Image

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാർ

Published on 21 May, 2026
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാർ

 ഒ.എസ്.ഡിയായി എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്  

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാറിനെയും അഡിഷനൽ സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി (ഒ.എസ്.ഡി) ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ ഉമേഷിനെയും നിയമിച്ചു. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അനിൽകുമാർ. തിരുവനന്തപുരം ഗവ. ലോ കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന അനിൽകുമാർ തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ, ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു. മുഖ്യമന്ത്രി വി.ഡി സതീശനും അനിൽകുമാറും ഒരേ കാലത്താണ് ലോ കോളജിൽ പഠിച്ചത്.

2015 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥനായ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറും കേരള ഫിനാൻഷ്യൽ കോർപറേഷൻ എം.ഡിയുമാണ്. എം.ഡി സ്ഥാനത്ത് ഉമേഷ് തുടരും. പകരം നിയമനമാകുന്നത് വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. എറണാകുളം ജില്ലാ കലക്ടർ, വയനാട് സബ്കലക്ടർ പദവികൾ വഹിച്ചിട്ടുണ്ട്.

 

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയിൽ അനിൽകുമാറിന് ശോഭിക്കാൻ കഴിയട്ടെ എന്ന് ഇ മലയാളിയുടെ ആശംസകൾ

 

മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ്

 

തിരുവനന്തപുരം: മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവാകും. ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.


ഈ മാസം 23 ന് ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേക്കുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്തിട്ടുണ്ട്. ക്രമസമാധാനം, ലഹരിവ്യാപനം തടയല്‍ തുടങ്ങിയവ വിലയിരുത്താനാണ് യോഗം. ഇതിനു മുമ്പു തന്നെ എ ഹേമചന്ദ്രനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എ ഹേമചന്ദ്രന്‍. 2020 മെയ് മാസത്തിലാണ് അഗ്നിശമനസേനാ മേധാവിയായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. യുഡിഎഫ് ഭരണകാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്‌ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക