Image

ഈ കവിതയിലേക്ക് നോക്കു പെണ്‍ മനസ്സുപൂക്കുന്നത് കാണാം (അഭിമുഖം : മീരാബെന്‍ /തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

Published on 22 May, 2026
ഈ കവിതയിലേക്ക് നോക്കു പെണ്‍ മനസ്സുപൂക്കുന്നത് കാണാം (അഭിമുഖം : മീരാബെന്‍ /തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

പ്രദീപ്‌ പനങ്ങാട് :കവിത എന്ന മാധ്യമത്തിലൂടെ അനുഭവത്തിന്റെ ആഴങ്ങൾ  അവതരിപ്പിക്കാൻ കഴിയുന്നു എന്ന് സ്വയം | തിരിച്ചറിഞ്ഞിട്ടുണ്ടോ ?

മീരാബെന്‍  :സ്ത്രീ എന്ന നിലയിൽ ജൈവിക സാമൂഹിക സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെടേണ്ടി വരുന്നതിനാൽ പലപ്പോഴും അനുഭവത്തിന്റെ ആഴങ്ങൾ തീവ്രമായി അവതരിപ്പിക്കാൻ കഴിയാതെ വന്നിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് എൻ്റെ സ്വത്വപ്രകാശനത്തിനുള്ള ഏക ഉപാധി കവിത മാത്രമാണെന്ന് ഞാൻ തിരിച്ചറിയുന്നു.

ഭാഷയുടെ കല കൂടിയാണ് കവിത. ഭാഷയുടെ രൂപാന്തരങ്ങൾ കവിതകളിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോ ?

ഉത്തരം:സാമൂഹിക പശ്ചാത്തലം, കാലഘട്ടം, ഭൂപ്രകൃതി എന്നതിനനുസരിച്ച് ഭാഷയിൽ ഉണ്ടാകുന്ന രൂപാന്തരങ്ങളെ പ്രകടിപ്പിക്കാൻ മറ്റു സാഹിത്യ വിഭാഗങ്ങളെ അപേക്ഷിച്ച് കവിതയ്ക്കുള്ള സാധ്യത തുലോം കുറവാണെന്ന് തോന്നിയിട്ടുണ്ട്. ഏതു പ്രദേശത്തായാലും മനുഷ്യരുടെ വൈകാരിക അവസ്ഥകൾ ഒരുപോലെ തന്നെയാണ് എങ്കിൽപോലും കവിതയിൽ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ഔദ്യോഗിക ഭാഷാശൈലി ഇവയൊക്കെ കൊണ്ടുവരാൻ വലിയ പ്രയാസമാണ്. കവിത ചുരുക്കി പറയലിന്റെ കല കൂടിയാണല്ലോ, അതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നു ഞാൻ കരുതുന്നു.

കവിതകൾ പെൺജീവിത പരിസരത്തുനിന്ന് രൂപപ്പെടുത്തുമ്പോൾ സർഗാത്മക പ്രതിസന്ധികൾ നേരിടാറുണ്ടോ?

ഉത്തരം :പെൺജീവിത പരിസരത്തു നിന്നാണ് കവിതയുടെ കുത്തൊഴുക്ക് കൂടുതൽ സാധ്യമാകുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സർഗാത്മകതയിൽ അത് ഒട്ടും പ്രതിസന്ധിയുണ്ടാക്കുന്നില്ല എന്നുമാത്രമല്ല, സ്ത്രൈണാനുഭവങ്ങളാൽ സ്വാഭാവികമായ ആവിഷ്കാരമായി മാറുന്നുമുണ്ട്. എന്നാൽ ഗാർഹിക, സാമൂഹിക ചുറ്റുപാടുകൾ ഒട്ടും അനുകൂലമല്ലാതെ വരുമ്പോൾ എഴുത്തിൽ പ്രതിസന്ധി ഉണ്ടാകുന്നു. സമരസപ്പെടലോ സമരമോ ഏതാണ് വേണ്ടത് എന്ന ചോദ്യം കഴുത്തോ എഴുത്തോ എന്ന മട്ടിൽ ഒരു ആശങ്ക ഉണ്ടാക്കുന്നു. രണ്ടായാലും എഴുത്തിന് തടസ്സം ഉണ്ടാകുന്നു  എന്നതു തന്നെയാണ് പരിണതഫലം.

പെൺ മോണോലോഗുകൾ  സ്വന്തം ജീവിതവുമായിത്തന്നെ എങ്ങനെയാണ് സംവദിക്കുന്നത് ?

ഉത്തരം:-പെൺ മോണോലോഗുകൾ അക്ഷരാർത്ഥത്തിൽത്തന്നെ എൻ്റെ ആത്മഭാഷണങ്ങളിൽ നിന്നുണ്ടായതാണ്. സ്വത്വപ്രതിസന്ധി ഉണ്ടായ ഘട്ടങ്ങളിൽ ഇവിടെ ഞാനുണ്ട് എന്നറിയിക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു ആ പുസ്തകം. അതിലെ അക്ഷരങ്ങളുടെ ശക്തിയാണ് പിന്നീടുള്ള എൻ്റെ ജീവിതത്തെ  നിർണയിച്ചത്. കവിത എനിക്ക് എന്തു തന്നു എന്നല്ല ;എനിക്ക് എന്തു തന്നില്ല എന്നാണ് ചോദിക്കേണ്ടത്. അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യൻ്റെ പരമമായ ആഗ്രഹത്തിന്റെ സാക്ഷാൽക്കാരമാണ് എനിക്ക് കവിത. അതേ, എൻ്റെ കവിതതന്നെയാണ് ഇന്നത്തെ ഈ ഞാനും.

കവിതകളിൽ  രാഷ്ട്രീയ ബോധ്യത്തിന്റെ വെളിച്ചമുണ്ട്. ഈ രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്താണ്?

ഉത്തരം:-ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ട്. എൻ്റെ ബോധ്യമാണത്. അനുഭവങ്ങൾ തന്ന പ്രകാശമാണത്. മനുഷ്യ വിരുദ്ധമായ ഇടങ്ങളിൽനിന്ന് ജനതയെ മോചിപ്പിച്ച് മുന്നോട്ടു നയിച്ച യുക്തിഭദ്രമായ ജനാധിപത്യ ബോധത്തിൽ വിശ്വസിക്കുന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതല്ലാതെ മറ്റൊന്നുമല്ല.

സ്വന്തം കവിതയുടെ പരിണാമ സാധ്യതകൾ കണ്ടെത്താറുണ്ടോ? പെൺമോണോലോഗിൽ നിന്നും വ്യാകുലയക്ഷിയിലേയ്ക്ക് വരുമ്പോൾ കവിതയിലെ രൂപാന്തരങ്ങളെ എങ്ങനെ കാണുന്നു?

ഉത്തരം:-മാറ്റങ്ങൾക്കായി ബോധപൂർവ്വം ശ്രമിച്ചിട്ടില്ല എന്നുതന്നെ പറയാം വായനയിലും അനുഭവങ്ങളിലുംകൂടി ആർജ്ജിച്ച കാര്യങ്ങൾ സ്വാഭാവികമായി എന്നിലൂണ്ടാക്കിയ മാറ്റങ്ങൾ കവിതയിലും വന്നിട്ടുണ്ടാകും എന്നേ പറയാൻ കഴിയൂ. എന്നാലും ആവർത്തനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടാകാറുണ്ട്.

മാതൃകകൾക്കപ്പുറത്തേയ്ക്ക് കടക്കുന്ന കവിതകളാണ് താങ്കളുടേത് ?ഈ സർഗാത്മക സമരം അനുഭവിക്കുന്നത് എങ്ങനെയാണ്?

ഉത്തരം:-മാതൃകകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഭാഷയാണ് നമ്മുടെ മലയാളം. അത്ഭുതകരമായ സർഗ്ഗസിദ്ധി കൈമുതലാക്കിയ ഒട്ടേറെ എഴുത്തുകാർക്കിടയിൽനിന്ന് വായനയ്ക്കുള്ള  തിരഞ്ഞെടുപ്പുപോലും  അസാധ്യമാണ് എന്നിരിക്കെ ഞാനും എഴുതുന്നുണ്ട് എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അത്ഭുതം. അത് ഏതെങ്കിലും മാതൃകകളിൽ നിന്നും മുക്തമാണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. ഏത് സാഹചര്യത്തിലായാലും എന്തെങ്കിലുമൊക്കെ വായിക്കുക, കഴിയുന്നതുപോലെ എഴുതുക, വെട്ടിത്തിരുത്തി വീണ്ടും വീണ്ടും എഴുതുക എന്നതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അനുകരണം ഉണ്ടാകാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്നുമാത്രം.

ചരിത്രാന്വേഷകയാണല്ലോ ? കവിതയും ചരിത്രവും തമ്മിലുളള സംവാദം നടക്കാറുണ്ടോ?

ഉത്തരം:-17-ാം നൂറ്റാണ്ടിലെ ഒരു ചരിത്രവിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനാൽ ഒന്നു മനസ്സിലായി. ഭാവനയും സർഗാത്മകതയും യാഥാർത്ഥ്യബോധവുമായി ഇപ്പോൾ മൽപ്പിടുത്തത്തിലാണ് എന്ന്. സ്വാഭാവികമായും കവിതയെഴുത്തു കുറഞ്ഞു. വായിക്കുന്നതാകട്ടെ ചരിത്ര സംബന്ധിയായ കാര്യങ്ങളും. ചരിത്രവും കവിതയും തമ്മിൽ എൻ്റെയുള്ളിൽ സംവാദമല്ല മത്സരമാണ് നടക്കാറ് . എന്നിട്ടും ചില ചരിത്ര വസ്തുതകളെ കാവ്യവൽക്കരിക്കാനുള്ള പാഴ്ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ പോക്ക്. ഒന്നുണ്ട് ,  ജീവിതത്തിനോടുള്ള എൻ്റെ കാഴ്ചപ്പാടിനെ ചരിത്രം കൂടുതൽ പരുക്കനാക്കിയതുപോലെ തോന്നിയിട്ടുണ്ട്. മനസ്സിന്റെ ലോലഭാവം കൈമോശം വന്നതുപോലെയും തോന്നുന്നു.

ഒരു കവി എന്ന നിലയിൽ താങ്കളുടെ ആത്മസ്വത്വത്തെ നിർണയിക്കുന്നതെന്താണ്?

ഉത്തരം:--കവി എന്ന് പറയാവുന്ന നിലയിൽ എത്തിയോ എന്നറിയില്ല. എങ്കിലും കൂടുതൽ നല്ല മനുഷ്യനായി വരുന്നതുപോലെ തോന്നിയിട്ടുണ്ട്. ആത്മബോധത്തിനുള്ളിൽതന്നെ അപരബോധവും കടന്നുവരുന്നതായി അനുഭവപ്പെടാറുണ്ട്. നീതിബോധവും ജനാധിപത്യവും ചേർന്ന് സ്വത്വബോധത്തെ ചോദ്യം ചെയ്യുന്നതായി പലപ്പോഴും തോന്നാറുണ്ട്. എങ്കിലും പ്രതീക്ഷയുടെ ഭാഷകൂടിയാണ് കവിത എന്നത് എന്നെ ആവേശഭരിതയാക്കുന്നു .ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി ഞാൻ.

ഒരു കവിയുടെ ജീവചരിത്രം സ്വയം ആസ്വദിക്കാറുണ്ടോ ?

ഉത്തരം:-തീർച്ചയായും .കവിയുടെ ജീവചരിത്രം വളരെ സങ്കീർണമാണ്. എഴുതുന്നത് സ്ത്രീയാണെങ്കിൽ അതിൻ്റെ തീവ്രത കൂടുകയേ ഉള്ളൂ എല്ലാ വികാരങ്ങളും അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തുന്നതും വളരെ പെട്ടെന്നു ചോർന്നുചോർന്ന് ഇല്ലാതാകുന്നതും മനോനിലയെ തന്നെ ബാധിക്കാറുണ്ട് പലപ്പോഴും. എങ്കിലും മറ്റുള്ളവർക്ക് കാണാൻ കാണാത്തതെന്തൊക്കെയോ കാണാനും അനുഭവിക്കാൻ കഴിയാത്തതെന്തൊക്കെയോ അനുഭവിക്കാനും അറിയാതെ,അവരായി മാറാനും, അങ്ങനെ പലവിധത്തിൽ പരകായപ്രവേശം നടത്താനും ഒക്കെ കഴിയുന്നത് ആസ്വാദ്യം തന്നെയാണല്ലോ! സമൂഹത്തിൽ സ്ത്രീയെന്ന നിലയിൽ കിട്ടിയിരുന്ന സ്ഥാനം രണ്ടാംതരത്തിൽ നിന്ന് എഴുത്തുകാരി എന്ന നിലയിലെത്തിയപ്പോൾ ഒന്നാംതരത്തിലേക്ക് ഉയർന്നത് ഒട്ടും ചെറിയ കാര്യമല്ലല്ലോ! അത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്, ഓരോ നിമിഷവും ഓരോയിടത്തും. അധ്യാപിക എന്ന നിലയിൽ കിട്ടാത്ത ഒരു ഔന്നത്യം ആണ് കവിത എനിക്ക് സമ്മാനിച്ചത്. അത് ഞാൻ ആസ്വദിക്കുന്നു. അതിൽ അഭിമാനിക്കുന്നുമുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക