
അറ്റ്‌ലാന്റാ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥികൾക്ക് വൻ വിജയം. ആറ് ലക്ഷത്തിലധികം ഏഷ്യൻ അമേരിക്കൻ വംശജർ താമസിക്കുന്ന ജോർജിയയിൽ, ചരിത്രപരമായ നേട്ടങ്ങളിലേക്കാണ് പുതിയ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്.
തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനാർത്ഥിയായ നബീല ഇസ്‌ലാം പാർക്ക്സ് ആണ്. പ്രൈമറി ഘട്ടത്തിൽ മികച്ച വിജയം നേടിയ നബീല റൺ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടി. ഇതോടെ ജോർജിയയുടെ ചരിത്രത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജയാകാൻ നബീലയ്ക്ക് വഴിതുറന്നു. 2023 മുതൽ 2026 വരെ ജോർജിയയിലെ ഏഴാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള സ്റ്റേറ്റ് സെനറ്ററായിരുന്ന നബീല, ജോർജിയ സെനറ്റിലെത്തുന്ന ആദ്യ മുസ്‌ലിം വനിത കൂടിയാണ്. മാറ്റത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും എല്ലാവർക്കും തുല്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ താൻ പോരാടുമെന്നും വിജയം ഉറപ്പിച്ച ശേഷം നബീല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മറ്റൊരു ശക്തമായ മത്സരത്തിൽ സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റ് 7-ൽ നിന്ന് മത്സരിച്ച രാഹുൽ ഗരബാദുവും റൺ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ജൂൺ 16-ന് നടക്കുന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വോട്ടർമാരുടെ പിന്തുണ തുടരണമെന്നും രാഹുൽ അഭ്യർത്ഥിച്ചു.
റൺ ഓഫ് റൗണ്ടുകളിലേക്ക് നീങ്ങിയവർക്ക് പുറമെ, പ്രൈമറിയിൽ നേരിട്ട് വൻ വിജയം നേടിയ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥികളും സംസ്ഥാനത്തുണ്ട്. സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്റ്റ് 97-ൽ നിന്ന് ഡെമോക്രാറ്റിക് പ്രൈമറി ജയിച്ച ജ്യോത് സിംഗ്, ജോർജിയയുടെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സിഖ് വംശജനായ ജനപ്രതിനിധിയാകാൻ ഒരുങ്ങുകയാണ്. സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റ് 44-ൽ നിന്ന് സൈറ ഡ്രാപ്പറും, ഹൗസ് ഡിസ്ട്രിക്റ്റ് 106-ൽ നിന്ന് ജോർജിയയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായ അക്ബർ അലിയും ഡെമോക്രാറ്റിക് നാമനിർദ്ദേശം നിലനിർത്തി മികച്ച വിജയം സ്വന്തമാക്കി.
ജോർജിയയിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ വളർന്നുവരുന്ന രാഷ്ട്രീയ സ്വാധീനത്തിന്റെയും പ്രാതിനിധ്യത്തിന്റെയും തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് 'ഇന്ത്യൻ അമേരിക്കൻ ഇംപാക്ട്' എക്സിക്യൂട്ടീവ് ഡയറക്ടർ ചിന്തൻ പട്ടേൽ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും തങ്ങളുടെ സമൂഹത്തിന്റെ ശബ്ദം കേൾപ്പിക്കാൻ കൂടുതൽ ദക്ഷിണേഷ്യൻ നേതാക്കൾ കടന്നുവരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.