Image

ചിത്രശലഭങ്ങൾ വരവായി (നമുക്ക് ചുറ്റും -16: സുധീർ പണിക്കവീട്ടിൽ)

Published on 22 May, 2026
ചിത്രശലഭങ്ങൾ വരവായി (നമുക്ക് ചുറ്റും -16: സുധീർ പണിക്കവീട്ടിൽ)

"ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. (ഉത്തമ ഗീതം 2:11-12.)ന്യുയോർക്കിലെ മഞ്ഞുകാലം കഴിഞ്ഞു. വസന്താഗമത്തിൽ പ്രകൃതി ആദ്യം  നൽകുന്നത് മഞ്ഞപൂക്കളാണ്. നമുക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള പലതരം പൂക്കൾ നമ്മളോട് പ്രണയം അറിയിക്കുന്നു. കാമദേവന് വളരെ ഇഷ്ടമുള്ള നിറമാണ് മഞ്ഞ. വടക്കേ ഇന്ത്യയിലെ കടുക് പാടങ്ങൾ  പൂക്കുന്നത് വസന്തത്തിലാണ്.  കൂടാതെ വസന്തകാലത്ത് വരുന്ന പഞ്ചമി തിഥിയും പ്രാധാന്യമർഹിക്കുന്നതാണ്.

കാരണം പ്രപഞ്ചസൃഷ്ടിക്കുശേഷം ബ്രഹ്‌മാവിന് എന്തിന്റെയോ അഭാവം അനുഭവപ്പെട്ടു. അദ്ദേഹം വിഷ്ണുവിനെ സ്തുതിച്ചു. അദ്ദേഹം ബ്രഹ്‌മാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ആദിശക്തിയായ ദുർഗ്ഗാദേവിയെ  സ്മരിച്ചു. ദേവിയുടെ ശരീരത്തിൽ നിന്നും ഒരു കൈയിൽ വീണയും മറുകയ്യിൽ വരമുദ്രയുമുള്ള, മറ്റ് രണ്ട് കൈകളിൽ ഒരു പുസ്തകവും ജപമാലയുമുള്ള നാലു കൈകളുള്ള സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമുയർന്നു വന്നു. ദേവി വീണയുടെ ശ്രുതിമധുരമായ നാദം പുറപ്പെടുവിച്ചു. എല്ലാ ജീവജാലങ്ങൾക്കും സംസാരശേഷി ലഭിച്ചു. ദേവിയെ സംസാരത്തിന്റെ അധിപയായ സരസ്വതി എന്ന് വിളിച്ചു. കാമുകനെ പ്രണയാർദ്രയായി കാത്തിരിക്കുന്ന പെൺകുട്ടിയുടെ ചുണ്ടുകളിലേക്ക് പി ഭാസ്കരൻ മാഷ് പകർന്നു നൽകിയ  വരികൾ ശ്രദ്ധിക്കുക. “വാസന്ത പഞ്ചമി നാളിൽ  വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലിൽ മിഴിയും നട്ട് കാത്തിരുന്നു ഞാൻ”.

എനിക്ക് വളരെ ഇഷ്ടമുള്ള മാസമാണ് വസന്തം. ഇവിടെ എനിക്ക് സ്വന്തമായ ഇത്തിരി മണ്ണിൽ അപ്പോൾ ഒരു നവചൈത്യന്യം സൃഷ്ടിക്കപ്പെടുന്നു.  ബഷീറിനെപോലെ ഒരു മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ ഇരിക്കാൻ കഴിഞ്ഞെങ്കിൽ എന്നാശിക്കാറുണ്ട്. മാപ്പിൾ, പൈൻ തുടങ്ങിയ മരങ്ങളും തണുപ്പ് കാലം വരുമ്പോൾ ഇലപൊഴിഞ്ഞു നിൽക്കുന്ന മരങ്ങളും ആ വിടവ് നികത്തുന്നു. ചുറ്റിലും കാലാവസ്ഥക്കനുസരിച്ച് വിടർന്നു കൂമ്പിപ്പോകുന്ന പുഷ്പ്പങ്ങൾ ശ്രീകുമാരൻ തമ്പിയുടെ കവിത ഓർമ്മിപ്പിക്കുന്നു. "ഓരോ ഋതുവിലും അഭിലാഷപുഷ്പങ്ങൾ തൂവി മറയും നിരാമയിയെ". പ്രകൃതി സുന്ദരിയായ ഒരു യുവതിയാണ്. അവളെ എങ്ങനെ പ്രണയിക്കാതിരിക്കാൻ കഴിയും. 
ന്യുയോർക്കും മഞ്ഞു വീഴുന്ന സ്ഥലമായതുകൊണ്ട്  ന്യുയോർക്കിനെ ഹൈമവതഭൂമി എന്ന് വിളിക്കാം. ഹൈമവതഭൂമിയിൽ വസന്തം വരുന്നതിനെക്കുറിച്ച് വയലാർ എഴുതിയ വരികൾ ന്യുയോർക്കുകാർക്കും ഉത്സാഹം പകരുന്നതാണ്.

"നല്ല ഹൈമവതഭൂവിൽ വസന്ത -
നന്ദിനിമാർ വന്നൂ മലർ നന്ദിനിമാർ വന്നൂ
വർണ്ണ പരാഗം നെറുകയിലണിയും
സുന്ദരിമാർ വന്നൂ സുമ സുന്ദരിമാർ വന്നൂ..."

മലർ നന്ദിനി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്'പൂവിതൾ പോലെ മൃദുവായവൾ എന്നാണ്. വസന്തകാലം ഒരു സുന്ദരിയുടെ പൂവുടൽ പോലെ മൃദുലമനോഹരം.  പൂമ്പൊടി അഥവാ പരാഗരേണുക്കളെയാണ് വർണ്ണ പരാഗം എന്നുദ്ദേശിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളും, തേനീച്ചകളും, വണ്ടുകളുമാണ് പൂമ്പൊടി പൂവുകളിൽ നിന്നും പൂവ്വുകളിലേക്ക്  പകരുന്നത്. പൂമ്പൊടിക്ക് സാധാരണ മഞ്ഞ നിറമെങ്കിലും വണ്ടുകളെയും തേനീച്ചകളെയും ആകർഷിക്കാൻ പ്രകൃതി പല നിറങ്ങൾ ഈ പൂമ്പൊടിക്ക് നൽകിയിരിക്കുന്നു. ഈ പൂമ്പൊടി  ചെടികളിലെ മുകൾഭാഗത്ത് കാണപ്പെടുന്നതുകൊണ്ടാണ് കവി നെറുകയിൽ എന്നെഴുതിയത്. ചിലപ്പോഴെല്ലാം പൂമ്പൊടി ചെടികളുടെ താഴെ വീണുകിടക്കാറുണ്ട്. കവി ഭാഷയിൽ പറഞ്ഞാൽ "പുലർകാലത്തിൻ  പൂമ്പൊടി പുത്തൻ കവിതകളെഴുതി മണ്ണിൽ." 

പ്രഭാതത്തിൽ പൂക്കളോടോത്ത് ഇത്തിരി നേരം ചിലവഴിക്കുന്നത് സ്വർഗ്ഗത്തിൽ കഴിയുന്നതിനു തുല്യമാണ്. ചെടികളിൽ പരാഗം നടക്കുന്നത് രാവിലെയാണ്. എന്റെ കണ്ണുകളെ ആനന്ദിപ്പിക്കുന്ന കാഴ്ചയാണ് പൂക്കളുടെ കാമോത്സവം. തേൻ നുകരാനെത്തുന്നവരുടെ ആവേശം, തേൻ നൽകുന്നവരുടെ നിർവൃതി. ഇപ്പോഴാണ് സൗന്ദര്യം പീലി വിടർത്തി ആടുന്നത്. പൂക്കളും പൂമ്പാറ്റകളും ഇഴുകിച്ചേരുന്ന അനർ ഘ നിമിഷങ്ങൾ അവർ മന്ത്രിക്കുന്ന അനുരാഗഗാനങ്ങൾ. ഇനിയും ജന്മങ്ങൾ ബാക്കി വേണമെന്ന് കൊതിപ്പിക്കുന്ന സുരഭില യാമങ്ങൾ.
പേനയും കടലാസ്സുമായിരിക്കുന്ന എന്റെ അരികിലേക്ക് ചിത്രശലഭങ്ങൾ വരിവരിയായി വന്നു വട്ടം ചുറ്റി പറന്നുപോകാറുണ്ട്. അവർക്ക് പക്ഷെ വണ്ടിനെപ്പോലെ ഒച്ചയില്ല. ഒച്ചകേൾപ്പിക്കാതെ പ്രണയമന്ത്രങ്ങൾ മൂളുന്നവരാണ് ചിത്രശലഭങ്ങൾ. ഒരിക്കൽ പൂക്കൾക്ക് പക്ഷികളെപോലെ പറന്നു നടക്കാൻ കൊതിതോന്നി. വിവരം ബ്രഹ്‌മാവിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഓരോരുത്തർക്കും ഓരോ ദൗത്യമുണ്ട്. പൂക്കൾ ചെടിയിൽ തന്നെ നിന്നാൽ മതിയെന്ന്. പെൺകുട്ടികളുടെ മുടിയഴക് കൂട്ടാൻ അവർ ചൂടുന്ന പൂക്കളോട് ദയ തോന്നിയ മാലാഖമാർ ചിത്രശലഭങ്ങളെ ഉണ്ടാക്കി എന്ന് ഐതിഹ്യം.  വിടർന്നു നിൽക്കുന്ന ഉദ്യാനപുഷ്പങ്ങൾക്ക് മനസ്സിൽ ശുഭാപ്തി വിശ്വാസം നിറയ്ക്കാനുള്ള കഴിവുണ്ട്.  ഓരോ ചുംബനത്തിനും ഒരായിരം തേൻ തുള്ളികൾ നൽകുന്ന പൂക്കളെ ആനന്ദിപ്പിക്കാൻ വണ്ടുകൾ പാടുന്ന പാട്ടുകൾ കാതോർക്കുക.  . ഞാൻ വണ്ടുകളുടെ പ്രേമഗീതങ്ങൾ പകർത്താൻ എന്നും ശ്രമിക്കുന്നു.  അതറിഞ്ഞിട്ടെന്നപോലെ ഒരു വണ്ട്  എന്നും രാവിലെ എനിക്ക് വട്ടം ചുറ്റാറുണ്ട്. ശകുന്തളയെ പ്രേമദാഹത്തിൽ കൊണ്ടുവിട്ട വണ്ടിന്റെ തായ്‌വഴികാരനാകാം. വാസ്തവത്തിൽ വണ്ടുകൾ പാടുന്നില്ല. അവ മൂളുകയാണ് ചെയ്യുന്നത്. ആ മൂളലിൽ പുഷ്പങ്ങൾ കോരിത്തരിക്കുകയും അവയിലെ തേനിന്റെ മധുരം ഇരട്ടിയാക്കുകയും ചെയ്തു അവ വണ്ടുകളെ  സന്തോഷിപ്പിക്കുന്നു. അപ്പോഴാണ് അവർ പൂമ്പൊടി പുറത്തേക്ക് തള്ളുന്നത്. വണ്ടുകളെ കാതോർക്കുമ്പോൾ കാലിൽ പറ്റിപ്പിടിച്ച പൂമ്പൊടിയുമായി അവർ പൂക്കളിൽ നിന്നും പറന്നുപൊങ്ങുന്നു. കമനീയമായ കാഴ്ചകളാണ്  പൂക്കളും പൂമ്പാറ്റകളും വണ്ടുകളും  കിളികളും നൽകുന്നത്.

എന്റെ ഉദ്യാനം എനിക്ക് വളരെ ആനന്ദം പകരുന്നു.  ദമയന്തിക്ക് അവരുടെ കൊട്ടാരവളപ്പിലെ പൂന്തോട്ടത്തെപ്പറ്റി  ഗർവുണ്ടായിരുന്നു. ഇന്ദ്രന്റെ ഉദ്യാനത്തെക്കാൾ, (നന്ദനവനം)  കുബേരന്റെ ഉദ്യാനത്തെക്കാൾ അവരുടെ ഉദ്യാനം മികച്ചത് അതിനു സാമ്യമായി ഒന്നുമില്ലെന്ന്‌ ദമയന്തി തോഴിയോട് പറയുന്നുണ്ട്. ഞാനും സ്വയം മന്ത്രിക്കുന്നു എന്റെ ഈ കൊച്ചു ഉദ്യാനം സുന്ദരമാണ്. വസന്തം വന്നെങ്കിലും ശിശിരം വിട്ടുപോകാതെ തുള്ളിയിട്ടു നിൽക്കയാണ്. അതുകൊണ്ട് മുഴുവൻ പൂക്കളും വിടർന്നിട്ടില്ല. അണ്ണാറക്കണ്ണന്മാരും എത്തി തുടങ്ങിയിട്ടില്ല. കുഞ്ഞുകിളികൾ പുല്ലിൽ കൊത്തിപ്പെറുക്കി നടക്കുന്നുണ്ട്. അവർക്ക് പൂക്കളിൽ കമ്പം ഇല്ല. ചെടിയുടെ കമ്പുകളിൽ ഇരുന്നു വിഹഗവീക്ഷണം നടത്തി അവയും പറന്നുപോകുന്നു. പ്രണയം അറിയിക്കാൻ അടുത്തേക്ക് നടന്നടുക്കുന്ന കന്യകയെപ്പോലെ ഒരു ചിത്രശലഭം വീണ്ടും പതുക്കെ വട്ടം ചുറ്റി പറന്ന് എന്റെ കൈത്തണ്ടയിൽ ഇരിക്കുന്നു. മുമ്പ് കൂട്ടമായിട്ടാണ് വന്നത്. ഇപ്പോൾ ഒറ്റക്ക് വന്നിരിക്കയാണ്. ഏതോ കാമുകിയുടെ പ്രേമദൂതുമായി. ദൂരെ ഏതോ സുന്ദരി നമ്മെ പ്രണയാർദ്രമായ ഓർക്കുമ്പോഴാണ് ചിത്രശലഭങ്ങൾ അങ്ങനെ പറന്നടുക്കുക എന്ന് വിശ്വാസം. പ്രണയത്തിന്റെ പൂമ്പൊടി എന്റെ കൈത്തണ്ടയിൽ കുടഞ്ഞിട്ട് അത് പറന്നുപോയി.

കവികളുടെ ഭാവനപ്രകാരം  എല്ലാ പൂക്കളും ഒരുമിച്ച് ചേരുമ്പോൾ ഒരു സുന്ദരിയെ നമുക്ക് കാണാം. ഭാരതീയരുടെ അഭിമാനമായ കാളിദാസന്റെ വർണ്ണന  നോക്കുക.  കരിംകൂവളപൂ കൊണ്ട് കണ്ണിണകൾ, പൊൻതാമരപ്പൂ കൊണ്ട് മുഖം, മുല്ലമൊട്ടുകൾ കൊണ്ട് ദന്തനിരകൾ, ചെന്തളിരുകൊണ്ട് അധരങ്ങൾ, ചെമ്പകമലർദളങ്ങൾ കൊണ്ട് മറ്റു അവയവങ്ങൾ. ഉദ്യാനങ്ങളിൽ ചിലവഴിക്കുന്ന സമയങ്ങൾക്ക് പ്രഥമരാത്രിയുടെ മധുരവും ആവേശവും പകരുവാൻ കഴിവുണ്ടാകുന്നത് അതുകൊണ്ടാണ്. സുന്ദരിമാരുടെ സാമീപ്യം കൊണ്ട് യൗവ്വനകാലം ദീർഘിപ്പിച്ചു തരുന്നു പ്രക്രുതി.
അമേരിക്കയിൽ വസന്തകാലം തീരാൻ ഇനി ഒരു മാസം കൂടി മാത്രം. എല്ലാവരും ഈ സമയം ആസ്വദിക്കുക. പ്രകൃതിയെ പ്രണയിക്കുമ്പോൾ മരുന്നുകളോട് വിട പറയാം. ആരോഗ്യം വീണ്ടെടുക്കാം. ഒരു പ്രണയത്തിന്റെ ആലസ്യത്തിലേക്ക് അത് നിങ്ങളെ നയിക്കുന്നു.

“ആളുകൾ പരസ്പരം സ്നേഹിച്ചില്ലെങ്കിൽ, ഒരു വസന്തകാലം കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” - വിക്ടർ ഹ്യൂഗോ.

ശുഭം

Read More Articles: https://www.emalayalee.com/writer/11

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക