
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് നടന്‍ ജഗദീഷ്. അക്കാദമി ചെയര്‍മാനായി പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാരണം സമയക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റത്തിന് പിന്നാലെ നിലവിലെ ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി രാജിവെച്ചിരുന്നു. പിന്നാലെ, യുഡിഎഫ് സര്‍ക്കാര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജഗദീഷും ഉള്‍പ്പെട്ടിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. അതൊരു വലിയ ആദരമാണ്. പക്ഷേ, എന്റെ ഇപ്പോഴുള്ള സമയക്കുറവ് കാരണം ആ പദവികള്‍ ഏറ്റെടുക്കാന്‍ എനിക്ക് തത്കാലം ബുദ്ധിമുട്ടുണ്ടെന്നുള്ള കാര്യം അറിയിച്ചിട്ടുണ്ട്. വളരെ വിനയത്തോടുകൂടിയാണ് ഞാന്‍ വേണ്ട എന്ന് പറയുന്നത്. വലിയ പോസ്റ്റ് ആണ്. എന്നെക്കൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് അധികാരികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് എനിക്കൊരു വലിയ ബഹുമതിയാണ്. 24 മണിക്കൂറും അതിനുവേണ്ടി മാറ്റിവെക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ മാത്രമേ ഞാന്‍ ഏതു പോസ്റ്റും ഏറ്റെടുക്കുകയുള്ളൂ. ഇപ്പോള്‍ സിനിമയില്‍ നിറയെ വേഷങ്ങളാണ്. ഞാന്‍ പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട് എന്നെ ഗവര്‍ണര്‍ ആക്കാമെന്ന് ഒരു ഭാഗത്തുനിന്നും രാജമൗലിയുടെ ചിത്രത്തില്‍ വേഷം തരാമെന്ന് മറ്റൊരു ഭാഗത്തുനിന്നും പറഞ്ഞാല്‍ ഞാന്‍ രാജമൗലിയുടെ ചിത്രത്തിലെ വേഷം സ്വീകരിക്കും. ഗവര്‍ണര്‍ പോസ്റ്റ് വേണ്ട എന്ന് പറയും', ജഗദീഷ് വ്യക്തമാക്കി.
ആരുടെയെങ്കിലും പേര് സജസ്റ്റ് ചെയ്യാന്‍ ഞാനില്ല. പ്രാപ്തിയുള്ള ആള്‍ക്കാര്‍ വരട്ടെ. ഫിലിം ഒരു പാഷന്‍ ആയി കാണുന്ന, സന്തോഷകരമായിട്ടുള്ള അനുഭവങ്ങള്‍ സമ്മാനിക്കാന്‍ കഴിവുള്ള ഒരു ചെയര്‍മാന്‍ ചലച്ചിത്ര അക്കാദമിക്ക് വരട്ടെ. ഫെസ്റ്റിവല്‍ ഒക്കെ ഗംഭീരമാകട്ടെ, ജനകീയമാവട്ടെ. എല്ലാം തുറന്ന മനസോടെ സമീപിക്കാന്‍ കഴിയുന്ന ചെയര്‍മാന്‍ വരണം.
സിനിമ കാണാന്‍ ആവേശത്തോടെ വരുന്ന ചെറുപ്പക്കാരെ രണ്ടുകൈയും നീട്ടി, സഹോദരങ്ങളെ പോലെ സ്വീകരിക്കാന്‍ മനസുള്ള ചെയര്‍മാന്‍ വരണമെന്നാണ് എന്റെ ആഗ്രഹം', അദ്ദേഹം നിലപാട് അറിയിച്ചു.
'ആരേയും നിര്‍ദേശിക്കുന്നില്ല. നമ്മുടെ കൂട്ടത്തില്‍ നല്ല ആള്‍ക്കാരുണ്ട്. അവര്‍ വരട്ടെ. അവര്‍ക്കുവേണ്ട പിന്തുണ കൊടുക്കാന്‍ ഞാന്‍ റെഡിയാണ്. അക്കാദമി, കെഎസ്എഫ്ഡിസി, ക്ഷേമനിധി ബോര്‍ഡ്, സംഗീതനാടക അക്കാദമിയുടെ ഉള്‍പ്പെടെ ഏത് സ്ഥാപനത്തിന്റെ ചെയര്‍മാനായാലും എന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. അവര്‍ക്കുവേണ്ടി എല്ലാ സഹായവും ചെയ്യാന്‍
ഞാന്‍ ഒരുക്കമാണെന്ന് ഇനി ചാര്‍ജ് എടുക്കാന്‍ പോകുന്ന നിയുക്ത ചെയര്‍മാന്മാര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. എന്റെ എല്ലാവിധ സഹായവും സഹകരണവും പിന്തുണയുമുണ്ടാവും', ജഗദീഷ് കൂട്ടിച്ചേര്‍ത്തു.