
നാസികള്‍ക്കെതിരേ പോരാടി രക്തസാക്ഷിയായ മലയാളി മിച്ചിലോട്ട് മാധവന്റെ ജീവിതകഥ സിനിമയാവുന്നു. സംവിധായകന്‍ സലിം അഹമ്മദാണ് ചിത്രം ഒരുക്കുന്നത്. എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണനും ജംഷിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. നാലുവര്‍ഷമായി ചിത്രത്തിന് പിന്നാലെയാണെന്നും ഇതൊരു സ്വപ്ന പദ്ധതിയാണെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാലുവര്‍ഷത്തോളമായി ഒരാള്‍ക്ക് പിന്നാലെയാണ്. നാട്ടുകാരനാണ്, തൊട്ടടുത്ത് മാഹിക്കാരനാണ്. 1937-ല്‍ പാരീസിലെത്തി നാസി അധിനിവേശത്തിനെതിരെ പോരാടി മരണം വരിച്ച മഹാനാണ് മിച്ചിലോട്ട് മാധവന്‍. എഴുത്തിനൊപ്പം ടി.ഡി. സാറും ജംഷിയും കൂട്ടിനുണ്ട്. ഡ്രീം പ്രൊജക്ടാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ', സലിം അഹമ്മദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാസി പടയോട്ടത്തില്‍ രക്തസാക്ഷിയായ ഒരേയൊരു ഇന്ത്യക്കാരന്‍ എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മിച്ചിലോട്ട് മാധവന്‍. രണ്ടാംലോകയുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണക്കായി പാരീസിന് സമീപം മോണ്ട് വലേറിയനില്‍ സ്ഥാപിച്ച രക്തസാക്ഷിസ്തൂപത്തില്‍ മിച്ചിലോട്ട് മാധവന്റേയും പേരുണ്ട്. 1930-കളുടെ ഒടുവില്‍ മാഹിയില്‍നിന്ന്
ഉന്നതപഠനത്തിനായാണ് മാധവന്‍ ഫ്രാന്‍സിലെത്തിയത്. പാരീസില്‍ സോര്‍ബണ്‍ സര്‍വകലാശാലയില്‍ മാധവന്‍ ഉന്നത പഠനത്തിന് ചേര്‍ന്നു.
നഗരത്തിലെ ഒരു തിയേറ്ററിലുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചാണ് നാസികളുടെ രഹസ്യപോലീസ് സംഘമായ ഗെസ്റ്റപ്പോ മാധവനെയും സുഹൃത്തുക്കളെയും പിടികൂടിയത്. മാധവന്‍ പിന്നീട് പുറംലോകം കണ്ടില്ല. നാസി തടവറയില്‍ കൊടുംക്രൂരതയ്ക്കിരയായ മാധവനെയും മറ്റു 45 പേരെയും 1942 സെപ്റ്റംബര്‍ 21-ന് പാരീസിലെ വലേറിയന്‍ കുന്നില്‍വെച്ച് പോലീസ് വെടിവെച്ചുകൊന്നു.