Image

പരോളില്‍ ഇറങ്ങി മുങ്ങി, എമ്പുരാനില്‍ ഉള്‍പ്പെടെ അഭിനയിച്ചു; സിനിമാ താരമായ തടവുപുള്ളി ഹേമന്ത് മോദി പിടിയില്‍

Published on 22 May, 2026
പരോളില്‍ ഇറങ്ങി മുങ്ങി, എമ്പുരാനില്‍ ഉള്‍പ്പെടെ അഭിനയിച്ചു; സിനിമാ താരമായ തടവുപുള്ളി ഹേമന്ത് മോദി പിടിയില്‍

അഹമ്മദാബാദ്: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വര്‍ഷം ബോളിവുഡില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സിനിമാതാരമായി വിലസി. ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

നറോഡയില്‍ 2005-ല്‍ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. 2008 ഓഗസ്റ്റ് 27-ന് ഹേമന്ത് മോദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാണ ജയിലിലായിരുന്ന ഇയാള്‍ക്ക് 2014 ജൂലായിയില്‍ ഗുജറാത്ത് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈയിലെത്തിയ ഇയാള്‍ സ്പന്ദന്‍ മോദിയെന്ന് പേരു മാറ്റി ആള്‍മാറാട്ടം നടത്തി ബോളിവുഡില്‍ ചെറിയ വേഷങ്ങളില്‍ കയറിപ്പറ്റി. ആമിര്‍ഖാനും അമിതാഭ് ബച്ചനുമുള്ള തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, രണ്‍വീര്‍ സിങ് നായകനായ ജയേഷ്ഭായ് ജോര്‍ദാര്‍ തുടങ്ങിയവയില്‍ സഹനടനായി. യുഗപുരുഷ്, ഗാന്ധി വിരുദ്ധ് ഗോഡ്സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷമിട്ടു. ഗുജറാത്തി സിനിമകളിലും അഭിനയിച്ചു. മലയാളചിത്രമായ എമ്പുരാനിലും ഹേമന്ത് മോദി വേഷമിട്ടതായി ക്രൈംബ്രാഞ്ച് അറിയിച്ചു. പുറത്തിറങ്ങാനുള്ള ലഹോര്‍ 1947-ലും 
അഭിനയിച്ചിട്ടുണ്ട്.

നടനെന്ന നിലയില്‍ പലവട്ടം അഹമ്മദാബാദിലെത്തിയെങ്കിലും പോലീസിന് മനസ്സിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് വല വീശിയത്. അറസ്റ്റിലായപ്പോളും പോലീസിന് ആളു മാറിയെന്ന് അവകാശപ്പെട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹേമന്ത് മോദിയെ മഹെസാണ ജയിലിലേക്ക് കൈമാറും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക