Image

ആത്മ രഹസ്യം ( നോവൽ  - 16 : മിനി ആന്റണി )

Published on 21 May, 2026
ആത്മ രഹസ്യം ( നോവൽ  - 16 : മിനി ആന്റണി )

"പരാശ്രയബോധമാണെപ്പോഴും മനുഷ്യനെ എളിമയുള്ളവനാക്കുന്നത് . തെളിച്ചമില്ലാതെ എളിമയിൽ ഒതുങ്ങിയിരിക്കുന്ന ഉള്ളുരുക്കങ്ങൾ ഓരോരുത്തരിലും ഒരു കുതിപ്പിനവസരം കാത്തിരിക്കുന്നു. 

റൈനു  ഹൈമവതിടീച്ചറുടെ പുതിയ പെയ്ൻ്റിംഗിലെ നാനാർത്ഥങ്ങൾ വിവേചിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഉറക്കം തീരെ ഇല്ലാതാകുന്ന പുലർക്കാലങ്ങളിൽ  റൈനു  ഹൈമവതിടീച്ചറുടെ പെയ്ൻ്റിങ്ങുകൾക്ക് മുൻപിൽ ചെന്നിരിക്കുന്നത് പതിവാണ്.  രാത്രികളിൽ ഉണർന്നിരിക്കുകയും പകലുറങ്ങുകയും ചെയ്യുന്ന ശീലക്കാരിയാണ് ടീച്ചറിപ്പോൾ. നത്തിനെ, വവ്വാലിനെ, പെരുച്ചാഴിയെ … ക്യാൻവാസിന് മുന്നിൽ  തപസ്സിരിക്കുന്ന ടീച്ചറിൻ്റെ  ഓരോ പൊസിഷനും ഓരോ രാത്രിഞ്ചരൻമാരെ ഓർമ്മപ്പെടുത്തുന്നതായി റൈനുവിന് തോന്നാറുണ്ട്.

അടുത്ത കാലത്താണ്  ടീച്ചറുടെ ക്യാൻവാസ് സ്‌റ്റാൻഡ് പുകുതിയരിഞ്ഞ് ഉയരം കുറച്ചത്. നിന്ന് വരയ്ക്കാൻ ടീച്ചർക്കിപ്പോൾ കഴിയുന്നില്ല.  കസേരയിൽ ഇരുന്ന് വരയ്ക്കാൻ പാകത്തിൽ  എല്ലാം സെറ്റ് ചെയ്തിരിക്കുയാണ്.  പല്ലെറ്റും പെയ്ൻ്റ് ട്യൂബുകളും വെയ്ക്കുന്ന  വലതുവശത്തെ  ടീപ്പോയ്ക്കിപ്പോൾ പലവർണ്ണമാണ്. പണ്ടുണ്ടായിരുന്ന കൃത്യതയും ശ്രദ്ധയും ഇല്ലാതാവുന്നതിൻ്റെ അടയാളമാണെങ്കിലും അതും നല്ലൊരു പെയ്ൻ്റിംഗ് പൊലെയുണ്ട്.. റൈനു ബീവ്റേജിൽ ജോലിക്ക് പോയിതുടങ്ങിയതിന് ശേഷമാണ് ടീച്ചർ ബോട്ടിലാർട്ട് തുടങ്ങിയത്.  കാണാൻ കൗതുകമുള്ള പലതരം കുപ്പികൾ  പലനിറങ്ങളും  ചിത്രങ്ങളും കൊണ്ടലംങ്കൃതമായി  മുറിയിൽ നിറഞ്ഞിരിക്കുന്നു.

പടർന്നു വളർന്ന ഒരു മരം.  മുകളിലെ പടർപ്പിനേക്കാൾ ഇരട്ടിയിൽ പടരുന്ന, വൃക്ഷത്തിൻ്റെ അടിവളർച്ചയിലെ സങ്കീർണതകൾ.  സൂഷ്മതയോടെ കുഞ്ഞുഞരമ്പിൻ്റെ വളർച്ചപോലും കൃത്യമായി വരച്ച് ചേർത്തിരിക്കുന്നു.  റൈനു അത്ഭുതത്തോടെ  ചിത്രത്തിലേക്ക് നോക്കിയിരുന്നു. 

തൊടിയിലെ തെങ്ങും മാവും പ്ലാവും ഒക്കെ ചൂണ്ടിക്കാട്ടി അപ്പൻ പറയാറുള്ള ചില വേദാന്തങ്ങൾ.   അതിതേപോലല്ലേ!  റൈനു പെട്ടെന്ന് അപ്പനെയോർത്തു. അപ്പൻ്റെ കാലിൻ്റെ അവസ്ഥയോർത്തു.  "ആ…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലിസിക്കൊച്ച് വിളിക്കാതിരിക്കില്ല" എന്നാശ്വസിച്ചു.

റൈനു ബാത്റൂമിൻ്റെ ചാരിയിട്ട വാതിലിലൂടെ അകത്തേക്ക് പാളി നോക്കി. ക്ലോസറ്റിന് മുകളിൽ  ഏതോ ഓർമ്മകളിൽ മുഴുകി ടീച്ചർ കൂനിപ്പിടിച്ചിരിപ്പുണ്ട്.  ആ ഇരിപ്പിനി  എത്ര സമയം നീളുമെന്ന് ടീച്ചർക്ക് പോലുമറിയില്ല.  ഏറ്റവും സുഖപ്രദമായ ഒരിരിപ്പാണത്. ചിന്തകൾക്ക് അന്തമില്ലാതെ മേയാൻ പറ്റിയ ഒരിടം.

ടീച്ചറെപ്പോഴും മനുഷ്യരെയാണ്  വരയ്ക്കാറുള്ളത്  . അടിപൊളി എന്നൊന്നും പറയാനാവില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാൽ  ആ ചിത്രങ്ങളെന്തോ പറയാൻ ശ്രമിക്കുന്നുണ്ടെന്നാണ് മായയുടെ അഭിപ്രായം. ഒരാളുടെ  ഉള്ളിലുരുണ്ടുകൂടുന്നതാണ്  ചിത്രങ്ങളായി പുറത്തെത്തുന്നത്. അപ്പോൾ പിന്നെ  തീർച്ചയായും ആ ചിത്രങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടാവുമല്ലോ.  പക്ഷേ, അത് മനസ്സിലാക്കിയെടുക്കാനാണ് ബുദ്ധിമുട്ട്.

ടീച്ചറുടെ  പ്രായം കൂടുന്നതിനനുസരിച്ച് വരയ്ക്കുന്ന ചിത്രങ്ങളുടെ  പ്രായം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ആ   മറിമായത്തെക്കുറിച്ചായിരുന്നു  കുറച്ച്   കാലമായി ആലോചിച്ചുകൊണ്ടിരുന്നത്. 

പ്രായമാകുമ്പോൾ ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? അയാൾ ആ പ്രായത്തിലിരുന്ന് ഏറ്റവും കൂടുതൽ ചിന്തിക്കുന്നതെന്തിനെ പറ്റിയായിരിക്കും? പലരിലും  കുട്ടിക്കാല ഓർമ്മകളായിരിക്കും  കൂടുതലെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.  ഒരുപക്ഷേ തെളിച്ചം വെച്ച അത്തരം ഓർമ്മകളിലായിരിക്കാം ഇപ്പോൾ ടീച്ചർ.  അതുകൊണ്ടായിരിക്കാം ഈയിടെ  കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ മാത്രം വരയ്ക്കുന്നത്. 

ഇവിടെ താമസത്തിന് വരുന്ന കാലത്ത് സൂക്ഷ്മമായ  ഓർമ്മയുണ്ടായിരുന്നു.  അധികം സംസാരമില്ലെങ്കിലും പറയുന്നതിന് കൃത്യതയുമുണ്ടായിരുന്നു.  ഈയിടെയാണ് ഓർമ്മകൾക്ക് മങ്ങലേറ്റതു പോലുള്ള ചില പെരുമാറ്റങ്ങൾ.

"ഒരു ദിവസം ന്യൂബോൺ ബേബിനെ വരക്കും. അപ്പ കാര്യം കയ്ച്ചിലാവാറായി ന്ന് മനസ്സിലാക്കാം. “  ഒരു ദിവസം തമാശയായാണ് നിഷി അത് പറഞ്ഞതെങ്കിലും അതിൽ കാര്യമില്ലാതില്ല എന്ന് തോന്നും വിധമായിരുന്നു ടീച്ചറുടെ ചിത്രരചനകൾ. 

ഇപ്പോൾ പെട്ടെന്ന് മരം വരയ്ക്കാനുള്ള കാരണമെന്തായിരിക്കും?! ലാൻഡ്സ്കേപ്പുകൾ ഒരിക്കലും ടീച്ചറുടെ വിഷയമേ ആയിരുന്നില്ല.  ഇനി ഇതിലൂടെ ടീച്ചറെന്തായിരിക്കും പറയാൻ ശ്രമിക്കുന്നത്?

മരത്തിന്  മുകളിൽ ശിഖരങ്ങൾ മൂടി  പച്ചിലകൾ.  മുകൾ ഭാഗം വരച്ച് പൂർത്തിയായിട്ടില്ല.  പല്ലെറ്റിൽ പച്ചയും മഞ്ഞയും നീലയും കറുപ്പും നിറങ്ങളുടെ  മിശ്രിതങ്ങൾ.  ബ്രഷ് വാഷർ കപ്പിലും നിറവൈവിധ്യം.  സൂക്ഷിച്ച് നോക്കിയാൽ മരത്തിലെ ഇലകളോരോന്നും ഒരോ തൊട്ടിലുകളാണെന്നെ തോന്നൂ.  

കുഞ്ഞുങ്ങളുടെ വിവിധ ഭാവങ്ങൾ വരയ്ക്കുന്നതിൽ ടീച്ചർക്ക് പ്രത്യേകമായ ചാതുര്യമാണുളളത്.  ചുമരിലും മേശപ്പുറത്തുമായി ഫ്രെയിമിട്ടു വച്ചിരിക്കുന്ന പെയ്ൻ്റിംഗുകളിലേറെയും വിവിധ തരത്തിലുള്ള ശിശുഭാവങ്ങളാണ്.  ഫ്രെയിമിടാതെ ചുരുട്ടിയും അടുക്കിയും വച്ചിരിക്കുന്നവയിലേറെയും അത്തരത്തിലുള്ളവ തന്നെ. ബോട്ടിൽ ഗ്ലാസ്, ചുമർ, മിറർ എല്ലാത്തിലുമുണ്ട് ഈ ശിശുസാന്നിധ്യം.

ഒരാൾക്ക്  മറ്റൊരാളോടും സംസാരിക്കാതെ കാലങ്ങളോളം ജീവിക്കാമെന്ന് റൈനു മനസ്സിലാക്കിയത് ടീച്ചറിൽ നിന്നാണ്.  ഈ ടീച്ചറെങ്ങനെയായിരിക്കും തൻ്റെ അധ്യാപനകാലഘട്ടം പൂർത്തീകരിച്ചിരിക്കുക?  റഫ് ഏൻ്റ് ടഫ് ആയിരുന്നു എന്ന് ടീച്ചറുടെ ചില സ്‌റ്റുഡൻസ് പറഞ്ഞ് കേട്ടിട്ടുണ്ട്.  അവർക്കിപ്പോഴും ടീച്ചറെ പേടിയാണത്രെ.

പണ്ട് തന്നെ പഠിപ്പിച്ചവരിൽ സംസാരത്തിലും പെരുമാറ്റത്തിലും കടുപ്പമില്ലാത്ത ഏതെങ്കിലും  ടീച്ചറുണ്ടായിരുന്നോ? അങ്ങനെ ആരേയും ഓർത്തെടുക്കാനാവുന്നില്ല. ആലേങ്ങാട് ശങ്കര യു പി സ്‌കൂളിലെ  ഏഴാം ക്ലാസ്സ് വരെയുള്ള പഠനകാലം. ശരിക്കും അതൊരു  ദുർഗുണ പരിഹാരപാഠശാലയായിരുന്നു.

റൈനുവിന് സ്വർണ്ണകുമാരി ടീച്ചറെ ഓർമ്മവന്നു. ഒന്നാം ക്ലാസ്സോർമ്മവന്നു.  ക്ലാസ്സിലെ മടുപ്പിക്കുന്ന മഴക്കാലഗന്ധം.  അപ്പിക്ക് മുകളിൽ, ചർദ്ദിലിന് മുകളിൽ, വാരിയിടുന്ന  ചരൽമണ്ണ്.  കുഴഞ്ഞുമറിഞ്ഞ അത്തരം ഗന്ധങ്ങളിൽ നിന്നെല്ലാം റൈനുവിനെ രക്ഷിച്ചത്  മഞ്ഞമുട്ടും ചീട്ടിശീലയുമുള്ള R എന്ന് വെള്ള നൂലുകൊണ്ട് തുന്നലടയാളമിട്ട ഒരു കുടയായിരുന്നു. കുടയുടെ വെളുത്തപൂക്കൾ തെളിഞ്ഞുകാണുന്ന മഞ്ഞമുട്ടിൻ്റെ മിഠായിമണം. കുടശീലയിൽ പറ്റിപ്പിടിച്ച മഴവെള്ളത്തിൻ്റെ മണം. പറ്റാത്ത ഏത് മണം വന്നാലും ചുമരരികിൽ ചാരിവെച്ച കുടക്കടുത്തേക്കോടും.  അതെടുത്ത് മുഖം അതിനകത്ത് പൂഴ്ത്തി വയ്ക്കും. ഇപ്പോഴാ ഗന്ധം ചുറ്റുമുണ്ടെന്നപോലെ  റൈനു മൂക്ക് വിടർത്തി. ചില ജീവിതമുഹൂർത്തങ്ങൾ ചില ഗന്ധങ്ങളുമായി കൂട്ടികെട്ടിയതാണ്. ജീവിതഗന്ധിയായ എന്ന പ്രയോഗം പോലും അങ്ങനെ ഉണ്ടായതായിരിക്കണം.

സ്വർണ്ണകുമാരിടീച്ചറുടെ വെളുത്തുരുണ്ട മുഖവും  ചെവിക്ക് കിട്ടാറുള്ള തിരുമ്മലും. ആ ടീച്ചറെ കുട്ടികൾക്കൊന്നും  ഇഷ്ടമേയല്ലായിരുന്നു.  മൂന്നാംക്ലാസിലും ക്ലാസ് ടീച്ചറായി സ്വർണ്ണകുമാരിടീച്ചർ വന്നു. സ്‌കൂൾ തുറപ്പിൻ്റെ ആവേശം തീർന്നപ്പോൾ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കാൻ തുടങ്ങി. ടീച്ചറുടെ കള്ളുകുടിയൻ ഭർത്താവിൻ്റെ കയ്യിൽ നിന്ന് എന്നും ടിച്ചർക്ക് ഇടികിട്ടണേ എന്ന്. കൂടുതൽ ഇടി കിട്ടുന്ന ചില ദിവസങ്ങളിൽ ടീച്ചർ ലീവായിരിക്കും. ടീച്ചർ ലീവാണെങ്കിൽ മുകളിലെ റബ്ബർത്തോട്ടത്തിൽ  വെയിൽപടങ്ങൾ നോക്കിയിരിക്കാം.  പക്ഷേ, അത്തരം ദിവസങ്ങൾ വിരലിലെണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടിയും കൊണ്ട് ടീച്ചർ ക്ലാസ്സിൽ വന്നു.  അന്ന്  കൂടുതൽ  അടി കിട്ടി പലരുടെയും കൈകൾ ചുവന്ന് തിണർത്തു. ടീച്ചറുടെ ദേഷ്യത്തിൻ്റെ കാരണം, വീർത്ത് കെട്ടിയ മുഖത്തെ വെറുപ്പിൻ്റെ കാരണം.  അതൊന്നും കുട്ടികൾക്കറിയില്ലല്ലോ. കുട്ടികൾക്ക് അതറിയേണ്ടതുമില്ലല്ലോ. മറ്റൊന്നും പഠിച്ചില്ലെങ്കിലും ടീച്ചറുടെ മുഖത്തെ കാർമേഘത്തിൻ്റെ ഏറ്റക്കുറച്ചിലനുസരിച്ച്  പെരുമാറാൻ കുട്ടികൾ പഠിച്ചു

സ്‌കൂൾക്കാലത്തെ മനോഹരമായ ഒരോർമ്മയും റൈനുവിൻ്റെ മനസ്സിലില്ല.  പുറകിൽ കൈകൈട്ടാതെ സ്വതന്ത്രമായൊന്ന് നടക്കാൻ പോലും അനുവാദമില്ലാത്ത പ്രൈമറി അപ്പർപ്രൈമറി കാലഘട്ടം. ചൂരലുമായി  നടക്കുന്ന ഹെഡ്മാസ്റ്ററുടെ  ചിരിക്കാത്ത മുഖവും ഉന്തിയ വയറും.  സ്‌കൂൾ വരാന്തയിൽ നിരന്നിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന നേരമാണ് ഓർമ്മിക്കാനിഷ്ടപ്പെടുന്ന  ഒരു സമയം.  തൻ്റെ ചതുരൻ ചോറ്റു പാത്രത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്ന കൂട്ടുകാർ.  ചോറിനും കറിയോടുമൊപ്പം  നടുമുറിച്ച് മലർത്തി വച്ചിരിക്കുന്ന മുട്ടയിലേക്ക് നീളുന്ന കണ്ണുകൾ. ഭംഗിയിൽ ചോറ്റുപാത്രം തയ്യാറാക്കുന്നതിലുള്ള അപ്പൻ്റെ വൈദഗ്ദ്യം. മുട്ടപാത്രം മൂക്ക് പൊത്തി തുറക്കും. അന്ന് മുട്ടനാറ്റം ഇഷ്‌ടമേയല്ലായിരുന്നു. അപ്പുറത്തിരിക്കുന്ന ലിസിക്കും ഇപ്പുറത്തിരിക്കുന്ന മീനയ്ക്കും മുട്ട  കൊടുത്ത്  പാമോയിൽ രുചിയുള്ള പരിപ്പുകറിയും സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കൊപ്പം കിട്ടുന്ന ചെറുപയർ വെള്ളവും പകരം വാങ്ങി  അത് കൂട്ടി ചോറുണ്ണുന്നതിൻ്റെ രുചിയും മനസുഖവും.

മീനയാണ് ആദ്യത്തെ കൂട്ട്. രാവിലെ അപ്പൻ മീനയുടെ  വീട്ടിൽ കൊണ്ടാക്കും. സൈക്കിളിൽ. സ്‌കൂൾ വിട്ട് വന്ന് വൈകിട്ട് അവരുടെ വീട്ടിൽ നിന്ന് തിരിച്ച് കൊണ്ടുപോകും. അതാണ് പതിവ്. മീനയ്ക്ക് ചേച്ചിമാരുണ്ട്.  അവരാണ് ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള സംരക്ഷകർ. പിന്നെയാണ് ലിസിയെ കിട്ടുന്നത്. ഹാജറെടുക്കുമ്പോൾ ലിസി പി.ടി എന്നാണ് വിളിക്കുന്നതെങ്കിലും എല്ലാവരും അവളെ ലിസി ക്കൊച്ചെന്നാണ് വിളിക്കുന്നത്.  ആദ്യമൊക്കെ അവളോട്  " കുട്ടീടെ പേരെന്താ “ എന്ന് ചോദിക്കുമ്പോൾ "ലിസിക്കൊച്ച് "  എന്നേ അവൾ പറയാറുള്ളൂ. റൈനുവും അവളെ ലിസിക്കൊച്ചെന്ന് വിളിച്ചു.

ഉച്ചയ്ക്കോ കളിക്കാൻ പിരീഡിനോ  കിട്ടുന്ന കുറച്ച് സമയം സ്‌കൂളിന് മുകളിലെ റബ്ബർ തോട്ടത്തിലാണ് പോയിരിക്കേണ്ടത്. പാല് തരുന്ന കാലം കഴിഞ്ഞിട്ടും തണലിനായി നിർത്തിയതാകാം വയസ്സൻ റബ്ബർമരങ്ങളെ.  ഓരോ ക്ലാസ്സുകാർക്കും മൂന്നോ നാലോ റബ്ബർമരങ്ങളുണ്ട്. അതിന് ചുറ്റും വട്ടമിട്ടിരുന്ന് കളിക്കാൻപിരീഡിലും പഠിക്കണം.  അന്നാകെയുണ്ടായിരുന്ന ഒരേ ഒരു കളി മൂത്രക്കളിയായിരുന്നു.  റബ്ബർതോട്ടത്തിൻ്റെ  ഉയരത്തിലുള്ള തട്ടിൽ നാലഞ്ചു പേർ നിരന്നിരുന്ന്   മൂത്രമൊഴിക്കുന്നു. മൂത്രം താഴേക്കൊഴുകുന്നു.  ഏറ്റവും കൂടുതൽ ഒഴുകിയിറങ്ങിയ മൂത്രം ആരുടേതാണോ അവരാണ് ഫസ്റ്റ്. ലിസിയാണ് എപ്പോഴും ഫസ്റ്റടിക്കുന്നത്. അവൾക്ക് എവിടുന്നാണ് ഇത്രയധികം മൂത്രം!  ഗുളുഗുളുന്നല്ലേ ഒഴുകിവരാറ്.

പിന്നെ അഞ്ചാം ക്ലാസിൽ വച്ച് മീനയാണ് പറഞ്ഞത്.  ലിസിക്കെന്തോ രോഗം ഉള്ളോണ്ടാ അവളിങ്ങനെ മൂത്രം ഒഴിക്കുന്നേന്ന്.  ആറാംക്ലാസിൽ വച്ചാണ് കറുത്ത ചതുര തുണികഷ്ണം നെഞ്ചത്ത് കുത്തി  ഹെഡ് മാസ്റ്റർക്കും  ഗംഗടീച്ചറിനും ഒപ്പം ലിസിയെ കാണാൻ പോയത്. ബസ് വരുന്ന  വഴിയിൽ തന്നെയാണ് ലിസിയുടെ വീട്.  ഞങ്ങൾ ബസിൽ കയറി കിഴക്കോട്ടും   ലിസി  പടിഞ്ഞാറോട്ട് നടന്നുമാണ് പൊയ്കൊണ്ടിരുന്നത്.

സ്‌കൂളിന് മുന്നിൽ കള്ളായി, മരോട്ടിച്ചാൽ പോകാനുള്ള കുട്ടികൾ വരിവരിയായി നിൽക്കും.  ആ സമയത്ത് നടന്ന് വീട്ടിലേക്ക് പോകുന്ന കുട്ടികൾ റോഡിൻ്റെ സൈഡിലൂടെ കൈ പുറകിൽ കെട്ടി വരിവരിയായി പോകുന്നുണ്ടാകും.  കുറച്ച് നാളായി ലിസി തലയിൽ സ്‌കാഫൊക്കെ കെട്ടിയാണ് സ്‌കൂളിൽ വന്നിരുന്നത്.  പാമോയിൽ രുചിയുള്ള പരിപ്പ്കറിയുടെയും മുട്ടപ്പാതിയുടെയും കൈമാറ്റം ഞങ്ങളപ്പോഴും തുടരുന്നുണ്ടായിരുന്നു.  ആ ആഴ്ച്ചാവസാനം  വരിയിലൂടെ കൈ പുറകിൽകെട്ടി നടന്നുപോകുമ്പോൾ ലിസിക്കൊച്ച് തൻ്റെ നേർക്ക് പലവട്ടം തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

അമ്മയുടെ മരണം  ആ കാലത്ത് ഒരിക്കലും ബാധിച്ചിരുന്നില്ല. അന്നറിഞ്ഞ ആദ്യത്തെ മരണം ലിസിയുടേതായിരുന്നു. മരണമുണ്ടാക്കുന്ന ശൂന്യതയുടെ ആഴത്തെ കുറിച്ച് അത്രയൊന്നും ബോധമുണ്ടാകേണ്ട പ്രായമുണ്ടായിരുന്നില്ലെങ്കിലും തനിക്കും മീനക്കുമിടയിലെ വിടവ്, എന്നും ബാക്കിവരുന്ന ഒരു പാതി മുട്ട , മറ്റു പാത്രങ്ങളിൽ നിന്നുയരുന്ന പാമോയിൽമണം ഇതെല്ലാം ആ കുറവോർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. അടുത്ത ക്ലാസിൽ ആ സ്ഥാനത്ത് മറ്റൊരാൾ വരുന്നത് വരെയെങ്കിലും.

പൗഡർപൂശി പൂക്കൾക്കിടയിലുറങ്ങി.  മലർന്നുതടിച്ച  അവളുടെ ചുണ്ടുകൾ അൽപം വിടർന്നിരുന്നു. എപ്പോഴുമുണ്ടാകാറുള്ള ക്ഷീണിച്ച പുഞ്ചിരി അപ്പോഴും ആ മുഖത്തുണ്ടായിരുന്നു.  ലിസിയെ നോക്കി  വരിവരിയായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ  അപ്പോൾ വന്ന് കയറിയ മറ്റുടീച്ചർമാർക്കിടയിൽ നിന്ന് സ്വർണ്ണകുമാരി ടീച്ചർ ഏങ്ങലടിച്ച് കരഞ്ഞു.  എന്തോർത്തായിരിക്കും ടീച്ചറപ്പോൾ കരഞ്ഞത് ?

 "ടീച്ചർക്ക് കുട്ടികളില്ലല്ലോ അതോണ്ടാരിക്കും " എന്ന് മീന പുറത്ത് കടന്നപ്പോൾ ചെവിയിൽ പറഞ്ഞു .

സ്‌നേഹവും വാൽസല്യവും പ്രകടമാക്കുന്നത് ഗുണത്തേക്കോൾ ദോഷം ചെയ്യുമെന്ന്  ആ കാലഘട്ടത്തിലുള്ളവർ എവിടെ നിന്നായിരിക്കും പഠിച്ചത്?  ചേർത്തണയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരിക്കാൻ അവരെങ്ങനെയായിരിക്കും ശീലിച്ചത്? റൈനുവിന്  ആദിയെ ഓർമ്മവന്നു.  അവളെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി.  ഏറെ പുരോഗമിച്ച ഈ കാലത്തിൽ അകലമൊന്നും അകലമായി തോന്നാറില്ലെങ്കിലും  ചിലപ്പോൾ ഒന്ന് തൊടാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്  സങ്കടവും വരും .  

ഈ കാലഘട്ടത്തിലെ കുട്ടികൾ  അവരുടെ മധ്യവയസ്സിൽ ബാല്യത്തെ പറ്റി എന്തായിരിക്കും ഓർത്തെടുക്കുന്നത്? കാർക്കശ്യം കുറഞ്ഞ മാതാപിതാക്കളാണ് അവർക്കുള്ളത്. അവർക്ക് പറയാൻ മറ്റു ചില സങ്കടങ്ങളാവും ഉള്ളത്.  

അപ്പൻ ചേർത്തണച്ച് വളർത്തിയതിനാൽ  വീടുകളിലെ സ്‌നേഹരാഹിത്യത്തിൻ്റെ കഥ മീന പറഞ്ഞാണ് അറിയുന്നത്. മീനയെ അവളുടെ അച്‌ഛൻ എടുത്തിട്ടേയില്ലെന്ന്. അമ്മ അവളെ ഉമ്മ വച്ചിട്ടേയില്ലെന്ന്. ഒരുപാടാളുകൾ ഉള്ള മീനയുടെ വീട്ടിൽ  അമ്മ എന്ന സ്ഥാനത്തിന് പ്രത്യേകിച്ചൊരു മഹിമയും ഉണ്ടായിരുന്നില്ല.  അല്ലെങ്കിൽ മീനയ്ക്കങ്ങനെ തോന്നിയിരുന്നില്ല. അതുകൊണ്ടും കൂടിയായിരിക്കാം അമ്മ ഒരു കുറവാണെന്ന തോന്നൽ ഉണ്ടാകാതിരുന്നത്.

വളർന്നതൊരു കുറ്റമാണ് എന്ന തോന്നലുണ്ടാക്കും വിധമാണ് പെട്ടെന്നൊരു ദിവസം അപ്പൻ്റെ നെഞ്ചത്തു നിന്ന് അടർത്തിമാറ്റപ്പെട്ടത്. " നീയൊരു പെങ്കുട്ട്യാ "  എന്ന് ഒരു ദിവസം അപ്പനോർക്കുന്നു. അപ്പനോർമ്മിപ്പിക്കുന്നു . അതേവരെകണ്ട സ്‌നേഹം മാത്രമായിരുന്ന അപ്പൻ ദേഷ്യം മാത്രമുള്ള അപ്പനായി മാറിയപ്പോൾ ആദ്യം അത് ഉൾകൊള്ളാനായതേയില്ല.  മാറ്റത്തിൻ്റെ കാരണമുൾക്കൊള്ളാൻ മകൾക്ക് പ്രാപ്തിയാകും വരെ അപ്പനൊഴിഞ്ഞു മാറി.  പിന്നൊരു ദിവസം  കുറ്റവാളിയായി  തലതാഴ്ത്തിനിന്ന്  കുറ്റമേറ്റു പറഞ്ഞ് കരഞ്ഞു.  അപ്പനെ കുറ്റപ്പെടുത്താൻ തോന്നിയില്ല. സ്വയമാശ്വസിക്കാനുമായില്ല.

തൃശ്ശൂർ വെച്ചാണ്  റൈനു സുവർണ്ണയെ പരിചയപ്പെടുന്നത്.  ജില്ലാഹോസ്പിറ്റലിനടുത്തുവച്ച്  മുന്നിൽ തല ചുറ്റിവീണ ഒരു സ്ത്രീ .  അവർ ഡോക്ടറെ കാണാൻ വന്നതായിരുന്നു.  റൈനുവിനവരെ സഹായിക്കേണ്ടി വന്നു.  നടക്കാൻ കഴിയാത്ത വിധം പിടിച്ചുകെട്ടുന്ന വേദനകളും  കടുത്ത പനിയും അവർക്കുണ്ടായിരുന്നു.  

വസ്ത്രത്തിനടിയിൽ പിച്ചിചീന്തപ്പെട്ട  ശരീരവും ശരീരത്തേക്കാൾ ശിഥിലമായൊരു മനസ്സും സുവർണ്ണക്കുണ്ടായിരുന്നു.  "ഈ തൊഴിലിന് നടക്കുമ്പൊ ഇതൊക്കെ പതിവാ… നിൻ്റെ കൂട്ടുകാരിയാണോ?" എന്ന്  നീലസാരിയുടുത്ത  അറ്റൻഡർ പുച്‌ഛിച്ച് പറഞ്ഞപ്പോൾ റൈനുവിന് ഒന്നും മനസ്സിലായില്ല.  പിന്നീട് മനസ്സിലാക്കി വന്നപ്പോൾ അവരെ ഉപേക്ഷിക്കാൻ തോന്നിയുമില്ല.

"വിശപ്പ് മാറ്റാൻ എന്തെങ്കിലും. ആരും പിച്ചിപ്പറിക്കാനെത്താത്ത സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്ന ഒരു സ്ഥലവും"  സുവർണ്ണയുടെ ആവശ്യം അത് മാത്രമായിരുന്നു.  അപ്പനേക്കാൾ  പതിനഞ്ച് വയസ്സിനോളം ഇളപ്പമുണ്ട് .  പക്ഷേ അവരെ സുരക്ഷിതയാക്കാൻ  അതിനേക്കാൾ ഭേദപ്പെട്ട മറ്റൊരു വഴി മുന്നിലുണ്ടായിരുന്നില്ല.  അപ്പനോട് "ഇതാണ്  ലിസി "  എന്ന്  മാത്രം പറഞ്ഞു.   എന്തിനാണ് ആ പേര് തന്നെ പറഞ്ഞതെന്നറിയില്ല.  അവരുടെ മലർന്ന് വിടർന്ന ചുണ്ടുകളിൽ  ലിസിയെ  കണ്ടതുകൊണ്ടാവാം.  "നീയിനി ലിസമ്മ എന്ന് വിളിക്കണം.  ആരെങ്കിലും ഒക്കെ ഉണ്ടെന്ന് തോന്നാനാ."  എന്ന് പറയുമ്പോൾ അവർ കരയുന്നുണ്ടായിരുന്നു.  

" ലിസമ്മയല്ല.  ലിസിക്കൊച്ച് … ഒരു കുഞ്ഞിൻ്റെ മുഖമാണ് നിങ്ങൾക്ക്.“  കൂടെ ചേർത്ത് നിർത്തി. അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ  കാണാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 

അപ്പന് ഒരു കൂട്ട് എന്ന ചിന്തയേക്കാൾ അവരുടെ സുരക്ഷയായിരുന്നു മനസ്സിലെങ്കിലും സുവർണ്ണ അതെങ്ങനെ ഉൾക്കൊള്ളും എന്നറിയില്ലായിരുന്നു.  സങ്കോചത്തോടെയാണ് കാര്യം പറഞ്ഞത്.  "പലരേക്കാൾ ഭേദമല്ലേ ഒരാൾ “  എന്ന് ഒറ്റ മറുപടിയിൽ ഉത്തരം കിട്ടി.  എങ്കിലും  എത്രവേഗമാണ് അവർ ആ വീടിൻ്റെ ഭാഗമായി മാറിയത്.  അവരവിടെ പണ്ടേയുണ്ടായിരുന്നു എന്ന തോന്നലാണ് ഇപ്പോൾ മനസ്സിൽ. ഇടയ്‌ക്ക് കേറി ചെല്ലുമ്പോഴൊരു കളറുണ്ട് ഇപ്പോഴാ വീടിന്.

റൈനു സെറ്റിയിൽ തുന്നി പകുതിയാക്കി വച്ചിരിക്കുന്ന ടവ്വലെടുത്ത് നോക്കി.  പിന്നെ പുസ്തകങ്ങളടുക്കി വച്ച ഷോക്കേയ്‌സിൻ്റെ താഴെ  തട്ടിലിരിക്കുന്ന  സ്ഫടികബോളെടുത്ത് അതിനടിയിൽ എഴുതിവച്ചിരിക്കുന്ന ലിസ്റ്റെടുത്തു.  പതിവുപോലെ ആവശ്യമുള്ള നൂലിൻ്റെയും പെയ്ൻ്റിൻ്റേയും നിറങ്ങൾ,  പിന്നെ ഓട്സ് , കടുമാങ്ങാഅച്ചാർ .  ഇത്രയുമാണ് ലിസ്റ്റിലുണ്ടായിരുന്നത്.  ഇതൊരു പതിവാണ്.  ടീച്ചറുടെ ആവശ്യങ്ങളെഴുതിയ കടലാസ് എന്നും ആ സ്ഫടികബോളിനടിയിലുണ്ടാകും.  

തുന്നാനുള്ള നൂല് തെരഞ്ഞെടുക്കുന്നതിലാണ്  റൈനു ഏറ്റവും ബുദ്ധിമുട്ടാറുള്ളത്.  പെയ്ൻ്റിഗ് കഴിഞ്ഞാൽ ഹൈമവതിടീച്ചറുടെ മറ്റൊരു ഹോബി തുന്നലാണ്. കനം കുറഞ്ഞതും കൂടിയതുമായ കമ്പിളിനൂലുകളിൽ തുന്നിയെടുത്ത കുട്ടിയുടുപ്പുകൾ സോക്സുകൾ തൊപ്പികൾ മുദുലമായ ബ്ലാങ്കറ്റുളുകൾ.  പ്രായം വേഗതയെ സാരമായി ബാധിച്ചിരിക്കുന്നതിനാൽ ചിലതൊക്കെ തുന്നിയെടുക്കാൻ ആഴ്ചകളോ മാസങ്ങളോ എടുക്കാറുണ്ട്.  

മുകൾക്ലാസ്സുകളിലേക്ക് പ്രമോഷന് സാധ്യതയുണ്ടായിരുന്നിട്ടും എന്നും ഒന്നാംക്ലാസ്സ് ടീച്ചറായി തുടരുകയും  കാർക്കശ്യക്കാരിയായി മാത്രം കുട്ടികളോടിടപെടുകയും ചെയ്തിരുന്ന  വൈരുധ്യാത്മകത റൈനുവിന് മനസ്സിലാക്കാനായതേയില്ല. പുറത്ത് കാണിക്കാതിരുന്ന വാൽസല്യമാണോ, അലിവില്ലാത്ത സ്വന്തം സ്വഭാവമോർത്തുള്ള കുറ്റബോധമാണോ  ഈ ചിത്രങ്ങളിലും കമ്പിളിവസ്ത്രങ്ങളിലും നിറയുന്നത്?

ടീച്ചറുടെ ഇനിയും പൂർത്തിയാകാത്ത പുതിയ പെയ്ൻ്റിംഗിന്  മുന്നിൽ റൈനു കയ്യും കെട്ടി നിന്നു.  ടീച്ചർ ബാത്ത്റൂമിൽ നിന്ന് പുറത്ത് വന്നു. റൈനു ലിസ്‌റ്റെടുത്തില്ലേ എന്ന് ഷോക്കേയ്സിലേക്ക് നോക്കി. പിന്നെ  ഹോളിനോട് ചേർന്ന ചെറിയ അടുക്കളയിലേക്ക് നടന്നു. റൈനു ക്ളോക്കിലേക്ക് നോക്കി. സമയം ആറാകാറായി. 

പുറത്തെ  പ്രഭാതക്കുളിരിലേക്കിറങ്ങി നടക്കുമ്പോൾ റൈനു തനിക്കു ചുറ്റുമുള്ള  താനടക്കമുള്ള സ്ത്രീകളെകുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. 

തുടരും....

Read More: https://www.emalayalee.com/writer/284

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക