിക്കു പറഞ്ഞാൽ എത്ര വലിച്ചു കയറ്റിയെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. അഞ്ച് പെഗ് ഉറപ്പാണ്. മിക്സു ചെയ്ത് കഴിച്ചിട്ടും എനിക്ക് യാതൊരു കുലുക്കവുമില്ല. കൊച്ചച്ഛൻ ആകെ ഡൗണായി.
'എന്തിനാണ് ഇത്രയും പണി സാധനങ്ങൾ വാടകക്ക് എടുത്തത്. എന്താ, നാളെ പണിക്കാരെ വിളിച്ചു വരുത്താന ഭാവോ ങ്കി കൊച്ചച്ഛൻ വിട്ടു പൊയ്ക്കോ. പൊക്കോളണം. എൻ്റെ കയ്യില് ഇതിന് മുടക്കാനിനി കാൽക്കാശില്ല.'
എൻ്റെ സംസാരം കൊച്ചച്ഛന് ഒട്ടും തന്നെ പിടിച്ചില്ല. 'നിനക്ക് ഭ്രാന്താ'ണെന്നായി കൊച്ചച്ഛൻ. 'കൊച്ചച്ഛന ഭ്രാന്ത് ' എന്ന് ഞാനും തിരിച്ചടിച്ചു. ശണ്ഠകൂടിയതിൻ്റെ വിഷമം തീർക്കുവാൻ മൂന്നുകുപ്പികളിൽ നിന്നും ഇറ്റും ബാക്കി വയ്ക്കാതെ കഷ്ടി അര പെഗു വീതം തീർത്തൊഴിച്ചതും ഞാനും കൊച്ചച്ഛനും കൂടെ അകത്താക്കി.
സോഡവെള്ളത്തിൽ കൈ കഴുകി റോഡിലെ വെളിച്ചത്തിലേക്ക് നോക്കിയിരിക്കെ അമ്മ പിന്നെ വന്നില്ലല്ലൊ എന്നോർത്തു. എൻ്റെ രീതിയോടുള്ള ഇഷ്ടക്കേടാകും.
ആർദ്രയും തിരിഞ്ഞു നോക്കീട്ടില്ല. പെങ്ങന്മാർ വിളിച്ചതു പോലുമില്ല. എല്ലാവരും വരുവാൻ ആഗ്രഹിച്ചിട്ടുണ്ടാകും. അമ്മ വിട്ടിട്ടുണ്ടാകില്ല, എന്നോർത്ത് സമാധാനിച്ചു. അവളുടെ അച്ഛൻ പോയിക്കാണുമോ എന്തോ?
കൊച്ചച്ഛൻ മൂന്നു കുപ്പികളിൽ നിന്നും വീണ്ടും ഊറ്റിയൊഴിക്കുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ഒന്നും കിട്ടിയില്ല. ഇനി ഇത്തിരി വെള്ളവും, ചിപ്സും, രണ്ട് ഓറഞ്ചും മാത്രം ബാക്കിയുണ്ട്. വെയിസ്റ്റ് എല്ലാം കൂടി കിറ്റിലാക്കി. നാളെ എടുക്കുന്ന കുഴിയിൽ ഇടാം. പകലു മുഴുവൻ പണിയെടുത്തതിനാൽ ഒന്നു വിശ്രമിച്ചിട്ട് വീണ്ടും തുടങ്ങാമെന്ന് മനസ് കരുതിക്കാണണം. അങ്ങനെ ഞാനും കൊച്ചച്ഛനും പകലിലെ ചൂടു മുഴുവൻ ഉൾക്കൊണ്ട പാറപ്പുറത്തേക്ക് ചാഞ്ഞു. നക്ഷത്രങ്ങളില്ലാത്ത ആകാശം കണ്ടു കിടന്നത് എത്ര നേരമെന്ന് അറിയില്ല. വാഹനങ്ങളുടെ ശബ്ദം കുറഞ്ഞു വന്നതു മാത്രം ഓർമ്മയിലുണ്ട്.
മഴത്തുള്ളികൾ മുഖത്തു വീണു തുടങ്ങിയതോടെ എഴുന്നേറ്റു. കൊച്ചച്ഛനെ വിളിച്ചുണർത്തി. നിമിഷങ്ങൾക്കകം ശക്തമായ മഴയുടെ ആരവം അകലെ നിന്ന് അടുത്തടുത്തേക്ക് വന്നു. മഴയിൽ നിന്നും രക്ഷ നേടുവാനായി വട്ടമരങ്ങൾ വളർന്നു നിൽക്കുന്ന റോഡരികിലെ ഈടിലേക്ക് ഞങ്ങൾ ഓടിമാറി. കിടന്നപ്പോഴെ ക്ഷീണത്താൽ ഉറങ്ങിപ്പോയതായിരുന്നല്ലൊ. ഞാൻ മൊബൈൽ നോക്കി. ഇപ്പോൾ സമയം 01. 40.
'രാത്രി കുറെ പണി തീർക്കാർന്നു. കൊച്ചച്ഛൻ്റെ ഒരു വെള്ളമടി പ്ലാൻ. എല്ലാം നശിപ്പിച്ചു. കൊറെ പണി സാധനങ്ങളും കൊണ്ടുവന്നിട്ടു. എന്തിന? വാടക ഞാങ്കൊടുക്കൂല്ല'.
ദേഷ്യത്താൽ പിറുപിറുക്കുന്തോറും മഴയുടെ നനവിൽ ഞാൻ വിറക്കുന്നുണ്ടായിരുന്നു. പനി പിടിക്കേണ്ട എന്നു കരുതി തലയിൽ തോർത്തുമുണ്ട് കെട്ടവെയാണ് കൊച്ചച്ഛൻ ഇതൊന്നും കേൾക്കുന്നേയില്ലെന്ന് മനസിലായത്.
താഴ്ന്നു നിൽക്കുന്ന ഇലകൾക്കിടയിൽ കുന്തങ്കാലിൽ ഇരുന്ന് റോഡിലെ കലുങ്കിൻ്റെ ഭാഗത്തെ കാഴ്ച്ച കണ്ടിരിക്കുകയാണ് കൊച്ചച്ഛൻ. നിൽക്കുകയായിരുന്ന എന്നെ തോണ്ടി വിളിച്ച ശേഷം നിശബ്ദനായി കാഴ്ച്ചകണ്ടിരിക്കുവാൻ കൊച്ചച്ഛൻ ആംഗ്യം കാണിച്ചു. മഴ പൊടിമഴയായി മാറി. ക്ഷീണം അവശേഷിച്ചതിനാൽ വീണ്ടും ഉറങ്ങണമെന്ന ചിന്തയോടെ വട്ടമരത്തിൽ ഞാൻ ചാരിയിരുന്നു. പാതി മയക്കത്തിലും കൊച്ചച്ഛൻ്റെ അടക്കം പറച്ചിൽ എൻ്റെ ചെവിയിൽ വന്ന് തട്ടുന്നുണ്ട്.
'ദേട, മൂന്നു തൂമ്പകൾ കൊട്ടകളിലേക്ക് മണ്ണ് കോരുന്നു. നോക്കിക്കേ, കുട്ടകൾ ഒരാൾ പൊക്കത്തിലേക്ക് ഉയരുകയാണ്. ഇപ്പ അത് സഞ്ചരിച്ച് പുതിയൊരു വെയിസ്റ്റ് കുഴീടെ അടുത്തെത്തി. കുട്ടകളിലെ മാലിന്യം കലർന്ന കുഴഞ്ഞമണ്ണ് കുഴിയിലേക്ക് ഇട്ടു കഴിഞ്ഞു. മൂന്ന് കുട്ടകളും ഇപ്പോൾ തിരിച്ചു പോവാണ്'.
'നീ ഒറങ്ങല്ലേട്ടൊ. ഒറങ്ങീട്ട് രാവിലെ എണീക്കുമ്പം ഇതൊന്നും കണ്ടില്ലാന്ന് മാത്രം പറഞ്ഞേക്കല്ലെ. പണി നടക്കണോടത്തേക്ക് ഒന്ന് കണ്ണ് തൊറന്ന് നോക്കട. മാലിന്യങ്ങൾക്കിടേലൊള്ള കുപ്പി, പ്ലാസ്ററിക്ക്, ഇരുമ്പു സാധനങ്ങളാ കുട്ടകളില് ഇപ്പ കൊടുത്തു വിടണെ. ദേ, ആ കുട്ടകളിലെ വേസ്റ്റുകൾ നമ്മള് വച്ചിരിക്കണ പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് ഇനം തിരിച്ച് ഇടുന്നു'.
മഴ പൊടുന്നനെ തീർത്തും നിലച്ചു. കൊച്ചച്ഛൻ്റെ കമൻ്ററി എന്നിട്ടും നിലച്ചില്ല. അതങ്ങനെ അനസ്യൂതം തുടരവെ ഞാൻ പതുക്കെ കണ്ണു തിരുമ്മി എഴുന്നേറ്റു. ഇരുന്ന ഇരുപ്പിൽ പണി നടക്കുന്ന ഇടം ഞാൻ നിരീക്ഷിക്കുവാൻ തുടങ്ങി. റോഡിൻ്റെ മറുവശത്ത് കലുങ്കിൻ്റെ ഭാഗത്തും ഇതേ വിധത്തിൽ പണി നടക്കുന്നു എന്നത് എഴുന്നേറ്റു നിന്ന കൊച്ചച്ഛൻ എനിക്ക് കാണിച്ചു തന്നു. അവിടെ മാലിന്യത്തിനു പകരം ചാക്കുകളിൽ കൂടുതലും ശേഖരിക്കുന്നത് മണലാണെന്നു മാത്രം.
ഭയപ്പെടേണ്ടതില്ലെന്ന് കൊച്ചച്ഛൻ എൻ്റെ ചെവിയിൽ പറഞ്ഞു. ഇന്നലെ ബൈക്ക് പലവുരു നിന്നപ്പോൾ തന്നെ 'ഇങ്ങനെ സംഭവിച്ചാൽ എത്ര നല്ലതായിരുന്നു' എന്ന് മനസിൽ കരുതിയിരുന്നതായും കൊച്ചച്ഛൻ എന്നോട് മന്ത്രിച്ചു.
കൊച്ചച്ഛനെ പോലെയല്ല. എനിക്ക് പണി സാധനങ്ങൾ മാത്രമല്ല, പണിയുന്നവരെയും കാണുവാൻ സാധിക്കുന്നുണ്ട്. ഇന്നലെ കലുങ്കിൻ്റെ കുഴിക്കു മുകളിൽ നിന്ന് എന്നോട് ഭീഷണി പറഞ്ഞുപോയ, പൊതുപ്രവർത്തകന് ഒപ്പമുണ്ടായിരുന്ന, കുറെ ചെറുപ്പക്കാരുടെ മുഖങ്ങളായിട്ടാണ് പണി എടുക്കുന്നവരെ എനിക്ക് മനസിലായത്. ആളുകളെ കാണാനാകാത്തത് കൊച്ചച്ഛൻ്റെ തോന്നൽ മാത്രമാണെന്ന് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് ചിന്തിച്ച് ഞാൻ നിശബ്ദത പാലിച്ചു.
ആത്മാക്കളുടെ സഹായം സംഭവിച്ചു കൂടായ്കയില്ല എന്നതിനാലാണ് പണി സാധനങ്ങൾ കൂടുതലായി കൊണ്ടുവരുവാൻ കൊച്ചച്ഛനെ മനസ് ഉപദേശിച്ചതത്രെ! ചുരുക്കത്തിൽ ഈ പ്രദേശത്ത് റോഡിൽ പല കാലങ്ങളിലായി വാഹനാപകടങ്ങളിൽ മരിച്ചവരുടെ ആത്മാക്കളാണ് നാടിനു വേണ്ടി നന്മ ചെയ്യുന്നതെന്നാണ് കൊച്ചച്ഛൻ്റെ അഭിമതം. ഞാനതിനെ ഖണ്ഡിക്കുവാൻ പോകുന്നത്, പ്രത്യേകിച്ച് ഈ രാത്രിയിൽ ബുദ്ധിയല്ലെന്ന് തോന്നിയതിനാൽ ഒരഭിപ്രായത്തിനും പോയില്ല. ആളില്ലാ വിസ്മയക്കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കുന്ന കൊച്ചച്ഛൻ്റെ പിന്നിൽ നിന്നു. സമയം വെളുപ്പിന് മൂന്ന് കഴിഞ്ഞിരിക്കുന്നു. കലുങ്കിൻ്റെ മറുപുറത്ത് അടുക്കി വക്കുന്ന മണൽച്ചാക്കുകളുടെ എണ്ണം കൂടി വരുന്നുണ്ട്.
റോഡിൻ്റെ മറുവശത്തു നിന്ന് കലുങ്കിൻ്റെ അടിഭാഗത്തു കൂടി ഞങ്ങൾ നിൽക്കുന്നതിൻ്റെ താഴെ റോഡരികിലേക്ക് അവസാനത്തെ ചാക്കുകൾ കൊണ്ടുവരുന്ന കാഴ്ച്ച ഞങ്ങൾകണ്ടു. വളരെ സൂഷ്മമായി മണൽചാക്കുകൾ റോഡരികിൽ കയ്യാലയോട് ചേർന്ന് അട്ടിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.
ആ ജോലി തീർന്നപാടെ ഒട്ടുമേ വിശ്രമിക്കാതെ സിമൻ്റ് കൊണ്ടുവന്ന പാക്കറ്റ് അഴിക്കപ്പെടുകയും ഇരുമ്പു ചട്ടികളിലേക്ക് പപ്പാതി വീതം അവ മാറ്റപ്പെടുകയും ചെയ്തു. അനന്തരം കുലശേറുകൾ ചട്ടികളിലേക്ക് വീണു.
അട്ടിയിട്ടിരിക്കുന്ന മണൽ ചാക്കിൽ ഒരെണ്ണം കെട്ടഴിക്കപ്പെട്ട് ആവശ്യത്തിന് മണൽ രണ്ടു ചട്ടികളിലേക്കും നിറക്കുന്നതും കാണാനായി.
ചട്ടികളിലേക്ക് ടാപ്പിലെ വെള്ളം ആവശ്യത്തിന് വീഴ്ത്തി. കുലശേറുകളാൽ സിമൻ്റും മണലും വെള്ളവും ഇപ്പോൾ കുഴക്കപ്പെടുകയാണ്. ശേഷം, സിമൻ്റ് കൂട്ട് ചട്ടികളിലാക്കി കലുങ്കിൻ്റെ ഉള്ളിലേക്ക് കൊണ്ടു പോയി. സിമൻ്റ് തേച്ച് കരിങ്കല്ലുകൾക്കിടയിലെ തുളകൾ അടക്കപ്പെടുകയാണെന്ന് കുലശേറുകളുടെ ചെറുശബ്ദങ്ങളിൽ നിന്ന് ഉറപ്പിക്കാനായി. കാലിയായ ചട്ടികളും കുലശേറുകളും കലുങ്കു കടന്ന് തിരികെ എത്തുമ്പോൾ സമയം 03. 48. അവയും വെള്ളമൊഴിച്ച് കഴുകിയ ശേഷം തൂമ്പ, കുട്ടകൾ ഇവ കൂട്ടി വെച്ചിരുന്നതിനടുത്ത് വയ്ക്കപ്പെട്ടു.
പണികൾ ഏറെക്കുറെ തീർന്നുവെന്ന് തോന്നിച്ചു. 'കുറച്ചു ഭക്ഷണം ഇവർക്കു കൂടി കരുതാമായിരുന്നു'വെന്ന് കൊച്ചച്ഛൻ്റെ ചെവിയിൽ ഞാൻ അബദ്ധത്തിൽ പറഞ്ഞു പോയി. കൊച്ചച്ഛനത് തീർത്തും പിടിച്ചില്ല എന്ന് മാത്രമല്ല, 'അവർ ഭക്ഷണം കഴിക്കാത്തവരാണെന്ന് നിനക്കറിയില്ലെ' എന്ന് അൽപ്പം ഉറക്കെ പറഞ്ഞു തന്നതിനാൽ കഷ്ട്ടം തോന്നിയ ഞാൻ പിന്നീടൊന്നും പറഞ്ഞതുമില്ല.
അൽപ്പസമയം കഴിഞ്ഞപ്പോൾ വെള്ളയും ഇളംനീലയും നിറത്തിൽ പെയിൻ്റുമങ്ങിയ ഒരു ലാബ്രട്ട സ്‌കൂട്ടർ ഞങ്ങൾ നിന്നിരുന്നതിൻ്റെ മുന്നിൽ കലുങ്കിനു സമീപമായി വന്നു നിന്നു. എല്ലാ ആത്മാക്കളേയും പറഞ്ഞു വിട്ടിട്ട് പ്രൊഫസർ വന്നതാണെന്നും, ഇറങ്ങിച്ചെല്ലാമെന്നും കൊച്ചച്ഛൻ പറഞ്ഞു. ഞാൻ വരുന്നില്ലെന്നു പറഞ്ഞിട്ടും ശശിയച്ഛൻ എന്നെ വലിച്ച് കൊണ്ടുപോയി സ്കൂട്ടറിനു മുന്നിൽ നിറുത്തി.
'എല്ലാം ഉദ്ദേശിച്ച പോലെ തീർന്നോന്ന് നോക്കീട്ടു വാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇന്നു തന്നെ പറഞ്ഞോ. ശശീ, നിൻ്റെ ചേട്ടൻ്റെ പയ്യൻ മിടുക്കന. ഇനിയുള്ള കാലത്തും ഇത്തരം ജനോപകാരപ്രദമായ വിഷയങ്ങളിൽ ഞങ്ങൾ ഒപ്പമുണ്ടാകും, ഒരു മടീം വിചാരിക്കണ്ട. എന്നു തന്നെയല്ല, ഇത്തരം വേലകൾ കൂട്ടായി വിവിധയിടങ്ങളിൽ നടപ്പിലാക്കുവാൻ ഞങ്ങൾ തീരുമാനമെടുത്തു'.
വായുവിലൂടെ കാതിലെത്തിയ ആ ആവാക്യങ്ങളെ ഒരു സ്വപ്നത്തിലെന്ന പോലെ കൊച്ചച്ഛനും, കൂടെ ഞാനും സ്വീകരിച്ചു. കൊച്ചച്ഛനും ഞാനും കലുങ്കിനടിയിലൂടെ പണി തീർന്നത് കണ്ട് നടന്ന് മറുവശം കടന്നു. എല്ലാം ഉദ്ദേശിച്ചതിലും വളരെ വ്യത്തിയായി പൂർത്തിയാക്കിയിരിക്കുന്നു. ഇരുവശത്തും, തലക്കു മുകളിലും മെറ്റലുകൾക്കിടയിലെ പഴുതുകൾ പോലും കൃത്യമായി അടച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് ഈ കലുങ്കിന് അടിയിലൂടെ കളിച്ചു നടന്നത് ഓർത്തു പോയി. പിൽക്കാലത്ത് മണ്ണും മണലും കലുങ്കിലപ്പാടെ നിറഞ്ഞ് വെള്ളപ്പാച്ചിൽ പോലും നിലക്കുന്ന അവസ്ഥയിലായി.
വാഹനങ്ങളുടെ ഘോഷയാത്രയെ നോക്കി ഞങ്ങളുടെ പ്രദേശത്ത് ഇനിയാർക്കും റോഡ് ക്രോസു ചെയ്യുവാൻ അന്തിച്ചു നിൽക്കേണ്ടതില്ല. വലിയ മഴ പെയ്യുമ്പോഴൊഴികെ പ്രായമായവർക്ക് ഇനി പരസഹായമില്ലാതെ എക്കാലവും റോഡിൻ്റെ മറുവശം കടക്കാം. അടിപ്പാതയിലൂടെ ഞങ്ങൾ വീണ്ടും മറുവശത്ത് എത്തവേ അല്ലി ആൻ്റിയുടെ വീട്ടിലെ പൂവൻകോഴി കൂവി. ഞങ്ങൾ സ്കൂട്ടറിനു മുന്നിൽ വീണ്ടുമെത്തി.
'എല്ലാം തീർന്നിട്ടില്ലാന്നറിയാം. കലുങ്കിലേക്ക് ഇറങ്ങുവാൻ റോഡിൻ്റെ ഇടതു വശത്തു മാത്രം രണ്ടു മൂന്ന് സ്റൈപ്പുകൾ ഉണ്ടാക്കാനുണ്ട്. ഈ നിൽക്കുന്ന വട്ടമരത്തിൽ ഒരു ക്യാമറ വക്കണം. മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്നും, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണെന്നും ഒരു ബോർഡും സ്ഥാപിക്കണം. അതൊക്കെ രണ്ടൂന്ന് ദെവസത്തിനകം മതി. പിന്നൊള്ളത് വെള്ളപെയിൻ്റിൽ ഒരു പെഡസ്ട്രിയൽ ക്രോസിങ്ങ് ഈ ഭാഗത്തിനടുത്ത് മാർക്ക് ചെയ്യണോന്നൊള്ളത. അതിന് പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി വാങ്ങേണ്ടി വരും. നിങ്ങടെ സഹകരണം എല്ലാത്തിനും വേണം'.
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞശേഷം ഞങ്ങളോടായി വീണ്ടും പറഞ്ഞത്, 'നാളെ രാത്രി ഇവിടം അലങ്കരിക്കണം. ചൊവ്വാഴ്ച്ച സന്ധ്യക്ക് ഉദ്ഘാടനം. നേരത്തെ തന്നെ എല്ലാരേം വിളിച്ചേക്കണം. കൃതജ്ഞത പ്രസംഗം ഇവന് മാറ്റിവച്ചിട്ടുണ്ട്.' ആളാകാനുള്ള ഒരവസരം തട്ടിഎടുത്തെങ്കിലെന്താ, ഉദ്ദേശ്യം നടന്നല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ. കൊച്ചച്ഛനാണെങ്കിൽ മായാവിയായി എത്തിയ പ്രൊഫസറുടെ അദൃശ്യവാക്കുകൾക്കായി കാതു കൂർപ്പിച്ച് ബഹുമാന പുരസരം നിൽക്കുകയാണ്.
ഞങ്ങളങ്ങനെ നിൽക്കവെ, സ്റ്റാൻഡിൽ വച്ചിരുന്ന സ്കൂട്ടർ കിക്കറടിച്ച് സ്റ്റാർട്ടായി മുന്നോട്ട് കുതിക്കുന്നതും, കിഴക്ക് കോതമംഗലം ഭാഗത്തേക്ക് സാവധാനം അത് പോകുന്നതും കാണാനായി. ഭയപ്പാടോടെ കൊച്ചച്ചൻ ആകാഴ്ച്ച കണ്ടു നിൽക്കെ എൻ്റെ മുഖം സന്തോഷത്താൽ നനഞ്ഞു.. തുടർന്ന് കൊച്ചച്ഛൻ എൻ്റെ കൈയ്യിൽ നന്നായൊന്നു നുള്ളി. ഞാൻ ആത്മാവല്ലെന്ന് ഉറപ്പിക്കാനാകണം!
'എട, നീ വണ്ടിയെടുത്ത് പൊക്കോ. വീട്ടീ പോയി കൊറെനേരം ആർദ്രയെ കെട്ടിപ്പിടിച്ച് കെടന്നൊറങ്ങ്. ഞായറല്ലെ. പതുക്കനെ എണീറ്റ മതീല്ലൊ. ഞാൻ കോതോംഗലം പോയി രണ്ട് അടിച്ചേച്ച് വരാം'.
ഇടതു കൈയ്യുടെ ചെറുവിരലും, തള്ളവിരലും ഉയർത്തി കൈഒരുവട്ടം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച്, കണ്ണിറുക്കി കാണിച്ച് കൊച്ചച്ഛൻ ഇത്രയും പറഞ്ഞപ്പോൾ 'ഈ മനുഷ്യൻ രാവിലേ തൊടങ്ങുകയാണല്ലൊ' എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് പോകുവാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.