
ദൃശ്യം 3 ന്റെ ആദ്യ ഷോ അവസാനിച്ചു. ചിത്രം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഈ ചിത്രവും തൂക്കിയെന്നാണ് അവര്‍ പറയുന്നത്. എന്താണ് അതിലെ സസ്‌പെന്‍സ് എന്നറിയാന്‍ തിയറ്ററില്‍ തന്നെ പോയി കാണണമെന്നും അവര്‍ പറയുന്നു.
അതേസമയം ചിത്രത്തിന്റെ സസ്‌പെന്‍സുകളെക്കുറിച്ചുള്ള ഒരു സൂചനയും റീലുകള്‍ വഴിയോ ട്രോള്‍ രൂപത്തിലോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യരുതെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ പറയുന്നു.
പ്രേക്ഷകരുമായി ഒരു വൈകാരിക കണക്ട് ഉണ്ടാക്കുന്നതില്‍ ജീത്തു ജോസഫ് വിജയിച്ചിട്ടുണ്ടെന്നും ചെറിയ സര്‍പ്രൈസുകള്‍ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകര്‍ കുറിക്കുന്നു. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഇനിയെന്തു നടക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
'ഇമോഷന്‍സ് ആയാലും കഥ പറഞ്ഞ രീതിയില്‍ ആയാലും ദൃശ്യം 3 ആദ്യ പകുതി മികച്ചു നില്‍പ്പുണ്ട്. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തു സംഭവിക്കും എന്ന എലമെന്റ് നൈസ് ആയി വര്‍ക്ക് ആയിട്ടുണ്ട് ഇതു വരെ.
ജീത്തു മേക്കിംഗ് കൊള്ളാം. ചെറിയ സര്‍പ്രൈസ് ഉള്ളതൊക്കെ നൈസ് ആയിരുന്നു. മോഹന്‍ലാലിന്റെ പ്രകടനം, സൂക്ഷ്മാഭിനയങ്ങളിലെ കൈയടക്കം, വൈകാരിക രംഗങ്ങളിലെ പൂര്‍ണത ഒക്കെ മികച്ച രീതിയില്‍ വന്നിട്ടുണ്ട് സിനിമയില്‍. ആരാണ് തന്റെ പിറകില്‍ എന്ന് അറിയാതെ ഉള്ള ജോര്‍ജ് കുട്ടിയുടെ മുന്നോട്ടുള്ള യാത്ര തുടരും, രണ്ടാം പകുതിയില്‍!. ചിത്രത്തെ കുറിച്ച് ഒരു ആരാധകന്‍ കുറിച്ചത് ഇങ്ങനെ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021-ല്‍ രണ്ടാം ഭാഗം വന്നു. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് 'ദൃശ്യം 3' പറയുന്നത്.