Image

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ അമ്പരപ്പിക്കാന്‍ പറന്ന 'പാറ്റ'; ഇത് ജെന്‍ സി നെഞ്ചിലേറ്റിയ നിയോ റെവലൂഷന്‍

എ.എസ് ശ്രീകുമാര്‍ Published on 22 May, 2026
ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ അമ്പരപ്പിക്കാന്‍ പറന്ന 'പാറ്റ'; ഇത് ജെന്‍ സി നെഞ്ചിലേറ്റിയ നിയോ റെവലൂഷന്‍

ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹിക ആക്ഷേപഹാസ്യ പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോള്‍ അവര്‍ തങ്ങളുടെ 'വിപ്ലവ'ത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റ അക്കൗണ്ടും വിലക്കുമത്രേ. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പെയിന് സി.ജെ.പി തുടക്കമിട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യപ്രകാരം സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വീണ്ടും റദ്ദാക്കിയാല്‍ കടുത്ത പ്രതിരോധം ഉയര്‍ത്തുമെന്നാണ് സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌ക്കെയുടെ മുന്നറിയിപ്പ്.

എന്നാല്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പുതിയ എക്‌സ് അക്കൗണ്ടും ഹിറ്റായിട്ടുണ്ട്. പഴയ അക്കൗണ്ട് പൂട്ടിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നാണ് അഭിജിത്തിന്റെ ആക്ഷേപം. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ അമ്പരപ്പോടെ നോക്കിക്കാണുന്ന ഒരു ഡിജിറ്റല്‍ വിപ്ലവത്തിനാണ് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അഭിജിത്ത് ദീപ്‌ക്കെ സി.ജെ.പിയിലൂടെ തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നേറ്റത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം വെറും 5 ദിവസത്തിനുള്ളില്‍ ഒരുകോടി കവിഞ്ഞിരിക്കുകയാണ്. ചിത്രങ്ങളും ചെറു വീഡിയോകളും ഉള്‍പ്പെടെ അന്‍പതോളം കണ്ടന്റുകള്‍ മാത്രമാണ് ഇതിനകം സി.ജെ.പി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്നോര്‍ക്കുക. 'യുവാക്കള്‍ക്കുവേണ്ടി യുവാക്കളാല്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി' എന്നാണ് സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം ബയോവില്‍ പറയുന്നത്.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ, കൊട്ടും കുരവയുമില്ലാതെ വെറും മീമുകളിലൂടെയും ട്രോളുകളിലൂടെയുമാണ് സി.ജെ.പി എന്ന സമാന്തര പ്രസ്ഥാനം ജെന്‍ സിയെ ആകര്‍ഷിച്ച് തരംഗമായയി വീശിയത്. മെയ് 16-ന് ആരംഭിച്ച ഈ അക്കൗണ്ട് 22-ാം തീയതി ആയപ്പോഴേക്കും 14 മില്ല്യണ്‍ (1 കോടി 40 ലക്ഷം) ഫോളേവേഴ്‌സിനെയാണ് നേടിയത്. ഓരോ മിനിറ്റിലും ആയിരക്കണക്കിന് പേരാണ് ഈ 'പാറ്റ ഗ്രൂപ്പി'നെ പിന്തുടരുന്നത്. ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ സി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബ.ിജെ.പിയെ മറികടന്നു. 8 മില്ല്യണ്‍ ഫോളേവേഴ്‌സാണ് ഇന്‍സ്റ്റയില്‍ ബി.ജെ.പിക്കുള്ളത്. 13.7 മില്ല്യണ്‍ ഫോളേവേഴ്‌സുള്ള കോണ്‍ഗ്രസിന്റെ ഇന്‍സ്റ്റ പേജിനെയും സി.ജെ.പി നിഷ്പ്രഭമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പ്രകോപിപ്പിച്ചതാണ് പാറ്റാ പാര്‍ട്ടിയുടെ ഐതിഹാസികമായ തുടക്കത്തിന് കാരണം. മെയ് 15-ന് സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കള്‍ പാറ്റകളെപ്പോലെയാണെന്നും അവര്‍ സാമൂഹിക വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത് വലിയ വിവാദമായി. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഏതായാവും യുവാക്കള്‍ക്കെതിരെയുള്ള ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പിറ്റെ ദിവസം, മെയ് 16-ന് അഭിജിത് ദിപ്‌കെ തന്റെ എക്‌സ് അക്കൗണ്ടിലൂടെ 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന ആശയത്തിന് തുടക്കം കുറിക്കുകയായിരുന്നു.

സൂര്യകാന്തിന്റെ അനവസരത്തിലുള്ള പരാമര്‍ശം, തൊഴിലില്ലായ്മയും നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമൊക്കെ മൂലം ആകെ നിരാശരായിരുന്ന ഇന്ത്യന്‍ ജെന്‍ സിയെ വല്ലാതെ പിടിച്ചുലച്ചു. 'വ്യവസ്ഥിതി ഒരു അഴുക്കുചാലാണെങ്കില്‍, അവിടെ പാറ്റകള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും...' എന്ന് പറഞ്ഞ് ജെന്‍ സി തലമുറ ഈ അധിക്ഷേപത്തെ ഒരു വലിയ ഡിജിറ്റല്‍ പ്രതിഷേധമാക്കി മാറ്റി. അങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ 'ഞാനും ഒരു പാറ്റയാണ്...'എന്ന ട്രെന്‍ഡ് ആരംഭിക്കുന്നത്. സി.ജെ.പിയുടെ ബുദ്ധികേന്ദ്രമായ അഭിജിത് ദീപ്‌കെ എന്ന 30 വയസുകാരന്‍ പൂനെ സ്വദേശിയാണ്. ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ശേഷം ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഒരു പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായാണ് പ്രവര്‍ത്തിക്കുന്നത്.

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ജനവികാരമുണര്‍ത്താനുള്ള മാസ്റ്റര്‍ ബ്രെയിനാണ് അഭിജിത്തിനെ വ്യത്യസ്തനാക്കുന്നത്.  2018 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റായും അഭിജിത്ത് പ്രവര്‍ത്തിച്ചിരുന്നു. 2020-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മീമുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും യുവാക്കളെ ആകര്‍ഷിച്ച പ്രചാരണങ്ങള്‍ക്ക് പിന്നില്‍ അഭിജിത്തിന്റെ തലയാണ്. ''നിങ്ങളുടെ ഭാവി തകര്‍ത്തതിന് ബി.ജെ.പിയെ അണ്‍ഫോളോ ചെയ്യൂ...'' എന്ന അഭിജിത്തിന്റെ വീഡിയോ ആഹ്വാനം ലക്ഷക്കണക്കിന് യുവാക്കള്‍ ഏറ്റെടുത്തതോടെ അദ്ദേഹത്തെ അവരുടെ നോട്ടപ്പുള്ളിയാക്കി. സാധാരണ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കപ്പുറം, തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കടുത്ത നിരാശയില്‍ നിന്നാണ് ഇപ്പോള്‍ ഹാഷ്ടാഗുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആക്ഷേപ ഹാസ്യത്തിലൂടെയാണ് സി.ജെ.പി തികച്ചും ഗൗരവതരമായ ആനുകാലിക വിഷയങ്ങളെ ജനങ്ങളുടെ മുന്നില്‍ വിശ്വസനീയമായി അവതരിപ്പിക്കുന്നത്.  വ്യക്തികളെയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേസമയം അനുവാചകരെ ചിരിപ്പിക്കാനും അതിലുപരി ചിന്തിപ്പിക്കാനും സാധിക്കുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്.

ഉദാഹരണത്തിന്, വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റോ മറ്റ് രാഷ്ട്രീയ പദവികളോ നല്‍കരുത്, യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട് പട്ടികയില്‍ നിന്ന് നീക്കം ചെയ്താല്‍ അതിന് കാരണക്കാരായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ചുമത്തി അറസ്റ്റ് ചെയ്യണം, പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് കൃത്യമായി 50ശതമാനം സംവരണം ഏര്‍പ്പെടുത്തണം, വന്‍കിട കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം, പാര്‍ട്ടി മാറുന്ന എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും അടുത്ത 20 വര്‍ഷത്തേക്ക് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പദവികള്‍ വഹിക്കുന്നതിനും വിലക്കേര്‍പ്പെടുത്തണം തുടങ്ങിയ നയസമീപങ്ങളാണ് സി.ജെ.പിയെ ജനകീയമാക്കുന്നത്.

രാഷ്ട്രീയക്കാരുടെ സ്ഥിരം വാചകമടികളില്‍ വീഴാത്ത ജെന്‍ സി പക്ഷേ, ഒരു പാറ്റയെ തങ്ങളുടെ കടുത്ത പ്രതിഷേധത്തിന്റെ രാഷ്ട്രീയ ചിഹ്നമാക്കി മാറ്റിയിരിക്കുന്നു. അതാകട്ടെ ഇന്തത്യയിലെ ഭരണ-പ്രതീപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അലോസരപ്പെടുത്തിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ വ്യവസ്ഥിതിയോടുള്ള യുവാക്കള്‍ക്കളുടെ അമര്‍ഷത്തിന്റെ പ്രതിഫലനമാണ് സി.ജെ.പിയില്‍ നിഴലിക്കുന്നത്. ഇത് ഇന്ത്യന്‍ യുവത്വത്തിന്റെ  ഡിജിറ്റല്‍ കലാപമാണ്. ''നിങ്ങള്‍ ഞങ്ങളെ പാറ്റകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചാല്‍, ഞങ്ങള്‍ ആ പേര് അഭിമാനത്തോടെ സ്വീകരിക്കും, കാരണം ആറ്റോമിക് ബോംബ് സ്‌ഫോടനത്തെപ്പോലും അതിജീവിക്കാന്‍ കഴിയുന്ന ഒരേയൊരു ജീവി പാറ്റയാണ്...'' എന്ന ദൃഢപ്രതിജ്ഞയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഉറപ്പുള്ള അടിസ്ഥാനം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക