
ന്യൂയോർക്ക്: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും നേതൃത്വം നൽകുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ പുറത്തുവിട്ട 2026-ലെ കന്നി 'ടൈം 100 ഫിലാന്ത്രോപ്പി' പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് പ്രമുഖർ ഇടംപിടിച്ചു. രാജീവ് ജെ. ഷാ, ദീപക് ഭാർഗവ, അന്ന വർഗീസ് എന്നിവരാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇവർക്ക് പുറമെ പ്രമുഖ ഇന്ത്യൻ വ്യവസായി ശിവ് നാടാർ, സഹോദരന്മാരായ സുധീർ മേത്ത, സമീർ മേത്ത എന്നിവരും ഇന്ത്യയിലെ ആരോഗ്യമേഖലയിലെ സംഭാവനകൾ പരിഗണിച്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യം, ജനാധിപത്യ സംരക്ഷണം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരാണ് ഈ ആഗോള പട്ടികയിലുള്ളത്.
കേരളീയ വേരുകളുള്ള അന്ന വർഗീസ് പട്ടികയിലെ 'ഇന്നവേറ്റേഴ്സ്' വിഭാഗത്തിലാണ് ആദരിക്കപ്പെട്ടത്. പ്രശസ്തമായ 'ടെഡ്' കൂട്ടായ്മയ്ക്ക് കീഴിലുള്ള 'ദി ഓഡേഷ്യസ് പ്രൊജക്റ്റ്' എന്ന പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അന്ന. വലിയ തോതിലുള്ള സാമൂഹിക പ്രോജക്ടുകൾക്കായി ആഗോളതലത്തിലെ വൻകിട ദാതാക്കളെ ഒന്നിപ്പിക്കുന്നതിൽ അന്ന വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ അന്നയുടെ നേതൃത്വത്തിൽ നടന്ന രണ്ട് ദിവസത്തെ ഫണ്ടിംഗ് പരിപാടിയിൽ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്, റീഡ് ഹാസ്റ്റിംഗ്സ് തുടങ്ങിയ പ്രമുഖരുൾപ്പെടെ 35 ആഗോള ദാതാക്കൾ പങ്കെടുക്കുകയും 13 സന്നദ്ധ സംഘടനകൾക്കായി 1 ബില്യൺ ഡോളറിന്റെ ധനസഹായ വാഗ്ദാനം നേടിയെടുക്കുകയും ചെയ്തു. 2018-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ ആഗോളതലത്തിൽ 70 പ്രോജക്ടുകൾക്കായി 800 കോടിയിലധികം ഡോളർ ലഭ്യമാക്കാൻ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. കൂട്ടായുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയും വളരേണ്ടതുണ്ടെന്ന് അന്ന വർഗീസ് പ്രതികരിച്ചു.
പ്രമുഖ ആഗോള സംഘടനയായ റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റായ രാജീവ് ജെ. ഷാ 'ലീഡേഴ്സ്' വിഭാഗത്തിലാണ് പട്ടികയിൽ ഇടം നേടിയത്. ഗുജറാത്തി ദമ്പതികളുടെ മകനായി ഡെട്രോയിറ്റിൽ ജനിച്ച രാജീവ്, മുൻപ് ഒബാമ ഭരണകൂടത്തിന് കീഴിൽ യു.എസ്.എ.ഐ.ഡി തലവനായും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലും ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ റോക്ക്ഫെല്ലർ ഫൗണ്ടേഷനെ നയിക്കുന്ന അദ്ദേഹം കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഊർജ്ജ പ്രതിസന്ധി എന്നിവയ്ക്കെതിരെ ശക്തമായി ഇടപെടുന്നു. പ്രശസ്ത യൂട്യൂബർ മിസ്റ്റർ ബീസ്റ്റുമായി സഹകരിച്ച് കെനിയയിൽ സ്കൂൾ അടുക്കള തുറന്നതും, 2030-ഓടെ 30 കോടി ആഫ്രിക്കൻ ജനതയ്ക്ക് വൈദ്യുതി എത്തിക്കാനുള്ള 'മിഷൻ 300' പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. മാറ്റങ്ങൾക്കായി വിവിധ മേഖലയിലുള്ളവർ ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഫ്രീഡം ടുഗെദർ ഫൗണ്ടേഷന്റെ പ്രസിഡന്റായ ദീപക് ഭാർഗവയാണ് 'ലീഡേഴ്സ്' വിഭാഗത്തിൽ ഇടംനേടിയ മറ്റൊരു ഇന്ത്യൻ വംശജൻ. ബംഗളൂരുവിൽ ജനിച്ചു വളർന്ന ദീപക്, കുടിയേറ്റം, വംശീയ നീതി, സാമ്പത്തിക സമത്വം എന്നിവയ്ക്കായി പതിറ്റാണ്ടുകളായി താഴെത്തട്ടിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. സാധാരണ ഫൗണ്ടേഷനുകൾ തങ്ങളുടെ ആസ്തിയുടെ 5 ശതമാനം മാത്രം ജീവകാരുണ്യത്തിനായി ചെലവഴിക്കുമ്പോൾ ഭാർഗവയുടെ നേതൃത്വത്തിൽ അത് 10 ശതമാനമായി ഉയർത്തി. കഴിഞ്ഞ വർഷം മാത്രം ജനാധിപത്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി 530-ലധികം ഗ്രാന്റുകളിലൂടെ 40 കോടിയിലധികം ഡോളറാണ് ഈ ഫൗണ്ടേഷൻ വിതരണം ചെയ്തത്. അടിസ്ഥാന അവകാശങ്ങളും നിയമവാഴ്ചയും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അടിയന്തര ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്ന് ഭാർഗവ വ്യക്തമാക്കി.