Image

വടംവലിയിലെത്തിയ പഴമ (യാത്ര /സിക്കിം : സുഭാഷ് വലവൂര്‍)

Published on 22 May, 2026
വടംവലിയിലെത്തിയ പഴമ  (യാത്ര /സിക്കിം : സുഭാഷ് വലവൂര്‍)

ടിബറ്റൻ സംസ്കാരമാണ് സിക്കിമിൽ പൊതുവായി കാണാൻ സാധിക്കുക.  അതുകൊണ്ട് സിക്കിമിലെ പ്രധാന ആകർഷണം നിരവധിയായ ബുദ്ധമത ആരാധനാലയങ്ങളാണ്.

ഹിന്ദുമതക്കാരാണ് ജനസംഖ്യയിൽ കൂടുതലെങ്കിലും സിക്കിം പ്രധാനമായും ബുദ്ധമതക്കാരുടെ വിഹാരഭൂമിയാണ്. ഹിന്ദുമതം എന്നു പറഞ്ഞത് ഇന്ത്യയിലെ പൊതുധാരയിലുള്ള ഹിന്ദുമതമല്ല. നേപ്പാളി വംശജരും ലിംബു വിഭാഗക്കാരും പിന്തുടരുന്ന ഹിന്ദുമതമാണ്. ബംഗാളിലെ സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള ക്ഷേത്രങ്ങൾ കണ്ടേയ്ക്കാമെങ്കിലും ഇന്ത്യൻ ഉപദ്വീപിൽ ആചരിക്കപ്പെടുന്ന ഹിന്ദുമതമല്ല സിക്കിമിലുള്ളത്.  ടിബറ്റൻ സംസ്കാരമാണ് സിക്കിമിൽ പൊതുവായി കാണാൻ സാധിക്കുക.  അതുകൊണ്ട് സിക്കിമിലെ പ്രധാന ആകർഷണം നിരവധിയായ ബുദ്ധമത ആരാധനാലയങ്ങളാണ്. വജ്രയാന ബുദ്ധമതത്തിന്റെ നിങ്മപ, കാഗ്യുപ, ശാക്യപ, ഗേലുഗ് പ എന്നീ നാലു പ്രധാന വിഭാഗങ്ങളിൽ നിങ്മപ, കാഗ്യുപ വിഭാഗങ്ങളുടേതാണ് അവയിൽ കൂടുതലും. സാധാരണ വിനോദസഞ്ചാരികൾക്ക് ഇവ തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം അവയുടെ നിർമ്മാണ ശൈലികൾ സമാനമാണ്.

ഗാങ്ടോക്കിന്റെ പരിസരപ്രദേശത്ത് പ്രധാനപ്പെട്ട ചില ബുദ്ധമത സന്യാസി മഠങ്ങളും ക്ഷേത്രങ്ങളുമുണ്ട്. റംടെക് മൊണാസ്റ്ററി, ലിങ്ഡം മൊണാസ്റ്ററി, എൻചേ മൊണാസ്റ്ററി എന്നിവയൊക്കെ പ്രധാന മഠങ്ങളാണ്. ഇപ്പോഴുള്ളത് താരതമ്യേന പുതിയ നിർമ്മിതികളാണെങ്കിലും റംടെക് മൊണാസ്റ്ററി കാഗ്യു വിഭാഗത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാണ്.

ടിബറ്റ് വിടേണ്ടിവന്ന പതിനാറാമത് കർമപയുടെ ഇരിപ്പിടമാണ് ഈ മഠം. കർമപ എന്നാൽ കാഗ്യു വിഭാഗത്തിന്റെ ആത്മീയ നേതാവാണ്. 1734 ൽ ഇത് നിർമ്മിക്കുമ്പോൾ ഇപ്പോഴുള്ള വൈപുല്യം ഉണ്ടായിരുന്നില്ല. കാഗ്യൂ വിഭാഗത്തിന്റെ പ്രധാന കേന്ദ്രമായിരുന്നെങ്കിലും ഏതാണ്ട് ഇരുനൂറു വർഷത്തോളം കാര്യമായ അറ്റകുറ്റപ്പണികൾ നടക്കാതിരുന്നതുകൊണ്ട് കാലക്രമേണ കെട്ടിടങ്ങൾ നാശാവസ്ഥയിലെത്തി. എന്നാൽ ചൈനയുടെ അധിനിവേശത്തെത്തുടർന്ന് ടിബറ്റ് വിട്ട് സിക്കിമിൽ രാഷ്ട്രീയാഭയം തേടേണ്ടി വന്നപ്പോൾ അന്നത്തെ കർമപ റാങ്ജുങ് റിഗ്പേ ദോർജി റംടക് മൊണാസ്റ്ററിയെ തന്റെ ആസ്ഥാനമാക്കി. തുടർന്ന് ഈ മഠം സിക്കിമിലെ ഏറ്റവും വലിയ സന്യാസികേന്ദ്രമായി മാറി. സിക്കിമിലെ അന്നത്തെ രാജാവ് താഷി നാംഗ്യാൽ എഴുപത്തിനാല് ഏക്കർ ഭൂമി മഠത്തിന് വിട്ടുകൊടുത്തു. മൂന്നു നിലയുള്ള വിപുലമായ കെട്ടിടം അവിടെ ഉയർന്നു. ബിരുദ, ബിരുദാനന്തരബിരുദ തലത്തിൽ പാഠ്യപദ്ധതികൾ ഉണ്ടായി. അങ്ങനെ ഇതൊരു ലോകോത്തര ബൗദ്ധ പഠനകേന്ദ്രമായി മാറി. പുനർ നിർമ്മിച്ച ഈ കെട്ടിടസമുച്ചയത്തിന് 'ധർമ്മ ചക്ര കേന്ദ്രം' എന്നാണ് പേരിട്ടിട്ടുള്ളത്‌. ടിബറ്റൻ ജനതയോട് ആഭിമുഖ്യമുണ്ടായിരുന്ന ജവഹർലാൽ നെഹ്‌റു ഈ സന്യാസിമഠത്തിന് കൈയയച്ചു സഹായം നൽകിയിരുന്നു. അക്കാലത്ത് സിക്കിം ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. മറ്റെല്ലാ ബൗദ്ധ ക്ഷേത്രങ്ങളിലുമെന്നപോലെ മനോഹരമായ ചുമർചിത്രങ്ങൾ ഇവിടെയുമുണ്ട്. മറ്റൊരു സവിശേഷത കർമപ ടിബറ്റിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന താന്ത്രിക ഗ്രന്ഥങ്ങളും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്നു എന്നതാണ്. ഗാങ്ടോക്കിൽ നിന്ന് ഇരുപതു കിലോമീറ്ററിനടുത്തു മാത്രമേയുള്ളൂ ഇവിടേക്കെത്താൻ.

ടിബറ്റിലെ സുർഫു മൊണാസ്റ്ററിയുടെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടസമുച്ചയം മനോഹരമാണ്. പടിക്കെട്ടു കയറിച്ചെല്ലുമ്പോൾ ഒരു വശത്തായി ഒരു കഫറ്റേരിയ കണ്ടപ്പോൾ ഒരു ചായകുടിക്കാനായി അങ്ങോട്ടുകയറി. അതു നന്നായി. കാരണം അതിന്റെ വശത്തുള്ള മട്ടുപ്പാവിൽ നിന്നാൽ ചുറ്റുപാടുമുള്ള മലനിരകളുടെയും അവയുടെ താഴ്‌വാരത്തിന്റെയും മനോഹരമായ കാഴ്ച്ച ആസ്വദിക്കാം. തൊട്ടു താഴെ ചെറു സ്തൂപങ്ങൾ അഥവാ ചോർട്ടനുകൾ കണ്ടു. താഴെയിറങ്ങിയപ്പോൾ അതിനു സമീപത്തുള്ള കടയിൽ നിന്നും ഒരു പരമ്പരാഗത വേഷം കടം വാങ്ങി ഫോട്ടോയെടുപ്പിച്ചു.

അവിടെയുള്ള നളന്ദ ഇൻസ്റ്റിട്യൂട്ടിന്റെ എതിർഭാഗത്തുള്ള സുവർണ്ണ സ്‌തൂപത്തിനു ചുവട്ടിൽ നേരത്തെ സൂചിപ്പിച്ച പതിനാറാമത്തെ കർമപയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നു എന്നു പറഞ്ഞാൽ മഹാശിലായുഗത്തിലെപ്പോലെ ഒരു ദ്വിതീയ സംസ്കാരണരീതിയാണ്. സന്യാസിമാരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുകയും അവയുടെ മുകളിൽ സ്‌തൂപം പണിയുകയും ചെയ്യുന്നത് ബുദ്ധമതക്കാരുടെ രീതിയാണ്. ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ സന്യാസിമഠങ്ങൾ എന്നീ മൂന്നു തരം സ്ഥാപനങ്ങൾ ബുദ്ധമതക്കാരുടെ ഇടയിൽ കാണാം. ക്ഷേത്രങ്ങളിൽ ബുദ്ധന്റെയും ബോധിസത്വന്റെയും ദേവതകളുടേയും മറ്റും വിഗ്രഹങ്ങളാണുള്ളതെങ്കിൽ സ്തൂപങ്ങളിൽ സന്യാസിമാരുടെ ഭൗതികാവശിഷ്ടങ്ങളായിരിക്കും ഉണ്ടാവുക. സന്യാസിമഠങ്ങൾ സന്യാസിമാരുടെ വിശ്രമകേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളുമാണ്. വിഹാരങ്ങൾ എന്ന പേരിലാണ് അവ പൊതുവെ അറിയപ്പെടുന്നത്. ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കുള്ള വലിപ്പമുള്ള മുറികൾ ഉള്ളതുകൊണ്ട് ചൈത്യം എന്ന പേരിലും അറിയപ്പെടുന്നു.

ഈ മൊണാസ്റ്ററിയുടെ നിയന്ത്രണത്തിനുവേണ്ടി രണ്ടു വിഭാഗക്കാർ തമ്മിൽ കൈവിട്ട കളികൾ നടന്നുവെന്ന് വായിച്ചതാണ് യാത്രയ്ക്കുമുമ്പ് നടത്തിയ വായനയിൽ കൗതുകം തോന്നിയ ഒരു കാര്യം. ഇന്ത്യൻ പട്ടാളം ഇടപെടേണ്ടിവന്നു എന്നു പറഞ്ഞാൽ മതിയല്ലോ. റംടെക് മൊണാസ്റ്ററിയുടെ രൂപരേഖയ്ക്ക് ആസ്പദമായ ടിബറ്റിലെ സുർഫു മൊണാസ്റ്ററിയുടെ ആൾക്കാരും ഇവിടെ പ്രവർത്തന ക്രോഡീകരണത്തിനു രൂപം നൽകിയ സമിതിയും തമ്മിലായിരുന്നത്രേ അവകാശത്തർക്കം.

മേഘപ്പുതപ്പിടുന്ന തഥാഗതൻ

ഞാൻ തയ്യാറാക്കിയ യാത്രാ പരിപാടി റോബിന്ദ്രയ്ക്ക് നേരത്തെ കൊടുത്തിരുന്നു. ഒരു ദിവസം അയാൾ പറഞ്ഞു നാളെ നമുക്ക് നേരത്തേ ഇറങ്ങാം ഇല്ലെങ്കിൽ പ്രയോജനമില്ല എന്ന്. അങ്ങനെ നാംചിയിലെ ഹോം സ്റ്റേയിൽ നിന്ന് നേരത്തെയിറങ്ങി ഏതാണ്ട് ഇരുപത്തിയേഴു കിലോമീറ്റർ അകലെയുള്ള മലമുകളിലെ രാവൺഗ്ളാ ബുദ്ധാ പാർക് എന്ന സ്ഥലത്തെത്തി. തഥാഗത സൽ എന്നും ഈ പാർക്ക് അറിയപ്പെടുന്നുണ്ട്. ഭീമാകാരമായ ഒരു ബുദ്ധ പ്രതിമ അവിടെ തലയുയർത്തി നിൽക്കുന്നു. പടിക്കെട്ടുകൾ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ട് പ്രതിമയുടെ ചുവട്ടിലെത്തി. അതിനു ചുറ്റുമുള്ള നടവഴിയിലൂടെ ചുറ്റിനടന്നുകൊണ്ട് ചാഞ്ഞും ചെരിഞ്ഞും നിന്ന് ഫോട്ടോയെടുത്തു. ഗംഭീരവും മനോഹരവുമായ ഒരിടം.

കാഴ്ച്ചകൾ കണ്ട് ഒരു ചായയും കഴിച്ച് നിൽക്കുമ്പോൾ പരിസരത്ത് സാവധാനം വെണ്മേഘങ്ങൾ രൂപംകൊള്ളുന്നത് കണ്ടു. കാണെക്കാണെ മേഘങ്ങൾ കനത്തു കനത്തുവന്നു. ഏതാണ്ട് അര മണിക്കൂറിനുള്ളിൽ ആ പ്രദേശമാകെ വെണ്മ കൊണ്ട് നിറഞ്ഞു. ബുദ്ധപ്രതിമ ശിരസ്സുപോലും കാണാതെ മറഞ്ഞു. രാവിലെ നേരത്തേയിറങ്ങണം എന്നു റോബിന്ദ്ര പറഞ്ഞതെന്തിനാണെന്ന് മനസ്സിലായി.

പഴയ സന്യാസിമഠമായ റാബോങ് മൊണാസ്റ്ററിയുടെ പരിസരത്ത് ശാക്യമുനിയുടെ ഈ പ്രതിമ സ്ഥാപിച്ചിട്ട് പത്തു പതിനഞ്ചു വർഷമേ ആയിട്ടുള്ളൂ. നൂറ്റിമുപ്പതടി ഉയരമുള്ള ഈ പ്രതിമ നിർമ്മിക്കാൻ അറുപതു ടൺ ചെമ്പാണ് ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ദലൈലാമയാണ് പ്രതിമ സമർപ്പിച്ചത്. 'ചോ സോ' എന്ന പേരിൽ ഒരു ചെറു തടാകമുണ്ടിവിടെ. അതെല്ലാം ചേർത്തുകൊണ്ടുള്ള വിസ്താരമുള്ള വിനോദസഞ്ചാര കൗതുകമാണ് രാവൺഗ്ല. ശാക്യമുനി ഭൂജാതനായിട്ട് രണ്ടായിരത്തി അഞ്ഞൂറ്റി അമ്പതുവർഷം തികയുന്ന വേളയിലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ബുദ്ധമതവിശ്വാസികളും സംസ്ഥാന സർക്കാരും ചേർന്നാണ് രാവൺഗ്ല ബുദ്ധാ പാർക്ക് നിർമ്മിച്ചത്. ടൂറിസം പ്രധാനവരുമാനമായ സിക്കിമിനെ സംബന്ധിച്ചിടത്തോളം ഇത്തരം കേന്ദ്രങ്ങൾ ഉയരേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണ്.

ധർമ്മചക്ര പ്രവർത്തന മുദ്ര അഥവാ ധർമ്മചക്ര മുദ്രയുമായിട്ടാണ് ബുദ്ധൻ ഇവിടെ പദ്മാസനത്തിൽ ഇരിക്കുന്നത്. ബുദ്ധപ്രതിമകളിലും വിഗ്രഹങ്ങളിലും വ്യത്യസ്തമായ മുദ്രകളും ഇരിപ്പുനിലകളും കാണാവുന്നതാണ്. അത്തരത്തിലൊരു മുദ്രയാണ് ധർമ്മചക്രമുദ്ര.  ബൗദ്ധ പ്രബോധനങ്ങളുടെ അനുസ്യൂതമായ പ്രവാഹത്തെ സൂചിപ്പിക്കുന്നതാണ് ഈ മുദ്ര. ധർമ്മചക്രത്തിന്റെ പ്രയാണം. നോക്കിയാലറിയാം ബുദ്ധന്റെ ഓരോ കൈയിലേയും തള്ളവിരലും ചൂണ്ടുവിരലും കൂടി ഒരു വൃത്തത്തെ അടയാളപ്പെടുത്തുന്നു. ഈ വൃത്തങ്ങൾ ധർമ്മചക്രത്തിന്റെ സൂചനയാണ്. ദൃശ്യമാത്രയിൽ ചലനാത്മകത തോന്നുന്ന ആംഗ്യമാണ് രണ്ടുകൈകൾ കൊണ്ട് സൃഷ്ടിക്കുന്നത്. ഒപ്പം ധ്യാനത്തെ സൂചിപ്പിക്കുന്ന ഇരിപ്പുനിലയായ പദ്മാസനവും.

ബുദ്ധാ പാർക്കിലേയ്ക്ക് കയറുന്നതിനു മുൻപുള്ള തുറന്നസ്ഥലത്ത് ശയനബുദ്ധന്റെ ഒരു ചെറിയ പ്രതിമയുണ്ട്.  മഹാപരിനിർവാണത്തിനുമുമ്പുള്ള ബുദ്ധന്റെ ശയനമാണ് സൂചിപ്പിക്കുന്നത്. ലോകമൊട്ടാകെ ബുദ്ധമതവുമായി ബന്ധപ്പെട്ട വിഗ്രഹശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒന്നാണിത്. ശാക്യമുനി എന്ന ചരിത്രപുരുഷന്റെ അവസാന നാളിനെ പ്രമേയമാക്കിക്കൊണ്ട് ജീവിതത്തിന്റെ അസ്ഥിരതയും അതിൽനിന്നുള്ള വിമോചനവും അക്കാര്യത്തിലുള്ള ഉറപ്പിൽ നിന്നുളവാകുന്ന ശാന്തതയും അഭിവ്യഞ്ജിപ്പിക്കാനുള്ള കലാത്മക ശ്രമമാണ് ഈ വിഗ്രഹരൂപത്തിൽ കാണുന്നത്. അജന്താ ഗുഹകളിലും കംബോഡിയയിലെ അങ്കോർ തോം ക്ഷേത്രത്തിലും വിയറ്റ്നാമിലുമൊക്കെ ശയനബുദ്ധന്റെ പ്രതിമകൾ കാണാം.

കുന്നിൻ മുകളിൽ വലിയ പ്രതിമകൾ സ്ഥാപിക്കുന്നത് ഈ പ്രദേശങ്ങളിലെ രീതിയാണ്. ബുദ്ധന്റെ മാത്രമല്ല അവലോകിതേശ്വരന്റെയും പദ്മസംഭവന്റെയും പ്രതിമകൾ സ്ഥാപിക്കാറുണ്ട്.

സാംദ്രുപ്സേ കുന്നിലെ പദ്മസംഭവന്റെ പ്രതിമ അതുപോലൊന്നാണ്. നാംചിക്കടുത്താണ് ഈ സ്ഥലം. ആഗ്രഹ സാഫല്യത്തിനായി നാട്ടുകാർ എത്തുന്ന സ്ഥലമാണിത്. സാംദ്രുപ്സേ എന്ന വാക്കിന്റെ അർത്ഥം തന്നെ അതാണ്. ഇന്ത്യയിൽ എവിടെപ്പോയാലും പ്രാർത്ഥനാ സാഫല്യം എന്ന സങ്കൽപ്പം മുൻനിർത്തി ക്ഷേത്രങ്ങളോ പ്രാർത്ഥനാ ഇടങ്ങളോ കാണും. ടിബറ്റൻ ബുദ്ധിസത്തിലും സമാനമായ രീതികൾ ഉണ്ട്. അതു ടിബറ്റിലായാലും ഹിമാലയത്തിലെ ബുദ്ധമത പ്രദേശങ്ങളിലായാലും ശരിതന്നെ. ഇതും പുതിയ ഒരു നിർമ്മിതി തന്നെയാണ്. കാൽ നൂറ്റാണ്ടിനകത്തേ പഴക്കമുള്ളൂ. സിക്കിമിനെ ടൂറിസ്ററ് കേന്ദ്രമാക്കുന്നതിൽ ഇത്തരം സ്ഥലങ്ങൾക്ക് പ്രാധാന്യമുണ്ട്. പദ്മസംഭവന്റെ മുൻപിലെ ടെറസിൽ നിന്നുനോക്കിയാൽ സിക്കിമിലെ മാത്രമല്ല നേപ്പാളിലെ വരെ കാഴ്ച്ചകൾ കാണാം.

പദ്മസംഭവൻ ടിബറ്റൻ ബുദ്ധിസം പ്രചരിച്ച ഇടങ്ങളിലെല്ലാം പ്രസിദ്ധനാണ്.  സിക്കിമിലും ഭൂട്ടാനിലും ബുദ്ധിസം എത്തിച്ചതുതന്നെ അദ്ദേഹമാണെന്ന നിരീക്ഷണമുണ്ട്. പൊതുവർഷം എട്ടാം നൂറ്റാണ്ടോടെ അദ്ദേഹം ഈ ദേശങ്ങളിൽ എത്തുകയും പിന്നീട് സത്യാന്വേഷികൾക്കു കണ്ടെത്താനായി വിശുദ്ധ വചനങ്ങൾ പലയിടങ്ങളായി നിധിപോലെ(ടെർമ) ഗുപ്‌തമാക്കി വെയ്ക്കുകയും ചെയ്തുവെന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. രണ്ടാം ബുദ്ധൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അന്നുണ്ടായിരുന്ന ഉഗ്രദേവതകളെ വശത്താക്കി ഈ നിധികൾ സൂക്ഷിക്കുന്ന കാവൽ ദേവതകളാക്കി മാറ്റിയത്രേ. അദ്ദേഹം എത്തിയത് പ്രമുഖരായവർ ഉൾപ്പെടെ അനേകം ശിഷ്യരുമായിരുന്നു. അതിനാൽ സിക്കിമും ഭൂട്ടാനുമൊക്കെ താന്ത്രിക ബുദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായി മാറി. എന്നാൽ അന്വേഷിക്കേണ്ട കാര്യം ആദ്യത്തെ മൊണാസ്റ്ററി രൂപംകൊള്ളുന്നത് പതിനേഴാം നൂറ്റാണ്ടിലായത് എന്തുകൊണ്ടാണ് എന്നാണ്.

പദ്മാസനത്തിലിരിക്കുന്ന പദ്മസംഭവന്റെ വലതുകൈയിൽ 'വജ്രം' എന്ന അനുഷ്ടാന സാമഗ്രി ഉണ്ട്.  ധ്യാന മുദ്രപോലെ മടിയിൽ മലർത്തിവെച്ചിട്ടുള്ള ഇടതുകൈയിൽ അമൃത കലശമാണ്. തലയോട്ടിയാണ്  സാധാരണ അമൃതകുംഭമായി ഉപയോഗിക്കാറുള്ളത്. കാരുണ്യത്തിന്റെ അമൃത് അറിവിന്റെ കലശത്തിൽ നിറഞ്ഞിരിക്കുന്നു എന്ന സങ്കൽപ്പമാണ് ഈ വിഗ്രഹശാസ്ത്ര ഘടകത്തിനു പിന്നിൽ. ഇവിടെ താഴെനിന്ന് നോക്കിയിട്ട് അമൃതകുംഭം ശരിയ്‌ക്ക് കാണാൻ കഴിഞ്ഞില്ല. പദ്മസംഭവന്റെ ഇടത്തെ തോളിൽ 'ഖട്വാംഗം' എന്ന ശൂലം ചാരിവെച്ചിട്ടുണ്ട്. ഖട്വാംഗം എന്നത് ഒരുകാലത്ത് കാപാലികന്മാർ ഉപയോഗിച്ചിരുന്ന തലയോട്ടി പിടിപ്പിച്ച വടിയാണ്. പ്രഹരം തന്നെയാണ് ഉദ്ദേശ്യം. എന്നാൽ തന്ത്രയാനം ഹിന്ദുമതത്തിലും ബുദ്ധമതത്തിലും പ്രബലമായ എട്ടാം നൂറ്റാണ്ടോടെ ഈ ആയുധത്തിന് അനുഷ്‍ഠാനപരത കൈവന്നു. മായാവിമോചനം നേടിയ ഗുരുവിന്റെ ദൈവികമായ അധീശത്വത്തിന്റെയും അജ്ഞാനത്തിനുമേൽ നേടിയ വിജയത്തിന്റെയും പ്രതീകാത്മകത ആരോപിച്ചുകൊണ്ടാണ് ഖട്വാംഗത്തെ പദ്മസംഭവന്റെ വിഗ്രഹശാസ്ത്രത്തിലേയ്ക്ക് സ്വാംശീകരിച്ചത്.

ഈ പ്രതിമ കാണാൻ വന്നപ്പോൾ ഒരു കൗതുകമുണ്ടായി. നാട്ടിൽ എന്റെ ഭാര്യയുടെ അമ്മ മരിച്ചതിന്റെ ചടങ്ങു തീരുന്ന ദിവസമായിരുന്നു. ഞങ്ങളുടെ രീതിയനുസരിച്ച് നമസ്‌കാര സമയം പുരോഹിതൻ പറയുമ്പോൾ എവിടെയായാലും ബന്ധുക്കൾ തെക്കോട്ടു നോക്കി നമസ്കരിക്കുന്ന പതിവുണ്ട്. ചിത്ര അതു വിളിച്ചുപറഞ്ഞപ്പോൾ ഞാൻ കുന്നിൻ ചെരുവിലെ കഫെറ്റേരിയയിൽ ഒരു മാഗി ഓർഡർ ചെയ്ത് ഇരിക്കുകയായിരുന്നു. എനിക്കറിയാവുന്ന ഭാഷയിലൊക്കെ തെക്ക് എവിടെയാണെന്ന് ചോദിച്ചിട്ട് ആ കടയിലുള്ള സ്‌ത്രീക്ക് മനസ്സിലാവുന്നില്ല. ഒരു പത്തുപേരോടെങ്കിലും ചോദിച്ചുകാണും. ഒടുവിൽ ഉത്തരം കിട്ടി.  ഞാൻ ആ കടയുടെ മുൻപിലെ തിണ്ണയിൽ നമസ്‌കരിച്ചു. പലർക്കും പിടികിട്ടിയില്ല. ഒരു മാഗി കിട്ടാനായി എന്തിനാണ് നമസ്കരിക്കുന്നതെന്നാണ് അവരിൽ പലരും ചിന്തിച്ചതെന്ന് ഞാൻ ഊഹിക്കുന്നു. പണമില്ലാത്തതുകൊണ്ടാകാമെന്നും കരുതിക്കാണും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക