
തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി.
കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പുതിയ ചെയര്‍മാന്‍മാരായിപരിഗണിക്കുന്നുണ്ട്. 2016-ല്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ മത്സരിച്ച നടന്‍ ജഗദീഷ്, യുഡിഎഫിന് വേണ്ടി ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നടന്‍ സലിംകുമാര്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ
സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവ പരിഗണനയിലുള്ളത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറും പരിഗണനയിലുണ്ട്. സംവിധായകന്‍ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാര്‍ ആയിരുന്നു. അറിയിപ്പില്ലാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാര്‍ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു.
താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍. സി. അജോയ് ആണ് സെക്രട്ടറി. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണന്‍, നിര്‍മാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരന്‍, ഗായിക സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, ജി.എസ്. വിജയന്‍, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍, സംവിധായകന്‍ അമല്‍ നീരദ്, എന്‍. അരുണ്‍, ശ്രീഗണേഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.