Image

പെണ്ണച്ചന്‍ (ചെറുകഥ ഭാഗം -2: ജോസഫ്‌ എബ്രഹാം)

Published on 21 May, 2026
പെണ്ണച്ചന്‍ (ചെറുകഥ ഭാഗം -2: ജോസഫ്‌  എബ്രഹാം)

“ജോസഫ്‌, സമൂഹമെന്നെ തിരസ്കരിക്കും. ഞാനൊരു ഭീരുവാണ്. ഉപദേശങ്ങള്‍ നല്‍കാനുള്ള പഠിപ്പുകള്‍ മാത്രമേ എനിക്കുള്ളൂ. ജീവിതത്തെ നേരിടാനുള്ള കഴിവെനിക്കില്ല.”

“ജോണ്‍സാ ഒരാളുടെ  രൂപമല്ല, അയാളുടെ മനസ്സാണ്  അവന്‍   ആരെന്നു തീരുമാനിക്കുന്നത്‌. പക്ഷെ പുറമേനിന്നു നോക്കുന്നവര്‍  രൂപം കൊണ്ടായിരിക്കും  വിലയിരുത്തുക. അതുകൊണ്ടുതന്നെ സമൂഹം നിന്നെ ബാഹ്യരൂപംകൊണ്ട് വിലയിരുത്തട്ടെ.  നീ ആരോടും ഒന്നും ഏറ്റുപറഞ്ഞു  സ്വസ്ഥത കളയേണ്ട…”

“പക്ഷെ ജോസഫ്‌, സഭയുടെ നിയമങ്ങള്‍ പുരുഷനെ മാത്രമേ പുരോഹിതനാകാന്‍ അനുവദിക്കുന്നുള്ളല്ലോ. എനിക്കിതു  ഏറ്റുപറയാതെ വയ്യ. അല്ലെങ്കില്‍  സഭയോടും വിശ്വാസികളോടും  അതിലെല്ലാം മേലയായി എന്നോടു   തന്നെ ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും”

“ഏറ്റുപറച്ചില്‍ നല്ലതാണ്  പക്ഷെ   അതോടെ നിന്‍റെ ലോകം മാറിമറിയും.  അതിനെ നേരിടാന്‍ നീ തയ്യാറായിട്ടുണ്ടോ?”

      ശാന്തമായി ഒഴുകുന്ന ഒരു അരുവിയായി തീരാനായിരുന്നു എന്നുമെന്‍റെ ആഗ്രഹം. പക്ഷെ   ഈ ഉരുള്‍പൊട്ടലില്‍ എല്ലാം  മാറിയിരിക്കുന്നു.  സ്വയം രക്ഷപ്പെടാനാവില്ലന്നറിയാം പക്ഷെ മറ്റുള്ളവരെ എങ്ങിനെ രക്ഷിക്കാനാവുമെന്നതാണ്  ഏറെ അലട്ടുന്നത്

“ഞാന്‍ അരമനയില്‍ചെന്നു പിതാവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞാലോ?”

“എന്തിന്?  പെണ്ണായി മാറിയെന്നു കേള്‍ക്കുമ്പോള്‍ മെത്രാന്‍ നിന്നെ പിടിച്ചു നേരെ  മഠത്തിലമ്മയാക്കുമെന്നാണോ  നീ കരുതുന്നത് ?”

“അല്ലാതെ ഞാനെന്താണ്  ചെയ്യുക? ഇടവക്കാർക്കെല്ലാം സമാധാനം ആശീര്‍വദിക്കുന്ന  എനിക്ക് സമാധാനം ഇല്ലാതായിട്ട് എത്ര നാളായി! ”

“ഏറ്റുപറഞ്ഞാല്‍ പ്രശ്നം പരിഹരിക്കുമോ അതോ വഷളാകുമോ? എനിക്കു തോന്നുന്നത്  ഏറ്റുപറച്ചില്‍  കാര്യങ്ങളെ കൂടുതല്‍ കുഴപ്പിക്കുമെന്നാണ് ”

“സത്യമറിഞ്ഞാല്‍ അവരെന്നെ  പുറത്താക്കും,  കല്ലെറിയും. അവരുണ്ടാക്കുന്ന   വ്യാഖ്യാനങ്ങള്‍ എണ്ണമറ്റതായിരിക്കും.  ഞാന്‍  ചതിയനും തെറ്റുകാരനുമാകും. പക്ഷേ  

കാര്യങ്ങള്‍ പറയാതിരുന്നാല്‍ കര്‍ത്താവിന്‍റെ തിരുസന്നിധിയില്‍ ഞാന്‍ അപരാധിയായി മാറും”

അവൻ  ഒന്നും മിണ്ടാതെയിരുന്നു.

ഞാന്‍ എഴുന്നേറ്റുപോയി ജനലിനരികില്‍ പുറത്തെ  ഇരുളിലേക്ക് നോക്കിനിന്നു.  കാട്ടില്‍നിന്നും ആനകളുടെ ചിന്നം വിളികള്‍ കേട്ടു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആനകളിറങ്ങി വിളകള്‍ നശിപ്പിച്ചപ്പോള്‍  നാട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിച്ചും പന്തം വീശിയും ആനകളെ തുരത്താനിറങ്ങിയിരുന്നു.

അത്തരത്തിലുള്ള  എല്ലാ ധൈര്യവും പൊയ്പ്പോയിരിക്കുന്നു. പുറത്തിറങ്ങാന്‍ ധൈര്യമില്ല എന്നത് വിചിത്രമായി തോന്നുന്നു. സ്ത്രൈണസഹജമായ  ഭയവും ഉൽക്കണ്ഠയുമൊക്കെ സ്വാഭാവമായിരിക്കുന്നു. അതിലുമത്‌ഭുതം മനസ്സ് അതിലൊക്കെ അഭിരമിക്കുന്നതാണ്.

സ്ത്രൈണസഹജമായ ഭയം എന്നെങ്ങിനെ പറയും. അസാമാന്യമായ  സാഹസികത ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് സ്ത്രീകൾ. സാഹചര്യങ്ങളുടെ സമ്മർദ്ദം വരുമ്പോൾ അവരിൽ പലരും പുരുഷനെ വെല്ലുന്ന ധൈര്യം കാട്ടാറുമുണ്ട്.

എങ്കിലും പ്രധാനമായും പുരുഷനിർമ്മിതമായ മതത്തിലൂടെയും സാഹിത്യത്തിലൂടെയും ആരുടെയൊക്കെയോ സൗകര്യത്തിനും നേട്ടങ്ങൾക്കുമായി സ്ത്രീയെയും പുരുഷനെയും സമൂഹം നിർവ്വചിച്ചിരിക്കുന്നു.  ഒരു ദൈവപുത്രനും കല്‍പ്പിച്ചിട്ടില്ലെങ്കില്‍ പോലും പുരോഹിതവസ്ത്രവും പുരുഷനു മാത്രമായി മാറ്റി വച്ചിരിക്കുന്നു. അതും ഒരു വസ്ത്രം മാത്രം. ഒരുപക്ഷേ ആർക്കും വേണമെങ്കിലും  ധരിക്കാവുന്ന വേഷം. ആടാവുന്ന വേഷങ്ങൾ.  

താനും അത് തന്നെയാണ് ചെയ്ത് വരുന്നത്. അല്ലെങ്കിൽ സ്ത്രീയായി മാറി എന്ന് കരുതി, മുന്‍പുണ്ടായിരുന്ന  ധീരത എവിടെപ്പോയി മറയാൻ? അതും ധീരമായ തീരുമാനങ്ങൾ എടുക്കേണ്ട ജീവിതത്തിന്റെ ഈ ദശാസന്ധിയിൽ.

ജാലകത്തിനപ്പുറത്തെ ഇരുളില്‍ മിന്നാമിനുങ്ങുകള്‍ ഇണകളെ ആകര്‍ഷിച്ചുകൊണ്ട് മിന്നിത്തെളിഞ്ഞു പറന്നുകൊണ്ടിരുന്നു. ഒരുരാത്രിയുടെ ജീവിത ആഹ്ലാദത്തിനുശേഷം ജീവന്‍ ഒടുങ്ങുമെന്ന ആകുലതയൊന്നുമില്ലാതെ അവര്‍ അവരുടെ നിമിഷങ്ങളില്‍ തിളങ്ങി തിമര്‍ത്തുകൊണ്ടിരുന്നു.  എന്തുകൊണ്ടാണ്   മരണം ഉള്ളിൽ കുടിപ്പാർക്കുമ്പോഴും ജീവിതം ഇങ്ങനെ  അവരെ കൊതിപ്പിക്കുന്നത് ?

‘സ്നേഹിതനു വേണ്ടി ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സ്നേഹമെവിടെ?’

 ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍ ഇതുപോലൊരു പ്രശ്നത്തിന്‍റെ കുരുക്കഴിക്കാനായിരിക്കുമെന്നു ജോസഫ്‌  കരുതിയിട്ടുണ്ടാവില്ല. ചെറുപ്പംമുതലേ   ജോസെഫിനോടല്ലാതെ  മറ്റാരുമായി കൂട്ടുകെട്ടില്ലായിരുന്നു. ഒരേ പ്രായക്കാരെങ്കിലും മുതിര്‍ന്ന ആളോടെന്നപോലുള്ള ബഹുമാനമായിരുന്നു അവനോടെന്നും.

സ്കൂളില്‍ പഠിക്കുന്ന കാലത്ത്  തന്നെ  കണ്ടാല്‍   സുന്ദരിപ്പെണ്ണെന്നു പറഞ്ഞുകൊണ്ട്  ചില ആണ്‍കുട്ടികള്‍ തോളിലൂടെ  കയ്യിട്ട് മാറില്‍ അമര്‍ത്തിയിരുന്നു.  ചിലര്‍ തരംകിട്ടുമ്പോള്‍ തുടയില്‍ അമര്‍ത്തിപ്പിടിക്കുമായിരുന്നു.

    വീടിനടുത്തുള്ള കുന്നിലെ റബര്‍ തോട്ടത്തില്‍ വച്ചായിരുന്നു ഒരു ദിവസം  താളംതെറ്റിയ ഹൃദയമിടിപ്പില്‍ വിറയ്ക്കുന്ന കൈകള്‍കൊണ്ട്  ജോസഫ്  ചേര്‍ത്തു പിടിച്ചതും  ചുണ്ടുകള്‍  അവന്‍റെ   വായ്ക്കുള്ളിലാക്കി ഉമ്മവെച്ചതും. കന്നി റബര്‍മരം മാര്‍ക്കു ചെയ്യുന്നതുപോലെ അവന്‍ ചുണ്ടില്‍ പല്ലമര്‍ത്തി. കരിയിലകള്‍ക്കു മീതെ അവനോടൊപ്പം കിടന്നപ്പോൾ  അവന്‍ കൈകുത്തി ഉയർന്ന് മീതെ  കിടന്നു.

ഒട്ടുപാല്‍പോലെ പറ്റിപ്പിടിച്ചത്  മുണ്ടുകൊണ്ട് തുടച്ച്  അവനെ തള്ളിമാറ്റി  വീട്ടിലേക്കു ഓടിപ്പോയി. അതിനുശേഷം  രണ്ടാഴ്ചത്തേക്കു സ്കൂളില്‍വച്ചു  കണ്ടിട്ടും  മിണ്ടാതെ നടന്നു.

അവൻ അങ്ങിനെ ചെയ്തതിലുള്ള എതിര്‍പ്പായിരുന്നില്ല,  അന്നുണ്ടായത് വലിയ പാപമെന്ന ചിന്തയായിരുന്നു അപ്പോള്‍    അലട്ടിയിരുന്നത്.

മിന്നാമിനുങ്ങുകള്‍  പറന്നകന്നു.

  ജോസെഫിന്റെ  നേരെ തിരിഞ്ഞുനോക്കിയപ്പോള്‍ അവനെന്നെ സാകൂതം നോക്കിയിരിക്കുന്നതായി കണ്ടു. എന്നില്‍ വന്നുചേര്‍ന്ന മാറ്റങ്ങള്‍ അവന്‍ ശ്രദ്ധിച്ചതാകും. ശരീരം തടിച്ചിട്ടുണ്ട്. പ്രായം ഏറിയതോടെ സ്ത്രൈണതയേറിയ  ശരീര പ്രകൃതിയായി മാറി.

“തണുപ്പ് കയറുന്നു ജനല്‍ അടച്ചേക്കാം”

 ജോസഫിന്‍റെ കണ്ണുകളില്‍  നിന്നും ഒഴിഞ്ഞുമാറാനായി  ജനാലയ്ക്കലേയ്ക്ക്   തിരിഞ്ഞപ്പോള്‍ അവന്‍  ചോദിച്ചു.

“എടാ, ചില സഭകളില്‍ സ്ത്രീകളെ പുരോഹിതരായി വാഴിക്കുന്നുണ്ടല്ലോ  അപ്പോള്‍ അവര്‍ ചെയ്യുന്നതു ക്രിസ്തുവിന്റെ പഠിപ്പിക്കലിനു  എതിരാണോ?”

വെയിലേറ്റ് തടി വട്ടച്ചുപോയ ജനല്‍പാളികളുടെ കുറ്റികള്‍ ബലംപിടിച്ചു  ബന്ധിക്കുന്നതിനിടയില്‍ ഞാന്‍   പറഞ്ഞു.

“ജോസഫേ, യേശു ആരെയെങ്കിലും പുരോഹിതനായി അഭിഷേകം ചെയ്തിട്ടുണ്ടോ? സത്യത്തില്‍ പൌരോഹിത്യത്തിനെതിരെ ആയിരുന്നില്ലേ അവന്‍ നിലകൊണ്ടത്‌? തന്നെ ആരാധിക്കുന്നതില്‍ നിന്നും അവന്‍ സ്ത്രീകളെ തടഞ്ഞുവോ?  ഒരു സ്ത്രീ തൈലാഭിഷേകം ചെയ്തുകൊണ്ട്  ആരാധിച്ചപ്പോള്‍  അവന്‍  അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ  ചെയ്തത് ?

“എന്നേയ്ക്കും വേണ്ടി ക്രിസ്തു സ്വയം ബലിയര്‍പ്പിച്ചുകഴിഞ്ഞു.  അതിലും വലിയ  ഒരു ബലിയും  ഇനി  അര്‍പ്പിക്കാനില്ല അതുകൊണ്ട്  സത്യം പറഞ്ഞാല്‍  പുരോഹിതര്‍  തന്നെ ആവശ്യമില്ല.”

“ ഇതൊക്കെ അറിയാമായിരിക്കെ നീ എന്തിനു പുരോഹിതനായി?”

“ജോസഫേ, വിശ്വാസത്തില്‍ ഒരു പ്രതിസന്ധി വരുമ്പോഴാണ്  വചനങ്ങളെ  കൂടുതല്‍ പഠിക്കുകയും ദൈവശാസ്ത്രപരമായ പുതിയ വ്യാഖ്യാനങ്ങള്‍ക്ക് യുക്തിഭദ്രമായ ഇടമുണ്ടോയെന്ന അന്വോഷണം നടത്തേണ്ടിയും വരിക.   പുരുഷനായിരിക്കെ എനിക്കു  വിശ്വാസപ്രതിസന്ധിയൊന്നും തോന്നിയില്ല. ഒരു പെണ്ണായപ്പോള്‍ എനിക്കൊരു തുല്യസ്ഥാനം കണ്ടെത്താന്‍ പറ്റുമോയെന്ന  അന്വോഷണത്തിലാണ്.”

“എന്നിട്ടു കണ്ടെത്തിയോ?”

“തീര്‍ച്ചയായും  ദൈവത്തിന്‍റെ മുന്നില്‍ എനിക്കൊരു ഇടമുണ്ട്.   എന്നാല്‍  അതൊന്നും   ഭൂമിയിലെ നടത്തിപ്പുകാരുടെ  നിലപാടുമായി ഒത്തുപോകില്ല.

“ ദൈവമിവിടെ നിസഹായനാണ്.

“കര്‍ത്താവ്  സ്ത്രീകളോടും പുരുഷന്മാരോടും ഒരുപോലെ ഇടപെട്ടു. അവരോടു സംസാരിച്ചു, അവരെ കേട്ടൂ. യേശുവിനു ധാരാളം സ്ത്രീസുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ലേ?”

അവൻ   ശ്രദ്ധയോടെ കേട്ടിരുന്നു.

“നോക്കൂ ജോസഫ്‌, സ്ത്രീകള്‍ സഭയില്‍ നിശബ്ദരായിരിക്കണമെന്നു പറഞ്ഞത്  കര്‍ത്താവല്ല മറ്റുചിലരാണ്. ആ വാക്കുകളെ അനുസരിക്കാന്‍ സ്ത്രീകള്‍ക്ക്  യാതൊരു ബാധ്യതയുമില്ല. ഓര്‍ക്കണം, കര്‍ത്താവിനുവേണ്ടി രക്തസാക്ഷികളായ സ്ത്രീകളുമുണ്ട്.

    “ചട്ടങ്ങളും പാരമ്പര്യങ്ങളും മനുഷ്യരുടെ സൃഷ്ടിയാണ്.  ഓരോ സഭകള്‍ക്കും ഓരോ നിയമങ്ങളാണ്.”

“നന്നായി ജോണ്‍സണ്‍. അപ്പോൾ പ്രശ്നപരിഹാരം നിനക്കുതന്നെ അറിയാം. എന്നാൽ  ആ വഴിക്ക്  ശ്രമിച്ചാല്‍ പോരെ ?”

“ജോസെഫ്,  നിന്‍റെ മുന്നില്‍ ഞാനെന്‍റെ വാദങ്ങള്‍ നിരത്തുന്നുവെങ്കിലും  ഞാന്‍ അശക്തനാണ്,  ഭീരുവാണ്.  ഒന്നിനെയും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ശക്തിയെനിക്കില്ല. അതിനുള്ള ആയുസുമിനി ബാക്കിയില്ല. എന്‍റെ പുതിയ ജന്മത്തെ  എങ്ങിനെ നേരിടുമെന്ന ഭയം മാത്രമാണിപ്പോള്‍.”

“ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കാന്‍ ആളുകള്‍ തയ്യാറായത് കൊണ്ടല്ലേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടായത്. ഇവിടെ കാലം നിന്നെ വലിയൊരു ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്നു കരുതുക.”

“ഇല്ല  ജോസഫ്‌, എനിക്കാവില്ല ഞാനൊരു സാധാരണ മനുഷ്യനെങ്കില്‍ എനിക്കു ലോകത്തോട്‌  എല്ലാം ഏറ്റുപറയാനുള്ള ധൈര്യമുണ്ടാകുമായിരുന്നു.

ഇതിപ്പോള്‍ വാര്‍ദ്ധക്യം മുന്നിൽ കണ്ട് കരുതല്‍ എടുക്കേണ്ട സമയം.  ഇതില്‍ നിന്നും താഴേക്ക്‌ ചാടിയാല്‍ ഞാനെങ്ങിനെ ജീവിക്കുമെന്ന അടിസ്ഥാന ചോദ്യത്തിനൊരു ഉത്തരമുണ്ടെങ്കില്‍ എനിക്കു ലോകത്തോട്‌ എന്നെത്തന്നെ വെളിപ്പെടുത്താനും സമരം ചെയ്യാനും ധൈര്യമുണ്ടാകുമായിരുന്നു.”

“അതുശരിയാണ്. അതിജീവനത്തിനായൊരു വഴികണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍  ഇന്നാട്ടിലെ ഒടുമിക്ക  സന്യാസിനി മഠങ്ങളും  അടച്ചുപൂട്ടേണ്ടി വരുമായിരുന്നു.”

“യാതൊരു സമ്പാദ്യവുമില്ലാത്ത  ഞാന്‍  സഭയില്‍നിന്നും പുറത്തിറങ്ങുന്ന നിമിഷം  പൊടിയിലെ കൃമിക്കു സമാനമായി തീരും.

‘നാഥാ നാളയെക്കുറിച്ച് ആകുലപ്പെടേണ്ട എന്നരുളിച്ചെയ്ത അങ്ങയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ എനിക്കിപ്പോള്‍ ആകുന്നില്ല. എന്നോടു പൊറുക്കേണമേ’”

ഹതാശനായി  ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്  കണ്ടപ്പോൾ ജോസഫിന് ചിരി. അവന്‍  പറഞ്ഞു,

“വിഷമിക്കാതെ, എല്ലാത്തിനും ഒരു വഴിയുണ്ടാകും.”

ആശ്വാസവാക്കായി ജോസഫ്‌ അങ്ങിനെ പറഞ്ഞെങ്കിലും ഏന്തു മാര്‍ഗ്ഗമെന്നു  അപ്പോൾ യാതൊരു ഊഹവുമില്ലായിരുന്നു.

    “പുരുഷനെന്ന മിഥ്യ മാഞ്ഞുപോയി. സത്യം പറഞ്ഞാല്‍  ഇനിയുള്ള കാലം   എനിക്കൊരു സ്ത്രീയായി ജീവിച്ചാല്‍ മതി. അതിനായി എന്‍റെ ആത്മാവ് അതിയായി ദാഹിക്കുന്നു. സ്ത്രീയെ പുരോഹിതനാക്കണമോ  വേണ്ടയോ എന്നതൊന്നും എന്റെ വിഷയമല്ല.  ഒന്നുമാത്രം പറയാം ഈ ളോഹയെ ഞാനിപ്പോഴും  സ്നേഹിക്കുന്നു. ഇതുധരിക്കുമ്പോള്‍ ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കുന്നെന്ന  തോന്നലുണ്ടാകുന്നു, അതല്പം ആശ്വാസവും തരുന്നു.”

ഞാന്‍  അലമാര തുറന്നു. അതിനുള്ളില്‍ പലപ്പോഴായി വാങ്ങിയ സ്ത്രീകളുടെ വസ്ത്രങ്ങളും  അടിവസ്ത്രങ്ങളും  അടുക്കി വച്ചിട്ടുണ്ടായിരുന്നു. അതെല്ലാം ജോസഫിനെ കാണിച്ചു.

“ജോസഫ്‌  കണ്ടില്ലേ  ഇതൊക്കെ ധരിക്കാനാണ്  എനിക്കു കൊതി. ഇതില്‍ പകല്‍ സമയത്തു ധരിക്കാനാവാത്തവ രാത്രിയില്‍ അണിഞ്ഞുകൊണ്ടാണ്  ഞാന്‍ എന്‍റെ ആഗ്രഹം തീര്‍ക്കുന്നത്”

തന്‍റെ വയറ്റിലുള്ള  കുഞ്ഞൊരു പെണ്ണായി പിറക്കണമെന്ന്  അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ ബാലനായിരിക്കെ തന്നെ  ഒരു പെൺകുട്ടിയായി മാറാൻ അവർക്ക് പിറന്ന കുഞ്ഞും ആഗ്രഹിച്ചിരിക്കാം.

അന്നു തൊട്ടേ ഉള്ളവും പ്രകൃതവും ഒരു പെൺകുട്ടിയുടേതെന്നു  അറിയാമായിരുന്നു.  രൂപംകൊണ്ട്  പെൺകുട്ടികളോട്  ചേരാൻ കഴിഞ്ഞില്ല, മനസുകൊണ്ട് ആൺകുട്ടികളോടും. പെൺകുട്ടികളായിരുന്നു ഒരു പ്രായംവരെ കളിക്കൂട്ടുകാർ. അതിന്‍റെ പേരില്‍ ആളുകള്‍  കളിയാക്കാന്‍ തുടങ്ങിയപ്പോള്‍  അവരിൽ നിന്നും അകന്നു. കാണുന്നതല്ല സത്യം എന്ന് ആര് ചിന്തിക്കുന്നു. അതിനിടയിലും ‘ഗേൾസിനെപ്പോലെ നാണം കുണുങ്ങുന്നു’വെന്നു പറഞ്ഞുകൊണ്ട് ആണ്‍കുട്ടികള്‍ കളിയാക്കിയപ്പോള്‍ ഉള്ളില്‍ സന്തോഷിച്ചു.

‘നിന്നെക്കണ്ടാല്‍ ഒരു സുന്ദരിപ്പെണ്ണിനെപ്പോലെയെന്ന്’ ആണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ ആഹ്ളാദിച്ചു. സത്യത്തിൽ ആണ്‍കുട്ടികളോടടുക്കാൻ കുറച്ച് നാണവും ഭയവുമായിരുന്നു. അതുകൊണ്ടുതന്നെ  തീർത്തും  ഒറ്റപ്പെട്ട് പോയിരുന്നു  കൂട്ടുകൂടാൻ ആരുമില്ല.  ജോസെഫിനോട്  മാത്രം  പ്രത്യേകമായ ഒരു മമതയുണ്ടായിരുന്നു.  മറ്റൊരു ആണ്‍കുട്ടിയോടും തോന്നാത്ത  സ്നേഹം.

“ജോസഫ്‌,  നീ എപ്പോഴും എന്റെ ലോകത്തും നിന്നും അകലെയായിരുന്നു.  ആൺകുട്ടികളുടെ കൂടെ പന്തുകളിയും  സിനിമാകാണലുമായി  നീ നടന്നപ്പോള്‍   അതൊന്നും എന്റെ ലോകമായിരുന്നില്ല. പന്തുകളിയോ നീന്തലോ എനിക്ക്  താല്പര്യമില്ലായിരുന്നതിനാൽ  എന്നെ നിങ്ങൾ കൂടെ കൂട്ടാൻ ശ്രമിച്ചുമില്ല”

പെണ്‍കുട്ടികളുമായി കൂട്ടുകൂടാനായിരുന്നു നൃത്തപഠനത്തിന്  പോയത്. അവര്‍ക്കെന്നെ വലിയ ഇഷ്ട്ടവുമായിരുന്നു. ഒരുപക്ഷെ  എന്റെ ഉള്ളിലെ പെണ്‍കുട്ടിയെ അവരുടെ മനസ്സുകള്‍  കണ്ടെത്തിയിരുന്നിരിക്കാം. ഹൈസ്‌കൂൾ തലം ആയപ്പോഴേക്കും  വീട്ടുകാർ ഇടപെട്ടു നൃത്തപഠനം  നിർത്തിച്ചു. നൃത്തംപഠിച്ചു പെൺപിള്ളേരുടെ കൂടെ നടക്കുന്നത് കൊണ്ടാണ് സ്വാഭാവവും നടപ്പും പെണ്‍കുട്ടികളുടേതു പോലെയാകുന്നത്  എന്നായിരുന്നു അവരുടെ കണ്ടെത്തൽ.

അങ്ങിനെ  ഏകാന്തതമാത്രം കൂട്ടിനായിപ്പോളാണ് പ്രാർത്ഥനയിലേക്കും ബൈബിള്‍ വായനയിലേക്കും തിരിഞ്ഞത്. മകന്‍റെ  പ്രാർത്ഥനയും ബൈബിൾ വായനയും കണ്ടപ്പോൾ വീട്ടുകാർക്ക്  സന്തോഷമായി. മകനിലുള്ളത് ദൈവവിളിയെന്നു കരുതി സെമിനാരിയിൽ ചേരാനായി അവരാണ് നിര്‍ബന്ധിച്ചത്.

“എൻ്റെ  ചൊടിയില്ലായ്മ  ഒരു വൈദീകനു വേണ്ടുന്ന ശാന്തസ്വഭാവമായി എല്ലാവരും കരുതി. വളരെ ദുർബലമായ ആണടയാളം മാത്രമുള്ള എനിക്ക്  മറ്റുപുരുഷന്മാരെപ്പോലെ ജീവിക്കാനാവില്ലെന്ന തോന്നലിൽ സെമിനാരിയിൽ ചേരാമെന്ന തീരുമാനം ഞാനും കൈക്കൊണ്ടു.  ജീവിതം അതിന്റെ നിയതാവിനു വിട്ടുകൊടുത്തതുകൊണ്ട്  അതങ്ങിനെ ഒഴുകിനീങ്ങി. അക്കാലങ്ങളിൽ മനസ്സിൽ തോന്നിയിരുന്ന വിഭ്രാന്തികളെയും തകിടം മറിച്ചിലുകളെയും  എൻ്റെമേൽ വീണ വിശുദ്ധിയുടെ മേലങ്കിയുടെ കീഴിൽ ഞാൻ ഞെരിച്ചമർത്തി  പക്ഷെ ഇപ്പോളിതാ  കാറുംകോളും നിറഞ്ഞു കലുഷിതമായ നടുക്കടലില്‍ ജീവിതം  എത്തിച്ചേർന്നിരിക്കുന്നു.”

“അപ്പോൾ നിന്റെ തിരഞ്ഞെടുപ്പുകൾ ഒന്നും നിന്റേതല്ല  പിന്നെന്തിനു ഭയപ്പെടണം. ഈ തിരഞ്ഞെടുപ്പും നിയതാവിന്റെ  എന്നുകരുതി മുന്നോട്ടു പൊയ്ക്കൂടേ ?”

“എങ്കിലും  ഞാൻ സത്യം പറയാതിരിക്കുന്നതെങ്ങനെ?”

“എല്ലാ സത്യങ്ങളും  അങ്ങിനെ വിളിച്ചു പറയാനുള്ളതല്ല. എല്ലാവരോടും എല്ലാ കാര്യങ്ങളും പറയേണ്ടതില്ല അത് നിന്റെ മനസുഖം കളയും.

“ജോൺസൺ,  ആരറിയുന്നു ഒരു  ളോഹയുടെ ഉള്ളിൽ ആരെന്ന് ? ഒരുപക്ഷെ  നിനക്കു മുൻപ് ആരെങ്കിലും ഇതുപോലെ കടന്നു പോയിട്ടുണ്ടാകാം”

“ആയിരിക്കാം, പക്ഷെ കളവു ചെയ്യാൻ എനിക്കാവില്ല. പിടിക്കപ്പെട്ടാൽ സത്യം പുറത്തുവരില്ലേ,  അപ്പോൾ ഞാൻ ചതിയൻ കൂടിയായി മാറില്ലേ ?”

“പിടിക്കപ്പെടട്ടെ.   സത്യം പുറത്തുവരട്ടെ.  അങ്ങിനെ ലോകത്തിലെ ആദ്യ വനിതാ കത്തോലിക്കാ പുരോഹിതയാണ് നീയെന്നു ലോകം വിളിച്ചുപറയട്ടെ. അതൊരു മാറ്റത്തിന്‍റെ  തുടക്കമാകട്ടെ.

“നിന്നെ എതിർക്കുന്നവരോട്  ചോദിക്കാൻ നിനക്കും ചോദ്യങ്ങളില്ലേ?

“നിന്നെ സൃഷ്ടിച്ചതും പുരോഹിതനാക്കിയതും  നിന്റെ ശരീരപ്രകൃതിയിൽ കൈവെച്ചതും   ആരാണ് ?

“വൈദീകനായ നിന്റെ  ജാതിയെ മാറ്റിമറിച്ചത്  ദൈവമെങ്കിൽ ദൈവം മാറ്റങ്ങൾ വരുത്തുന്നുവെന്നു എല്ലാവരും വിശ്വസിക്കണം. അല്ലെങ്കിൽ സർവശക്തൻ എന്തിനു അവന്‍റെ അഭിഷക്തനായ നിന്നിൽ മാറ്റങ്ങൾ വരുത്തുന്നു.?”

“അറിയാം ജോസഫ്‌,  നീ പറയുന്നത്‌  യുക്തമാണ്. പക്ഷെ ഞാൻ ദുർബലനാണ് വിപ്ലവങ്ങൾക്കായി പോരടിക്കാൻ എനിക്കാവില്ല. ഞാൻ കീഴടങ്ങികൊള്ളാം. എല്ലാ അപമാനങ്ങളും നഷ്ടങ്ങളും സഹിക്കാൻ ഞാൻ ഒരുക്കമാണ്.  ഞാനൊരു തുടർചോദ്യചിഹ്നമായി  തീരുമെങ്കിൽ  അതായിരിക്കും എന്റെ നിയോഗം.

“ഞാനൊരു അവഹേളന കഥാപാത്രമാകും. ഇപ്പോൾ  ബഹുമാനത്തോടെ അഭിവാദ്യം ചെയ്യുന്നവർ  പരിഹാസത്തോടെ ചിറികോട്ടും,  പരിചയക്കാരും സ്നേഹിതരും അറിയാത്ത മട്ടിൽ കടന്നുകളയും,  എല്ലാവര്‍ക്കും   ഞാനൊരു ദുശ്ശകുനമായി മാറും. പക്ഷെ അതൊന്നും  എനിക്ക് പ്രശ്നമല്ല  പുറത്തിറങ്ങാതെ കാലംകഴിക്കാൻ ഞാനൊരുക്കമാണ്  പക്ഷെ എന്റെ വിശപ്പ്…

“ഇനിയൊരു ജീവിതമോ  തുണയോ എനിക്കു ലഭിക്കുമോ? വാർദ്ധക്യത്തിൽ  ഞാൻ ഏകനായി നരകിക്കേണ്ടി വരില്ലേ? ദൈവത്തിനും എന്നെ വേണ്ട. ഞാൻ ഇത്രയും നാൾ പൂജ ചെയ്‌ത ദൈവമെന്നെ  കൈവിട്ടുവോ? നരകത്തിനു പോലും എന്നെ വേണ്ടെന്നായി.

പ്രിയ സ്നേഹിതാ, ദൈവമുണ്ടോ ഇല്ലയോ എന്നുപോലും  എനിക്കിപ്പോൾ അത്ര ഉറപ്പില്ല.”


                                     §§§

    പള്ളിമുറ്റം നിറയെ പോലീസുകാര്‍ നിറഞ്ഞിരുന്നു.

     തോട്ടമൂല  എന്ന അതിര്‍ത്തി ഗ്രാമവും അവിടുത്തെ ചെറിയ പള്ളിയും ദേശീയശ്രദ്ധ പിടിച്ചുപറ്റി.  പള്ളിയുടെ പരിസരത്ത്  ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതു വിലക്കിക്കൊണ്ട്  ജില്ലാകലക്റ്റര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നുവെങ്കിലും  പള്ളിയുടെ മതിലിനുവെളിയിലും റോഡിലുമായി ഇടവകക്കാരും സഭാവിശ്വാസികളും  മനുഷ്യാവകാശ പ്രവര്‍ത്തകരും അവര്‍ക്കൊപ്പം പുരോഗമനവാദികളായ  ചെറിയൊരുകൂട്ടം വിശ്വാസികളും കൂട്ടംകൂടി നിന്നിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്  ഞാന്‍  മെത്രാനെ കണ്ടു എല്ലാം തുറന്നു പറഞ്ഞിരുന്നു. എന്നെ മനസ്സിലാക്കുമെന്നും എന്നോടു സഹാനുഭൂതി ഉണ്ടാകുമെന്നും തന്നെയായിരുന്നു ആ നിമിഷംവരെ  ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാം തെറ്റിപ്പോയിരുന്നു.

“നിങ്ങളെപ്പോലുള്ള ഒരാള്‍ക്ക് ധരിക്കാനുള്ളതല്ല തിരുവസ്ത്രം. കുപ്പായം ഊരിവച്ചിട്ടു വേറെ വല്ല പണിയും നോക്കിക്കോ”

    മെത്രാന്റെ വാക്കുകള്‍ സൂചിമുനപോലെ ചങ്കില്‍ കുത്തിക്കയറി.  ഹൃദയം ഏറെ ഭാരപ്പെട്ടു. പടിയിറങ്ങുമുമ്പായി പിതാവിന്‍റെ വിശുദ്ധ മോതിരത്തില്‍ മുത്തിക്കൊണ്ട് വിടചൊല്ലാനായി മുട്ടുമടക്കിയെങ്കിലും അദ്ദേഹം കൈ പിന്നോട്ട് വലിച്ചു, അവിടെനിന്നും പോയി.

കഴിഞ്ഞ രണ്ടുദിവസമായി  പള്ളിമുറിക്കു പോലീസ്  കാവലാണ്.

വിഷമകരമെങ്കിലും ആ  കാര്യത്തിലൊരു  തീരുമാനമെടുക്കാൻ കഴിഞ്ഞതിൽ ആശ്വാസം തോന്നി.  മെത്രാന്റെ അടുക്കല്‍ ചെന്നതും അതിനെത്തുടര്‍ന്ന് രാജിസമര്‍പ്പിക്കാന്‍ തീരുമാനിച്ച  കാര്യവും    ഇടവകക്കാരോട് പറയുന്നതിനു മുന്‍പേന്നെ അവരില്‍ പലരും കാര്യങ്ങള്‍ അറിഞ്ഞിരുന്നു. പള്ളിമുറ്റത്തു എത്തിയവരില്‍  പലരും മുഖം നൽകാതിരിക്കാൻ ശ്രമിച്ചത് ആശ്വാസമായിട്ടാണ് തോന്നിയത്. ചിലർ അമ്പരപ്പോടെ കേട്ടുനിന്നു .വേറെചിലര്‍ അമർത്തിചിരിച്ചു, മറ്റുചിലർ നിസ്സംഗരായി കേട്ടുനിന്നു. സ്ത്രീകളില്‍ പലരും ഇതൊക്കെ അവര്‍ക്കു  നേരത്തെ അറിയാമായിരുന്നുവെന്ന മട്ടില്‍ യാതൊരു ഭാവഭേദവുമില്ലാതെ വെറും കാഴ്ചക്കാരായി നിന്നു.

പക്ഷെ കാര്യങ്ങള്‍ മാറി മറിഞ്ഞത്  വളരെ പെട്ടന്നായിരുന്നു.

ഇത്രയുംകാലം പെണ്ണച്ചന്‍ ചൊല്ലിയ കുര്‍ബാനകളെല്ലാം ദൈവത്തിനു സ്വീകാര്യമാകാതെ പാഴായിപ്പോയെന്നു ചിലര്‍ പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയ അന്ത്യകൂദാശയും അന്ത്യകര്‍മ്മങ്ങളും പിഴച്ചുപോയെന്നും  അവരെല്ലാം നരകത്തില്‍ പോകുമെന്നും  അവര്‍ ഭയപ്പെട്ടു. പുരോഹിതനെന്ന നിലയില്‍ നടത്തിയ കൂദാശകളായ മാമോദീസയും ആദ്യകുര്‍ബാനയും  വിവാഹവുമെല്ലാം പിഴച്ചുപോയെന്നും അതെല്ലാം വീണ്ടും നടത്തണമെന്നും സഹപ്രവര്‍ത്തകരായ ചില വൈദീകര്‍   പറഞ്ഞതോടെ വിശ്വാസികള്‍ അങ്കലാപ്പിലായി. പെണ്ണച്ചന്‍ കാരണം  പിഴച്ചുപോയ കര്‍മ്മങ്ങള്‍ മൂലം  അന്ത്യയാത്ര പറഞ്ഞുപോയ മാതാപിതാക്കളും ഉറ്റവരും നരകത്തീയില്‍ വേദന അനുഭവിക്കേണ്ടി വരുമോന്നാര്‍ത്തു  ചിലർ   ആധിപ്പെട്ടു.

ദു:ഖവും ആശങ്കയും  രോഷമായി മാറാന്‍ അധികനേരം വേണ്ടിവന്നില്ല.       യഥാര്‍ത്ഥത്തില്‍ ഒരു  പെണ്ണായിരുന്ന വികാരിയച്ചന്‍ ഇത്രയുംകാലം അവരെ വഞ്ചിക്കുകയായിരുന്നുവെന്നവര്‍  കരുതി.  അവരെ വഞ്ചിച്ച പെണ്ണച്ചനെ വെറുതെ വിട്ടുകൂടാ എന്നവര്‍  തീരുമാനിച്ചു.

ജോസെഫ്  ഒറ്റയ്ക്ക് ഒരു സംരക്ഷകവചമായി.

    പള്ളിപരിസരത്തു  സംഘര്‍ഷം വളര്‍ന്നു. പല ഇടവകകളില്‍ നിന്നും ആളുകള്‍ അവിടേക്കു വരുന്നു. വിശ്വാസികളുടെ പ്രതിഷേധമിരമ്പുന്നു. ആരെയും  പോലീസ്  പള്ളിയിലേക്ക്  കടത്തിവിടുന്നില്ല. കൈക്കാരനെയും ഏതാനും കമ്മറ്റിക്കാരെയും  മാത്രം അകത്തേക്ക് കടത്തിവിട്ടു.

എല്ലാം പൂര്‍ത്തിയാകാന്‍ ഇനി ഏതാനും മിനിട്ടുകള്‍ മാത്രം. അതിനപ്പുറം എന്‍റെ ലോകവും ജീവിതവും മാറിമറിയാന്‍ പോകുന്നു.  വിശാലമായ ലോകത്തിലെ ചെറിയൊരു തുരുത്തിലെ ഏകാന്തവാസിയായി മാറ്റപ്പെട്ടേക്കാം.

 പള്ളിമുറിയുടെ പിന്‍ഭാഗത്തേക്കു നടന്നു. അവിടെ  ചെടികള്‍ നനയ്ക്കാനായി വെള്ളം നിറച്ചുവച്ചിരുന്ന ഒരു സിമന്റു തൊട്ടിയുണ്ടായിരുന്നു.  അതിലിറങ്ങി മുങ്ങിനിവര്‍ന്നു. പുതിയ ജീവിതത്തിലേക്കുള്ള  എന്‍റെ ജ്ഞാനസ്നാനം.

പള്ളിയുടെ മണിഗോപുരത്തിന്‍റെ മുകളില്‍ കൂടുവച്ചിരുന്ന പ്രാവുകള്‍ പ്രാര്‍ത്ഥനനിറഞ്ഞ കുറുകലോടെ അടുത്തേയ്ക്ക് പറന്നുവന്നു.  ഈറന്‍മാറ്റി പുതുവസ്ത്രമണിഞ്ഞു. അയഞ്ഞ ഒരു പൈജാമയും  കുർത്തയുമായിരുന്നു വേഷം. വര്‍ഷങ്ങളായി മാനസിക സംഘർഷങ്ങളുടെ ആവരണവും കാരണവുമായിരുന്ന   തിരുവസ്ത്രം കയ്യിലെടുത്തുകൊണ്ട്  പുറത്തിറങ്ങി.  

പള്ളിമുറ്റത്ത്  നില്‍ക്കുന്ന പോലീസുകാരെയും ആളുകളെയും  ഗൗനിക്കാതെ  പള്ളിയിൽ കയറി അൾത്താരയുടെ മുൻപിൽ മുട്ടുകുത്തി. കയ്യിലെ  തിരുവസ്ത്രം  അൾത്താരയ്ക്ക് മുൻപിൽ സമർപ്പിച്ചശേഷം എഴുന്നേറ്റു പുറത്തേക്കുനടന്നു. പള്ളിമതിലിനു വെളിയിലായി ധാരാളം ആളുകള്‍  കാഴ്ചക്കാരായി നിന്നിരുന്നു.  

“ഓടി ഒളിക്കാൻ ഇടമില്ല. എന്നോട് സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വോഷിച്ചു നോക്കി. ആരെയും ഞാൻ കണ്ടില്ല ..”

എന്ന വചനമപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.  

    അല്ല എന്തിനായി  ഇനിയും  ഓടിയൊളിക്കണം?

എനിക്കൊരിടം  ഇവിടയുമുണ്ട്‌. അതുവരെയും എന്‍റെ ജനമായിരുന്നവര്‍ അവജ്ഞയോടെയും പരിഹാസത്തോടെയും കാഴ്ചക്കാരായി ദൂരെനില്‍ക്കുന്നതു  കണ്ടു.  സ്വകാര്യതയെ ഒട്ടും തന്നെ മാനിക്കാതെ മാധ്യമങ്ങളും ജനങ്ങളും  എന്‍റെ  ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

ജോസഫ്  പെട്ടികളും  സാധനങ്ങളും എടുത്തു  വണ്ടിയിൽവച്ചു.  കാർ പള്ളിയുടെ കവാടം കടന്നു പോലീസ് അകമ്പടിയില്‍ മുന്നോട്ട് പോകുന്ന നേരം    ബഹളംവയ്ക്കുന്ന ജനങ്ങൾക്ക് ഇടയിൽനിന്നും ഒരാള്‍, നീണ്ടമുടിയും താടിയുമുള്ള ഒരു ചെറുപ്പക്കാരൻ  മാത്രം  കൈകൾ വീശുന്നതുകണ്ടു. അയാളെ മുന്‍പെങ്ങും അവിടെ കണ്ടതായി ഓര്‍മിക്കുന്നില്ല. തിരികെ കൈവീശിക്കൊണ്ട് അയാള്‍ ആരാണെന്ന് സൂക്ഷിച്ചുനോക്കി. അയാളുടെ ചുണ്ടില്‍ വിരിഞ്ഞുനിന്ന ചിരി എന്‍റെ ഹൃദയത്തിലേക്കും പടരുന്നത്‌ ഞാനറിഞ്ഞു.  

(അവസാനിച്ചു)

Read Part-1: https://www.emalayalee.com/news/369987

 

Join WhatsApp News
Jayan varghese 2026-05-22 07:06:02
കുഴിയാന പരുവത്തിലുള്ള ഒരു കഥാതന്തു പിടിയാന പരുവത്തിൽ ആക്കി അവതരിപ്പിച്ചിരിക്കുന്നു. ആധുനികതയുടെ ഭാഗമായി സംഭവിച്ചതാകം എന്ന് ആശ്വസിക്കുമ്പോളും വേഗതയുടെ ഈ യുഗത്തിൽ ഡിജിറ്റൽ കടന്നു കയറ്റങ്ങൾ അവഗണിച്ചു കൊണ്ടും അവശേഷിക്കുന്ന വായനക്കാരനെ ആട്ടിയോടിക്കുവാനേ ഈ രീതി സഹായിക്കയുള്ളു എന്ന് എനിക്ക് തോന്നുന്നു. ചെറുകഥയ്‌ക്ക്‌ ഒരു സ്ട്രക്ച്ചർ കല്പിച്ചവരെ പഴഞ്ചന്മാർ എന്ന് ആക്ഷേപിക്കുന്നവർ കണ്ടേക്കാമെങ്കിലും ഈ ശാഖയിൽ പ്രവർത്തിക്കുന്നവർ ബഹുമാന്യനായ എം. പി. പോളിന്റെ ‘ ചെറുകഥാ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥം ഒരിക്കൽ വായിക്കുന്നത് നന്നായിരിക്കും. ജയൻ വർഗീസ്.
sabu mathew 2026-05-22 13:50:12
ശ്രീ ജയൻ വർഗീസ് കഥയുടെ ഘടനയെയും തന്തുവിനെയും ആക്ഷേപിക്കുന്നത് കണ്ടു . ആക്ഷേപം ആർക്കും പറ്റും പക്ഷെ കാര്യകാരണ സഹിതം വിശദീകരിക്കണം അത് താങ്കളുടെ ചുമതലയാണ്. ഈ കഥാ തന്തുവിനു പുതുമയുണ്ടെന്നും രൂപ ഘടന ആധുനിക കഥകളുടെ ശൈലിയിൽ ആണെന്നുമാണ് എന്റെ നിരീക്ഷണം. കുഴിയാന ,മദയാന എന്നൊക്കെ പറയാതെ സൗന്ദര്യ ശാസ്ത്ര പ്രകാരം പറയൂ,.
SreeKumar 2026-05-22 14:37:14
The structure of the story is strong, coherent, and aesthetically purposeful. The complaints about “structure not good” come from readers who expect a linear, plot‑driven story — but പെണ്ണച്ചന്‍ is a psychological‑spiritual narrative, built on interiority, revelation, and moral conflict.
Jayachandran, DR 2026-05-22 15:32:46
Mr. Jayan Varghese, times have changed significantly since the days of M. P. Paul and Kutti Krishna Marar, and they are not the final authority on the short story. Modern fiction has evolved, and both theme and structure have become universal. If you get a chance, please read American short stories—they are the pioneers and foundational voices of the short‑story form. The structure in this story is similar to that of Notes from Underground, Thomas Bernhard’s monologues, and Sarah Kane’s plays. Even in Malayalam, writers like Punathil Kunhabdulla, Zakariya, and Prabhakaran have used similar structures and themes. Are you suggesting that all of them need to go back and study M. P. Paul?
mathai chettan 2026-05-22 18:05:37
അറിവ് ഗർവായി മാറുമ്പോഴാണ് (ഒരുപക്ഷെ അതിന്റെ ഗൗരവം ടിയാന് മനസ്സിലായിട്ടുണ്ടാകില്ല -) വലിയൊരു വിഷയം പറയുന്ന കഥാ തന്തുവിനെ 'കുഴിയാന' എന്നൊക്കെ വിളിക്കാൻ തോന്നുക. ഘടന എന്നതൊന്നും എനിക്കറിയില്ല പക്ഷെ സുഗമമായ വായന സാധ്യമാണ് അതാണല്ലോ വേണ്ടത്. ഒരു കൊമ്പന്റെ വലിപ്പമുള്ള കഥാ തന്തുവിനെ ശാന്തതയോടെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക