Image

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം

Published on 22 May, 2026
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാകുകയും ചെയ്തതോടെ, കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം തുടക്കം കുറിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒടുവിൽ സംജാതമായിരിക്കുന്നത്. 

മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരും മന്ത്രിമാരായ പശ്ചാത്തലത്തിൽ, സംസ്ഥാന നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.

സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുതിർന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുൻപന്തിയിലുള്ളത്. മുൻപ് യുഡിഎഫ് കൺവീനർ (2018-20), കെപിസിസി ജനറൽ സെക്രട്ടറി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച 73-കാരനായ ഈ 'എ' ഗ്രൂപ്പ് നേതാവിന് പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക