Image

പ്രതീക്ഷ (കവിത: ശ്രീദേവി മുത്ത്മണി)

Published on 21 May, 2026
പ്രതീക്ഷ (കവിത: ശ്രീദേവി മുത്ത്മണി)

കരഞ്ഞുകുതിർന്ന കെട്ടുമായി 
വീണ്ടുമോടി,വഴിയിൽ ജീവിക്കാനാവാതെയൊളിച്ചോടി യാത്മാക്കളുടെകൂട്ട്കിട്ടി,
ആശ്വാസം.

ഉള്ളുതുറന്ന്കരഞ്ഞു,
ഭൂമികാണാതെഗർഭത്തിലലസ്സിപോയൊരുകുഞ്ഞാത്മാവിന്മുന്നിൽ,
ചോരമണമുള്ളകയ്യാൽ 
അവളെൻ്റെകണ്ണീരൊപ്പി,
ദൂരേയൊരു വെട്ടം കാണിച്ചുതന്നുനടന്നു പോകാൻപറഞ്ഞു,വീണ്ടുമോടി,
തിരിഞ്ഞുനോക്കിഅവളെന്നെ
ചൂണ്ടി പൊട്ടിച്ചിരിച്ചു.

ഓടിയോടിമടുത്തിരുന്നു,
പട്ടിണികിടന്ന് മരിച്ചൊരുകിഴവിവന്നു.
ഓണത്തിന് മക്കൾ അമ്മയെ കൂട്ടാതെയിലയിട്ട കഥപറഞ്ഞു, ഞങ്ങള് കരഞ്ഞു.
ദൂരേ വെട്ടം ചൂണ്ടിക്കാണിച്ച്
"പയ്യെ പോ" ന്ന് തോളിൽതട്ടി,
ഞാനോവേഗത്തിലോടി,
തട്ടിവീണു.

വീണതോ അച്ഛൻ കൊന്നൊരു പെൺകുഞ്ഞിൻ്റെമുന്നിൽ,
വേദനിച്ചകഥയാണവൾക്ക്,
പെറ്റികോട്ടിനുള്ളിൽനിന്നൊലിച്ചി-
-റങ്ങിയ ചോര തുടച്ച്,
അയാള് നിനക്കഛനല്ലന്നു, ഇനിയങ്ങനെ വിളിക്കരുതെന്നും പറഞ്ഞു ഞാൻ മുന്നോട്ടോടി.

വഴിയിൽ നീന്തലറിഞ്ഞിട്ടും ജീവനറ്റു വെള്ളത്തിൽ പൊങ്ങിയവരെയും,
ഭക്ഷണംമോഷ്ടിച്ചതിന്കൊന്നവരെയും, വാഴയിൽ തൂങ്ങിയവരെയും,
ജീവിക്കാനാശിച്ചു സത്ത് പോയവരെയെല്ലാം കണ്ടുമുട്ടി,
അവരെനിക്ക് വഴികാണിച്ചു കൂട്ടുവന്നു.
ഞാനോ, ദൂരെയുള്ള പ്രതീക്ഷയുടെ വെട്ടത്തിലേയ്ക്ക് യാത്ര തുടരുന്നു.

---------------------------------------------------------

ശ്രീദേവി മുത്ത്മണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക