Image

ശാപം പേറുന്ന ശകുന്തളമാർ (കവിത: ജയൻ വർഗീസ്)

Published on 22 May, 2026
ശാപം പേറുന്ന ശകുന്തളമാർ (കവിത: ജയൻ വർഗീസ്)

കാളിദാസക്കവി

തൂലിക വരച്ചിട്ട

കാവ്യ മനോഹരം

ശാകുന്തളം.


ശാകുന്തളത്തിലെ

നായിക മാന്തളിർ

ചേല് ചുരന്ന

മുനികന്യക


മാലിനി തീരത്ത്

പൊട്ടി വീണമ്പിളി

ചേലിന്റെ മറ്റൊരു

തുണ്ട് പോലെ !


മാറ് മറയ്ക്കും

മരവുരി തോഴിമാർ

പാടുപെട്ടങ്ങനെ

ചേർത്തു വയ്ക്കേ,


മാറിൽ നിറഞ്ഞു

തുളുമ്പുമാ യൗവന

ഭാരം മരവുരി

തെല്ലുലച്ചും,


തോഴിമാരാ മൃദു

പാദത്തിൽ നിന്നൊരു

കോരക പുൽ മുന

വേർപെടുത്തി


നാണം പുരട്ടി

ചിരിപ്പിച്ചൊരു യുവ

കോമളൻ വന്നെത്തു

മെന്നുരച്ചു !


ആശ്രമവാടിയിൽ

പ്പൂത്ത വസന്തമായ്

ആരോമലാൾ വാടി

നിൽക്കുന്നതും


ആ വസന്തത്തിന്റെ

ചാരുത തേടി യോ

രോമന പ്പൂവണ്ട്

പാറുന്നതും


ദൂരെയൊരാൾ നോക്കി

നിന്നിരുന്നാ നിലാ -

പ്പൂവിന്റെ ചേലൊത്ത

മേനി ന്നോക്കി


അപ്പോളാ വണ്ടിൽ

നിന്നോടി പ്പിടഞ്ഞവ-

ളപ്പുണ്യ വാടിയി

ലെത്തി നിന്നു !


വാളിനാൽ വണ്ടിനെ

വെട്ടി വീഴ്ത്തിപ്പെണ്ണിൻ

ഓമന മേനി

കവർന്നെടുത്തു.


തോഴിമാർ ആരു

മറിഞ്ഞില്ല മാലിനീ

തീരത്തെ  പെൺ

മാനറിഞ്ഞതില്ല.


പ്രേമം  മനുഷ്യന്റെ മാനസപ്പൊയ്കയിൽ

വേരുകളാഴ്ത്തി

പടർന്നിറങ്ങി !


( ഒറ്റയ്ക്കൊരു ദിവ്യ

ദർശനമായതിൽ

മറ്റെല്ലാം കേവല -

മപ്രധാനം !  


ഉത്തുംഗ ജീവിത

വേദി വലിച്ചെറി

ഞ്ഞിഷ്ഠ പുരുഷനെ

സ്വീകരിച്ചോൾ


‘ അന്നാ കരീനിനാ ,

യെന്ന് ലിയോ ടോൾസ്റ്റോയ് ‌  

അന്ന് വിളിച്ചതീ

പെൺ മനത്തെ ! )


തന്റെ വിലപ്പെട്ട

ജീവിതം കാമുക

സന്നിധാനത്തിൽ

സമർപ്പിച്ച‌വൾ


കണ്വ പുത്രി കാട്ടിൽ

ഏകയായ് കയ്യിലെ

കാമുക മോതിര

മുദ്ര മാത്രം !


ഇന്നും കരഞ്ഞു

നടക്കുന്നു കയ്യിലെ

കുഞ്ഞുമായെത്രയോ

കാമുകിമാർ !


പെണ്ണിനെ ദേവിയായ്‌

കാണാൻ വരും കാല

നന്മയാം വിപ്ലവ -

മെപ്പോൾ വരും ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക