
പി.ജെ. ആന്റണിക്ക് ജന്മശതാബ്ദിയില്‍ സര്‍ഗ്ഗാല്‍മകമായ ആദരം . ഒരു ബയോഗ്രാഫിക്കല്‍ നോവലിന്റെ പിറവി
കേരളക്കരയില്‍ ഇത്ര വ്യത്യസ്തനായി ജിവിച്ച മറ്റൊരു വ്യക്തി ഉണ്ടോ എന്നു സംശയം. മലയാളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ തീക്കാറ്റ് ഊതിയുര്‍ത്തിവിട്ട നൂറിലേറെ നാടകങ്ങള്‍ എഴുതിയ വ്യക്തി. ഒരിക്കല്‍പ്പോലും സ്വന്തം കാര്യം കാണാന്‍ തന്റെ ആദര്‍ശങ്ങള്‍ പണയം വയ്ക്കാത്ത വിപ്ലവകാരി. ചരിത്രം പുറത്താക്കിയ സ്വാതന്ത്ര്യസമര സേനാനി. ഒട്ടേറെ സിനിമകളില്‍ വേറിട്ടുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഭാവവും രൂപവും നല്‍കിയ നാടക-സിനിമ സംവിധായകന്‍. എങ്ങിനെ നോക്കിയാലും മഹത്തായ പ്രതിഭയുടെ ഉടമ. അതേ, അതാണ് ഭരത് പി.ജെ. ആന്റണി. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1979ല്‍ 54-ാം വയസിലാണ് ജീവിതത്തിന്റെ അരങ്ങില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോയത്.
ആ മഹനീയ വ്യക്തിത്വത്തിന്റെ മാറ്റ് തെല്ലും കുറയാതെ ഒരു നോവല്‍ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ജോസഫ് വൈറ്റിലയും ഞാനും (ജോഷി ജോര്‍ജ്) ചേര്‍ന്ന് എഴുതി. അതാണ് ഭരതനടനം. ആ നോവല്‍ രചിക്കാനുണ്ടായ സാഹചര്യം വിവരിക്കുകയാണിവിടെ.
ഇര്‍വിംഗ് സ്റ്റോണ്‍ ജീവചരിത്ര നോവലുകള്‍ക്ക് പേരുകേട്ട എഴുത്തുകാരനായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ലസ്റ്റ് ഫോര്‍ ലൈഫ്' (Lust For life ) എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ ആവേശത്തില്‍, ഒരു ചിത്രകാരന്റെ ജീവിതം നോവലിന ് ഇതിവൃത്തമാക്കിയ ആ എഴുത്തുകാരനിലേക്ക് ഞാന്‍ അറിയാതെ തന്നെ എത്തപ്പെട്ടു. ഇര്‍വിങ് സ്റ്റോണ്‍ പറയുന്നതിങ്ങനെ:
'എന്നെ ഇത്രയേറെ ഇളക്കിമറിക്കാന്‍ കഴിഞ്ഞ ഈ മനുഷ്യന്‍ ആരാണ്. ജീവിതകാലം മുഴുവന്‍ ഞാന്‍ അന്ധനായിരുന്നു എന്നു മനസ്സിലാക്കിത്തന്ന ആ ചിത്രകാരന്‍ ആരാണ്? ഒരു ചിത്രപ്രദര്‍ശനം കണ്ടതോടെ ഉണ്ടായ അത്ഭുതം..!' ഇര്‍വിങ് സ്റ്റോണ്‍ എന്ന യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.അയാള്‍ അപ്പോള്‍ കണ്ടത ് വിന്‍സെന്റെ് വാന്‍ഗോഗിന്റെ ചിത്രങ്ങളായിരുന്നു..! 37-ാം വയസ്സില്‍ ഒരു വെടിയുണ്ടയില്‍ ജീവിതം അവസാനിപ്പിച്ച പ്രതിഭയുടെ പെയിന്റിങ്ങ്. അതൊരു തിരിച്ചറിവായിരുന്നു. അന്നുമുതല്‍ ഇര്‍വി ങ് സ്റ്റോണ്‍ തന്റെ ജീവിതം വാന്‍ഗോഗിനുവേണ്ടി മാറ്റിവെച്ചു.

പി.ജെ. ആന്റണി
ഇര്‍വിങ് സ്റ്റോണിന്റെ കഠിന തപസ്യ ഫലം ചെയ്തു. അതാണ് 'ലസ്റ്റ് ഫോര്‍ ലൈഫ്' അഥവാ ജീവിതാസക്തി എന്ന ലോകപ്രശസ്ത നോവല്‍.
1934-ല്‍ 17 പ്രസാധകര്‍ ഈ നോവല്‍ തള്ളിക്കളഞ്ഞതാണെന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി..!
എന്തായാലും ലസ്റ്റ് ഫോര്‍ ലൈഫ് ഒടുവില്‍ പ്രസിദ്ധീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. സ്റ്റോണ്‍ തന്റെ കൃതിയെ 'ബയോ-ഹിസ്റ്ററി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സൂക്ഷ്മവും സമഗ്രവുമായ ഗവേഷണത്തിലൂടെ, തിരഞ്ഞെടുത്ത ഒരു ചരിത്ര കഥാപാത്രത്തെ ഇത്രക്ക് മിഴുവുറ്റതാക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് വലുതായിരുന്നു.
കത്തുകള്‍, ഡയറികള്‍ മുതല്‍ ഗവേഷണ കുറിപ്പുകള്‍, ഗാര്‍ഹിക വിവരണങ്ങള്‍ വരെ ലഭ്യമായ എല്ലാ രേഖകളും വായിച്ചുകൊണ്ട്, സാങ്കല്‍പ്പികമായി അദ്ദേഹമെഴുതിയതത്രയും മനുഷ്യസ്പര്‍ശിയായിരുന്നു.
ആ നോവലും ഇര്‍വിങ് സ്റ്റോണിന്റെ അവസ്ഥയും തലയിലേറ്റിയ ചിത്രകാരന്‍ കൂടിയായ ഞാന്‍ വല്ലാത്തൊരു മാനസീകാവസ്ഥയിലെത്തി. ഇത്തരത്തില്‍ കലാകാരനായ ഒരു മലയാളിയുടെ കഥ എഴുതാന്‍ കഴിഞ്ഞി
രുന്നെങ്കില്‍ എന്നാശിച്ചുപോയി. ആ പുസ്തകത്തെക്കുറിച്ച് സി.ആര്‍. ഓമനക്കുട്ടന്‍ സാറിനോട് സംസാരിച്ചു. അക്കാലത്ത് സാര്‍ എഡിറ്ററും ഞാന്‍ കാര്‍ട്ടൂണിസ്റ്റുമായി 'പാര' എന്ന വിനോദമാസികയില്‍ ഒന്നിച്ചു പ്രവൃത്തിച്ചിരുന്നു. എന്റെ ആഗ്രഹം പറഞ്ഞു. അതിനുള്ള മറുപടി ഇങ്ങനെ: ഇതിനുപറ്റിയ ആള്‍ മലയാളക്കരയില്‍ പി.ജെ. ആന്റണിയാണ്. അദ്ദേഹത്തെക്കൂറിച്ച് ജോഷി എഴുതു. ആന്റണി ആശാന്റെ സമകാലികരില്‍ പലരും ഇന്നും കൊച്ചിയിലുണ്ടല്ലോ. അവരെയൊക്കെ നേരില്‍ കണ്ടാല്‍ വേണ്ടതിലേറെ അനുഭവകഥകള്‍ കിട്ടും .അതൊക്കെ പുതിയ തലമുറ അറിയണം. അതൊരു വലിയ പ്രചോദനമായി.

പി.ജെ. ആന്റണി
പിന്നെ പി.ജെ. ആന്റണിയിലേക്കു തിരിഞ്ഞു.നാലുദശകങ്ങളോളം അക്ഷരാര്‍ത്ഥത്തില്‍ തീയില്‍ മുളച്ച്, വെയിലില്‍ വളര്‍ന്ന് സാംസ്‌ക്കാരിക-രാഷ്ട്രീയ-നാടക-സിനിമ രംഗങ്ങളില്‍ ആധുനിക ചിന്തയുടെ വെള്ളിവെളിച്ചം ചൊരിഞ്ഞ വിപ്ലവകാരിയായിരുന്നു പി.ജെ. ആന്റണി.
ചില വിഷയങ്ങളില്‍ ധിക്കാരിയും നിഷേധിയുമാണെങ്കില്‍ മറ്റുചില നേരങ്ങളില്‍ സ്നേഹശീലനും ഉത്തമ സുഹൃത്തുമായിരുന്നു. അതേസമയം വഴങ്ങാത്ത നട്ടല്ലിന്റെയും ഉലയാത്ത ചങ്കുറപ്പിന്റേയും ഉടമകൂടിയായിരുന്നു ആന്റണി. അകത്ത് പകയുടെ കൊടുവാള്‍ ഒളിപ്പിച്ചുവെച്ച് പുറത്ത് പുഞ്ചിരിതൂകി നില്‍ക്കാന്‍ അറിയില്ല. നന്മകണ്ടാല്‍ നല്ലവനാകാനും തിന്മകണ്ടാല്‍ തെമ്മാടിയായി മാറാനും കഴിയുന്നവന്‍. ഒരുകാലത്ത് ആന്റണി പ്രതിഷേധിച്ചാല്‍ ഭൂകമ്പം. വായതുറന്നാല്‍
കൊടുങ്കാറ്റ്..!
1953-ല്‍ ആന്റണി എഴുതിയ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരുക്കൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം, നിരോധനം പിന്‍വലിച്ചപ്പോള്‍ ഇരുനൂറോളം സ്റ്റേജുകളില്‍ ഈ നാടകം അവതരിപ്പിക്കാന്‍ ബുക്കിങ്ങ് ഉണ്ടായി. അതോടെ പി ജെ ആന്റണി നാടക രംഗത്ത് അതുല്യ വ്യക്തിയായി മാറി.
നിര്‍മാല്യം എന്ന സിനിമയിലെ അതുല്യമായ അഭിനയത്തിന് 1974ല്‍ ഭരത് അവാര്‍ഡ് നേടിയ ആന്റണിയെ ആദരിക്കാന്‍ അന്നത്തെ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങള്‍ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. അന്ന് ഭരത് അവാര്‍ഡിന് സമ്മാനത്തുക ഉണ്ടായിരുന്നില്ല; ശില്‍പ്പവും പ്രശസ്തിപത്രവുമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ 25,000 രൂപ നല്‍കി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം.
ആന്റണി പറഞ്ഞു, ''എനിക്ക് ആരുടേയും സൗജന്യമൊന്നും വേണ്ട. അഭിനയിച്ച വകയില്‍ കിട്ടാനുള്ള പണം വാങ്ങിച്ച് തന്നാല്‍ മതി''. വ്യക്തികളായ നിര്‍മാതാക്കള്‍ തരാനുള്ള കാശിന്റെ കാര്യത്തില്‍ പരിഷത്തിന് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു ഭാരവാഹികള്‍.
''ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെന്തിനാണീ പരിഷത്തും പരിഷകളുമൊക്കെ?'' ആന്റണി ചോദിച്ചു. ഏറെ നിര്‍ബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാന്‍ ആന്റണി തയ്യാറായില്ല.

പി.ജെ. ആന്റണി
ആന്റണിയാശാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് അഹം എന്നപേരില്‍ തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടൊരു പുസ്തകം എഴുതണമെന്ന്. ഞാന്‍ എന്ന് ഉറപ്പിച്ചുപറയുന്നതും ഞാന്‍ എന്ന് ആരംഭിക്കുന്നതും അഹങ്കാരവും ഔദ്ധത്യവുമായി കരുതിപ്പോരുന്നു. മര്യദക്കുറവെങ്കിലുമാണത്രെ അത്. ഞാനെന്ന് അഹംഭാവലേശമില്ലാതെ പറയുവാന്‍ പോന്നവര്‍ ഇവിടെ ഉണ്ട്. ഉണ്ടായിട്ടുണ്ട്. ഉണ്ടാവുകയും ചെയ്യും. ആന്റണി അതിന് അര്‍ഹനല്ലെന്നു ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ആന്റണിയെ അറിയാത്തവരാണ് എന്നാണ് തിരക്കഥാകൃത്തും നടനുമായ എന്‍. ഗോവിന്ദന്‍ കുട്ടി പറയുന്നത്.
ഒരിക്കല്‍ വയലാര്‍ രാമവര്‍മ്മ പറഞ്ഞു: ' ഞാന്‍ ഒരു കവിയല്ലെന്നു പറയുവാന്‍ എന്റെ ആജന്മശത്രുക്കള്‍പോലും ധൈര്യപ്പെടുകയില്ല' എന്ന്. അത്രയ്ക്ക് ഉജ്ജ്വലമായ ശബ്ദം. ധീരതയുടേയും ധീക്ഷണശക്തിയുടേയും ശബ്ദം.
ആന്റണിയില്‍ ഈ ഞാന്‍ മുന്‍പിട്ടുനിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിന്നിലാക്കാന്‍ പലരും സംഘം ചേര്‍ന്നു. അവരുടെ ശ്രമം പരാജയപ്പെട്ടു എന്നുപറയാന്‍ കഴിയുകയില്ല. എന്നാല്‍ ആന്റണി തോറ്റുകൊടുത്തിരുന്നില്ല. മലയാളക്കരയ്ക്ക് മറക്കാനാകാത്ത, കൊച്ചിയുടെ ഐക്കണ്‍ ആയി മാറേണ്ട പി.ജെ. ആന്റണിയുടെ ജീവിതത്തെക്കുറിച്ച് എഴുതാന്‍ തന്നെ തീരുമാനിച്ചു. കിട്ടാവുന്നത്ര പുസ്തകങ്ങള്‍ വായിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങള്‍ ശ്രദ്ധയോടെ പഠിച്ചു. എഡ്ഢിമാസ്റ്റര്‍, എന്‍. ഗോവിന്ദന്‍ കുട്ടി, കെ.ജി. ജോര്‍ജ്, പോള്‍ വെങ്ങോല, എം.എം. ലോറന്‍സ്, ടി.എം. ഏബ്രാഹാം, ഒ.പി. ജോസഫ്, പൂയപ്പിള്ളി തങ്കപ്പന്‍... ഇങ്ങനെ ഒട്ടേറെപ്പേരെ കണ്ടു സംസാരിച്ചു.
ഇതിനിടെ ജോസഫ് വൈറ്റിലയുമായും ദീര്‍ഘമായി സംസാരിച്ചു. ഒടുവില്‍ പിരിയാന്‍നേരം അദ്ദേഹം പറഞ്ഞു:
'ആന്റണിച്ചേട്ടനെക്കുറിച്ച് എന്തെങ്കിലും കാര്യമായി എഴുതണമെന്നെനി
ക്കുണ്ടായിരുന്നു. ഇനിയിപ്പോ ജോഷി തന്നെ അതുചെയ്യു. ഞാന്‍ എന്നെക്കൊ
ണ്ടാവുന്നതുപോലെ സഹായിക്കാം.' ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു...!
ഞാന്‍ ശേഖരിച്ച വിവരങ്ങളത്രയും ചേട്ടനു തരാം. ചേട്ടന്‍ തന്നെ എഴുതണം.
ഞാനെഴുതുന്നതിനേക്കാള്‍ നന്നാകും. ഒരു പുസ്തകം ഉണ്ടാകണമെന്നേ
എനിക്കുള്ളു.
'ഹേയ്.. ഞാനൊരു മടിയനാ... എഴുത്തൊന്നും നടക്കില്ല. ജോഷി എഴുതു .
എന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നേ.'
'എന്നാല്‍ നമ്മള്‍ രണ്ടാളും ചേര്‍ന്നെഴുതിയാലോ..?
ഹേയ്.. അതുവേണ്ടെന്നേ... ജോഷി എഴുതു. അതു പറ്റില്ലെന്നായി ഞാന്‍.
ഒടുവില്‍ ആലോചിക്കാം എന്നായി ജോസഫ് ചേട്ടന്‍. പിറ്റേ ദിവസം രാവിലെ
ഞാന്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്തു . അവസാനം എന്റെ നിര്‍ബന്ധത്തിനു
വഴങ്ങി. ഞങ്ങള്‍ പിന്നെ ഒന്നിച്ചായി അന്വേഷണവും എഴുത്തും.

പി.ജെ. ആന്റണി ഭരത് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
ഏതാണ്ട് 10 സംവത്സരത്തിലേറെ വിവരങ്ങള്‍ ശേഖരിക്കാനായി അലഞ്ഞുതിരിഞ്ഞു. അതിനിടയില്‍ ഞങ്ങള്‍ എഴുതാന്‍ തുടങ്ങി. ആറ് അധ്യായം എഴുതിക്കഴിഞ്ഞപ്പോള്‍
അതൊന്നു വയിച്ച് അഭിപ്രായം പറയാനായി 'സമകാലിക മലയാളം' വാരികയുടെ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ക്കു കൊടുത്തു. അദ്ദേഹമത് വയിച്ചു. നല്ല അഭിപ്രായം പറയുകയും ഉടനെ തീര്‍ത്തുകൊടുത്താല്‍ 'മലയാളം' വാരികയില്‍ അച്ചടിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞ ഞങ്ങളുടെ സുഹൃത്ത് രവി കുറ്റിക്കാട് ഞങ്ങളോട്
സംസാരിച്ചതിനു ശേഷം ദേശാഭിമാനിയുടെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു
ഫീച്ചര്‍ എഴുതി . 'ഭരത് അവാര്‍ഡ് നേടിയ കൊച്ചിക്കാരന്‍ ആന്റണിയുടെ കഥ.
കൊച്ചിക്കാരായ രണ്ടുപേര്‍ ചേര്‍ന്നെഴുതുന്നു..!'
ആ ഫീച്ചര്‍ വായിച്ച സത്യദീപത്തിന്റെ പത്രാധിപര്‍ ഫാ. പോള്‍ തേലേക്കാട്ട് ആ നോവല്‍ ഒന്നു വായിക്കാന്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പി.ജെ. ആന്റണിയുടെ അവസാന കത്ത്
എഴുതിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തിന് നോവല്‍ കൊടുത്തു. അത് വായിച്ച
ശേഷം അദ്ദേഹം പറഞ്ഞു: ഇത് സത്യദീപത്തില്‍ പ്രസിദ്ധീകരിക്കാം.
ഞങ്ങള്‍ പറഞ്ഞു: അതു പറ്റില്ല. ഇത് 'മലയാള'ത്തിന് കൊടുക്കാമെന്ന്
ഏറ്റുപോയി. മാത്രമല്ല, ഞങ്ങള്‍ ഇതിനായി കുറേ വര്‍ഷം അലഞ്ഞതാണ്.
പണച്ചിലവുണ്ട്. അതിന് നല്ല പ്രതിഫലം തന്നാല്‍ പോരെ എന്നായി തേലേക്കാട്ട് അച്ചന്‍.
അപ്പോഴേയ്ക്കും മലയാളം വാരികയില്‍ നിന്നും ജയചന്ദ്രന്‍ നായര്‍
പടിയിറങ്ങുകയും ചെയ്തു. ഞങ്ങള്‍ അച്ചന് വഴങ്ങി.
കേരളത്തിന്റെ നാടക-സിനിമ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ കൊടുങ്കാറ്റ്
അഴിച്ചുവിട്ട ആന്റണിച്ചേട്ടന്റെ ആ ജീവിതം കേവലം 30 അധ്യായത്തിലൊന്നും ഒതുങ്ങുന്നതായിരുന്നില്ല.
എങ്കിലം ഞങ്ങള്‍ അവിടെ നിര്‍ത്തി...! അനശ്വരനായ
ആ മനുഷ്യന്റെ ആത്മാവിന ് നിത്യശാന്തി നേര്‍ന്നുകൊണ്ടുതന്നെ ..!
ഞങ്ങളെ അതിശയിപ്പിച്ച പലകാര്യങ്ങളും ക്രമം തെറ്റാതെ പറഞ്ഞുതന്നത ്
ആന്റണിച്ചേട്ടന്റെ ഭാര്യ മേരിച്ചേച്ചിയും മരട് ജോസഫും
കെ.എന്‍. കാര്‍ത്തികേയനും ഒക്കെയായിരുന്നു.
പാലാരിവട്ടത്തുള്ള ജോസഫ് പള്ളന്റെ വീട്ടില്‍ പലവട്ടം പോയിട്ടാണ്
വിലപ്പെട്ട പല വിവരങ്ങളും ഞങ്ങള്‍ക്കു ലഭിച്ചത്. പി.ജെ. ആന്റണി എഴുതിയ ഒരു നാടകത്തിന്റെ കയ്യെഴുത്തുപ്രതിയും ഞങ്ങളെ ഏല്‍പ്പിച്ചു. അതിനു ശേഷം കൃത്യം ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം മരിച്ചു.
ആന്റണിച്ചേട്ടനെക്കുറിച്ച് എഴുതാനാണ് ഞങ്ങള്‍ ഒരുമിച്ചതെങ്കിലും
അതിനിടയില്‍ 'കമ്പക്കല്ല്' എന്ന മറ്റൊരു നോവലും അതിന്റെ തിരക്കഥയും
കൂടി എഴുതി . മുന്‍ശുണ്ഠിക്കാരനായ ജോസഫിനൊപ്പം ഒന്നുപോലും പൂര്‍
ത്തിയാക്കാന്‍ കഴിയില്ലെന്നു പറഞ്ഞവരെ അത്ഭുതപ്പെടുത്തും വിധം ഒരടുപ്പം
ഞങ്ങള്‍ തമ്മിലുണ്ടായി.അതിനിടെ തര്‍ക്കങ്ങളും തിരുത്തിയെഴുത്തുമൊക്കെ പലവട്ടം നടന്നിട്ടുണ്ട്.അതെല്ലാം ഈ നോവലിന് തിളക്കം കൂട്ടിയിട്ടേയുള്ളു. ഇതിന്റെ സഹരചയിതാവായ എന്റെ പ്രിയസുഹൃത്ത് ജോസഫ് വൈറ്റില ഇന്ന് നമ്മോടൊപ്പമില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണ്.