
സീറോമലബാർ സഭയുടെ ദൗത്യം ഇന്ത്യയ്ക്കു വെളിയിലേക്കു ചുവടുവയ്ക്കുന്നതിനു തുടക്കമായി അമേരിക്കയിൽ സ്ഥാപിതമായ "സീറോ മലബാർ സെന്‍റ് തോമസ് കാത്തലിക് എപ്പാർക്കി - ഷിക്കാഗോ"രജത ജൂബിലി തിളക്കത്തിൽ! കാൽ നൂറ്റാണ്ട് പിന്നിടുന്ന ദൗത്യം കർമപാതയിൽ പുതിയ തിളക്കത്തോടെ മുന്നേറുകയാണ്.
സ്വർഗീയനായ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2001 മാർച്ച് 13നാണ് ഷിക്കാഗോ രൂപത സ്ഥാപിക്കുന്നത്. പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്‍റെയും അജപാലന ദൗത്യത്തിനു കീഴിൽ, കഴിഞ്ഞ ഇരുപത്തഞ്ചു വർഷംകൊണ്ട് രൂപത നേടിയ ആത്മീയ, ഭൗതിക നേട്ടങ്ങൾ പ്രശംസനീയം!. ആഗോളതലത്തിൽ സീറോ മലബാർ സഭയുടെ അജപാലന ശുശ്രൂഷ വ്യാപിപ്പിക്കുന്നതിൽ ഷിക്കാഗോ രൂപതയുടെ പ്രവർത്തനം സഭയ്ക്കു തന്നെ പ്രചോദനമായി മാറി.
കുടിയേറ്റത്തിന്‍റെ ആ നാളുകൾ
സ്വാതന്ത്ര്യാനന്തരം, ജോലിയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ട് മലയാളികൾ ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കു കുടിയേറാൻ തുടങ്ങി. ആദ്യമൊക്കെ കൊൽക്കത്ത, ചെന്നൈ, മുംബൈ, ഭിലായി, ഡൽഹി തുടങ്ങിയ സ്‌ഥലങ്ങളിലേക്കു ചേക്കേറിയ മലയാളികൾ, പിന്നീട് കൂടുതൽ മെച്ചപ്പെട്ട വരുമാനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്കു കപ്പലുകയറി. ആദ്യകാല കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും മാർത്തോമാ നസ്രാണികളായിരുന്നു. എത്തിയിടത്തെല്ലാം തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും മക്കളെ ആ പാതയിൽ വളർത്താനും അവർ ശ്രദ്ധിച്ചിരുന്നു. അതിനായി കൂട്ടായ്മകളും പള്ളികളും സ്‌ഥാപിച്ചു. അങ്ങനെ നമ്മുടെ വിശ്വാസം സഹ്യനപ്പുറത്തേക്കു ചുവടുവച്ചു. വിശ്വാസികളുടെ വളർച്ചയും അതിനോടൊപ്പമുള്ള ആവശ്യങ്ങളും കൂടി വന്നപ്പോൾ, കേരളത്തിനു പുറത്തു ആദ്യ രൂപത, മുംബൈ കേന്ദ്രീകരിച്ചു "കല്യാണിൽ" സ്ഥാപിതമായി.
അമേരിക്കയിലേക്ക്..
മെച്ചമായ ജീവിത സാഹചര്യങ്ങൾ തേടി, ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലുമായി ധാരാളം മലയാളികൾ അമേരിക്കയിൽ എത്തിത്തുടങ്ങി. വിവിധ പ്രഫഷനുകളിൽ പെട്ടവരായിരുന്നു ആദ്യ കുടിയേറ്റക്കാർ. അവർ കാലുറപ്പിച്ച ശേഷം മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവന്നു. കൂടുതൽ കുടുംബങ്ങൾ വന്നുതുടങ്ങിയപ്പോൾ സ്വാഭാവികമായും കൂട്ടായ്മകളും രൂപപ്പെട്ടുതുടങ്ങി. തങ്ങളുടെ വിശ്വാസത്തിലും പൈതൃകത്തിലും ഭാഷയിലും വിശുദ്ധ കുർബാന അർപ്പിക്കാനും മതാനുഷ്ഠാനങ്ങൾ നടത്താനുമുള്ള മാർഗങ്ങളെപ്പറ്റി ഈ കൂട്ടായ്മകൾ ആലോചന തുടങ്ങി.
അങ്ങനെ തദ്ദേശ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന മലയാളി വൈദികരെയും, ഉന്നതവിദ്യാഭ്യാസത്തിനായി കോളജുകളിൽ പഠിക്കാനായി വന്ന മലയാളി വൈദികരെയുമൊക്കെ കണ്ടുപിടിച്ചു, ക്രിസ്‌മസിനും, ഈസ്റ്ററിനും മറ്റു വിശേഷ ദിവസങ്ങളിലും മലയാളത്തിൽ ദിവ്യബലി അർപ്പിക്കുകയും അതിൽ പങ്കുചേർന്നു ചാരിതാർഥ്യരാകുകയും ചെയ്തുപോന്നു. ക്രമേണ മാസത്തിലൊരിക്കൽ മലയാളത്തിൽ വിശുദ്ധ കുർബാന പലേടങ്ങളിലും ആയി. എൺപതുകളിൽ നമ്മുടെ കുടിയേറ്റം കൂടുതൽ ശക്തമായി. അതോടൊപ്പം സ്വന്തമായി ദേവാലയവും മലയാളി വൈദികരും വേണമെന്ന ആവശ്യവും പലകോണുകളിൽനിന്നും ഉയർന്നു.
അമേരിക്കയിലെ അജപാലനത്തിൻറെ തുടക്കം
വിശ്വാസികളുടെ നിരന്തര അപേക്ഷകൾ പരിഗണിച്ച്, 1984ൽ സീറോ മലബാർ പ്രവാസി മിഷന്‍റെകൂടി ചുമതലയുണ്ടായിരുന്ന പാലാ ബിഷപ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, തന്‍റെ രൂപതയിൽനിന്നു ഫാ. ജേക്കബ് അങ്ങാടിയത്തിനെ അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ മതപരമായ ശുശ്രൂഷകൾക്കു വേണ്ടി വിട്ടുതന്നു. അങ്ങനെ ഫാ. അങ്ങാടിയത്ത് ഡാലസിൽ എത്തി. അവിടെ സെന്‍റ് പീയൂസ് പത്താമൻ ദേവാലയത്തിൽ അസിസ്റ്റന്‍റ് വികാരിയായിനിന്നുകൊണ്ട്, സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിച്ചു. വൈകാതെ മലയാളത്തിൽ വിശുദ്ധ കുർബ്ബാനയും ആരംഭിച്ചു. അങ്ങനെ ആദ്യ സീറോ മലബാർ മിഷനു ഡാളസിൽ തുടക്കം കുറിച്ചു!
ഫാ. അങ്ങാടിയത്തിന്റ ശ്രമഫലമായി, 1992ൽ ഡാളസിലെ ഗാർലന്‍റിൽ സ്വന്തമായി ഒരു ദേവാലയം വാങ്ങുകയും, (സ്വർഗീയനായ) അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ, പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പ് തിരുക്കർമ്മം ജൂലൈ 25-)0 തീയതി നിർവ്വഹിക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ കാലഘട്ടത്തിലോ, അതിനും മുന്നേ തന്നെയോ, ഷിക്കാഗോ, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ, ഡിട്രോയിറ്റ്, മയാമി, കാലിഫോർണിയ തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ സീറോ മലബാർ വിശ്വാസ കൂട്ടായ്മകൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു.
ഷിക്കാഗോയിലെ സീറോ മലബാർ വിശ്വാസ സമൂഹം മോൺ. ആൻറണി കുര്യാളശ്ശേരിയുടെ ആത്മീയ നേതൃത്വത്തിൽ 1985 മുതൽ സജീവമായിരുന്നു. പിന്നീട് മോൺ. കുര്യാളശ്ശേരി ന്യൂയോർക്കിലേക്ക് പ്രവർത്തന മേഖലമാറ്റിയതിനെത്തുടർന്ന്, ഫാ. സഖറിയാസ് ഇളപ്പുങ്കൽ ഷിക്കാഗോയിലെ വിശ്വാസ കൂട്ടായ്മയുടെ ആത്മീയ ശുശ്രൂഷ ഏറ്റെടുത്തു. 1988 ൽ ഇളപ്പുങ്കൽ അച്ചൻ മിനിയപോളിസിലേക്ക് പോയതിനെത്തുടർന്നു, മോൺ. ആൻറണി കുര്യാളശ്ശേരി ന്യൂയോർക്കിൽ നിന്നും വീണ്ടും ഷിക്കാഗോയിലേക്ക് വന്നു. തുടർന്ന് മോൺ. കുര്യാളശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിന്റെ ഫലമായി, ഷിക്കാഗോ അതിരൂപത സെയിന്റ് ക്രിസോസ്റ്റം ദേവാലയം യാതൊരു പ്രതിഫലവും കൂടാതെ നമ്മുക്ക് തരികയും, അന്നത്തെ പാലാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ 1988 സെപ്റ്റംബർ 10-) തീയതി ആശീർവദിച്ച്, "മാർ തോമ ശ്ലീഹാ ദേവാലയമായി" പുനഃനാമകരണം ചെയ്തു, വിശ്വാസികൾക്കായി സമർപ്പിച്ചു. 1989 ൽ ഈ ദേവാലയം രണ്ടാമത്തെ ഔദ്യോഗിക സിറോ മലബാർ മിഷനായി, പ്രവാസി മിഷന്‍റെകൂടി ചുമതലയുണ്ടായിരുന്ന അഭിവന്ദ്യ മാർ പള്ളിക്കാപറമ്പിൽ പ്രഖ്യാപിക്കുകയും, തൻറെ രൂപതയിൽ നിന്നുമുള്ള ഫാ. മാത്യു പന്തലാനിക്കലിനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഇന്നത്തെ കത്തീഡ്രൽ ഇടവകയുടെ തുടക്കം അതായിരുന്നു!

അതുപോലെ, 1987 ൽ തന്നെ ഡെട്രോയിറ്റിൽ സിറോ മലബാർ കൂട്ടായ്മ റവ. ഫാ. ജോസഫ് നാഗരൂരിന്റെ ആത്മീയ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പിന്നീട്, 1994 ൽ സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ, ഫാ. ജോൺ മേലേപ്പുറത്തിനെ ഡിട്രോയിറ്റിലെ സിറോ മലബാർ വിശ്വാസ കൂട്ടായ്മയുടെ ഡയറക്ടറായി നിയമിക്കുകയും, തുർന്ന് ഫാ. മേലേപ്പുറം മിഷിഗനിലെ ഡിട്രോയിറ്റ് കേന്ദ്രീകരിച്ചു വിപുലമായ രീതിയിൽ വിശ്വാസികളെ ഏകോപിപ്പിക്കുകയും മിഷൻ ആരംഭിക്കുകയും ചെയ്തു. 1995ൽ അഭിവന്ദ്യ കർദ്ദിനാൾ (സ്വർഗീയനായ) മാർ ആന്റണി പടിയറ, ഡിട്രോയിറ്റ് സിറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുകയും, ഫാ. ജോൺ മേലേപ്പുറത്തിനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു
1995ൽ സീറോ മലബാർ ബിഷപ് സിനഡ്, മാനന്തവാടി രൂപതയിൽ നിന്നും ഫാ. ജോസ് കണ്ടത്തിക്കുടിയെ ഷിക്കാഗോയിലേക്കു അയച്ചു. ഫാ. മാത്യു പന്തലാനിക്കലിനു പകരക്കാരനായി, ഫാ. ജോസ് കണ്ടത്തിക്കുടി ഷിക്കാഗോ മാർ തോമ ശ്ലീഹാ മിഷൻ ഡയറക്ടറായി നിയമിതനായി.
പിന്നീട്, 1999 ൽ ഫാ. ജേക്കബ് അങ്ങാടിയത്തിനെ ഡാളസിൽ നിന്നും ഷിക്കാഗോ മിഷനിലേക്കും, ഷിക്കാഗോയിൽ ശുശൂഷ ചെയ്തുകൊണ്ടിരുന്ന ഫാ. ജോസ് കണ്ടത്തിക്കുടിയെ ന്യൂയോർക്കിലേക്കും, ഫാ. ജോൺ മേലേപ്പുറത്തെ ഡെട്രോയിറ്റിൽ നിന്നും ഡാളസ്സിലേക്കും മാറ്റി നിയമിച്ചു. അതോടൊപ്പം ഫാ. ജോയ് ചാക്കിയാനെ ഡിട്രോയിറ്റ് മിഷൻ ഡയറക്ടറായും നിയമിച്ചു. ഇതായിരുന്നു അമേരിക്കയിലെ സീറോ മലബാർ വൈദികരുടെ ആദ്യ "ഇടവക" മാറ്റം!
1996ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, അമേരിക്കയിലെ കുടിയേറ്റക്കാരായ സീറോ മലബാർ വിശ്വാസികളുടെ ആവശ്യങ്ങൾ പഠിക്കാനായി, സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെ നിയമിച്ചു. കൂടാതെ സീറോ മലബാർ സഭാ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ വർക്കി വിതയത്തിൽ, 1998 ൽ അമേരിക്ക സന്ദ്ർശിക്കുകയും, സ്വന്തമായി ഒരു രൂപത വേണമെന്ന വിശ്വാസികളുടെ ആവശ്യം നേരിട്ട് മനസിലാക്കുകയും, അത് മാർ കരോട്ടെമ്പ്രേലിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ നിലനിൽപ്പിനും മതപരമായ വളർച്ചക്കും രൂപതാനേതൃത്വം വേണമെന്നത്, ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിൽ മാർപാപ്പയ്ക്കു സമർപ്പിച്ച പഠന റിപ്പോർട്ടിലെ പ്രധാന ശിപാർശകളിൽ ഒന്നായിരുന്നു. മാർപാപ്പ അത് അംഗീകരിക്കുകയും, അതുപ്രകാരം ഇന്ത്യക്കു പുറത്തുള്ള ആദ്യ പ്രവാസി സീറോ മലബാർ രൂപതയായി - " സീറോ മലബാർ സെന്‍റ് തോമസ് കാത്തലിക് എപ്പാർക്കി - ഷിക്കാഗോ" 2001 മാർച്ച് 13-)0 തീയതി പ്രഖ്യാപിക്കപ്പെട്ടു. അതോടൊപ്പം, മാർ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ പ്രഥമ ബിഷപ്പായും നിയോഗിച്ചു. കൂടാതെ കാനഡയുടെ അപ്പസ്തോലിക് വിസിറ്റർ പദവിയും മാർ അങ്ങാടിയത്തിനു നൽകി.
വെല്ലുവിളികളുടെ കാലം
ഒന്നും ഇല്ലായ്മയിൽനിന്നുള്ള തുടക്കം, ക്രമേണയുള്ള വളർച്ച! ഇന്നുകാണുന്ന ഷിക്കാഗോ രൂപത, ഒട്ടനവധി വിശ്വാസികളുടെ കഷ്ടപ്പാടുകളുടേയും ത്യാഗത്തിന്‍റെയും കണ്ണീർ ചിന്തിയ പ്രാർത്ഥനകളുടേയും പ്രതിഫലനമാണ്. വൈദികരുടെ ദൗർലഭ്യമായിരുന്നു തുടക്കത്തിലെ വലിയ വെല്ലുവിളി! എംഎസ്‌ടി സഭയിൽ നിന്നും റവ. ഫാ. ആന്‍റണി തുണ്ടത്തിലിനെ വിട്ടു തന്നു. അച്ചനെ കത്തീഡ്രൽ പള്ളിയുടെ ആദ്യ വികാരിയായി നിയമിച്ചു. അതോടൊപ്പം രൂപത പ്രൊക്യൂറേറ്ററുടെ അധിക ചുമതലകൂടി നൽകി. തുടർന്ന് വന്ന പാലാ രൂപതാ അംഗമായ റവ. ഫാ. സക്കറിയാസ് തോട്ടുവേലിയെ, രൂപതയുടെ പ്രഥമ ചാൻസലർ ആയും, കൂടാതെ ബിഷപ്പിന്‍റെ സെക്രട്ടറിയായും നിയമിച്ചു.! പിന്നീട്, ആ സമയത്തു വാഷിംഗ്‌ടൺ ഡി.സി യിലുണ്ടായിരുന്ന, എസ്ബി കോളേജ് മുൻ പ്രിൻസിപ്പാൾ കൂടിയായ റവ. ഡോ. ജോർജ് മഠത്തിൽപറമ്പിലിനെ ചങ്ങനാശേരി അതിരൂപത വിട്ടുനൽകി. മഠത്തിൽപ്പറമ്പിൽ അച്ചനാണ് ആദ്യ വികാരി ജനറാൾ. പിന്നീട്, ക്‌നാനായ സമൂഹത്തെക്കൂടി പരിഗണിച്ചു, രണ്ടാമത്തെ വികാരി ജനറാളായി റവ. ഫാ. എബ്രഹാം മുത്തോലത്തിനെയും നിയമിച്ചു. ഇതായിരുന്നു ഷിക്കാഗോ രൂപതയുടെ ആദ്യ "കൂരിയ'!
സാമ്പത്തികമായിരുന്നു രൂപതയുടെ ആരംഭകാലത്തെ മറ്റൊരു വെല്ലുവിളി !. വിശ്വാസികൾ കൈയയച്ചു സഹായിച്ചു. എക്കാലത്തും വിശ്വാസികൾതന്നെയാണ് രൂപതയുടെ ഏറ്റം വലിയ സാമ്പത്തിക സ്രോതസ്! കൂടാതെ, "യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ" ഹോം മിഷൻ ഡിപ്പാർട്ട്മെന്റ്, "കാത്തലിക് ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ", "നൈറ്റ്സ് ഓഫ് കൊളംബസ്" എന്നീ സംഘടനകളും തുടക്കകാലത്തു രൂപതയെ സാമ്പത്തികയി സഹായിച്ചിട്ടുണ്ട്. അവരെയെല്ലാം സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
ആദ്യ സീറോ മലബാർ കൺവൻഷൻ
വിശ്വാസികൾ തമ്മിലുള്ള അടുപ്പവും സഹകരണവും ഇഴപാകുന്നതിൽ കൂട്ടായ്മകളും, കൺവൻഷനുകളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആദ്യ സിറോ മലബാർ കൺവൻഷൻ, രൂപത സ്‌ഥാപിതമാകുന്നതിനും രണ്ടു വര്ഷം മുമ്പ്, അതായതു 1999 ആഗസ്റ്റ് 13 - 15 തീയതികളിൽ ഫിലാഡൽഫിയയിൽ വച്ചാണ് നടന്നത്. സീറോ മലബാർ വിശ്വാസികളുടെ ദേശീയ സംഘടനയായ " സീറോ മലബാർ കാത്തലിക് കോൺഗ്രസ്” (എസ്.എം.സി.സി) ആണ് പ്രഥമ കൺവൻഷനു നേതൃത്വം നൽകിയത്. ആ കൺവൻഷനിൽ സീറോ മലബാർ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ വർക്കി വിതയത്തിൽ, കൂടാതെ കേരളത്തിൽനിന്നുമുള്ള വിവിധ ബിഷപ്പുമാർ, വൈദിക ശ്രേഷ്ഠർ, അല്‌മായ പ്രമുഖർ എന്നിവരും പങ്കെടുത്തു.
ആദ്യ കൺവൻഷനിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു, രണ്ടാമത്തെ കൺവൻഷൻ 2001ജൂലൈയിൽ ഷിക്കാഗോയിലാണ് നടന്നത്. രൂപത സ്‌ഥാപിതമായതിനു ശേഷം നടന്ന ഈ കൺവൻഷനിലാണ് മാർ ജേക്കബ് അങ്ങാടിയതിന്റെ സ്‌ഥാനാരോഹണ ചടങ്ങും നടന്നത്. 2003ൽ നടന്ന മൂന്നാമത്തെ സീറോമലബാർ കൺവൻഷനു ന്യൂജേഴ്‌സിയാണ് ആതിഥേയത്വം വഹിച്ചത്. നാലാമത്തെ കൺവൻഷൻ 2005 ൽ ഡാലസിലും, അഞ്ചാമത്തെ കൺവൻഷൻ 2007ൽ മയാമിയിൽ വച്ചും, ആറാമത്തെ കൺവൻഷൻ 2012 ൽ അറ്റ്ലാന്റയിലും, ഏഴാമത്തെ കൺവൻഷൻ 2019 ൽ ഹ്യൂസ്റ്റണിൽ വച്ചും നടത്തപ്പെട്ടു. എട്ടാമത് സീറോ മലബാർ കൺവൻഷനാണ്, 2026 ജൂലൈ 9-12 തീയതികളിൽ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിൽ വച്ച് നടക്കുന്നത്.
ഊർജ്വസ്വലമായ അജപാലനം
ബാലാരിഷ്ടതകൾ വളരെ ആയിരുന്നെങ്കിലും ഷിക്കാഗോ രൂപതയുടെ വളർച്ച ചിട്ടയോടെയായിരുന്നു, അതുപോലെ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ചതും! രൂപതയുടെ തുടക്കത്തിൽ, ഡാലസിലും (ഗാർലാൻറ്), ഷിക്കാഗോയിലുമായി രണ്ടു ദേവാലങ്ങളാണ് സ്വന്തമായി ഉണ്ടായിരുന്നത്. പിന്നീട്, റവ. ഡോ. ജേക്കബ് കട്ടക്കലിന്‍റെ നേത്വത്തിൽ, കാലിഫോർണിയിലെ നോർത്തേൺ ഓറഞ്ച് കൗണ്ടിയിൽ സിറോ മലബാർ കമ്യൂണിറ്റി ചെറിയൊരു ദേവാലയം സ്വന്തമായി വാങ്ങി. അതുപോലെ 2002ൽ ( സ്വർഗീയനായ) റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തിൽ, ന്യൂയോർക്കിലെ ബ്രോങ്ക്സിൽ അടഞ്ഞു കിടന്നിരുന്ന സെന്‍റ് വാലെൻറ്റൈൻ ദേവാലയം വാടകയ്ക്ക് എടുത്ത്, "സെന്‍റ് തോമസ് സീറോ മലബാർ ദേവാലയമായി" പുനർനാമകരണം നടത്തി വിശ്വാസികൾക്കായി സമർപ്പിച്ചു. ബ്രോങ്ക്സ് ഇടവകയിൽനിന്നും, പിന്നീട് റോക്‌ലാൻഡ്, ലോങ്ഐലൻഡ്, സ്റ്റാറ്റൻ ഐലൻഡ്, കണറ്റിക്കെട്ട് എന്നിവിടങ്ങളിലും ഇടവകകളും മിഷനുകളും ഉണ്ടായി. വളർച്ചയുടെ ഭാഗമായി മയാമി, ഹ്യൂസ്റ്റൺ മിഷനുകൾ 2003 ൽ ഇടവകകളായി ഉയർത്തപ്പെട്ടു. അതുപോലെ 2004 ൽ ന്യൂ ജേഴ്സിയിയിലെ സോമർസെറ്റ് മിഷനും, 2006 ൽ ഫിലാഡൽഫിയ മിഷനും ഇടവകകളായി.
വളർച്ചയുടെ വഴിയിൽ
അജപാലന ശുശ്രൂഷയിൽ മാർ അങ്ങാടിയത്തിനു താങ്ങായി, 2014 ജൂലൈ 24-)0 തീയതി മാർ ജോയ് ആലപ്പാട്ടിനെ സഹായ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചത് രൂപതയുടെ പ്രവർത്തങ്ങളെ കൂടുതൽ ചടുലമാക്കി. മാർ ആലപ്പാട്ട് സെപ്റ്റംബർ 27-)0 തീയതി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാൽ അഭിഷിക്തനായി.
2022 ജൂലൈ 3-)0 തീയതി മാർ അങ്ങാടിയത്ത് അജപാലനത്തിൽനിന്നു വിരമിച്ചതോടെ, രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഒക്ടോബർ 1-)0 തീയതി മാർ ജോയ് ആലപ്പാട്ടിനെ നിയോഗിച്ചത് രൂപതയുടെ വളർച്ചയിൽ മറ്റൊരു നാഴികക്കല്ലായി. രൂപത ഭരണത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ അതേ പാതയിലായിരുന്നു മാർ ആലപ്പാട്ടും. 2001ൽ നിന്നും 2026ൽ എത്തിനിൽക്കുമ്പോൾ, ഷിക്കാഗോ സീറോ മലബാർ രൂപത, പതിനാല് ഫൊറോനകളിലായി, അമ്പത്തി മൂന്നു ഇടവകകളും മുപ്പത്തിനാല് മിഷനുകളും എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുള്ള, അമേരിക്കയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വലിയൊരു വിശ്വാസ സമൂഹമായി വളർന്നിരിക്കുന്നു!!
തുടക്കംമുതലേ, വിശുദ്ധ കുർബ്ബാനക്കൊപ്പം, കുട്ടികൾക്കായി മതബോധന ക്ലാസുകൾ രൂപതയിൽ കാര്യക്ഷമമാക്കിയിരുന്നു. സീറോ മലബാർ സഭയുടെ പാരമ്പര്യവും രീതിയും അനുസരിച്ചുള്ള മതബോധനം ഷിക്കാഗോ രൂപതയിലുള്ള കുട്ടികൾക്കും ഉറപ്പുവരുത്തി. ഇപ്പോൾ പതിനായിരത്തിലധികം കുട്ടികൾ വിവിധ ഇടവകളിലായി മതബോധന ക്ലാസുകളിൽ പഠിക്കുന്നു. ഇവർക്കായി രണ്ടായിരത്തി അഞ്ഞൂറോളും അധ്യാപകർ രൂപതയുടെ കീഴിലുള്ള "വിശ്വാസ രൂപീകരണ" മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ശക്തമായ ഈ പ്രവർത്തനത്തിന്‍റെ ഭാഗമായി, രൂപതയിൽ ഉടനീളം, വിവിധ ഇടവകകളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ സിൽവർ ജൂബിലി ആഘോഷവേളയ്ക്കു കൂടുതൽ തിളക്കം പകരുന്നു.
കൂടാതെ, രൂപതയുടെ കീഴിൽ ഹോളിചൈൽഡ് ഹുഡ്, ചെറുപുഷ്പ മിഷൻ ലീഗ്, യൂത്ത് അപ്പസ്തോലേറ്റ്, ജീസസ് യൂത്ത്, ഫാമിലി അപ്പസ്തോലേറ്റ്, എസ്.എം.സി.സി, കാത്തലിക് വിമൻസ് ഫോറം, വിൻസെന്‍റ് ഡീപോൾ സൊസൈറ്റി, ഫോർ ലൈഫ്, സീനിയർസ് ഫോറം തുടങ്ങി നിരവധി മിനിസ്ട്രികൾ പ്രവർത്തിച്ചുവരുന്നു.
നിലവിലെ കൂരിയ (Administration)
രൂപതയിലെ ദൈനംദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും, രൂപത ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതിനുമായി വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഒരു "കൂരിയയും" രൂപതയ്ക്കുണ്ട്.
വെരി റവ: ഫാ. തോമസ് മുളവനാൽ, വെരി റവ: ഫാ. ജോൺ മേലേപ്പുറം, വെരി റവ: ഫാ. തോമസ് കടുകപ്പള്ളിൽ - (വികാരി ജനറാൾമ്മാർ)
റവ: ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ - ചാൻസലർ
റവ: ഫാ. കുര്യൻ നെടുവേലിചാലുങ്കൽ - പ്രൊക്യൂറേറ്റർ
റവ: ഫാ. ജിബി പൊങ്ങാൻപാറ - ജുഡീഷ്യൽ വികാരി
എന്നീ വൈദികരാണ് ഇപ്പോൾ കൂരിയയിൽ സേവനം ചെയ്യുന്നത്!
കാൽനൂറ്റാണ്ട് മാർത്തോമാ നസ്രാണി പാരമ്പര്യത്തിൽ അടിയുറച്ചു നിന്നു, ഷിക്കാഗോ രൂപത നേടിയ അല്മമീയവും ഭൗതികവുമായ വളർച്ച, അനന്തമായ ദൈവപരിപാലനയുടെ നേർകാഴ്ചയാണ്.
രൂപതയിലെ ദൈവവിളികൾ!
മുൻപ് സൂചിപ്പിച്ചതുപോലെ, അടിയുറച്ച വിശ്വാസത്തിന്റേയും, ചിട്ടയായ മതബോധനത്തിന്റേയും ഫലമായി രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികൾ ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.
ദൈവകൃപയാൽ, കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾ കൊണ്ട് തദ്ദേശ്യരായ ഏഴ് വൈദികർക്ക് ജൻമം നൽകുവാൻ ഷിക്കാഗോ രൂപതയ്ക്ക് സാധിച്ചു. 2018 മെയ് അഞ്ചാം തീയതി ന്യൂയോർക്കിലെ ബ്രോങ്ക്സ് ഇടവകയിൽ നിന്നും ഫാ. കെവിൻ മുണ്ടക്കലും,ജൂൺ രണ്ടാം തീയതി ഫ്ലോറിഡയിലെ റ്റാമ്പാ സെയിന്റ് ജോസഫ് ഇടവകാംഗമായ ഫാ. രാജീവ് വലിയവീട്ടിലും തിരുപ്പട്ടം സ്വീകരിച്ചു രൂപതയിലെ പ്രഥമ തദ്ദേശ്യ വൈദികരായി. തുടർന്ന്, 2020 മെയ് 16-)0 തീയതി ബാൾട്ടിമോർ സെയിന്റ് അൽഫോൻസാ ഇടവകാംഗമായ ഫാ. മെൽവിൻ പോൾ മംഗലത്ത്, ജൂൺ 6-)0 തീയതി ടെക്സസ് - എഡിൻബർഗ് ഡിവൈൻ മേഴ്‌സി ഇടവകയിൽ നിന്നും ഫാ. തോമസ് പുളിക്കൽ, 2021 മെയ് 22-)0 തീയതി കാലിഫോർണിയയിലെ ഓറഞ്ച് സെയിന്റ് തോമസ് ഇടവകാംഗമായ ഫാ. ജോബി ജോസഫ്, 2022 മെയ് 28-)0 തീയതി അറ്റ്ലാന്റാ സെയിന്റ് അൽഫോൻസാ ഇടവക അംഗമായ ഫാ. ജോയൽ പയസ്, 2023 ജൂൺ 3-)0 തീയതി ചിക്കാഗോ മാർ തോമ ശ്ലീഹ കത്തിഡ്രൽ ഇടവകയിൽ നിന്നുള്ള ഫാ. ജോർജ് പാറയിൽ എന്നിവരും തിരുപ്പട്ടം സ്വീകരിച്ചു.
ഈ ഏഴ് വൈദികരെ കൂടാതെ, രൂപത സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം മെയ് 23-)0 തീയതി, ഫ്ലോറിഡയിലെ കോറൾ സ്പ്രിംഗ് "ഔർ ലേഡി ഓഫ് ഹെൽത്ത്" ഇടവകയിൽനിന്നും ഡീക്കൻ മാത്യു ജേക്കബും, ജൂൺ 13-)0 തീയതി ന്യൂജേഴ്‌സിയിലെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയിൽനിന്നുമുള്ള ഡീക്കൻ മൈക്കിൾ ജെയിംസും, ഡീക്കൻ സാം കുട്ടാപ്പശ്ശേരിയും തിരുപ്പട്ടം സ്വീകരിച്ചു പുരോഹിതരാകും.
ഇതോടൊപ്പം, നിലവിൽ എഴിൽപ്പരം വൈദിക വിദ്യാർത്ഥികൾ വിവിധ സെമിനാരികളിൽ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഈ രൂപതയിലെ ഇടവകകളിൽ നിന്നുമുള്ള അഞ്ചിലധികം യുവജനങ്ങൾ മറ്റു കോൺഗ്രിഗേഷനുകൾക്കായും സെമിനാരികളിൽ പഠിക്കുന്നുമുണ്ട്. ഇതുകൂടാതെ, പെൺകുട്ടികളുടെ ഇടയിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികളും എടുത്തുപറയേണ്ടതാണ്.
എപ്പാര്‍ക്കിയല്‍ അസംബ്ലി
രൂപതയുടെ അദ്ധ്യാത്മികവും, ഭൗതികവുമായ വളർച്ചക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനും, പ്രവർത്തനങ്ങൾക്കുവേണ്ട "അലകും പിടിയും" രൂപപ്പെടുത്തുന്നതിനും എപ്പാര്‍ക്കിയല്‍ അസംബ്ലികൾക്ക് വലിയ പ്രാധാന്യമാണ് സിറോ മലബാർ സഭയിലുള്ളത്. ചിക്കാഗോ രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍ അസംബ്ലി 2008-ലാണ് നടന്നത്. ആദ്യ അസംബ്ലിയിനിന്നും പ്രചോദനം ഉൾക്കൊണ്ടു, രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി വിപുലമായ രീതിയിൽ 2024 ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ ചിക്കാഗോയിലെ മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് രണ്ടാം അസംബ്ലിയില്‍ പങ്കെടുത്തത്.
അതുപോലെ, രൂപതയുടെ ആഭിമുഖ്യത്തിൽ, 2025 മെയ് മാസം 23, 24, 25 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് വലിയ വിജയമായിരുന്നു. വിശ്വാസികൾക്ക് ആത്മീയ ഉണർവേകിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ വിവിധ ഇടവകളിൽനിന്നായി മൂവായിരത്തിഅഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു.
കൊയ്‌നോനിയ
“കൊയ്‌നോനിയ" എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം "ആത്മീയ കൂട്ടായ്മ" എന്നാണ്. ചിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അമേരിക്കയിൽ സേവനം ചെയ്യുന്ന മലയാളി കത്തോലിക്ക വൈദികരുടെ സംഗമം - "കൊയ്‌നോനിയ 2025", നവംബർ 18, 19 തീയതികളിലായി മിയാമിയിൽ വച്ച് നടന്നു. അമേരിക്കയിൽ ഏകദേശം അഞ്ഞൂറിൽപ്പരം മലയാളി കത്തോലിക്ക വൈദികർ വിവിധ രൂപതകളിയായി സേവനം ചെയ്യുന്നുണ്ട്. അവരിൽ ഭൂരിപക്ഷവും സീറോ മലബാർ സഭയുടെ സംഭാവനയാണ്. ഏതാണ്ട് ഇരുന്നൂറോളം മലയാളി വൈദികർ "കൊയ്‌നോനിയ 2025" ൽ പങ്കെടുത്തു.
അതുപോലെ, അമേരിക്കയിൽ നാനൂറോളം മലയാളി കത്തോലിക്ക സന്യസ്തരും വിവിധ മേഖലകളിയായി സേവനം ചെയ്തുവരുന്നു. അവരുടെ കൂട്ടായ്മ - കൊയ്‌നോനിയ 2026", മാർച്ച് 18-20 തീയതികളിലായി ഷിക്കാഗോയിൽ നടത്തപ്പെട്ടു. ഇരുന്നൂറ്റിഅമ്പതിലധികം സന്യസ്തർ ഈ സംഗമത്തിന്റെ ഭാഗമായി അണിചേർന്നു.
അഞ്ഞൂറിലധികം കത്തോലിക്ക വൈദികരും ഏതാണ്ട് നാനൂറോളം സന്യസ്തരും വിവിധ അമേരിക്കൻ രൂപതകളിലായി സേവനം ചെയ്തു വരുന്നുയെന്നത് നമ്മുക്ക് ഏറെ അഭിമാനകരമാണ്
പരസ്പരം പരിചയപ്പെടുക, സാഹോദര്യ കൂട്ടായ്മ ശക്തിപ്പെടുത്തുക , ദൈവവിളികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് "കൊയ്‌നോനിയ" കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായാണ് മലയാളി കത്തോലിക്ക വൈദികരുടെയും സന്യസ്തരുടേയും കൂട്ടായ്മകൾ വിപുലമായ രീതിയിൽ അമേരിക്കയിൽ സംഘടിപ്പിക്കപ്പെടുന്നത്.
അമേരിക്കയിലെ ക്‌നാനായ വിശ്വാസ സമൂഹം
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചരിത്രം പറയുമ്പോൾ, ക്‌നാനായ വിശ്വാസ സമൂഹത്തിൻറെ സംഭാവനകളെപ്പറ്റി പ്രതിപാദിക്കാതെ പോകാൻ കഴിയില്ല. സീറോ മലബാർ സഭ അമേരിക്കയിൽ അജപാലന ശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ മുമ്പ് തന്നെ, ക്‌നാനായ വിശ്വാസ സമൂഹം അമേരിക്കയിൽ വിവിധ ഇടങ്ങളിൽ അല്മമീയ ശുശൂഷകൾ തുടങ്ങിയിരുന്നു. ഷിക്കാഗോയിൽ ക്‌നാനായ മിഷൻ തുടങ്ങാൻ 1983ൽ തന്നെ ഷിക്കാഗോ അതിരൂപത അനുവാദം നൽകിയിരുന്നു. ഇതുപ്രകാരം ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി കോട്ടയം രൂപതയിൽ നിന്നും ഫാ. ജേക്കബ് ചൊള്ളമ്പേലിനെ ഷിക്കാഗോയിലേക്കു അയച്ചു. ഇന്ന് അമേരിക്കയിലെ ഒട്ടുമിക്ക സംസ്‌ഥാനങ്ങളിലും ക്‌നാനായ ഇടവകകളും മിഷനുകളും സജീവമാണ്. ഷിക്കാഗോ സിറോ മലബാർ രൂപതയിലെ പതിനാലു ഫൊറോനകളിൽ അഞ്ചെണ്ണം ക്‌നാനായ സമൂഹത്തിന്റേതാണ്. ക്‌നാനായ വിശ്വാസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനുമായി ഒരു വികാരി ജനറാളും രൂപതയിൽ സേവനം ചെയ്യുന്നു.
ദീപ്ത സ്മരണയിൽ..
വെല്ലുവിളികൾ നിറഞ്ഞ പ്രാരംഭകാലം മുതൽ 21 വർഷം രൂപതയെ നയിക്കുകയും, ആത്മീയവും ഭൗതികവുമായ അടിത്തറപാകുകയും ചെയ്ത ബിഷപ്പ് (എമിരിറ്റസ്) മാർ ജേക്കബ് അങ്ങാടിയത്തിന്റെ സേവനങ്ങളെ ഷിക്കാഗോ രൂപത എന്നും നന്ദിയോടെ അനുസ്മരിക്കും. രൂപതയുടെ രജത ജൂബിലി കൊണ്ടാടുന്ന വേളയിൽ, മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലിയും ആഘോഷിക്കുന്ന അഭിവന്ദ്യ മാർ ജേക്കബ് പിതാവിന് ഷിക്കാഗോ രൂപതയിലെ വിശ്വാസ
സമൂഹത്തിന്റെ മംഗളാശംസകൾ !!
ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിലും വളർച്ചയിലും ഒട്ടനവധി മഹത് വ്യക്തികൾ സഹായിച്ചിട്ടുണ്ട്. സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ അവരെയെല്ലാം കൃതജ്ഞതയോടെ സ്മരിക്കുന്നു.
അമേരിക്കയിലെ തദ്ദേശ്യ കത്തോലിക്ക രൂപതകളും, വിശ്വാസികളും നമ്മുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അവരെയെല്ലാം നന്ദി നിറഞ്ഞ ഹൃദയത്തോടെ ചേർത്തുനിർത്താം! യാതൊരു പ്രതിഫലവും കൂടാതെ ഷിക്കാഗോയിലെ സെയിന്റ് ക്രിസോസ്റ്റം ദേവാലയം വിട്ടുനൽകിയ ഷിക്കാഗോ അതിരൂപതയേയും, അന്ന് രൂപതക്കു നേതൃത്വം നല്കിയിരുന്ന കർദ്ദിനാൾ (സ്വർഗീയനായ) ജോസഫ് ബെർണാർഡിൻ പിതാവിനേയും സീറോമലബാർ സമൂഹം കൃതജ്ഞതയോടെ സ്മരിക്കുന്നു. അമേരിക്കയിലുള്ള സിറോ മലബാർ വിശ്വാസികൾക്കു സ്വന്തമായി ഒരു രൂപത അനുവദിച്ചു നൽകിയ, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടു ഏറെ കടപ്പെട്ടിരിക്കുന്നു. അതുപോലെ, അമേരിക്കയിലെ സീറോമലബാർ വിശ്വാസികളുടെ ആവശ്യങ്ങൾ പഠിക്കുകയും രൂപതക്കായി ശിപാർശ ചെയ്യുകയും ചെയ്ത ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിൽ, ആരംഭഘട്ടത്തിൽ വേണ്ട ഉപദേശങ്ങളും സഹായങ്ങളും നൽകിയ കർദിനാൾ മാർ വർക്കി വിതയത്തിൽ, മാർ ജോസഫ് പവ്വത്തിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്കായി ആദ്യമായി ഒരു വൈദികനെ വിട്ടു നൽകിയ പാല രൂപതയുടെ മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ തുടങ്ങിയ പിതാക്കന്മാരോടും ഷിക്കാഗോ രൂപതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. കൂടാതെ, നമ്മുടെ രൂപതയിൽ മുമ്പ് ശുശ്രൂഷ ചെയ്തിട്ടുള്ള, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ വൈദികർ, സന്യസ്തർ, ആല്മായർ തുടങ്ങി എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു. അനന്തമായ ദൈവപരിപാലനയ്ക്ക് ഒരിക്കൽകൂടി ആഴമേറിയ നന്ദി!!