Image

കുഞ്ഞതിഥി (ചെറുകഥ: ചിഞ്ചു തോമസ്)

Published on 23 May, 2026
കുഞ്ഞതിഥി (ചെറുകഥ: ചിഞ്ചു തോമസ്)

ഉറക്കത്തിൽ നിന്ന് ആരോ തട്ടി വിളിച്ചപോലെ ഇന്ന് ഞാൻ ഉണർന്നു. സമയം രാത്രി 12:45. ശ്വാസം മുട്ടിക്കുന്ന സ്വപ്നങ്ങൾ കുറേ കണ്ടതായി ഞാൻ ഓർത്തു. സ്വപ്നങ്ങളുടെ ഇടയിൽനിന്ന് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞെഴുന്നേറ്റതാകാം ഞാൻ. ഉടനേ വീണ്ടും ഉറങ്ങി. ഇതുപോലെ വീണ്ടും ഒന്നേ മുക്കാലിന്  ഞാൻ എഴുന്നേറ്റു. കുലുക്കി എഴുന്നേൽപ്പിക്കും പോലെ. ഉറങ്ങി കൊതി തീരാത്ത എന്റെ ഉറക്കം വീണ്ടും കണ്ണുകളടച്ചു.

എന്റെ മകനെ സ്കൂളിൽ വിടാൻ ഞാൻ അഞ്ചരക്ക് എഴുന്നേൽക്കും. ഞാൻ അവന്റെ സ്കൂൾ യൂണിഫോം അലമാരയിൽനിന്നും എടുക്കുമ്പോൾ അവൻ താഴേക്ക്‌ പോകുന്നത് ഞാൻ കേട്ടു.
നീ എന്തിനാ ഇപ്പോഴേ എഴുന്നേറ്റത്?

മൂത്രമൊഴിക്കാൻ എന്ന് പറഞ്ഞുകൊണ്ട് അവൻ താഴോട്ട് പോയി.

മുകളിൽ ടോയ്ലറ്റ് ഉണ്ടായിട്ട് അവൻ എന്തിനാ താഴെ പോകുന്നത്! പിള്ളേർക്ക് ഓരോ സമയം ഓരോ സ്വഭാവങ്ങളല്ലേ.ചിലപ്പോ ഈ ടോയ്‌ലെറ്റിൽ കയറാൻ പേടി,ഈ മുറിയിൽ കയറാൻ പേടി, ചിലന്തി അവിടെ വലയിട്ടിരിപ്പുണ്ട് ഞാൻ അങ്ങോട്ട് പോവില്ല അങ്ങനെയുള്ള എന്തോ കാര്യംകൊണ്ട് അവൻ ഇന്ന് താഴെ പോയതാകാം. അവൻ പോയപോലെ മുകളിൽ വന്നിട്ടു ചോദിച്ചു,“മൈന കുഞ്ഞ് നിവർന്ന് ഇരിക്കുന്നു, അത് മരിച്ചുപോയോ?”
ങ്ഹാ മരിച്ചുകാണും.ഇങ്ങനെ എത്ര പക്ഷികളെ പൂച്ചേടെ ഉപദ്രവത്തിൽനിന്നും രക്ഷിച്ചുകൊണ്ടുവന്നിട്ടുണ്ട്! എന്നിട്ട് ഒന്ന് രണ്ട് ദിവസമാകുമ്പോഴേക്കും  എല്ലാം മരിച്ചുപോയില്ലേ, ഒരു കുരുവി ഒഴിച്ച്.ആ കുരുവിയെ വായിലാക്കി എന്റെ മുന്നിൽകൊണ്ടിട്ടുതന്നത് പൂച്ച തന്നെയാണ്. എന്നിട്ടവൾ അവിടെ കിടന്നു.രക്ഷിക്കണേയെന്ന് പറയുമ്പോലെ. സൂഷിച്ചു നോക്കിയപ്പോളാണ് ജീവനുള്ള കുരുവി എന്റെ മുന്നിൽ പേടിച്ച് കിടക്കുന്നതായി ഞാൻ കണ്ടതുതന്നെ.ഞാൻ അവളെ പരിചരിച്ചു.ഞാൻ ഇട്ടുകൊടുത്ത ചോറ് അവൾ കൊത്തിത്തിന്നു. വൈകിട്ടോടെ ഞാൻ അവളെ പറത്തിവിട്ടു. ബാക്കി പക്ഷികളെ പരിചരിച്ച കൈകൊണ്ട് അവർക്ക് കുഴി എടുക്കേണ്ടിയും വന്നു.

ഞാൻ അവന്റെ യൂണിഫോം എടുത്ത് താഴെ വന്നു. മൈന  മരിച്ചിട്ടുണ്ടാകില്ലെന്ന് എന്തോ എനിക്ക് തോന്നിയിരുന്നു.അത് മൊട്ടയ്ക്ക് അട ഇരിക്കുമ്പോലെ ഇരിക്കയാകുമെന്ന് കരുതി തറയിലിരുന്നു നോക്കി. അത് മലർന്ന് കിടക്കയായിരുന്നു. തല മുകളിലേക്ക് ഉയർന്ന് കണ്ണടച്ച്. ഞാൻ അതിനെ അപ്പോൾ തൊട്ടില്ല.എടുത്ത് നോക്കിയുമില്ല.മരിച്ചുവെന്ന് എനിക്ക് മനസിലായിരുന്നു.

ഞാൻ എന്റെ മകനുള്ള ഭക്ഷണം ഉണ്ടാക്കി.. അവന്റെ ബാഗിൽ എല്ലാം അടുക്കി വെച്ചു. എന്നിട്ട് മൈനയെ അടച്ചു വെച്ചിരുന്ന കമ്പുകൾ ചേർത്തുണ്ടാക്കിയ കൂട് തുറന്നു.അത് തീരെ കുഞ്ഞായിരുന്നു.അതിന്റെ ആദ്യത്തെ പറക്കലായിരുന്നിരിക്കും ഇന്നലെ നടന്നത്. ഇന്നലെയായിരുന്നു അതിന്റെ കുഞ്ഞു ജീവിതം മാറിമറിഞ്ഞതും. 
ഈ മൈന അതിന്റെ അമ്മയോടും അച്ഛനോടുമൊപ്പം ഞങ്ങളുടെ ബാക്ക്യാർഡിൽ പൂച്ചക്ക് വെച്ചിരുന്ന ഭക്ഷണം കഴിക്കാൻ പറന്നിറങ്ങി. എപ്പോഴും വരാറുള്ളതാണ് ഈ മൈനകൾ.വരുമ്പോൾ വലിയ ബഹളമുണ്ടാക്കും. പൂച്ചയുണ്ട് എന്ന് പറയുമ്പോലെയുള്ള അപായസൂചകമായ ബഹളം. ഇന്നലെ മൈനകുഞ്ഞും അവർക്കൊപ്പമുണ്ടായിരുന്നു. പൂച്ചക്ക് എളുപ്പമായി. അത് ചാടിവീണു. കുഞ്ഞ് തെന്നി തെന്നി പറക്കുന്നുണ്ട്. പൂച്ചയെ ഓടിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നുണ്ട്. 

ഞാൻ ഇറങ്ങി നോക്കുമ്പോൾ ഒരു കുഞ്ഞു ജീവൻ പറക്കാൻ പറ്റാതെ പൂച്ചയുമായി ജീവനുവേണ്ടി പൊരുതുന്നു. പൂച്ചയോട് മാറാൻ പറഞ്ഞിട്ട് അതൊന്ന് പമ്മിയിട്ടു കുഞ്ഞിനെപിടിക്കാൻ ആയുന്നു.ഞാൻ ഒരു വടിയെടുത്തു പൂച്ചയെ ഓടിച്ചു. മൈനക്കുഞ്ഞ് ഒരു ശില്പത്തിന് പിറകിൽ ഒളിച്ചിരിക്കയായിരുന്നു അപ്പോൾ. ഞാൻ അതിനെ പിടിക്കാൻ ചെല്ലും, അത് പേടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടും. അമ്മയും അച്ഛനും മരത്തിൽ മാറിമാറി പറന്നിരുന്ന് കരയുന്നു. ഞാൻ അതിനെ പിടിച്ചു. അത് എന്റെ കൈയിൽനിന്നും പറന്നു. ഉയർന്ന് പറക്കുന്നില്ല.അത് താഴേക്ക്‌ വീണു.വീണ്ടും ഓടി.ഞാൻ പിറകേ ചെന്നു.അതിനെ പിടിച്ചു.അതിന്റെ അച്ഛനും അമ്മയും ഇരിക്കുന്ന മരക്കൊമ്പിൽ വെച്ചു.എന്റെ കൈ അതിന്റെ ഒരു കാലിൽ മൃതുവായി പിടിച്ചിരുന്നു.അവിടെ ഒരു മതിലാണ്.കുഞ്ഞ് ആവേശം മൂത്ത് പറന്നാൽ മതിലിനപ്പുറം താഴേക്ക്‌ പതിക്കും.കുഞ്ഞ് ശാന്തമായി.അത് അച്ഛനെയും അമ്മയെയും നോക്കി.പേടിച്ചുള്ള  കരച്ചിലില്ല,ശാന്തമായ  മൗനം. ഞാൻ അതിനെ അതിന്റെ അച്ഛനും അമ്മയ്ക്കും കാട്ടിക്കൊടുത്തിട്ട് അകത്തേക്ക് കൊണ്ടുവന്നു. വീടിനുള്ളിൽ അത് പറക്കാൻ നോക്കി. ഞാൻ അതിന്റെ ദേഹത്ത് പതിവുപോലെ മഞ്ഞൾ പുരട്ടി. ഭക്ഷണം കൊടുക്കാൻ കൊണ്ടുചെന്നതും എന്നെ അതിന്റെ നീളമുള്ള വളർന്നു വരുന്ന ഇളം ചുണ്ടുകൾക്കൊണ്ട് കൊത്താൻ നോക്കുകയാണ്.ഭക്ഷണമുള്ള ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അത് ചുണ്ടുകൊണ്ട് കടിച്ചു പിടിച്ചിരിക്കയാണ്.പോരാത്തതിന് അതിന്റെ നഖമുള്ള കാലുകൾ കൊണ്ട്‌ എന്റെ കൈ തടഞ്ഞു നിർത്താൻ നോക്കുന്നു. എന്ത് മനോഹരമായിരുന്നെന്നോ അത് എന്നോട് പൊരുതുന്നത് കാണാൻ. അതിന്റെ കാലുകൾകൊണ്ട് എന്നെ തടഞ്ഞപ്പോൾ എനിക്കതിനോട് വലിയ സ്നേഹം തോന്നി. ഞാൻ നിർബന്ധിച്ച്‌ അതിന് ഭക്ഷണം കൊടുത്തു. അതിനെ വെറുതേ നടക്കാൻ വിട്ടു. അത് നടക്കുകയും ചെറുതായി പറക്കുകയും പറക്കാൻ കഴിയാത്തതുകൊണ്ട് ചാടുകയുമൊക്കെ ചെയ്തു. ചെടികൾക്ക് പിറകിൽ ഒളിച്ചിരുന്നു.അത് ഭയങ്കര വഴക്കാളി മൈനയായിരുന്നു. മൈനകളെല്ലാം ഇങ്ങനെയാകും.

അത് ചിറകുകൾ കോതി.അതിനെ ഭക്ഷണം കഴിപ്പിക്കാൻ ഞാൻ പാടുപെട്ടു.ശരിക്കുമത് കഴിച്ചു തുടങ്ങാനാ പാട്. ഭക്ഷണം വായിൽ ചെന്നുകിട്ടിയാൽപിന്നെ കഴിച്ചോളും. ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നെ തടയാനും വരും. അത് ആരോഗ്യമായി പറന്നുപോകുമെന്ന് ഞാൻ എന്തോ വിശ്വസിച്ചു. 

ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് അതിന് വോൽനട്ട് വെള്ളത്തിൽ പൊടിച്ചു കൊടുത്തു. എന്റെ വിരലുകളിൽ അത് ബലപ്രയോഗം നടത്തി. ഞാൻ ഉമ്മ കൊടുത്തു.അത് ശാന്തമായി എന്നെ നോക്കി.ഞാൻ അതിന്റെ നെറുകയിൽ തലോടി. അതിന് ടിഷ്യൂ കൊണ്ട് മെത്തയുണ്ടാക്കി. കുഞ്ഞെല്ലേ ചൂട് വേണമെന്ന് തോന്നിയാലോ.എങ്ങും പോയി ഇടിച്ചു വീഴാതിരിക്കാൻ കമ്പുകൊണ്ടുള്ള അടപ്പുകൊണ്ട് ഒരു വീടുണ്ടാക്കി. അങ്ങനെ ലൈറ്റ് അണച്ചു പോയതായിരുന്നു ഞാൻ. ഇന്നിതാ ജീവനറ്റ് അനങ്ങാതെ കിടക്കുന്നത് കാണേണ്ടിവന്നു.

ഞാൻ അതിന്റെ കാൽ തൊട്ടുനോക്കി. എന്നോട് യുദ്ധം ചെയ്യാതെ കാലുകൾ ഉറങ്ങിയിരിക്കുന്നു, തണുത്ത്. ഞാൻ അതിനെ ടിഷ്യൂവിൽ പൊതിഞ്ഞു.പുറത്ത്, മുൻപ് യുദ്ധം കാരണം നാട്ടിൽ പോകാന്നേരം അകത്തിരുന്ന ഒരു വലിയ ചെടിച്ചട്ടി ഉള്ളിൽ വെള്ളം കേറുന്നപോലെ വെക്കാനായി കുഴിച്ച കുഴി ഇപ്പോൾ കുഴിയായി കിടന്നിരുന്നു.അതിൽ അതിനെ കിടത്തി. ഉറങ്ങുന്ന ദേഹത്തിന് ചൂടേകാൻ മണ്ണിട്ട് മൂടി.

ഇന്നലെ തുടങ്ങിയ ബന്ധം ഇന്ന് അവസാനിച്ചിരിക്കുന്നു. ആദ്യമൊക്കെ ഇങ്ങനെ പക്ഷികൾ മരിക്കുമ്പോൾ എനിക്ക് വലിയ കരച്ചിലായിരുന്നു.ഇപ്പോൾ എന്റെ മനസ്സ് മരവിച്ചു തുടങ്ങിയിരിക്കുന്നതുകൊണ്ട് എനിക്ക് കരച്ചിലില്ല. എന്റെ മകന് പക്ഷി മരിച്ചാലോ പൂച്ചയെ ദിവസങ്ങൾ കാണാതിരുന്നാലോ ഞാൻ കരയുമെന്ന ചിന്തയാണ്. ഞാൻ ഇങ്ങനെ ഇതിനൊക്കെ കരയുന്നത് നിസ്സാരമാണെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്. ഞാൻ ഒരിക്കൽ എന്റെ ഭർത്താവിനോട് ചോദിച്ചു, ഞാനീ പൂച്ചകളോടും പക്ഷികളോടും സംസാരിക്കുന്നത് മോശമാ എല്ലേ? ഇങ്ങനെ ആരും ചെയ്യില്ല എല്ലേ? ഇതൊക്കെ വെറും നിസ്സാരമായ കാര്യങ്ങളാണ് എല്ലേ? ഇതൊക്കെ ഞാൻ മാറ്റണം എല്ലേ? അങ്ങനെ എന്റെ കുറേ എല്ലേ കേട്ട് അദ്ദേഹം പറഞ്ഞു, “ഒന്നും മാറ്റരുത് , ഇതൊക്കെ ഉള്ളതാണ് ഏറ്റവും നല്ലത്.” 

മൈനയെ കുഴിച്ചിട്ട് കഴിഞ്ഞപ്പോൾ പൂച്ചവന്ന് അവിടൊക്കെ മണത്തു. അത് മരിച്ചുപോയിയെന്ന് മനസിലായപോലെ. മൈനയെ തപ്പി അതിന്റെ അച്ഛനും അമ്മയും വന്നു.പൂച്ചയെ നോക്കി ഉച്ചത്തിൽ കരഞ്ഞു.നീ എന്തിനിത് ചെയ്തുവെന്ന് ചോദിക്കുമ്പോലെ. നിന്റെ കുഞ്ഞ് മരിച്ചുവെന്ന് ഞാൻ അതുങ്ങളെ നോക്കി പറഞ്ഞു.അത് മരങ്ങൾ മാറിമാറി ഇരുന്ന് കരഞ്ഞു. പിന്നെ പറന്നു പോയി.

 

Join WhatsApp News
Sudhir Panikkaveetil 2026-05-23 13:40:54
മൃഗങ്ങളോടുള്ള സ്നേഹത്തെകുറിച്ചുള്ള ചെറുകഥകൾ മനുഷ്യ-മൃഗ ബന്ധങ്ങളിലും ആഴത്തിലുള്ള വിശ്വസ്തതയും സ്നേഹവും ഉണ്ടെന്നു കാണിക്കുന്നു. ഇതൊരു പക്ഷെ കഥാകാരിയുടെ അനുഭവമായിരിക്കാം. എങ്കിലും അത് വായനക്കാരനെ സ്പര്ശിക്കുംവിധം എഴുതാൻ കഴിഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക