Image

ചിദംബരത്തിലെ ശിവകാമി… പൂർത്തിയാകാത്ത ഒരു കവിത പോലെ (പി എന്‍ നാസ്സര്‍)

Published on 21 May, 2026
ചിദംബരത്തിലെ ശിവകാമി… പൂർത്തിയാകാത്ത ഒരു കവിത പോലെ (പി എന്‍ നാസ്സര്‍)

ബോളിവുഡിലെ കൃതിമ നടനങ്ങൾക്കും , അതിഭാവുകത്വത്തിനും അടിമപ്പെടാത്ത കുറെ നായികമാർ 1980-ൽ ഹിന്ദി സിനിമയിലേക്ക് കടന്നു വന്നിട്ടുണ്ട്.     അതുവരെ പ്രേക്ഷകർ കണ്ട സൗന്ദര്യ റാണിമാരിൽ നിന്നും തീർത്തും വ്യത്യസ്തരായ ഷബാന ആസ്മി, സ്മിതാ പാട്ടീൽ, ദീപ്തി നവൽ തുടങ്ങിയവർ   അരങ്ങേറിയത് ന്യൂവേവ് ചിത്രങ്ങളിലൂടെയായിരുന്നു.  

ശ്യാം ബെനഗലിന്റെ സിനിമകളിലൂടെയാണ് സ്മിതാ പാട്ടീൽ തുടക്കം കുറിച്ചത്.   ഭൂമിക, മന്ഥൻ, അർത്ഥ്, അർദ്ധസത്യ  തുടങ്ങിയ ചിത്രങ്ങളെല്ലാം ദേശീയവും അന്തർദേശീയവുമായ നിരവധി അവാർഡുകൾ വാരിക്കൂട്ടി. ക്രമേണ അവർ കൊമേഴ്സ്യൽ സിനിമകളിലേക്ക് ചുവടു മാറ്റുകയും സൂപ്പർ താരങ്ങളായ അമിതാബ് ബച്ചൻ തുടങ്ങിയവരുടെ നായികയായി മാറുകയും ചെയ്തു.

അരവിന്ദൻ സംവിധാനം ചെയ്ത "ചിദംബരം' സിനിമയിൽ ശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മിത പട്ടീൽ ആയിരുന്നു. ഭരത് ഗോപിയും, ശ്രീനിവാസനുമായിരുന്നു നായകന്മാർ. ആ വർഷത്തെ ഏറ്റവും മികച്ച സിനിമക്കും , സംവിധാനത്തിനും മറ്റുമായി അഞ്ചോളം ദേശീയ അവാർഡുകൾ ചിദംബരം നേടിയെടുത്തു. പിന്നീടവർ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.

ഇതിനിടയിലാണ് നായകനായി ഒന്നിച്ച് അഭിനയിച്ച രാജ്ബബ്ബറുമായി സ്മിത പ്രണയത്തിലാവുന്നത്.  ആ സമയത്ത് രാജ് ബബ്ബർ വിവാഹിതനായിരുന്നു. സ്മിതയാകട്ടെ മികച്ച നടിക്കുള്ള നിരവധി പുരസ്കാരങ്ങളും , പത്മശ്രീയും ലഭിച്ച് കരിയറിന്റെ ഉന്നതിയിൽ നില്ക്കുന്ന സമയവും. എന്തായാലും അധികം വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു. ഈ കാലത്ത് സ്മിതയുടെ ജീവിതം ഏറെ സംഘർഷങ്ങളിലൂടെയാണ് കടന്ന് പൊയ്കൊണ്ടിരുന്നത്.  വൈകാതെ  ഗർഭിണിയായ അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു.. ഒടുവിൽ ഒരാൺകുഞ്ഞിന് ജന്മം നല്കി രണ്ടാഴ്ച്ചക്കുള്ളിൽ കേവലം മുപ്പത്തിയൊന്നാമത്തെ വയസ്സിൽ സ്മിതയുടെ അന്ത്യം സംഭവിച്ചു.

പൂർത്തിയാകാത്ത ഒരു കവിത പോലെയായിരുന്നു ആ ജീവിതം.  അകാലത്തിൽ മാഞ്ഞ് പോയ ഒരു കിനാവ്.  പക്ഷേ വാക്കുകൾക്കതീതമായ അവരുടെ നോട്ടങ്ങളും, വാചാലമായ മൗനങ്ങളും, മുഖഭാവങ്ങളും കൊണ്ട് തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ അവർ അനശ്വരമാക്കി.   ഇതുപോലൊരു നടി അതിനു മുൻപോ അതിന് ശേഷമോ തിരശ്ശീലയിൽ ജനിച്ചിട്ടില്ലെന്ന് ഇന്നും അവരുടെ ആരാധകർ പറയുന്നത് അതുകൊണ്ടായിരിക്കാം.

അമ്മയുടെ തനി ഛായയുള്ള സ്മിതയുടെ പുത്രൻ പ്രതീക് ബബ്ബർ കുറച്ച് കാലം മുൻപ് വിവാഹിതനായി.. എന്തു കൊണ്ടാണെന്നറിയില്ല വിവാഹത്തിന് പിതാവായ രാജ്ബബ്ബറിന് മാത്രം ക്ഷണം ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവൻ അമ്മയുടെ മാത്രം മകനായിരുന്നിരിക്കാം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക