
മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 66-ാം പിറന്നാള്‍. പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെക്കുകയാണ്ആരാധകരും സിനിമാലോകവും. നാല് ദേശീയ
പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ലാലിന്റെ ജനനം. മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു. കോളേജില്‍ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.