Image

സംഗീതത്തിന്‍റെ സൂര്യശോഭ (എന്‍റെ സംഗീത വഴികള്‍ -2: എസ് രാജേന്ദ്ര ബാബു)

Published on 23 May, 2026
സംഗീതത്തിന്‍റെ സൂര്യശോഭ (എന്‍റെ സംഗീത വഴികള്‍ -2: എസ് രാജേന്ദ്ര ബാബു)

കേരളത്തിലെ സംഗീത വേദികളില്‍ ഇടവ ബഷീറിനെപ്പോലെ നിറഞ്ഞുനിന്ന മറ്റൊരു ഗായകനെ കണ്ടെത്താനാവില്ല. ഭാവസാന്ദ്രമായ ആലാപന മികവായിരുന്നു ബഷീറിന്‍റെ കരുത്ത്. അറുപതുകളുടെ ഒടുവില്‍ അദ്ദേഹം കൊല്ലം ആസ്ഥാനമാക്കി "സംഗീതാലയ" എന്ന സംഘടന രൂപീകരിച്ചു. ഇലക്ട്രോണിക് വാദ്യോപകരണങ്ങള്‍ വേദികളില്‍ ആദ്യമായി അവതരിപ്പിച്ചതോടെ ഇടവ ബഷീര്‍ കേരളത്തിലെ ഉത്സവവേദികളിലെ അനിവാര്യ ഘടകമായി. വര്‍ഷങ്ങളോളം ലതിക ബഷീറിന്‍റെ ഗായികയായിരുന്നു.

അച്ഛന്‍ സദാശിവന്‍ ഭാഗവതരും അമ്മ നളിനിയും സംഗീതജ്ഞരായിരുന്നതിനാല്‍ സമീപപ്രദേശത്തുള്ള മാതാപിതാക്കള്‍ കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നതിനായി വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലേക്ക് അയക്കുക പതിവായിരുന്നു. എന്‍റെ സഹോദരിമാരായ അംബികയും ലതികയും പൊതുവേദികളില്‍ പാടാന്‍ തുടങ്ങിയതോടെ തങ്ങളുടെ കുട്ടികളും അതുപോലെ ഗായകരാകണമെന്ന ആഗ്രഹം മിക്ക മാതാപിതാക്കളും മനസ്സില്‍ സൂക്ഷിച്ചിരുന്നു. സംഗീതത്തില്‍ തീരെ അഭിരുചിയില്ലാത്ത കുട്ടികളായിരുന്നു ഇവരില്‍ ചിലരെങ്കിലും. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു കുട്ടികള്‍ വഴങ്ങിയെന്നു മാത്രം. അച്ഛനും അമ്മയും നടത്തിയ ക്ലാസുകള്‍ കേട്ടാണ് സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ ഞാനും സഹോദരങ്ങളും ഹൃദിസ്ഥമാക്കിയത്. അംബികയും ലതികയും ഞാനും പ്രാദേശികമായി സംഗീത രംഗത്ത് തിരക്കിലായപ്പോള്‍ വീട്ടിലെ സാമ്പത്തിക ഞെരുക്കത്തിന് തെല്ല് ആശ്വാസമായി. അക്കാലത്താണ് നര്‍ത്തകനും സംഗീതജ്ഞനുമായ ആല്‍ബര്‍ട്ട് ആശാന്‍ ഞങ്ങളുടെ അയല്‍ക്കാരനായി കുടുംബസമേതം താമസത്തിനെത്തിയത്. സ്കൂളുകളില്‍ നൃത്ത സംഗീത പരിപാടികള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ആല്‍ബര്‍ട്ട് ആശാന്‍റെ ഉപജീവനമാര്‍ഗം. മൂത്ത മകന്‍ വിജയന്‍ കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. എല്ലാ പകലുകളും എന്‍റെ വീട്  സംഗീതമുഖരിതമായിരിക്കും. ഞാന്‍ ഹാര്‍മോണിയം വായിച്ചിരിക്കുമ്പോള്‍ വിജയന്‍ വാതില്‍ക്കല്‍ നോക്കിനില്‍ക്കുക പതിവാണ്. ഞാനത് ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കല്‍ പുറത്തു നിന്ന് വീട്ടിലേക്കു വരുമ്പോള്‍ എന്‍റെ ഹാര്‍മോണിയം വിജയന്‍ വായിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടയുടന്‍ അവന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. എന്‍റെ രൂക്ഷമായ നോട്ടം അവനു താങ്ങാനായില്ല. എന്നാല്‍ തുടര്‍ന്നു വായിക്കാന്‍ ഞാന്‍ അനുവദിച്ചതോടെ വിജയനു സന്തോഷമായി. വേണ്ടത്ര പരിശീലനമൊന്നുമില്ലാഞ്ഞിട്ടും അത്ഭുതാവഹമായിരുന്നു അവന്‍റെ ഹാര്‍മോണിയം വായന! എന്നെക്കാള്‍ മികച്ച നിലയില്‍ വിജയന്‍ വായിക്കുന്നതു കണ്ട് തെല്ല് അസൂയ തോന്നിയെങ്കിലും ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. പിന്നീട് വിജയന്‍ എപ്പോഴും എന്‍റെ ഹാര്‍മോണിയത്തിനു മുന്നില്‍ തന്നെ.  

സ്വന്തമായി ഒരു സംഗീത ട്രൂപ് എന്ന ആശയം എന്‍റെ മനസ്സില്‍ തളിര്‍ത്തത് ആ സാഹചര്യത്തിലാണ്. വിജയന്‍ ഹാര്‍മോണിസ്റ്റും ഞാന്‍ ഗായകനും സഹോദരിമാര്‍ ഗായികമാരുമായി. തബല, ഗിറ്റാര്‍, വയലിന്‍ ഫ്ളൂട്ട് തുടങ്ങിയ വാദ്യങ്ങള്‍ക്ക് പുറത്തു നിന്ന് കലാകാരന്മാരെ ക്ഷണിച്ചു. അങ്ങനെ കൊല്ലത്ത് പ്രവീണ മ്യൂസിക് ക്ലബ് സ്ഥാപിതമായി. പ്രവീണയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. വിജയന്‍റെ മികച്ച പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് ഗായികമാര്‍ ചേര്‍ന്നു പാടുന്ന മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ പ്രവീണയുടെ പ്രത്യേകതയായി. വീട്ടിലെ ഒരംഗത്തെപ്പോലെ വിജയനെ ഞങ്ങളെല്ലാവരും സ്നേഹിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം ആല്‍ബര്‍ട്ട് ആശാന്‍ വീട് മാറിയെങ്കിലും വിജയന്‍ ഞങ്ങളോടൊപ്പം തന്നെ തുടര്‍ന്നു. ഹാര്‍മോണിയം കൂടാതെ അക്കോഡിയന്‍ വായനയിലും അസാമാന്യ പാടവം കാട്ടിയതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഗീത ഗ്രൂപ്പുകള്‍ക്കെല്ലാം വിജയന്‍റെ അക്കോഡിയന്‍ വായന അവിഭാജ്യ ഘടകമായി. പ്രശസ്ത ഗായകന്‍ ഇടവ ബഷീറിന്‍റെ "സംഗീതാലയ"യില്‍ സഹകരിച്ചു തുടങ്ങിയതോടെ ഇലക്ട്രോണിക് കീ ബോഡ്, ഗിറ്റാര്‍ തുടങ്ങിയ വാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിജയന്‍ വിദഗ്ധനായി. കേരളത്തില്‍ ഗാനമേള രംഗത്ത് ആദ്യമായി ഇലക്ട്രോണിക് കീ ബോഡ് അവതരിപ്പിച്ചത് ഇടവ ബഷീര്‍ ആണ്. പിയാനോയില്‍ വിദഗ്ധയായിരുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ വനിത പാശ്ചാത്യ സംഗീതത്തില്‍ വിലപ്പെട്ട അടിസ്ഥാന പാഠങ്ങള്‍ നല്‍കിയതോടെ വിജയന്‍ കമ്പോസിംഗിലും ഓര്‍ക്കസ്ട്രേഷനിലും മികച്ച പാടവം നേടി. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്ത വിജയന് തരംഗിണി കാസറ്റിനു വേണ്ടിയും ഗാനങ്ങളൊരുക്കാന്‍ അവസരം കൈവന്നു. തുടര്‍ന്ന് സംഗീത സംവിധായകരായ കണ്ണൂര്‍ രാജന്‍, എംജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍ തുടങ്ങിയവരുടെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങി. നൂറു കണക്കിന് ഭക്തിഗാനങ്ങള്‍ക്കും മാപ്പിളപ്പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നതിനൊപ്പം ചില സിനിമകളുടെ സംഗീത സംവിധാനച്ചുമതലയും വിജയനെ തേടിയെത്തി. ജോണ്‍സനാണ് ചില ചിത്രങ്ങളില്‍ വിജയനെ അസിസ്റ്റ് ചെയ്തത്. അതുപോലെ "കേള്‍ക്കാത്ത ശബ്ദം" എന്ന ചിത്രത്തില്‍ വിജയന്‍ ജോണ്‍സനെയും അസിസ്റ്റ് ചെയ്തു. അങ്ങനെ സംഗീത രംഗത്ത് ആല്‍ബര്‍ട്ട് വിജയന്‍ എന്ന പേര് നാള്‍ക്കുനാള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

കേരളത്തിലാകെ പടര്‍ന്നു കയറുമ്പോഴാണ് ആല്‍ബര്‍ട്ട് വിജയന്‍ ഇംഗ്ലണ്ടിലേക്ക് കുടുംബ സമേതം കുടിയേറിയത്. അവിടെ വര്‍ഷങ്ങളോളം കുട്ടികള്‍ക്ക് സംഗീത ക്ലാസ് എടുത്തും പ്രശസ്തമായ ലണ്ടന്‍ ട്രിനിറ്റി കോളെജിലെ സംഗീത വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചും തന്‍റെ സംഗീത സപര്യ ആല്‍ബര്‍ട്ട് വിജയന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. തന്‍റെ രണ്ടു മക്കളെയും സംഗീതത്തില്‍ വഴിതെളിച്ചെടുക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മ്യൂസിക് ബാന്‍ഡുകള്‍ക്ക് നേതൃത്വം നല്‍കിയും ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നും റക്സ് വിജയന്‍, ജാക്സണ്‍ വിജയന്‍ എന്നീ രണ്ടു മക്കളും ഇന്ന് യുവാക്കള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട സംഗീത കലാകാരന്മാരാണ്. മക്കളോടൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ആല്‍ബര്‍ട്ട് വിജയന്‍ അടുത്തകാലത്ത് തിരുവല്ലയില്‍ ലോകമെമ്പാടുമുള്ള രണ്ടായിരം ഗായകരും നൂറ് പീസ് ഓര്‍ക്കസ്ട്രയും പങ്കെടുത്ത കൊയര്‍ പരിപാടിയില്‍ തന്‍റെ ഗാനങ്ങള്‍ കണ്ടക്റ്റ് ചെയ്ത് സജീവമായി രംഗത്ത് വന്നു. ഉടന്‍ പുറത്തിറങ്ങുന്ന "ആനന്ദപുരം ഡയറീസ്" എന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് ആല്‍ബര്‍ട്ട് വിജയന്‍ തുടര്‍ന്നും ഉയരങ്ങള്‍ താണ്ടുകയാണ്.

കേരളത്തിലെ സംഗീത വേദികളില്‍ ഇടവ ബഷീറിനെപ്പോലെ നിറഞ്ഞുനിന്ന മറ്റൊരു ഗായകനെ കണ്ടെത്താനാവില്ല. ഭാവസാന്ദ്രമായ ആലാപന മികവായിരുന്നു ബഷീറിന്‍റെ കരുത്ത്. അറുപതുകളുടെ ഒടുവില്‍ അദ്ദേഹം കൊല്ലം ആസ്ഥാനമാക്കി "സംഗീതാലയ" എന്ന സംഘടന രൂപീകരിച്ചു. ഇലക്ട്രോണിക് വാദ്യോപകരണങ്ങള്‍ വേദികളില്‍ ആദ്യമായി അവതരിപ്പിച്ചതോടെ ഇടവ ബഷീര്‍ കേരളത്തിലെ ഉത്സവവേദികളിലെ അനിവാര്യ ഘടകമായി. വര്‍ഷങ്ങളോളം ലതിക ബഷീറിന്‍റെ ഗായികയായിരുന്നു. മദിരാശിയില്‍ ആര്‍കെ ശേഖര്‍, എടി ഉമ്മര്‍, കെജെ ജോയി തുടങ്ങിയവര്‍ക്കൊക്കെ സിങ്കപ്പൂരില്‍ നിന്ന് ഇലക്ട്രോണിക് വാദ്യോപകരണങ്ങള്‍ ആദ്യകാലങ്ങളില്‍ എത്തിച്ചു കൊടുത്തിരുന്നത് ബഷീര്‍ ആണ്. തൊഴില്‍ സംബന്ധമായി സിങ്കപ്പൂരിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കുക ബഷീറിന്‍റെ പതിവായിരുന്നു. എടി ഉമ്മറിന്‍റെയും കെജെ ജോയിയുടെയും ചിത്രങ്ങളില്‍ ചില ഗാനങ്ങള്‍ പാടിയെങ്കിലും ഉത്സവവേദികള്‍ തന്നെയായിരുന്നു ബഷീറിനു പ്രിയം. "മുക്കുവനെ സ്നേഹിച്ച ഭൂതം" എന്ന ചിത്രത്തില്‍ ജോയിയുടെ സംഗീതത്തില്‍ വാണി

ജയറാമിനൊപ്പം ബഷീര്‍ പാടിയ "ആഴിത്തിരമാലകള്‍" ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്. ദശാബ്ദങ്ങള്‍ നീണ്ട സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. സംശുദ്ധ ഹൃദയത്തിനുടമയായ ബഷീര്‍ സ്നേഹസമ്പന്നനായിരുന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്‍റെ അമ്പതാം വാര്‍ഷിക ദിനത്തില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച ദാരുണാന്ത്യം മലയാളികളെയാകെ വേദനിപ്പിച്ച വേര്‍പാടായി.

ലതികയുടെ ആദ്യ സംഗീത ഗുരുനാഥന്‍ വിഎസ് രാജന്‍ലാലാണ്. സ്വാതിതിരുനാള്‍ സംഗീത കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം ഞങ്ങളുടെ പ്രവീണയിലെ ഗായകന്‍ കൂടിയായിരുന്നു. മികച്ച ഗായകനും സംഗീത സംവിധായകനുമായ രാജന്‍ലാല്‍ കൊല്ലത്തും പരിസരങ്ങളിലുമുള്ള നിരവധി നാടക സമിതികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ ഹാര്‍മോണിസ്റ്റായി അദ്ദേഹത്തോടൊപ്പമുണ്ടാകും. അതിമനോഹരങ്ങളായ ഗാനങ്ങള്‍ മെനഞ്ഞെടുക്കാന്‍ രാജന്‍ലാലിന് അധികം സമയമൊന്നും വേണ്ടിവരില്ല. അദ്ദേഹത്തിന്‍റെ സംഗീതസംവിധാന മികവിനെ ഒരു സുഹൃത്ത് വിശേഷിപ്പിച്ചത് ഞാനോര്‍ക്കുന്നു - പത്രവാര്‍ത്ത കൈയില്‍ കിട്ടിയാലും അതു മനോഹരമായ പാട്ടാക്കാന്‍ രാജന്‍ലാലിന് പ്രയാസമില്ല. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ അതീവ ശ്രദ്ധയോടെയാകും അദ്ദേഹം ആലപിക്കുക. പാട്ടിലെ ഒരു സ്വരമോ സംഗതിയോ ഒരിക്കലും അദ്ദേഹത്തില്‍ നിന്ന് വഴുതിപ്പോകാറില്ല. അത്ര സൂക്ഷ്മമായി നിരീക്ഷിച്ചാകും ഓരോ ഗാനവും അദ്ദേഹം വേദിയില്‍ അവതരിപ്പിക്കുക. സംഗീത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതിനു ശേഷവും ആലാപനത്തിലും സംഗീത സംവിധാനത്തിലും അദ്ദേഹം തിരക്കില്‍ തന്നെ.

അയല്‍ക്കാരനായ രാജന്‍ലാലിനെ സംഗീത സംബന്ധിയായ ചര്‍ച്ചകള്‍ക്കായി കൂടെക്കൂടെ സന്ദര്‍ശിക്കുക എന്‍റെ പതിവായിരുന്നു. രാജന്‍റെ സഹോദരിയുടെ മക്കളായ സുജിത്തും രഞ്ജിത്തും വാതില്‍പ്പടിയില്‍ ഇരിപ്പുണ്ടാകും. അഞ്ചും മൂന്നും വയസ്സു പ്രായം. കഴുത്തില്‍ ഒരു സ്വര്‍ണമാല, അരയില്‍ അരഞ്ഞാണം. ഇവയല്ലാതെ രണ്ടുപേര്‍ക്കും വസ്ത്രമൊന്നും ഉണ്ടാകില്ല. വാതില്‍പ്പടിയിലിരുന്ന് ഒരിക്കല്‍ സുജിത്ത് "നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും" എന്ന പാട്ട് പാടുന്നതു കേട്ട് ഞാന്‍ ഞെട്ടി. "കാട്ടുകുരങ്ങ്" എന്ന ചിത്രത്തിനു വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ആ ഗാനം അക്കാലത്ത് യേശുദാസിനല്ലാതെ മറ്റാര്‍ക്കും തെറ്റുകൂടാതെ പാടാന്‍ കഴിയാത്ത പാട്ടാണ്. എന്നാല്‍ രാജന്‍ലാല്‍ ആ പാട്ട് സമര്‍ത്ഥമായി അവതരിപ്പിച്ചിരുന്നു. ആ പാട്ടാണ് അഞ്ച് വയസ്സുകാരന്‍ സുജിത്ത് അനായാസമായി പാടുന്നത്. അവന്‍ പാടാന്‍ തെരഞ്ഞെടുക്കുന്ന ഏതു പാട്ടും മറ്റാരും തൊടാന്‍ ധൈര്യം കാണിക്കാത്തവയായിരിക്കും. സുജിത്ത് പാടുമ്പോഴൊക്കെ രഞ്ജിത്ത് വായ കൊണ്ട് തബല വായിക്കുന്ന ശബ്ദം കേള്‍പ്പിക്കും. കുട്ടിക്കാലത്ത് ചിത്രരചനയില്‍ സുജിത് അതീവതാത്പര്യം കാട്ടിയിരുന്നു. മിഠായിക്കു പകരം കളര്‍ ചോക്കുകളാണ് ഞാന്‍ അവനു വാങ്ങിക്കൊടുത്തിരുന്നത്. ബസ് തട്ടി സൈക്കിള്‍ യാത്രക്കാരന്‍ മറിഞ്ഞു വീണ് കിടക്കുന്നത് മരപ്പലക വിരിച്ച തറയില്‍ നിമിഷങ്ങള്‍ക്കകം അവന്‍ വരച്ചു കാണിച്ചത് ഞാനോര്‍ക്കുന്നു. കര്‍ണാടക സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ മുതല്‍ സ്വരങ്ങള്‍ തിരിച്ചും മറിച്ചും കോര്‍ത്തിണക്കിയ അതിസങ്കീര്‍ണമായ ജണ്ഡവരിശികള്‍ വരെ മായാമാളവഗൗള രാഗത്തിലാണ് സംഗീത വിദ്യാര്‍ത്ഥികള്‍ പഠിക്കുക. സുജിത്താകട്ടെ ഈ ജണ്ഡവരിശികള്‍ കല്യാണി, ശങ്കരാഭരണം, ആനന്ദഭൈരവി, തോഡി തുടങ്ങിയ മേളകര്‍ത്താ രാഗങ്ങളില്‍ മാറിമാറി പാടുന്നതു കേട്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്. ഈ ചെറുപ്രായത്തില്‍ കര്‍ണാടക സംഗീതം ഇത്ര അനായാസമായി കൈകാര്യം ചെയ്യുന്ന ബാലന്‍ മഹാപ്രതിഭയാണെന്ന് പില്‍ക്കാലത്ത് കാലം തെളിയിച്ചു. സ്വരങ്ങളും സംഗതികളും കൊണ്ട് അമ്മാനമാടി സങ്കീര്‍ണമായ ആലാപനം കൊണ്ട് ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന സംഗീത സംവിധായകന്‍ ശരത്താണ് ആ ബാലന്‍. അമ്മാവനായ രാജന്‍ലാലിന്‍റെ ശിക്ഷണത്തില്‍ ആരംഭിച്ച സംഗീത പഠനം ഡോക്ടര്‍ ബാലമുരളീകൃഷ്ണയുടെ അരുമണ്‍ശിഷ്യനായി വളര്‍ന്നിടത്ത് എത്തിനില്‍ക്കുന്നു.

സംഗീതത്തിലെ ഉപരി പഠനം ലക്ഷ്യം വച്ചാണ് ശരത്ത് മദിരാശിയില്‍ ചേക്കേറിയത്. ശരത്തിന്‍റെ അമ്മാവന്‍ ജയചന്ദ്രലാല്‍ ശരത്തും രഞ്ജിത്തുമായി മദിരാശിയിലെത്തിയ ആദ്യദിനങ്ങളില്‍ എന്നെ കാണാനെത്തി. സംഗീത സംവിധായകന്‍ ശ്യാം സാറിനെയാണ് ആദ്യം ഞാന്‍ ശരത്തിനു പരിചയപ്പെടുത്തിയത്. ശരത്തിന്‍റെ പാട്ട് അദ്ദേഹത്തിന് ഇഷ്ടമാവുകയും വൈകാതെ തന്നെ വാണി ജയറാമുമൊത്ത് ഒരു യുഗ്മഗാനം പാടാനുള്ള അവസരം നല്‍കുകയും ചെയ്തു. സംഗീത സംവിധായകന്‍ ബിഎ ചിദംബരനാഥുമായുള്ള പരിചയം ശരത്തിന് വഴിത്തിരിവായി. കര്‍ണാടക സംഗീത പാഠങ്ങള്‍ ധാരാളമായി അദ്ദേഹം ശരത്തിനു പകര്‍ന്നു നല്‍കി. ആഴത്തിലുള്ള പഠനത്തിനായി അദ്ദേഹം സുഹൃത്തായ ഡോക്ടര്‍ ബാലമുരളീകൃഷ്ണയ്ക്ക് ശരത്തിനെ പരിചയപ്പെടുത്തി. കര്‍ണാടക സംഗീതത്തിന്‍റെ അഗാധതലങ്ങള്‍ കണ്ടെത്താനും അനായാസം അതു കൈകാര്യം ചെയ്യാനും ശരത്തിനു കരുത്തായത് ഇക്കാലയളവാണ്. ബാലമുരളീകൃഷ്ണയുടെ സാന്നിധ്യത്തില്‍ തന്നെ ശരത്തിന്‍റെ സംഗീതക്കച്ചേരിയുടെ അരങ്ങേറ്റം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ചിദംബരനാഥ് ഒരുക്കിക്കൊടുത്തു. മദിരാശിയിലെ സാലിഗ്രാമത്തുള്ള ഒരു ക്ഷേത്രാങ്കണത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ഇക്കാലയളവില്‍ ചിദംബരനാഥിന്‍റെ മകന്‍ രാജാമണിയുമായുള്ള സൗഹൃദം ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തന പരിചയത്തിനു സഹായകമായി. ട്രാക്ക് പാടാന്‍ ലഭിച്ച അവസരങ്ങളും ശരത്ത് പ്രയോജനപ്പെടുത്തി. സംവിധായകന്‍ ഭരതന്‍റെ "ചിലമ്പ്" എന്ന ചിത്രത്തിലെ "താരും തളിരും മിഴിപൂട്ടി" എന്ന ഗാനത്തിന്‍റെ റെക്കോഡിംഗ് വേളയില്‍ യേശുദാസിനു പകരം ശരത്താണ് ലതികയോടൊപ്പം ട്രാക്ക് പാടിയത്. പിന്നീട് സംഗീത രംഗത്ത് പടര്‍ന്നു കയറുകയായിരുന്നു ശരത്ത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും സംഗീതം പകര്‍ന്നും പശ്ചാത്തല സംഗീതത്തിന് ഓര്‍ക്കസ്ട്ര ഒരുക്കിയും തിരക്കിലായ സംഗീത സംവിധായകന്‍ ശരത്ത് ഇപ്പോള്‍ ചാനല്‍ സംഗീത മത്സരങ്ങളിലെ അവിഭാജ്യ ഘടകമാണ്; പ്രേക്ഷകര്‍ കൊതിക്കുന്ന മഹനീയ സാന്നിധ്യവും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക