
ബഹദൂർ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
മലയാള സിനിമ കണ്ട പ്രതിഭാധനന്മാരായ നടന്മാരിരിൽ ഒരാളായിരുന്ന ബഹദൂർ; മിക്കവാറും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാൽ 'ഹാസ്യനടൻ' എന്നറിയപ്പെട്ടിരുന്നു വെന്നു മാത്രം. യഥാർത്ഥ പേർ: പി.കെ. കുഞ്ഞാലു (പടിയത്ത് കൊച്ചുമൊയ്തീൻ കുഞ്ഞാലു).
ഇന്ന് ബഹദൂറിൻ്റെ 25-ാം ചരമവാർഷിക ദിനമാണ്. സ്മരണാഞ്ജലികൾ!
അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടൻ്റെയും, സഹനടൻ്റെയും നായകൻ്റെയും ഒക്കെ വേഷമിട്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ഉള്ളാലെ കരയിക്കുകയും ചെയ്ത മലയാളത്തിൻ്റെ പ്രിയപ്പെട്ട ബഹദൂർ മലയാളി മനസ്സിൽ അമരനായി ഇന്നും നിലനിക്കുന്നു.
'പടിയത്ത് കൊച്ചുമൊയ്തീൻ കുഞ്ഞാലു' എന്നാണ് യഥാർത്ഥ പേര്. മലയാള സിനിമ തറവാട്ടിലെ കാരണവരായ തിക്കുറിശ്ശിയാണ് (പതിവുപോലെ) കുഞ്ഞാലുവിന് 'ബഹദൂർ' എന്ന പേര് സമ്മാനിച്ചത്.
1935 ഡിസംബർ ഒന്നിന് കൊടുങ്ങല്ലൂർ പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചുമൊയ്തീൻ്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കൊച്ചുഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളാളായി ജനിച്ച കുഞ്ഞാലു; ദാരിദ്ര്യത്തിൻ്റെ പിടിയിലേക്കാണ് പിറന്നു വീണത്. എട്ടു സഹോദരങ്ങളിൽ ഏഴും സഹോദരിമാരായിരുന്നു.

കഷ്ടപാടുകൾ നിറഞ്ഞ ബാല്യത്തിലും വിദ്യാഭ്യസകാലത്തും കുഞ്ഞാലുവിൻ്റെ മനസ്സുനിറയെ നാടകവും സിനിമയും ആയിരുന്നു. കുഞ്ഞാലു എന്ന ബഹദൂർ എറിയാട് കേരളവർമ്മ ഹൈസ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി മുഖത്ത് ചായം തേയ്ക്കുന്നത്. “കല്യാണ കണ്ട്രോൾ ഇൻസ്പെക്ടർ” എന്ന നാടകത്തിലെ പ്യൂണിൻ്റെ വേഷമായിരുന്നു ആദ്യത്തേത്. എന്നാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ 'പൂജ' എന്ന നാടകത്തിലെ 'വേലു' എന്ന കഥാപാത്രം ബഹദൂർ എന്ന നടനെ സ്കൂളിനു മാത്രമല്ലാ, നാടിനും പ്രിയങ്കരനാക്കി.
കുഞ്ഞാലു പഠിത്തത്തിലും അഭിനയത്തിലും മിടുക്കന്‍ കുട്ടിയായിരുന്നു. പത്താം ക്ളാസ് പരീക്ഷയിൽ ഫസ്റ്റ് ക്ളാസ് നേടുകയും കോഴിക്കോട് ഫറോക്ക് കോളജിൽ ഇന്‍റർമീഡിയറ്റിന് ചേരുകയും ചെയ്തു.
സാമ്പത്തിക പ്രശ്നങ്ങൾ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നതിനാൽ പഠനം തുടരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുടുംബ പ്രാരാബ്ധങ്ങൾ മൂലം പഠിത്തം ഉപേക്ഷിച്ച്, സ്വകാര്യ ബസ്സിൽ കണ്ടക്ടറായത് അപ്പോഴാണ്. അപ്പോഴും നാടകനടനാകണമെന്ന മോഹമാണ് മനസ്സിലുണ്ടായിരുന്നത്.
അങ്ങനെ, അഭിനയം മനസ്സിനെ അവേശിച്ച കുഞ്ഞാലു ചുറ്റിത്തിരിഞ്ഞെത്തിയത് തിരുവനന്തപുരത്തായിരുന്നു. അവിടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്ന ആത്മസുഹൃത്ത് ഡോ. സിദ്ദിഖിൻ്റെ വീട്ടിലായിരുന്നു അഭയം. തിരുവനന്തപുരത്തെത്തിയ ആദ്യകാലങ്ങളിൽ ചില അമെച്വർ നാടകങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ബന്ധു വഴിയാണ് തിക്കുറിശ്ശിയെ പരിചയപ്പെടുന്നത്.
'ഫിലിംകോ' പ്രൊഡക്ഷൻസിന്റെ 'പുത്രധർമ്മം' §§ എന്ന ചിത്രത്തിൻ്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന കാലം. (സംവിധാനം വിമൽകുമാറും നിർമ്മാണം കെ. വി. കോശിയും) ചിത്രത്തിൻ്റെ പൊതുവെയുള്ള മേൽനോട്ടമാകട്ടെ തിക്കുറിശ്ശിയ്ക്കും. ‘പുത്രധർമ്മ’ത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന 'ബുദ്ദു' എന്ന ബുദ്ധിശൂന്യനായ വേലക്കാരൻ്റെ കഥാപാത്രം ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് അന്നത്തെ ഹാസ്യസാമ്രാട്ടായിരുന്ന എസ്. പി. പിള്ളയായിരുന്നു. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങളിൽ ആ വേഷം ചെയ്യാൻ 'കുഞ്ഞാലു' നിയുക്ത നാവുകയായിരുന്നു. തിക്കുറിശ്ശിയാണ് കുഞ്ഞാലുവിനെ 'ബഹദൂറാ'ക്കി 'പുത്രധർമ്മ'ത്തിലൂടെ അവതരിപ്പിച്ചത്.

തുടർന്ന് വലുതും ചെറുതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. നീലാ പ്രൊഡക്ഷന്‍സിൻ്റെ (പി. സുബ്രഹ്മണ്യത്തിൻ്റെ സിനിമാ കമ്പനി) 'പാടാത്ത പൈങ്കിളി'യിലെ 'ചക്കരവക്കന്‍' എന്ന കഥാപാത്രത്തിലൂടെയാണ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല; ചിരിപ്പിക്കൽ ഒഴിഞ്ഞിട്ട് നേരമില്ലാതായി. ഹാസ്യതാരം എന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേർന്ന് പൊട്ടിച്ചിരിയുടെ ഒരു യുഗംതന്നെ സൃഷ്ടിച്ചു. കച്ചവട സിനിമയിൽ അടൂര്‍ ഭാസി-ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി.
'കടൽപ്പാല'ത്തിലെ ബഹദൂറിൻ്റെ അഭിനയം അതീവ ശ്രേഷ്ടവുമാണ്. (ഇതിനു സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്.) 'അച്ഛൻ' സത്യൻ്റെയും 'മോൻ' സത്യൻ്റെയും ഇടയിൽ പെട്ടുഴലുന്ന കഥാപാത്രത്തിൻ്റെ അവസ്ഥ മനസ്സിൽ തട്ടുന്നവിധം അഭിനയിച്ചു; ഒരിക്കലും ആർക്കും മറക്കാനാത്ത ഒരു കഥാപാത്രം... ഉദയായുടെ 'നീലിസാലി', 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നീ ചിത്രങ്ങളില്‍ നായകനായി.
ഇതിനിടയിൽ ബഹദൂറിൻ്റെ നേതൃത്വത്തിൽ 'നാഷണൽ തിയെറ്റേഴ്സ്' എന്ന പേരിൽ ഒരു നാടക കമ്പനിയും തുടങ്ങി.’ബല്ലാത്ത പഹയൻ’, ‘മാണിക്യക്കൊട്ടാരം’, ‘ബർമ്മാബോറൻ’, ‘അടിയന്തരാവസ്ഥ’ തുടങ്ങിയ നാടകങ്ങൾ നാഷണൽ തിയെറ്റേഴ്സ് അവതരിപ്പിക്കുകയുണ്ടായി.
1970-ൽ എറണാകുളത്ത് 'ഇതിഹാസ് പിക്ചേഴ്സ്' എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം തുടങ്ങി. പിന്നീട് ചലച്ചിത്ര നിർമ്മാണ രംഗത്തേക്കുമിറങ്ങി ഇദ്ദേഹം. യൂസഫലി കെച്ചേരിയുടെ 'സിന്ദൂരച്ചെപ്പ്', 'മരം', (ഭരതൻ്റെ 'ആരവം' ?) എന്നീ ചിത്രങ്ങൾക്കും സാമ്പത്തിക സഹായം നൽകിയതോടൊപ്പം അമിതാബ് ബച്ചനും മധുവും അഭിനയിച്ച കെ എ അബ്ബാസിൻ്റെ 'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രം കേരളത്തിലെ തിയെറ്ററുകളിൽ എത്തിച്ചു. പക്ഷേ, 'ഇതിഹാസ് പിക്ചേഴ്സ്' എന്നെ പരിശ്രമം വൻനഷ്ടത്തിൽ കലാശിച്ചു.
പിന്നീട്, ചലച്ചിത്രനിർമ്മാണ രംഗത്ത് ഇദ്ദേഹം പി. എം. എ. അസീസ്സിൻ്റെ 'മാൻപേട' (1971) എന്ന ചിത്രം നിർമ്മിച്ചു. (വിതരണം: 'ചൈതന്യചിത്ര') എന്നാൽ ഈ സംരംഭവും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരം നേമത്ത് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയും ലാബും തുടങ്ങി. മലയാള സിനിമ കളറിലാവുകയും ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതോടെ അതും പൊളിഞ്ഞു. അങ്ങനെ ബഹദൂർ തുടങ്ങിയ നാടക - സിനിമാ - വ്യവസായ സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും ബഹദൂറിൻ്റെ ചിരിയും സ്വഭാവനടനവും ഒരിക്കലും പരാജയമറിഞ്ഞിട്ടില്ല!
അവസാന സിനിമ, ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ജോക്കർ' (2000) ആയിരുന്നു; അത് വെറും 'ബഫൂണറി' സിനിമയായിരുന്നില്ലല്ലോ. "കണ്ണീർ മഴയത്ത് ഞാനൊരു
ചിരിയുടെ കുട ചൂടി" അടുത്തൂൺപറ്റിയ ഒരു കരയിപ്പിക്കുന്ന കോമാളിയായി ബഹുഭൂർ പ്രവേഷമിട്ടു!
1970 ലും 72-ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും 73-ലും 76-ലും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
400 ചിത്രങ്ങൾ പൂർത്തിയാക്കിയതിന് കൊടുങ്ങല്ലൂരിലെ പൗരാവലി 1977 ഫെബ്രുവരി 2-ാം തിയതി കൊടുങ്ങല്ലൂരിൽ ഒരു ഗംഭീര സ്വീകരണമൊരുക്കിയിരുന്നു.
അര നൂറ്റാണ്ടിനുള്ളിൽ എണ്ണൂറിലധികം ചിത്രങ്ങളിലഭിനയിച്ച ഈ മഹാനടൻ 2000 മെയ് 22-ന് ചെന്നൈയിൽ മരണമടഞ്ഞു. അന്ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതുമൂലം മരണത്തിനു കീഴടങ്ങി; ഉച്ചക്ക് മൂന്ന് മണിയോടെ അന്തരിച്ചു. ഭൌതിക ശരീരം കൊടുങ്ങല്ലൂർക്ക് കൊണ്ടുവന്നു.
പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചില വേഷപ്പകർച്ചകളിലൂടെ കണ്ണീരിലാഴ്ത്തുകയും ചെയ്ത അതുല്യ നടനവൈഭവത്തിന് എന്റെ വിനീത പ്രണാമം... !