Image

ഭരണമാറ്റത്തിനു പിന്നാലെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍

Published on 22 May, 2026
ഭരണമാറ്റത്തിനു പിന്നാലെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍

 

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍. സംസ്ഥാനത്ത് ഭരണതലത്തില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ധനസഹായം ഉയര്‍ത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 ആയി വര്‍ധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെന്‍ഷനും അവശതാ പെന്‍ഷനും 500 രൂപ വര്‍ധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേടാന്‍ കഴിഞ്ഞിരുന്നു. ഏപ്രിലില്‍ 4600 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷനും 375 പേര്‍ക്ക് 1600 രൂപ വീതം കുടുംബപെന്‍ഷനും നാലുപേര്‍ക്ക് അവശതാ പെന്‍ഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിവാഹധനസഹായം 25,000 രൂപയില്‍നിന്ന് 50,000 ആക്കി. ഒരു മെമ്പറുടെ ജീവിതത്തില്‍ ഒന്നര ലക്ഷമായിരുന്ന ചികിത്സാധനസഹായം ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അംഗങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതുതായി ചേര്‍ന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയര്‍ന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും ഇക്കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക