Image

അച്ഛന് അഭിമാനമേകിയ നിമിഷം (പി.സീമ)

Published on 22 May, 2026
അച്ഛന് അഭിമാനമേകിയ നിമിഷം (പി.സീമ)

"റിസൾട്ട്‌ നോക്കുമ്പോൾ ഫസ്റ്റ് ക്ലാസ്സ്‌ ഇല്ലെങ്കിൽ വിഷമിക്കണ്ട. ഞാൻ  പെരുവ ജംഗ്ഷനിൽ നിൽക്കാം അങ്ങോട്ട് വന്നാൽ മതി."  S. S.L. C റിസൾട്ട്‌ അറിയുന്ന ദിവസം വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ വാചകം. നല്ല മാർക്ക് കിട്ടും എന്ന് അറിയാമായിരുന്നിട്ടും  ചില കൂട്ടുകാരികൾ നോട്ടീസ് ബോർഡിൽ കണ്ട എന്റെ മാർക്ക്‌ പറഞ്ഞിട്ടും നേരിൽ കണ്ടാൽ മാത്രമേ എന്തും വിശ്വസിക്കുള്ളു എന്ന പിടിവാശിയായിരുന്നു അന്നെനിക്ക്.  ഇന്നും  അതിൽ അല്പം പോലും വ്യത്യാസമില്ല. 

ചെന്ന് നോക്കുമ്പോൾ ശരിയാണ്. അന്ന് മൊബൈൽ ഒന്നും ഇല്ലാത്ത കാലം. ഞാൻ നടന്നെത്തും വരെ പെരുവ കവലയിൽ റോയിയൂടെ ബേക്കറിക്കു മുന്നിൽ അച്ഛൻ കാത്തു നിന്നിരുന്നു. അതിയായ സന്തോഷം പങ്കിട്ടു നിൽക്കുമ്പോഴാണ്  ആ വിവരം അറിഞ്ഞത്. ബോയ്സ് സ്കൂളിലെ റോയിക്കു എന്നെക്കാൾ ഒരു മാർക്ക് കൂടുതൽ ഉണ്ട്‌. സ്കൂൾ ഫസ്റ്റ് ആ കുട്ടിക്കാണ്. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന 101 രൂപ സമ്മാനം ഒരു മാർക്കിന്റെ വ്യത്യാസത്തിൽ റോയിക്കു ലഭിക്കും.

അച്ഛനോടൊപ്പം ഞാനും ഉച്ചക്കാറ്റും കിതച്ചു കുന്നു കയറി.   ഇടയ്ക്ക് എപ്പോഴോ അച്ഛൻ പറഞ്ഞു " "സാരമില്ല. ഒരു മാർക്കിന്റെ വ്യത്യാസം അല്ലേ ഉള്ളു. അത് അത്ര കാര്യമാക്കണ്ട "

എങ്കിലും എന്റെ മനസ്സിൽ ഒരു സങ്കടം വന്നു നിറഞ്ഞു. ഒരേ ഒരു മാർക്കിന്‌  വളരെ ദൂരം പിന്നിലായി പോയത് പോലെ. മുളക്കുളം കവലയിൽ ബസ് ഇറങ്ങി നടക്കുമ്പോൾ  ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെ പടർന്നു പന്തലിച്ച ആൽമരത്തിനു ചുവട്ടിൽ നിന്ന് അച്ഛൻ കൈകൂപ്പി.. ഞാനും. വീട്ടിലേക്കുള്ള വഴിയിലെ പുല്ലിനോടും പൂവിനോടും പൂമ്പാറ്റകളോടും  ചിരിച്ചെങ്കിലും മനസ്സിൽ നഷ്ടബോധമുണ്ടായിരുന്നു..

എങ്കിലും സന്തോഷിക്കാൻ ശ്രമിച്ചു. റോയിക്കു ഒരു മാർക്ക് അല്ലേ കൂടുതൽ ഉള്ളു. ( ഇപ്പോൾ അയാൾ ജർമ്മനി, യൂറോപ്പ്,   തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഒക്കെ  ഉയർന്ന ഏതോ ഉദ്യോഗസ്ഥനായി പറന്നു നടക്കുന്നു എന്ന്   അയാളുടെ അമ്മച്ചി എന്നോ പറഞ്ഞൊരു അറിവുണ്ട്.. "മോള് ജോലിക്ക് ഒന്നും പോയില്ല അല്ലേ  കഷ്ടായി "  എന്നവർ ഒന്ന് നെടുവീർപ്പിടുകയും  ചെയ്തിരുന്നു )

മൂന്നാലു ദിവസങ്ങൾ കടന്നു പോയി. ഒരു മൂവന്തിയിൽ അച്ഛൻ വന്നത് ഒരു സന്തോഷവർത്തമാനവുമായിട്ടായിരുന്നു.

"ഇത്തവണ പെരുവ girls സ്കൂളിലേയും ബോയ്സ് സ്കൂളിലേയും ഉയർന്ന മാർക്ക്‌ നേടിയ  കുട്ടികൾക്ക് 101 രൂപ സമ്മാനം ഉണ്ട്‌. ഉള്ളൊന്നു നൊന്താൽ അത് കാണാൻ ആരോ ഉണ്ട്‌. ലക്ഷ്മണസ്വാമി കൂടെ ഉള്ളത് പോലെ " അച്ഛൻ പറഞ്ഞു.

എന്റെ മനസ്സ് ഒരു ചിത്രശലഭത്തെ പോലെ തുള്ളിപ്പറന്നു.  കുറച്ച് ദിവസം കഴിഞ്ഞ് ഞാനും അച്ഛനും കൂടി പോയി ആ സമ്മാനം വാങ്ങി. അച്ഛന് ജീവിതത്തിൽ ഏറ്റവുമധികം അഭിമാനം തോന്നിയ ആ നിമിഷം പകരം നൽകാൻ കഴിഞ്ഞത് ഇന്നും സൗഭാഗ്യമായി  കരുതുന്നു.  (തലയോലപ്പറമ്പ് ഡി. ബി. കോളേജിൽ നിന്നും  സെക്കന്റ്‌ ഗ്രൂപ്പിൽ ഫസ്റ്റ് ആയിരുന്ന ഞാൻ ആദ്യത്തെ S. G പിള്ള endovment 201 രൂപ വാങ്ങിയതും ഓഫീസിൽ വെച്ച് അച്ഛനോടോ പ്പമായിരുന്നു. )

ഒപ്പം തന്നെ ജീവിതം മറ്റൊരു പാഠം കൂടി പഠിപ്പിച്ചു. പഠനത്തിൽ ഉയർന്ന മാർക്ക്‌ നേടിയത് കൊണ്ട്  മാത്രം ജീവിതപരീക്ഷയിൽ വിജയിക്കണം  എന്നില്ല. സ്വന്തമായി ഒരു ലക്ഷ്യ ബോധം ഉള്ളവർക്കേ കൊടുമുടികൾ കീഴടക്കാനാകൂ. മറ്റുള്ളവർ പറയുന്നതനുസരിച്ചു മുന്നേറിയാൽ എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലുമൊരു നാൽക്കവലയിൽ ദിക്കറിയാതെ പകച്ചു നിൽക്കേണ്ടി വരും എന്ന വസ്തുത ഓർമ്മിച്ചാൽ നല്ലത്. സ്വന്തമായി വെട്ടിത്തെളിക്കുന്ന വഴികൾ ഒരിക്കലും വെയിൽ മാത്രം നിറഞ്ഞതാകില്ല. വേരറ്റ് വീഴുവോളം നിങ്ങൾ തന്നെ നിങ്ങൾക്ക് തണലായിരിക്കും.  എനിക്ക് മുന്നിൽ പടുകുഴികൾ ഉണ്ടെങ്കിലും അതിൽ വീണു പോകാത്തത്   പഠനകാലത്ത് ക ഷ്ടപെട്ടത് കൊണ്ട് മാത്രമാകാം  മറ്റെല്ലാം നഷ്ടപ്പെടുത്തിയെങ്കിലും  ഒരിക്കലും കൈവിട്ടു പോകാതെ അക്ഷരങ്ങളെ. മുറുകെ പിടിച്ചത് കൊണ്ടുമാകാം. അച്ഛൻ പറഞ്ഞത് പോലെ ചില ദൈവസങ്കല്പങ്ങളിലെ ദൈവത്തിനു പകരം ചില മനുഷ്യർ  വേണ്ട സമയത്ത് മുന്നിൽ പ്രത്യക്ഷപ്പെട്ടെന്ന് വരാം. അവർ ദൈവത്തിന്റെ തന്നെ പ്രതിരൂപങ്ങൾ ആയെന്ന് വരാം. വിവർത്തനത്തിനായി ചില പുസ്തകങ്ങൾ വീണു കിട്ടുമ്പോൾ, സ്വന്തം കഥകളിൽ ഒരു "ആഞ്ചല മേരി"യും "ഒറ്റപ്പൂരാടനും"   പൊടുന്നനെ പ്രത്യക്ഷപ്പെടുമ്പോൾ ഇന്നും ഞാനത് അനുഭവിച്ചറിയുന്നു.

ചിലപ്പോൾ   ആഴമേറിയ ഒരു ശൂന്യതയിലേക്ക്,  മറ്റു ചിലപ്പോൾ സങ്കൽപ്പങ്ങളുടെ  അനന്തമായ ആകാശങ്ങളിലേക്ക്,   അഴിക്കാൻ പറ്റാത്ത ഇരുൾ ചുരുളുകളുടെ നിഗൂഢതകളിലേക്ക്,   സ്ഫടികതുല്യമായ സുതാര്യതയുടെ  ജാലകങ്ങളിലേക്ക് ആരോ   നയിക്കുന്നു.. കാലിടറാതെ  വഴി തെളിക്കുന്നു. എങ്കിലും പ്രാണൻ ഉള്ളിടത്തോളം കാലം ആ വാതിലുകൾ അടയാതിരിക്കട്ടെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക