
കൊച്ചി: മലയാളത്തിന്റെ വിസ്മയ പ്രതിഭ മോഹൻലാലിന് ഇന്ന് ജന്മദിന നിറവ്. ആരാധകരും സിനിമാ ലോകവും തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കുമ്പോൾ, കാത്തിരുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ റിലീസ് കൂടിയായതോടെ ഈ പിറന്നാൾ ഇരട്ടി മധുരമുള്ളതായി മാറി. ഇതിനിടെ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേർന്നുകൊണ്ട് മകൾ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. കുട്ടിക്കാലം മുതലുള്ള മനോഹരമായ ഓർമ്മച്ചിത്രങ്ങൾക്കൊപ്പമാണ് വിസ്മയ അച്ഛന് ജന്മദിനാശംസകൾ നേർന്നത്.
താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണ് അച്ഛനെന്ന് വിസ്മയ തന്റെ കുറിപ്പിൽ വിശേഷിപ്പിച്ചു. അച്ഛനിലെ സമാനതകളില്ലാത്ത കലാകാരനെ പുകഴ്ത്തുന്നതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ മികച്ച പാചക ശൈലിയെയും മകൾ എടുത്തുപറയുന്നുണ്ട്. "ഹാപ്പി ബർത്ത് ഡെ അച്ഛാ. എനിക്ക് അറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ, കഴിവുള്ള മനുഷ്യൻ. ഏറ്റവും മികച്ച കലാകാരനും ഷെഫും. അതിനെല്ലാമുപരി മനോഹരമായൊരു ആത്മാവിന് ഉടമയും. ലവ് യു," എന്നാണ് വിസ്മയ കുറിച്ചത്. വിസ്മയയുടെ കുറിപ്പിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ആശംസകളുമായി കമന്റ് ബോക്സുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, അച്ഛന്റെയും സഹോദരൻ പ്രണവിന്റെയും പാത പിന്തുടർന്ന് വിസ്മയയും വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ്. ഹിറ്റ് മേക്കർ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. ആശിഷ് ജോ ആന്റണി പ്രധാന വേഷത്തിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയിലെ പുതിയ തുടക്കത്തിനൊപ്പം അച്ഛന്റെ ജന്മദിനവും വിസ്മയയ്ക്ക് ഏറെ സവിശേഷമായ നിമിഷമായി മാറിയിരിക്കുകയാണ്.