
നാടുവാഴിത്തകാലത്ത് അധികാരശ്രേണിയിലുണ്ടായിരുന്ന ഒരു പ്രബല നായർ കുടുംബത്തിൻ്റെ മൂന്നു തലമുറകളുടെ കാലത്തെ പ്രധാന പരിണാമഘട്ടത്തെയാണ് അണയാത്ത കനലോര്‍മ്മകള്‍ എന്ന പുസ്തകത്തിലെ എഴുത്തുകൾ പ്രതിനിധാനം ചെയ്യുന്നത്.
എഴുത്തുകാരൻ സ്വന്തം ജീവിതാനുഭവങ്ങൾ ഓർമ്മകളിലൂടെ പങ്കുവയ്ക്കുന്ന സാഹിത്യരൂപങ്ങൾക്ക് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. അത്തരം രചനകൾക്ക് സ്വീകാര്യത കിട്ടണമെങ്കിൽ തീഷ്ണമായ ജീവിതാനുഭവങ്ങളുടെ വൈകാരികമായ അവതരണമോ അതല്ലെങ്കിൽ കഥപറച്ചിലിൻ്റെ കൗതുകമോ അതിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കണം. ഭൂതകാലത്തെ അനാവരണം ചെയ്യുന്നതൊക്കെയും ചരിത്രമാണ്. ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ പങ്കിടൽ പൂർണ്ണമായും ചരിത്രമായി പറയാനാവില്ലെങ്കിലും തലമുറകളായി കൈമാറി നിലനിന്നുപോരുന്ന പഴയകാല സംഭവങ്ങൾക്ക് വാക്കുകളിലൂടെ രൂപം നൽകുന്നത് ചരിത്രരചനയുടെ ഭാഗം തന്നെയാണ്.
സ്വന്തം ഓർമ്മകളും മുന്നേ നടന്നുപോയവർ പങ്കുവച്ച ഓർമ്മകളും എഴുതിയിടുന്നവർക്കെല്ലാം വേണ്ടത്ര ചരിത്രബോധമോ ഭാഷാ വ്യുൽപത്തിയോ ഉണ്ടാകണമെന്നില്ല. എന്നാൽ അനുവാചകനെ സംഭവം നടന്ന കാലഘട്ടത്തിലേക്ക് ക്ഷണിക്കാൻ കഴിയുന്ന, രംഗങ്ങളെ ദൃശ്യവൽക്കരിക്കാൻ ശേഷിയുള്ള, മനോവികാരങ്ങളെ പകർന്നു നൽകാൻ കഴിയുന്ന ആഖ്യാനശൈലിയാണ് ഓർമ്മക്കുറിപ്പുകളെ സ്വീകാര്യമാക്കുന്നത്. നാട്ടുചരിത്രവുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബചരിത്രവും ജീവിതാനുഭവങ്ങളും ഉൾപ്പെടുത്തിയുള്ള തൻ്റെ പ്രഥമരചനയിൽ ചന്ദ്രികാദേവി മുഞ്ഞനാട്ട് ഈ സ്വീകാര്യത കൈവരിക്കാൻ ഒട്ടൊക്കെ ശ്രമിച്ചിട്ടുണ്ടെന്ന് ഈ പുസ്തകത്തിൻ്റെ വായനയിലൂടെ നമുക്കൊക്കെയും ബോധ്യപ്പെടുന്നതാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ചേരപ്പെരുമാളുടെ മേൽക്കോയ്മയ്ക്ക് അന്ത്യം വന്നപ്പോൾ ചരിത്രത്തിൻ്റെ പിന്നണിയിലേക്ക് പോയ ഏതാനും നാടുവാഴികുടുംബങ്ങളിൽ ഒന്നാണ് മുഞ്ഞനാട്. നാടിൻ്റെ പേരു തന്നെയാണ് കുടുംബപ്പേരും! ഏതാനും ശിലാരേഖകളിലും ചെമ്പോലകളിലും വട്ടെഴുത്തു അക്ഷരരൂപത്തിൽ അവശേഷിക്കുന്ന ചുരുക്കം ചില പരാമർശങ്ങൾ മാത്രമാണ് മുഞ്ഞനാടിൻ്റെ പരമ്പരയിൽ പെട്ട നാട്ടുരാജാക്കൻമാരുടെ ചരിത്രപ്രാധാന്യത്തെ വെളിപ്പെടുത്തുന്നത്.
ഈ പരമ്പരയിലെ ഇന്നുള്ള തലമുറകൾക്കിടയിലെ ഒരു കണ്ണിയാണ് ഗ്രന്ഥകാരി. ഇന്നത്തെ ഒരു ജില്ലയുടെ അത്രയും തന്നെ വിസ്താരമേറിയെ ഒരു നാടിനെ അനേക നൂറ്റാണ്ടോളം നയിച്ച ഭരണാധികാരികളുടെ പിൻഗാമികളാണ് തങ്ങളെന്ന് ഗ്രന്ഥകാരിയും അവർക്ക് തൊട്ടുമുമ്പുള്ള തലമുറകളിലുള്ളവരും ഒരുപക്ഷേ കരുതിയിരിക്കാൻ ഇടയില്ല. എന്നാൽ കോട്ടയം പട്ടണത്തിൻ്റെ തൊട്ടു പടിഞ്ഞാറു ചേർന്നുകിടക്കുന്ന വേളൂരിൻ്റെ മാടമ്പിസ്ഥാനവും തെക്കുംകൂറിൻ്റെ സൈന്യാധിപസ്ഥാനവും തങ്ങളുടെ മുൻഗാമികളാണ് കയ്യാളിയിരുന്നത് എന്ന പൂർവ്വികസ്മരണ ഒളിമങ്ങിയാണെങ്കിലും അവരിൽ നിലനിന്നിരുന്നു.
മുഞ്ഞനാട്ട് കളരിയുടെ കിഴക്ക് വലിയ കുന്നുംപുറത്തിൻ്റെ ചെരുവിനോട് ചേർന്നുകിടക്കുന്ന കാളക്കണ്ടത്തിൽ കൃഷിയൊഴിഞ്ഞ കാലത്ത് വീട്ടിലെ പശുക്കളെ മേയാൻ വിട്ടും വരമ്പുകൾക്കിടയിലെ കൈത്തോട്ടിൽ മീൻപിടിച്ചും നടന്ന ബാല്യം ഒളിമങ്ങാതെ ഓർമ്മയിലുണ്ട്. വെള്ളക്കെട്ടുകളിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപൂക്കൾ തണ്ടോടെ പൊട്ടിച്ചെടുത്ത് തണ്ടൊടിച്ച് മാലകെട്ടി അണിഞ്ഞുനടക്കും. കറുത്തും ചുവന്നുമുള്ള ചെറിയ അരികളോടു കൂടിയ - മൂത്ത ആമ്പൽക്കായ്കൾ പറിച്ച് തിന്നുമ്പോൾ നാവിലൊരു തണുപ്പും തരിപ്പുമാണ്. തോട്ടിൽനിന്ന് വയലിലേക്ക് വെള്ളം കയറ്റുന്ന "ഇഞ്ചൻപെട്ടി"യുടെ കറക്കം കണ്ടുനിന്ന് നേരം കളയും.
തിരുനക്കര ക്ഷേത്രത്തിലുണ്ടായിരുന്ന വെള്ളക്കാളയെ തീറ്റിപ്പോറ്റാനായി തെക്കുംകൂർ തമ്പുരാൻ ഒഴിപ്പിച്ചിട്ടതാണ് കാളക്കണ്ടം എന്നാണ് ഐതിഹ്യം. ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ആ കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകാരിയും അതിവിടെ ചേർത്തിട്ടുണ്ട്. കാളക്കണ്ടത്തിൽ ഒരിക്കൽ മദം പൊട്ടിയോടിയ തിരുനക്കര ശിവൻ വന്നു നിന്ന് വട്ടം കറങ്ങുന്നത് കാണാനിടവന്നു. കാളക്കണ്ടം പിന്നീട് അന്യാധീനപ്പെട്ടുപോയി..
വേളൂരിലെ വയലുകളിൽ കൃഷി കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഉഴവുമാടുകളെ സംരക്ഷിച്ചിരുന്ന എരുത്ത് വലിയ കുന്നുംപുറത്തിനും തെക്കുഭാഗത്തുള്ള കുന്നിൻ്റെ ചെരുവിലായിരുന്നു. ആ കുന്നിനെ എരുത്തിക്കൽകുന്ന് എന്നു വിളിച്ചുപോന്നു. പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു ഭഗവതിക്ഷേത്രം ഈ കുന്നിൽ മുകളിലുണ്ട്. കോലത്തുനാട്ടിൽ നിന്നും വന്ന അഞ്ച് ഏമ്പ്രാന്തിരിമാർ ഈ ക്ഷേത്രത്തിൽ മാറിമാറി പൂജ ചെയ്തിരുന്നു. വൃദ്ധനായ ഒരു ഏമ്പ്രാന്തിരിയുടെ ഒരു മകനെ വേളൂരിലെ മറ്റു ചില നായർ പ്രമാണികൾ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അക്കാലത്തെ മുഞ്ഞനാട്ടു പണിക്കർ രക്ഷിച്ച് അഭയം നൽകിയെന്നും അക്രമകാരികൾ ക്ഷേത്രത്തിലെത്തി എമ്പ്രാന്തിരിയോട് മകൻ കൊല്ലപ്പെട്ടു എന്നു പൊളിപറഞ്ഞു എന്നും ഒരു വാമൊഴി കഥയുണ്ട്. പുത്രദുഃഖത്തിൽ മനംനൊന്ത് ക്ഷേത്രക്കിണറ്റിലേക്ക് ചാടി ആത്മാഹൂതി ചെയ്യാൻ ശ്രമിച്ച ഏമ്പ്രാന്തിരിയെ ഓടിയെത്തിയ മുഞ്ഞനാട്ടു പണിക്കർ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വൈകിപ്പോയിരുന്നു. മകൻ സുരക്ഷിതമായി ജീവിച്ചിരിക്കുന്നുവെന്ന് പണിക്കർ അറിയിച്ചതിൽ ആശ്വാസമുണ്ടായ ആ സാധുബ്രാഹ്മണൻ കിണറ്റിലേക്ക് താഴുംമുമ്പ് "വേളൂരിലെ നായൻമാർ മുടിഞ്ഞുപോകട്ടെ ..... മുഞ്ഞനാടൻ മുടിഞ്ഞാലും മുടിയാതിരിക്കട്ടെ " എന്നിങ്ങനെ ശപിച്ചുവത്രേ. എന്തായാലും എമ്പ്രാന്തിരിയോട് കളവുപറഞ്ഞ കുടുംബക്കാരാരും ഇന്ന് വേളൂരിലില്ല. അവരൊക്കെയും അന്യം നിന്നിരിക്കുന്നു. "മുടിഞ്ഞാലും മുഞ്ഞുനാടൻ മുടിയാതിരിക്കട്ടെ" എന്നത് സാർത്ഥകമാകും വിധം അധികാരവും പദവികളുമൊക്കെ നഷ്ടപ്പെട്ടെങ്കിലും മുഞ്ഞുനാട്ട് കുടുംബം ഇന്നും നിലനിന്നുപോരുന്നു. ഈ കഥയും ഗ്രന്ഥകാരി പുസ്തകത്തിൽ ഉൾപ്പെടുത്തിയിയിട്ടുണ്ട്. പ്രസ്തുത കഥയിലെ എമ്പ്രാന്തിരിയുടെ മകൻ ബാബിലോണിയയിൽ നിന്നുവന്ന ഒരു ഓർത്തഡോക്സ് മെത്രാൻ്റെ ശിഷ്യത്വം സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിക്കുകയും അയാളുടെ മകൻ കോട്ടയം ചെറിയപള്ളിയിൽ പട്ടക്കാരനാവുകയും ചെയ്തു. എരുത്തിക്കൽ എന്ന പേരിൽ തന്നെ അറിയപ്പെടുന്ന ആ കുടുംബത്തിൽ നിന്ന് വൈദികരുടെ ഒരു പരമ്പര പിന്നീടുള്ള തലമുറകളിലുണ്ടായി. ചീഫ് സെക്രട്ടറി ആയിരുന്ന ഡി. ബാബുപോൾ ഐ.എ എസിൻ്റെ അമ്മവീട് ഈ എരുത്തിക്കലാണ്. അദ്ദേഹവും ഈ കഥ മുമ്പൊരിക്കൽ എന്നോടു പറഞ്ഞിട്ടുള്ളതാണ്.
പുതിയ കാലത്തെ എഴുത്തുരൂപങ്ങളിൽ ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങൾക്ക് വായനക്കാർക്കിടയിൽ വലിയ പ്രചാരമുണ്ട്. സമൂഹത്തിൽ പല പ്രകാരവും പ്രശസ്തരായവരുടെ ജീവിതാനുഭവങ്ങളോ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള ഓർമ്മകൾ മറ്റുള്ളവർ പകർത്തിയതോ ആകുമ്പോളാണ് പുസ്തകച്ചന്തയിൽ വിപണിമൂല്യമുണ്ടാകാറുള്ളത്. വായനക്കാർക്കിടയിലോ സാഹിത്യലോകത്തോ പേരും പെരുമയൊന്നുമില്ലാത്ത ഒരാൾ ആദ്യമായി തൻ്റെ കുടുംബചിത്രം ഓർമ്മകളിലൂടെ കോറിയിട്ടത് വായിക്കപ്പെടണമെങ്കിൽ ആ രചനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യേകതകൾ ഉണ്ടായിരിക്കണം. ചെറുകിട ആനുകാലികങ്ങളിലും സ്മരണികകളിലുമൊക്കെയാണ് സാധാരണയായി വ്യക്തികൾ ഓർമ്മക്കുറിപ്പുകൾ എഴുതി സംതൃപ്തിയടയാറുള്ളത്. അത് എഴുതുന്നയാളുടെ സന്തോഷത്തിനുള്ള വകയാണ്; വായനക്കാരൻ്റെ സന്തോഷത്തിന് അതു കാരണമാകണമെന്ന് ഒരു നിർബന്ധവുമില്ല താനും. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ച ഗ്രന്ഥകാരിക്ക് ഇത്തരമൊരു രചന നടത്താൻ പ്രേരണയായത് താൻ ഇതുവരെയും ഓർമ്മയിൽ സൂക്ഷിച്ച ചിലതെല്ലാം തൻ്റെ ചുറ്റുവട്ടത്തുള്ളവരോട് സംവദിക്കണമെന്ന അദമ്യമായ ആഗ്രഹമായിരിക്കാം.
നാടുവാഴിത്തകാലത്ത് അധികാരശ്രേണിയിലുണ്ടായിരുന്ന ഒരു പ്രബല നായർ കുടുംബത്തിൻ്റെ മൂന്നു തലമുറകളുടെ കാലത്തെ പ്രധാന പരിണാമഘട്ടത്തെയാണ് ഈ എഴുത്തുകൾ പ്രതിനിധാനം ചെയ്യുന്നത്. മരുമക്കത്തായ സമ്പ്രദായത്തിൻ്റെ നന്മയും പോരായ്മകളും വിശദമായ വിവരണങ്ങളിലൂടെയല്ലാതെ ജീവിതപരിസരങ്ങളുടെ ദൃശ്യവൽക്കരണത്തിലൂടെ പകർന്നുതരാൻ ശ്രമിക്കുന്നുണ്ട്. നമ്പൂതിരിമാരുടെ നായർ സംബന്ധമെന്ന സാമൂഹ്യാചാരത്തിൻ്റെ കയ്പുനിറഞ്ഞ കഥകൾ നാമേറെ വായിച്ചറിഞ്ഞിട്ടുള്ളതാണ്. സ്വന്തം ഭാര്യയോടും മക്കളോടുമൊപ്പം ജീവിക്കുകയും സ്നേഹവായ്പ്പുകളോടെ പെരുമാറുകയും ചെയ്യുമ്പോഴും മാമൂലുകൾ അടിച്ചേൽപ്പിച്ച വിലക്കുകളോട് സമരസപ്പെട്ട് ജീവിതം നയിക്കുന്ന ബ്രാഹ്മണനായ ഒരു പിതാവിനെ അമ്മയുടെ ഓർമ്മകളിൽനിന്ന് പകർത്തിവയ്ക്കുന്നു. സ്വന്തം അച്ഛൻ്റെ ദാരുണമായ അന്ത്യവും അതിനിടയായ സംഭവവികാസങ്ങളും മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേയ്ക്കുള്ള മാറ്റത്തിൻ്റെ കാലത്ത് നായർ കുടുംബങ്ങളിലുണ്ടായ സംഘർഷങ്ങളുടെ ബാക്കിപത്രങ്ങളായി നമ്മെ ഓർമ്മപ്പെടുത്തുന്നു.
കുടുംബാംഗങ്ങൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലുള്ള സ്നേഹത്തിൻ്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന വൈകാരിക സന്ദർഭങ്ങൾ രചനാലോകത്ത് പുതിയതൊന്നുമല്ല. ഒരു കാല്പനികരചനയെ സംബന്ധിച്ചിടത്തോളം വേർപാടിൻ്റെ ദുഃഖം അനുവാചകനിലേക്ക് പകർന്നുനൽകുന്നത് ഒരു സാധാരണ രചനാകൗശലമായേ കാണാനാവൂ. മറിച്ച് ഇവിടെയാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അമ്മയുടെയും അച്ഛൻ്റെയും സഹോദരൻ്റെയും നിറപ്പകിട്ടാർന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയും അവരുടെയൊക്കെയും അന്ത്യനിമിഷങ്ങളിലൂടെ ഓർമ്മകൾ കടന്നുപോകുമ്പോൾ തനിക്ക് നിറവേറ്റേണ്ട ഒരു നിയോഗം പോലെ, പ്രിയപ്പെട്ടവർക്കുള്ള തിലോദകം പോലെ അത് അർച്ചിക്കപ്പെടുകയാണ്..
ദേശചരിത്രം, കുടുംബചരിത്രം, വാമൊഴികഥകൾ, അമ്മയിൽ നിന്നുള്ള കേട്ടറിവുകൾ, സ്വന്തം ഓർമ്മകൾ എല്ലാം കൂടിക്കലർന്ന ഒരു വ്യത്യസ്തമായ എഴുത്തുരൂപമെന്നേ ഇതിനെ പറയേണ്ടൂ. തുടക്കത്തിൽ കുറെയേറെ ചരിത്രശകലങ്ങൾ പറഞ്ഞുപോകുന്നതിനാൽ വായനക്കാർ ഒന്നു പരിഭ്രമിച്ചേക്കാനിടയുണ്ട്. ഗ്രന്ഥകാരിയുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് ഒരു മുൻധാരണ ഉണ്ടാകുന്നതിന് അല്പം ചരിത്രം മുന്നേ പറഞ്ഞു പോകേണ്ടതുമാണ്. തെക്കുംകൂറിനെ കുറിച്ചും കോട്ടയത്തെ കുറിച്ചും കുറച്ചേറെ എഴുതേണ്ടിവന്നത് പ്രദേശികമായി ഏതൊരാളും ഉള്ളിൽ സൂക്ഷിക്കുന്ന ജന്മനാടിനോടുള്ള വൈകാരികമായ മമതയുടെ പ്രതിഫലനമായി കണ്ടാൽ മതിയാകും. മുഞ്ഞനാട്ടുകുടുംബക്കാർ പല കാലങ്ങളിലായി തിരുവിതാംകൂർ സർക്കാറിനെ സേവിച്ചിരുന്നതുകൊണ്ടാകാം രാജഭക്തിയും വഴിപോലെ കടന്നുവരുന്നത്. അതുപക്ഷേ ഗ്രന്ഥകാരിയുടെ അമ്മയുടെ ഓർമ്മകളുടെ ഭാഗമായതിനാൽ രാജാവിനെ ദൈവത്തെപ്പോലെയും രാജഭരണത്തെ ഉത്തമമായ പൊതുവ്യവസ്ഥയായും വിലയിരുത്താനും മാത്രം പൊതുബോധമുള്ള കാലഘട്ടത്തിൻ്റെ തിരുശേഷിപ്പായി കരുതിയാൽ മതിയാകും.
ഉച്ചനീചത്വത്തിൻ്റെ ദുഷിച്ച സാമൂഹ്യതിന്മകൾ നടമാടിയിരുന്ന ഒരു കാലഘട്ടത്തെയാണ് ഈ ഗ്രന്ഥം പ്രതിനിധാനം ചെയ്യുന്നതെങ്കിലും ചുറ്റുപാടുമുള്ളവരോട് ഊഷ്മളമായ ബന്ധങ്ങൾ വച്ചുപുലർത്തിയിരുന്ന പാരമ്പര്യം ഈ കുടുംബത്തിന് ഉണ്ടായിരുന്നതിനാലാകാം ആ കാലത്തിന് ചേരാത്തത് എന്ന് വായനക്കാരിൽ ചിലർക്കെങ്കിലും തോന്നാനിടയുള്ള പല സന്ദർഭങ്ങളും ഇടയ്ക്കിടെ കടന്നുവരുന്നത്.
എൻ്റെ പഠനങ്ങളെ ആദ്യഭാഗത്തെ ചരിത്രക്കുറിപ്പുകൾക്ക് അവലംബമാക്കിയതിലും ഏറെ സന്തോഷമുണ്ട്. തീരെ അവ്യക്തമായി കിടക്കുന്ന ഒരു കാലഘട്ടത്തെ ചരിത്രത്തിലൂടെ പുനർനിർമ്മിക്കണമെങ്കിൽ മങ്ങിയും മറഞ്ഞു കിടക്കുന്ന വസ്തുതകളെ തെളിച്ചെടുത്തേ തീരൂ. ഒരു വ്യക്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന് അത്തരമൊരു ചരിത്രാന്വേഷണപ്രകിയയുടെ ഭാഗമായിത്തീരാൻ കഴിയുക എന്നത് അപൂർവ്വമായിരിക്കും. ഓരോ വായനക്കാരനും അത്തരം ഒരു അപൂർവ്വമായ അനുഭവമായിരിക്കും ഈ ഗ്രന്ഥത്തിൻ്റെ വായനയിലൂടെ സാധ്യമാകുന്നത്.
(കേരള പ്രാദേശികചരിത്ര പഠനസമിതി ജനറൽ സെക്രട്ടറിയാണ് പള്ളിക്കോണം രാജീവ്)