
മധുരയിലെ അഞ്ചു ബസ് സ്റ്റേഷനുകളില്‍ ഒന്നാണ് പെരിയാര്‍. അടുത്ത് മധുര റയില്‍വേ ജങ്ക്ഷനും. രണ്ടിനോടും ചേര്‍ന്ന് തമിഴ് നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വക ഹോട്ടല്‍ തമിഴ് നാട്. തൊട്ടെതിര്‍വശത്ത് ആറുമാസം മുമ്പുപണിതീര്‍ന്ന മുപ്പതുലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന വാട്ടര്‍ ടാങ്കിന്റെ നിഴലില്‍ മറ്റൊരു കാമരാജിനെ ഞാന്‍ കണ്ടു മുട്ടി.
ഇംഗ്‌ളീഷ്‌കാര്‍ നാടുവിട്ട കാലത്തു ജനനായകനായി വളരുകയും മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്‌റിയും പാര്‍ലമെന്റ് അംഗവും ആയ കെ. കാമരാജിനെ ഓര്‍ക്കുക. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും ഇന്ദിരാഗാന്ധിയെയും പ്രധാനമന്ത്രിപദത്തില്‍ ഏറ്റിയ കുമാരസ്വാമി കാമരാജ് മധുരയുടെ പുത്രനായിരുന്നു.

മധുരയിലെ വ്യത്യസ്ഥനാമൊരു കാമരാജ്
നഗരഹൃദയത്തില്‍ നിന്ന് 13 കിമീ വടക്കു, കേരളത്തിലേക്കുള്ള ഹൈവേയുടെ ഓരത്തു നാഗമലയുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന മധുര കാമരാജ് യൂണിവേഴ്സിറ്റി ആ 'കിംഗ് മേക്കറു'ടെ ശാശ്വത സ്മാരകമാണ്. 1947 ഓഗസ്‌റ് 15നു സ്വാതന്ത്ര്യദിനത്തില്‍ മീനാക്ഷി ക്ഷേത്രത്തിനു 500 മീ അടുത്ത് മോഡേണ്‍ ഹോട്ടല്‍ എന്ന ആദ്യത്തെ മലയാളി ഹോട്ടല്‍ തുറന്ന പാലക്കാട്ടുകാരന്‍ സദാശിവന്‍ ഈയിടെമറ്റൊരു കാര്യം കൂടി ചെയ്തു.
പാലക്കാട് വടക്കുംതല വിഎം സദാശിവന്‍ നേരിട്ടല്ല. അദ്ദേഹത്തിന്റെ കാലശേഷം മക്കള്‍ മോഹന സുന്ദരവും സുന്ദരേശനും കൂടി കാമരാജ് യൂണിവേഴ്സിറ്റി കാമ്പസില്‍ കഴിഞ്ഞ ഓഗസ്‌റ് 15 നു പുതിയൊരു മോഡേണ്‍ ഹോട്ടല്‍ തുറന്നു. രുചികരമായ ഇഡ്ഡലിയും വടയും ദോശയും പൊങ്കലും ഉപ്പുമാവും ചായ-കാപ്പിയും നല്‍കാന്‍. രണ്ടിടത്തുംനല്ല തിരക്ക്.

പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച കെ. കാമരാജ്
സാക്ഷാല്‍ കാമരാജ് 1961ല്‍ ഉദ്ഘാടനം ചെയ്ത ഹോട്ടല്‍ തമിഴ് നാട്ടിലേക്കു നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ഭീമന്‍ വാട്ടര്‍ ടാങ്ക് ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതിനു കാരണം പൈപ്പിടല്‍ തീരാത്തതാണ്. മുല്ലപെരിയാറില്‍ നിന്നുള്ള വെള്ളം കൊണ്ടുവരുന്ന വൈഗയില്‍ നിന്ന് നഗരത്തിലെ 3742 ച. കിമീറ്ററിനുള്ളില്‍ താമസിക്കുന്ന 20 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണിത്.
മധുര സിറ്റി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 2024ല്‍ തുടക്കം കുറിച്ച മുല്ലപെരിയാര്‍ ജലവിതരണ പദ്ധതി എന്ന് ടാങ്കിന്റെ മുകളില്‍ ഇംഗ്‌ളീഷിലും തമിഴിലും രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് 150 കിമീ അകലെയാണ് മധുര.

30 ലക്ഷം ലിറ്റര്‍ ശേഷിയുള്ള മധുരയിലെ മുല്ലപെരിയാര്‍ വാട്ടര്‍ടാങ്ക്
കേരളവും തമിഴ് നാടും 1886ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം പെന്‍സ്റ്റോക് പൈപ്പുകള്‍ വഴി ലോവര്‍ പെരിയാറില്‍ എത്തി വൈരവനാര്‍, ചുരുളിയാര്‍ വഴി വൈഗയില്‍ ചെന്നുചേരും. അവിടെ വൈഗ ഡാമും ജലവൈദ്യത്തിനിലയവും. വൈദ്യുതി ഉല്‍പ്പാദിപ്പിച്ചശേഷം പുറത്തേക്കു വിടുന്ന ജലം വൈഗവഴി തേനി, ഡിണ്ടിഗല്‍, മധുര, രാമനാഥപുരം ജില്ലകളില്‍ കുടിക്കാനും ജലസേചനത്തിനും ഉപയോഗിക്കും.

ചുരുക്കത്തില്‍ തമിഴ് നാടിന്റെ ജീവജലം ആണ് മുല്ലപെരിയാര്‍. പകരം തമിഴ് നാട്ടുകാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും പാലും പച്ചക്കറിയും നാളികേരവും ആപ്പിളും ഓറഞ്ചും മുന്തിരിയുമെല്ലാം കേരളീയര്‍ വാങ്ങുന്നു. എത്ര ആകര്‍ഷകമായ മാറ്റക്കച്ചവടം! കുമിളി ചുരം ഇറങ്ങി വരുമ്പോള്‍ കാണാം 1887ല്‍ അണകെട്ട് രൂപകല്പന ചെയ്തു നിര്‍മ്മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെനിക്വിക്കിന്റെ പ്രതിമയും അദ്ദേഹത്തിന്റെ സ്മാരകങ്ങളും.
ഏപ്രില്‍ 23നു നടന്ന തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിലും കത്തിനിന്നു മുല്ലപ്പെരിയാര്‍. 2021മുതല്‍ അധികാരത്തിലിരിക്കുന്ന ഡിഎംകെ ഭരണകൂടം മുല്ലപെരിയാര്‍ പ്രശ്‌നം പരി രിഹരിക്കുന്നതിനു എന്ത് ചെയ്തു എന്നു ചോദിക്കുന്നു പ്രതിപക്ഷ ഐഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി.

ആവണിയാപുരത്തെ വീട്; മുല്ലപ്പെരിയാര്‍ വെള്ളത്തിനു കാത്തിരിക്കുന്ന കണക്ഷന്‍
ഈ ഭീമന്‍ വാട്ടര്‍ ടാങ്ക് ഈ പ്രശ്‌നത്തിന്റെ ജീവിക്കുന്ന പ്രതീകമോ നോക്കുകുത്തിയോ ആണെന്ന് ആര്‍ക്കും തോന്നും. മുല്ലരിയാറില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. അവിടെ കേരളം യാതൊരു തടസവും സൃഷ്ടിക്കുന്നില്ല. മറ്റൊരു അണക്കെട്ടു പണിതു കേരള ജനതയുടെ ജീവനു പരിരക്ഷ ഒരുക്കാനേ കേരളം ശ്രമിക്കുന്നുള്ളു എന്നതല്ലേ ശരി?
രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ ജനിച്ച ആറുമുഖം കാമരാജ് എന്ന എ.കാമരാജ്, 64, ഹോട്ടല്‍ തമിഴ്നാട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. നാല്‍പതു വര്‍ഷമായി മധുരയില്‍ എയര്‍പോര്‍ട്ടിനടുത്ത് ആവണിയാപുരത്തെ വാടക വീട്ടില്‍ കഴിയുന്നു. മാസം നാലായിരം രൂപ വാടക. ഇരുപത്തിനാലു വയസ്സായപ്പോള്‍ അച്ഛനമ്മമാരോടൊത്ത് മധുരയിലേക്ക് വന്ന മൂന്ന് ആണ്മക്കളും നാലു പെണ്‍മക്കളുംഅടങ്ങിയ കുടുംബം.

മക്കള്‍ മീനാക്ഷി, പ്രിയങ്ക, രാമു, ലക്ഷ്മി.
ആവണിയാപുരത്തെ കൈത്തറി നെയ്ത്തു ശാലകളില്‍ പണിയെടുത്തതുകൊണ്ടാണ് അവര്‍ ജീവിതം കരുപ്പിടിപ്പിച്ചത്. നെയ്ത്തുകാരായ ചെട്ടിയാര്‍ വംശത്തില്‍ പെട്ടവരാണ് അവര്‍. ഹാന്‍ഡ്ലൂം വേഷ്ടികള്‍ക്കും സാരികള്‍ക്കും പേരെടുത്തതാണല്ലോ മധുര. മധുരയിലെ തുങ്കുടി സാരി കാഞ്ചിപുരം സാരി പോലെ പ്രസിദ്ധം.
കാമരാജ് അഞ്ചു വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും തമിഴ് നന്നായി കൈകാര്യം ചെയ്യും. അത്യാവശ്യത്തിനു മലയാളവും ഇംഗ്‌ളീഷും അറിയാം. മുപ്പതു വര്‍ഷം കൈത്തറിശാലയില്‍ ജോലിചെയ്ത ശേഷമാണ് സെക്യൂരിറ്റി പണിയിലേക്കു തിരിഞ്ഞത്.

തമിഴ്നാട് ഹോട്ടലിലെ അമുതഗം റെസ്റ്റോറന്റും അശോകനും
മുപ്പത്തിരണ്ടാം വയസില്‍ ആവണിയാപുരം സ്വദേശി സുലോചനയെ വിവാഹം ചെയ്ത കാമരാജ് കുടുംബ വീടിനടുത്തു മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. അവര്‍ക്കു നാലു പെണ്‍മക്കള്‍--മീനാക്ഷി, പ്രിയങ്ക, രാമു, ലക്ഷ്മി. രാമുവും ലക്ഷ്മിയും ഇരട്ടകള്‍. നാലു പേരും സ്‌കൂള്‍ ഫൈനല്‍ വരെ എത്തിയവരാണ്. പക്ഷെ കുട്ടികളെ വളര്‍ത്തി വീട്ടമ്മമാരായി കഴിയുന്നു.
മീനാക്ഷിയുടെ ഭര്‍ത്താവ് ജാനകിരാമന്‍ ടെയ്ലര്‍ ആണ്. പ്രിയങ്ക, രാമുമാരുടെ പങ്കാളികള്‍ സ്വന്തം ഓട്ടോ ഓടിക്കുന്നു ലക്ഷ്മിയുടെ ഭര്‍ത്താവിനു ഹോട്ടലില്‍ പാചകം. എല്ലാവര്‍ക്കും കൂടി ഏഴു മക്കള്‍. കൈക്കുഞ്ഞുങ്ങള്‍ ഒഴികെ എല്ലാവരും സ്‌കൂളില്‍ പഠിക്കുന്നു.

പെരിയാര്‍ ബസ്സ്റ്റാന്‍ഡിലെ പൂക്കച്ചവടം
എട്ടു വര്‍ഷമായി ഡബിള്‍ ഡ്യൂട്ടി ചെയ്യുന്ന ആളാണ് കാമരാജ്. തമിഴ് നാട് ഹോട്ടലില്‍ ജോലികഴിഞ്ഞാല്‍ ജില്ലാ കളക്ട്രേറ്റില്‍ രാതി കാവല്‍. ഹോട്ടലില്‍ 12,000 രൂപ വേതനം. കളക്ട്രേറ്റില്‍ നിന്ന് 15,000. രണ്ടായിരം പ്രോവിഡന്റ് ഫണ്ടിലേക്ക് പിടിക്കും. എന്തിനു ഡബിള്‍ ഡ്യൂട്ടി എന്ന ചോദ്യത്തിന് പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ വായ്പകള്‍ എടുത്തിട്ടുണ്ട് എന്നു മറുപടി. അതിനു വേണ്ടി എല്ലാമാസവും 15000 അടച്ചുകൊണ്ടിരിക്കുന്നു.
ഹോട്ടലില്‍ ഏഴുമണിക്ക് ജോലിതുടങ്ങിയാല്‍ മൂന്ന് മണിക്ക് അവസാനിക്കും. സൗജന്യമായി ഭക്ഷണം കിട്ടും. മാസം 2000 രൂപ അടവിനു വാങ്ങിയ കൊമാക്കി ഇലക്ട്രിക് സ്‌കൂട്ടര്‍ അരമണിക്കൂര്‍ ഓടിച്ച് ആവണിയാപുരത്തെ വീട്ടിലെത്തിയാല്‍ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം ആറുമണിക്ക് കളക്റ്ററേറ്റില്‍ ഡ്യൂട്ടിക്കെത്തും. രാതി ഡ്യൂട്ടിക്ക് കിടന്നുറങ്ങാന്‍ കഴിയുമെന്ന മെച്ചമുണ്ട്.
നാല്‍പതു വര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന കാമരാജിന് ഇനിയും സ്വന്തം കിടപ്പാടമില്ലെന്നത് വിങ്ങുന്ന വേദനയായി തുടരുന്നു. വാടകവീട്ടില്‍ മുല്ലപെരിയര്‍ വെള്ളം എത്തിക്കാനുള്ള പൈപ്പ് അധികൃതര്‍ ഇട്ടിട്ടുണ്ട്. അതു വരെ മറ്റിടങ്ങളില്‍ കുടവുമായി പോയി വെള്ളം ശേഖരിക്കും.

മാട്ടുപ്പൊങ്കല്‍ ജെല്ലിക്കെട്ടിന്റെ പ്രതീകമായ കാളക്കൂറ്റന്‍ പെരിയാര്‍ സ്റ്റാന്‍ഡില്‍
ഡിഎംകെ അനുയായിയാണ്. മധുര സെന്‍ട്രലില്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ 'കണ്ടിപ്പാ ജയിക്കും' എന്നു പറയുന്നു കാമരാജ്. (നടന്‍ വിജയിന്റെ ടിവികെ സൃഷ്ട്ടിച്ച കൊടുങ്കാറ്റില്‍ ത്യാഗരാജനും തോറ്റു) ഭരണകക്ഷി അനുഭാവി ആയിട്ടും ഏതങ്കിലും ഒരു സ്‌കീമില്‍ അപേക്ഷിച്ച് കിടപ്പാടം സ്വന്തമാക്കാത്തതെന്തേ എന്ന ചോദ്യത്തിനു അത്തരം വീടുകളെല്ലാം ഫുള്‍ടൈം രാഷ്ട്രീയക്കാര്‍ക്കെ ലഭിക്കൂ എന്നു പറഞ്ഞു സമാശ്വസിക്കുന്നു അദ്ദേഹം.
ഭാര്യ സുലോചന വീട്ടമ്മയായി കഴിയുന്നെങ്കിലും എന്തെകിലും പണി കിട്ടിയാല്‍ പോകാന്‍ തയ്യാറാണ്. അരവിന്ദ് കണ്ണാശു പത്രി പോലുള്ള സ്ഥാപനങ്ങളില്‍ സര്‍ജറി കഴിഞ്ഞു കിടക്കുന്നവര്‍ക്കു കൂട്ടിരിക്കാന്‍ റെഡി.
തമിഴ്നാട് ഹോട്ടലിന്റെ അമുതഗം (അമൃത് ഗൃഹം) റെസ്‌റോറന്റിലെ സീനിയര്‍ മോസ്റ്റ് വെയ്റ്റര്‍ പത്തനംതിട്ട സ്വദേശി അശോകന്റെ കഥ വ്യത്യസ്തമാണ്. അച്ഛന് റെയില്‍വേ ജോലിയായിരുന്നതു കൊണ്ട് നാല്‍പതു വര്‍ഷം മുമ്പ് തമിഴ് നാട്ടില്‍ എത്തി. പത്തനംതിട്ട അങ്ങാടിക്കല്‍ (മുന്‍ മന്ത്രി വീണാ ജോര്‍ജിന്റെ അയല്‍വക്കത്ത്) വീടും ഭൂമിയും ഉണ്ട്. മധുര വെസ്റ്റിലെ ബിബി കുളത്തും വീടുവച്ചു
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കോട്ടയം സ്വദേശിയായ ഭാര്യ ശാന്ത വടമലയന്‍ ഹോസ്പിറ്റലില്‍ നഴ് സ് ആയിരുന്നു. 800 രൂപ ശമ്പളത്തില്‍ തുടങ്ങി 45,000ല്‍ എത്തി റിട്ടയര്‍ ചെയ്തു. 1957ല്‍ അന്നത്തെ മുഖ്യമന്ത്രി കാമരാജ് ഉദ്ഘാടനം ചെയ്ത വലിയൊരു ആശുപത്രി ശൃംഖലയാണ് വടമലയന്‍. അശോകനും ശാന്തക്കും കൂടി ഒരേ ഒരു മകന്‍ അരുണ്‍. ബിരുദധാരിയായ അരുണിന് തിരുവനന്തപുരത്തു ജോലി. രണ്ടു മക്കള്‍.

റെയില്‍വേ സ്റ്റേഷനു സമീപം പത്രങ്ങള്‍ വില്‍ക്കുന്ന ലക്കി ജ്യൂസ് ഉടമ ഷഹീദ്
ജീവിത ശ്രേണിയില്‍ ഒരുപോലെ നീന്തിത്തുടിച്ച് മധുരയില്‍ ആശ്രയം കണ്ടെത്തിയവരാണ് ഇരുവരും. ഒരുകുടുംബം രക്ഷപ്പെട്ടു. മറ്റെയാള്‍ സ്വന്തം കിടപ്പാടം പോലുമില്ലാതെ നാല് പെണ്മക്കളെ പോറ്റി വളര്‍ത്തി, അവര്‍ക്കു ജീവിത പങ്കാളികളെ കണ്ടെത്തി.
കാര്യമായ വിദ്യാഭ്യാസം കൂടാതെതന്നെ വലിയ പദവികളില്‍ എത്തി മരണാനന്തരം ഭാരതരത്‌നം നേടിയ കെ. കാമരാജിന്റെ നാടാണല്ലോ മധുര. അയല്‍വക്കത്തെ രാമനാഥപുരം ജില്ലയിലെ രമേശ്വരത്തു ജനിച്ചു സ്‌കൂളില്‍ പഠിച്ചു കയറി മിസൈല്‍ മാനും രാഷ്ട്രപതിയുമായ ആളാണ് അബ്ദുല്‍ കലാം. എന്നിട്ടും ആറുമുഖം കാമരാജ് രാത്രിപകല്‍ ഡബിള്‍ ഡ്യൂട്ടി ചെയ്യുന്നു, വാടകവീട്ടില്‍ കഴിയുന്നു!
സാമൂഹ്യ നീതിയെവിടെ? അധികാരത്തിനു വേണ്ടി കോടികള്‍ വാരിയെറിയുന്ന മക്കള്‍ കക്ഷികള്‍ ഇതൊന്നും കാണുന്നില്ലേ?