Image

ഭ്രമരം (കഥ : ഷിജു ജോബു)

Published on 21 May, 2026
ഭ്രമരം (കഥ : ഷിജു ജോബു)

അമ്മ പോയിട്ടിന്നേക്ക് ഒരാഴ്ചയായി. എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. അച്ഛൻ അന്നു മുതൽ എന്തൊക്കെയോ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയതാണ്. പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിച്ചുകൂട്ടി ഞാനും അച്ഛനും. ചുറ്റുമുള്ള ആരൊക്കെയോ വന്നെന്തൊക്കെയോ അന്വേഷിച്ചു പോകുന്നുണ്ട്.

"അമ്മയെവിടെ? എപ്പോ തിരിച്ചു വരും?"

ഞങ്ങൾക്കുമറിയില്ല.

"എനിക്ക് മതിയായി. എന്നെയിനി അന്വേഷിക്കണ്ട."

അമ്മയുടെ തുന്നൽ മെഷീനിൽ നിന്ന് കിട്ടിയ തുണ്ടു കടലാസിൽ നിന്ന് ഇത്രമാത്രമേ ചിന്നുവിനും അച്ഛനും അറിയൂ.

അന്ന് മുതൽ അവൾ കോളേജിൽ പോയില്ല; അച്ഛൻ പണിക്കും പോയില്ല. ചിന്നുവിന്റെ ചിന്തകളിൽ ഇന്നലെകൾ വരിവരിയായി നിരന്നു.

കഴിഞ്ഞ ദിവസം മുതൽ അവളുടെയച്ഛൻ ശേഖരൻ ഒന്നും കഴിക്കുന്നില്ല. ആരോടുമൊന്നും മിണ്ടുന്നതുമില്ല. വിചിത്രമായ ചില കോമാളിത്തരങ്ങൾ കാണിച്ച് അയാൾ ചുമരിനോട് വർത്തമാനം പറഞ്ഞു തുടങ്ങി. അടുത്തുള്ള ആയിഷുമ്മ പറഞ്ഞിട്ടാണ് അവൾ അച്ഛനെയും കൊണ്ട് മാനസികാരോഗ്യ ആശുപത്രിയിൽ വന്നത്.

ഡോക്ടറെ കാണിച്ച് അന്ന് തന്നെ തിരിച്ചു പോകാം എന്നാണ് കരുതിയത്. പക്ഷേ, ഡോക്ടർ അന്നവിടെ തങ്ങാൻ എഴുതിക്കൊടുത്തു.
ഇരുട്ടിത്തുടങ്ങിയപ്പോൾ അതുവരെ തോന്നാതിരുന്ന ഭയം അവളെ വലയം ചെയ്യാൻ തുടങ്ങി. പത്തൊമ്പത് വയസ്സുള്ള, പൂർണ്ണവളർച്ചയെത്തിയ ഒരു പെണ്ണാണ് താനെന്ന ബോധം അവളുടെയുള്ളിൽ അമ്മ ഓർമ്മകളുണർത്തി.
"ഇരുട്ടുന്നതിനു മുൻപ് പെണ്ണുങ്ങൾ വീട്ടിൽ കയറണം.നീ വലിയ പെണ്ണാ."

ചെവി പൊട്ടുന്ന ഉച്ചത്തിൽ അമ്മയുടെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി. ചിന്നു രണ്ടു ചെവികളും പൊത്തിപ്പിടിച്ചു.

പെട്ടെന്നാണ് ആരോ പുറകിൽ നിന്ന് അവളുടെ ചുരിദാറിൽ പിടിച്ചുവലിച്ചത്. മുട്ടൊപ്പം എത്തുന്ന വെള്ള ഷെമ്മി ധരിച്ച ഒരു കൊച്ചു പെൺകുട്ടി! അവളുടെ കയ്യിൽ ഒരു കുഞ്ഞ് റേഡിയോ ഉണ്ടായിരുന്നു.

"എന്റെ റേഡിയോ കേടായി. ഇതൊന്ന് ശരിയാക്കി തരുമോ?" 
ആ ഏകാന്തതയിൽ അവളെ കണ്ടത് ചിന്നുവിന് എന്തോ ഒരാശ്വാസമായി തോന്നി.

"നിന്റെ കൂടെ ആരുമില്ലേ?" ചിന്നു ചോദിച്ചു.

"അമ്മ അവിടെയുണ്ട്." അവൾ സ്ത്രീകളുടെ വാർഡിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.

അവളുടെ കുഞ്ഞുവിരലിൽ പിടിച്ച്, ഏതോ ഒരു ആകർഷണവലയത്തിൽ പെട്ടതുപോലെ ചിന്നു മുന്നോട്ട് നടന്നു.
അവരങ്ങനെ എന്തെല്ലാമോ സംസാരിച്ചു.

അവളുടെ പേര് അമ്മിണി എന്നായിരുന്നു. അവളുടെ റേഡിയോ ഒരു തട്ടിക്കൂട്ടലിൽ ശരിയായി. അവൾ അതിൽ പാട്ടുകൾ ട്യൂൺ ചെയ്ത് കേട്ടുകൊണ്ട് നടന്നു. സ്ത്രീകളുടെ വാർഡിൽ കയറിച്ചെല്ലുമ്പോൾ അവളുടെ അമ്മയുൾപ്പെടെയുള്ള രോഗികളെല്ലാം രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. അമ്മിണി ഒരു പാത്രത്തിൽ ചപ്പാത്തിയും കറിയും വാങ്ങി ചിന്നുവിനും കൊടുത്തു. ഇന്നലെ രാത്രി കഞ്ഞി കുടിച്ചതാണ്, പിന്നെ ഇപ്പോഴാണ് അവൾ ഭക്ഷണം കാണുന്നത്. പ്ലേറ്റിൽ ഉണ്ടായിരുന്നതെല്ലാം അവൾ വേഗം കഴിച്ചുതീർത്തു.
"എടീ, പരിചയമില്ലാത്തവർ എന്തെങ്കിലും വാങ്ങിത്തന്നാൽ തിന്നരുത്!" അവളുടെ ഉള്ളിൽ വീണ്ടും അമ്മയുടെ അലർച്ച കേട്ടു.

അമ്മ ജീവിതം മടുത്തുവെന്ന് പറയുന്നത് താൻ ജനിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്. അമ്മയെ ഒരിക്കലും ചിരിച്ചു ചിന്നു കണ്ടിട്ടേയില്ല. എങ്ങോട്ടാവും അമ്മ പോയിട്ടുണ്ടാവുക? പാവം! തുന്നിക്കിട്ടുന്ന പൈസ ചേർത്തുവെച്ച് എന്നെയും കൂട്ടി കടൽ കാണാൻ പോകണമെന്ന് പണ്ട് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് പുറത്തൊക്കെ പോകുന്നത് വലിയ ഇഷ്ടമാണ്. പക്ഷേ, അച്ഛന് അതൊന്നും ഇഷ്ടമല്ല. അച്ഛൻ ജീപ്പ് ഓടിക്കാൻ പോകും, വൈകിട്ട് ആറ് മണിയാകുമ്പോഴേക്കും തിരിച്ചു വീട്ടിൽ വരും. എന്നും ഒരേപോലെ ഒരേ ദിനചര്യ.

അമ്മയ്ക്ക് ആളുകൾ ടൂർ പോകുന്നതൊക്കെ കാണുമ്പോൾ വലിയ വിഷമമാണ്. 'നമ്മളെന്നും ഇവിടെയിരുന്ന് ജീർണ്ണിച്ചു പോകുകയേയുള്ളൂ' എന്ന് അമ്മ പറയുമായിരുന്നു. ചിന്നുവിന്റെ ഓർമ്മയിൽ അവർ മൂന്നുപേരും ഒരുമിച്ച് എങ്ങോട്ടും പുറത്തുപോയിട്ടില്ല, ഒരു ബന്ധുവീട്ടിൽ പോലും. കൂടുതൽ ചിന്തിക്കുന്തോറും മനസ്സ് കൈവിട്ടുപോകും പോലെ അവൾക്ക് തോന്നി. തലയാകെ ഒരു പെരുപ്പ്. ഇനി അടുത്ത നിമിഷം എന്ത്? അറിയില്ല. അവൾ സ്ത്രീകളുടെ വാർഡിൽ കുറെ നേരം തലപൊത്തിപ്പിടിച്ചിരുന്നു.

അനിശ്ചിതത്വം തളംകെട്ടി നിന്ന രണ്ട് പകലും രാത്രിയും കൂടി കടന്നുപോയി. രാവിലെ അവൾ അച്ഛന്റെ കൂടെ വാർഡിൽ പോയിരിക്കും. ഡോക്ടർ റൗണ്ട്സിന് വരുമ്പോൾ രോഗിയുടെ കൂടെയുള്ളവർ വിവരങ്ങൾ പറയണം. അച്ഛൻ വന്ന അന്ന് മുതൽ ഉറക്കമാണ്. മരുന്നിന്റെ മയക്കമാണെന്നാണ് അവിടുള്ളവർ പറയുന്നത്. "കയ്യിൽ കാശുണ്ടെങ്കിൽ വേറെ നല്ല ആശുപത്രിയിൽ കൊണ്ടു പൊയ്ക്കൂടേ" എന്ന് ചോദിക്കുന്നവർ വേറെയുമുണ്ട്.

തിരിച്ചു വീട്ടിൽ പോകാനുള്ള പണം പോലും അവളുടെ കയ്യിലില്ലായിരുന്നു. പക്ഷേ, ആരോടും അവൾ ഒന്നും പറഞ്ഞില്ല.

അമ്മിണി മിക്കപ്പോഴും "ചിന്നുച്ചേച്ചീ" എന്ന് വിളിച്ച് അവളുടെ കൂടെത്തന്നെയുണ്ടാകും. ചിന്നുവിന്റെ ഫോണിലെ ചാർജ് തീർന്നു, ചാർജർ എടുത്തിട്ടുമില്ലായിരുന്നു. ആരോടും ചോദിക്കാനും പോയില്ല. തിരിച്ചു പോകുന്ന ദിവസം ഫോൺ വിൽക്കാം; അവൾ ആലോചിച്ചിട്ട് ആകെയുള്ള കച്ചിത്തുരുമ്പ് അതായിരുന്നു.

അമ്മിണിയുടെ റേഡിയോയിലെ പാട്ട് കേട്ടും അവളോട് വർത്തമാനം പറഞ്ഞും, അവൾ വാർഡിൽ നിന്ന് വാങ്ങി കൊടുക്കുന്ന ഭക്ഷണം കഴിച്ചും, അവളുടെ അമ്മയുടെ കട്ടിലിനടിയിൽ കിടന്നുറങ്ങിയും അത്രയും ദിവസങ്ങൾ അവൾ കഴിച്ചുകൂട്ടി.

'കോളേജിൽ ആരെങ്കിലും എന്നെ ഓർക്കുന്നുണ്ടാകുമോ? വീട്ടിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ പോലും ആരും വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല. അല്ലെങ്കിലും ഫ്രണ്ട്സ് എന്ന് പറയാൻ ആരുമില്ലല്ലോ. കോളേജിൽ ചേർന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അതിൽ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അമ്മ പോയി. പിന്നെ അങ്ങോട്ട് പോയിട്ടില്ല. ഇപ്പോൾ ആശുപത്രിയിലും. തിരിച്ചു വീട്ടിലെത്തിയിട്ട് കോളേജിൽ പോകണം. എങ്ങനെ? അതിനുള്ള കാശ്? ഓർത്താൽ ഒരെത്തും പിടിയുമില്ല.'
അവൾ കണ്ണുകളിൽ പടർന്ന കണ്ണീർ അമർത്തിത്തുടച്ചു.

അന്ന് രാത്രി അമ്മിണി അവളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ പറഞ്ഞു: "ചേച്ചിയെ നാറുന്നു... എത്ര ദിവസമായി ഈ ഡ്രസ്സ് ഇട്ടിട്ട്?" അവൾ പെട്ടെന്ന് മാറി കിടന്നു. ഇവിടെ വന്ന അന്ന് മുതൽ ചിന്നു കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടുമില്ല.

"അശ്രീകരം! എടീ എഴുന്നേറ്റ് കുളിക്കടീ. പെണ്ണുങ്ങൾ രാവിലെ തന്നെ കുളിക്കണം." വീണ്ടും അവളുടെ ഉള്ളിൽ അമ്മയോർമ്മകൾ ഉണർന്നു.

അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. കട്ടിലിനടിയിൽ തല മുട്ടുന്നുണ്ടായിരുന്നു. അവൾ അമ്മിണിയുടെ പാട്ടുപെട്ടിയുമെടുത്ത് വാർഡിലെ ജനലിനടുത്തു ചെന്നിരുന്നു. പാട്ട് കേട്ട് ഡ്യൂട്ടി നഴ്സ് ഉണർന്നു.

റേഡിയോ ഓഫ് ചെയ്ത് ചിന്നു അവർക്കരികിലേക്ക് നടന്നു.
"സിസ്റ്ററെ, ഒരു ചാർജർ ഉണ്ടോ?"
അവർ കൊടുത്ത ചാർജറിൽ ഫോൺ കുത്തിയിട്ട് അവൾ കാത്തിരുന്നു. ഫോൺ ഓൺ ആയപ്പോൾ തുരുതുരാ മെസ്സേജുകൾ വരാൻ തുടങ്ങി. അവൾ വേഗം ഫോൺ സൈലന്റാക്കി. കുറെ മിസ്ഡ് കോൾ നോട്ടിഫിക്കേഷനുകൾ ഉണ്ടായിരുന്നു. ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന മെസ്സേജുകൾ ശ്രദ്ധയിൽ പെട്ടു. അത് കാട്ടൂർ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു.
"ഈ മെസ്സേജ് കിട്ടിയാലുടൻ തിരിച്ചു ബന്ധപ്പെടണം."

അമ്മ... അമ്മയെക്കുറിച്ച് എന്തെങ്കിലും വിവരം പറയാനാകുമോ? ഓർക്കുംതോറും ഉള്ളിലെ തിരകൾ തേങ്ങലായി പുറത്തേക്ക് തള്ളിവന്നു. സ്വയം നിയന്ത്രിക്കാനാവാതെ അവൾ വായ പൊത്തിപ്പിടിച്ചു കരഞ്ഞു.

വാർഡിലെ ഡ്യൂട്ടി നഴ്സ് മുറിയിൽ നിന്നിറങ്ങി വന്നു. അവളുടെ അവസ്ഥകൾ കുറച്ചവളിൽ നിന്നും ബാക്കി ഡോക്ടറിൽ നിന്നും കേട്ടറിഞ്ഞ അവർക്ക് അവളോട് സഹതാപം തോന്നിയിരുന്നു. അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവർ കാട്ടൂർ സ്റ്റേഷനിലേക്ക് വിളിച്ചു. ചിന്നുവിന് ഒന്നും മനസ്സിലായില്ല, അവൾ പകച്ചിരുന്നു.

സിസ്റ്റർ മനഃപൂർവ്വം കുറച്ചു ദൂരെ മാറിനിന്ന് സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അമ്മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്! എന്താണ് കാര്യം? അവളുടെ കണ്ണുകൾ സിസ്റ്ററെത്തന്നെ പിന്തുടർന്നു. ആദ്യം അച്ഛന്റെ അവസ്ഥ അവർ ഫോണിലൂടെ പറഞ്ഞു. പിന്നെ കുറെ മുക്കലും മൂളലും മാത്രം. എന്താണിവർ ഫോൺ താഴെ വെക്കാത്തത്?

ചിന്നുവിന്റെ സംശയങ്ങൾക്ക് മറുപടി നൽകാതെ സിസ്റ്റർ ഫോൺ തിരിച്ചു കൊടുത്തു. "മോളെ, ഇങ്ങോട്ട് വാ" എന്ന് പറഞ്ഞ് അവർ ഡ്യൂട്ടി റൂമിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. അവർ മേശപ്പുറത്തിരുന്ന കുപ്പിയിലെ വെള്ളം തൊണ്ടതൊടാതെ വിഴുങ്ങുന്നത് കണ്ടപ്പോൾ അവൾ പരിഭ്രാന്തയായി. "എന്റെ അമ്മയ്ക്ക് എന്താ സിസ്റ്ററെ? അമ്മ പോയോ?"

"ചിന്നു, നാളെ ഒരിടം വരെ പോകാനുണ്ട്. മോൾടെ അമ്മ അവിടെയുണ്ട്. ഇപ്പോൾ കിടന്നുറങ്ങിക്കോ."

"എവിടെയാ സിസ്റ്ററെ?"

"നാളെ പറയാം."

പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് സിസ്റ്റർ പോയി. ചിന്നു ആകെ ആശയക്കുഴപ്പത്തിലായി.

അവൾ ഫോണെടുത്ത് കാട്ടൂർ സ്റ്റേഷനിലേക്ക് വിളിച്ചു. അങ്ങേത്തലയ്ക്കൽ ഒരു പരുക്കൻ ശബ്ദമാണ് കേട്ടത്. 
"സാർ, ഇന്നലെ രാത്രി ഈ നമ്പറിൽ നിന്ന് വിളിച്ചിരുന്നു..."

"നിങ്ങളോട് പറഞ്ഞില്ലേ അവരെ വിയ്യൂർ ജയിലിലേക്ക് മാറ്റിയെന്ന്! നാളെ കോടതിയിൽ ഹാജരാക്കും."

അവൾക്ക് ഒന്നും മനസ്സിലായില്ല. അമ്മ ജയിലിലോ? എന്തിന്? അമ്മ എന്ത് തെറ്റാണ് ചെയ്തത്? അവൾ വേഗം അച്ഛന്റെ വാർഡിലേക്ക് ഓടി. അച്ഛൻ പതിവില്ലാതെ ഉണർന്നിരിക്കുന്നുണ്ടായിരുന്നു.

"അച്ഛാ, അമ്മ ജയിലിലാണെന്ന്. വേഗം വാ, എഴുന്നേൽക്ക്. നമുക്ക് പോകാം." അവൾ അച്ഛന്റെ കയ്യിൽ പിടിച്ചു വലിച്ചു. എല്ലാം കേട്ടിട്ടും ഒരു ഭാവവ്യത്യാസവുമില്ലാതെ അയാൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. അവൾക്ക് നിയന്ത്രിക്കാനാവാത്ത ദേഷ്യം വന്നു.

"അച്ഛൻ വരുന്നുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും. വാ അച്ഛാ..."

അവൾ അക്രമാസക്തയായി. ചുറ്റും കണ്ടതെല്ലാം അവൾ അച്ഛന്റെ നേർക്കെറിഞ്ഞു. എന്തൊക്കെയോ ഉറക്കെ വിളിച്ചുപറഞ്ഞു. ഒടുവിൽ കരഞ്ഞു തളർന്നു വീണ അവളെ ആരൊക്കെയോ ചേർന്ന് പിടിച്ച് ഡോക്ടറുടെ മുന്നിൽ കൊണ്ടിരുത്തി. കഴിഞ്ഞ രാത്രിയിലെ ഡ്യൂട്ടി നഴ്സും അവിടെയുണ്ടായിരുന്നു.

"എന്റെ അമ്മ..." ചിന്നു വിതുമ്പി.

"ചിന്നു, സമാധാനമായിരിക്ക്. നമുക്കെല്ലാം ശരിയാക്കാം." ഡോക്ടർ അവളെ ആശ്വസിപ്പിച്ചു.

"എങ്ങനെ? എന്റെ അമ്മ അവിടെ..."

"ചിന്നു, നീ ഒരു സത്യം മനസ്സിലാക്കണം... രേണുക നിന്റെ സ്വന്തം അമ്മയല്ല."

പേര്: ചിന്നു
അച്ഛന്റെ പേര്: ശേഖരൻ
അമ്മയുടെ പേര്: രേണുക

ഇത്രയും കാലം താൻ പൂരിപ്പിച്ച ഫോമുകളെല്ലാം കള്ളമായിരുന്നോ? എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. പിന്നീട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

രേണുക ചിന്നുവിന്റെ അച്ഛന്റെ കൂടെ പ്രണയിച്ച് ഒളിച്ചോടി വന്നതായിരുന്നു. ശേഖരന്റെ വീട്ടിൽ വന്നുകയറിയപ്പോഴാണ് അയാൾ വിഭാര്യനാണെന്നും, രണ്ട് വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അച്ഛനാണെന്നും അവർ അറിയുന്നത്. രേണുകയുടെ ആദ്യത്തെ ഭർത്താവ് മദ്യപാനിയും ക്രൂരനുമായിരുന്നു.അയാളുടെ ഉപദ്രവം സഹിക്കാനാകാതെയാണ് വേറെ നിർവാഹമില്ലാതെ രേണുക ശേഖരനോടൊപ്പം ഇറങ്ങിത്തിരിച്ചത്. അവർ സ്വന്തം നാടുവിട്ട് ഈ നാട്ടിൽ വന്നു താമസിച്ചത് പഴയ പരിചയക്കാരിൽ നിന്ന് ഒളിച്ചോടാനായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ചിന്നുവിന് സഹായത്തിനായി ബന്ധുക്കൾ ആരുമില്ലാതെ പോയത്. രേണുകയ്ക്ക് ചിന്നുവിനോടുണ്ടായിരുന്ന അനിഷ്ടമാണ് എപ്പോഴും കുത്തുവാക്കുകളായി പുറത്തുവന്നിരുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് രേണുകയെ അന്വേഷിച്ച് അവളുടെ പഴയ ഭർത്താവ് വരികയും, അവർ തമ്മിൽ സംസാരിച്ച് പഴയ തെറ്റുകുറ്റങ്ങൾ ഏറ്റുപറയുകയും ചെയ്തു. അങ്ങനെയാണ് "ഇനിയെന്നെ തിരയേണ്ട" എന്ന് കത്തെഴുതിവെച്ച് അവൾ അയാളോടൊപ്പം പോയത്. പക്ഷേ, അയാളുടെ ലക്ഷ്യം അവളെ വെച്ച് പണമുണ്ടാക്കുക എന്നതായിരുന്നു. ഇതറിഞ്ഞ രേണുകയും അയാളും തമ്മിൽ ഒരു ലോഡ്ജ് മുറിയിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടായി. അവിടെ മേശപ്പുറത്തിരുന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് രേണുക അയാളുടെ വയറ്റിൽ കുത്തി. ബഹളം കേട്ട് ഓടിക്കൂടിയവർ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാട്ടൂർ സ്റ്റേഷനിലെ പോലീസാണ് രേണുകയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ അവർ വിയ്യൂർ ജയിലിലാണ്. നാളെ കോടതിയിൽ പോയാൽ അവരെ കാണാം, പക്ഷേ ജാമ്യം കിട്ടാൻ സാധ്യതയില്ലായിരുന്നു.

എല്ലാം കേട്ട് മരവിച്ച അവസ്ഥയിൽ ചിന്നു പതുക്കെ എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടന്നു. മറനീക്കി പുറത്തുവന്ന സത്യങ്ങൾ, കോമ്പല്ല് കാട്ടി ചിരിക്കുന്ന ഒരു ഭൂതത്തെപ്പോലെ അവൾക്ക് തോന്നി. 
ഭൂതം... 
അമ്മയുടെ മുഖമുള്ള ഭൂതം! 
മുടിയഴിച്ചിട്ട്, ചോരയൊലിപ്പിക്കുന്ന പല്ലുകൾ കാട്ടി, ദംഷ്ട്രകൾ നീട്ടി തന്നെ കൊല്ലാൻ വരുന്ന ഭീകരരൂപം!

അവളാ മുറിയുടെ ചുമരുകൾ മുഴുവൻ ആ ഭൂതത്തിന്റെ ചിത്രങ്ങൾ വരച്ചുനിറച്ചു. താൻ നിൽക്കുന്നത് മാനസികാരോഗ്യ ആശുപത്രിയിലെ സ്ത്രീകളുടെ സെല്ലിനുള്ളിലാണെന്ന് പോലും തിരിച്ചറിയാനാകാതെ, പേടിച്ചരണ്ട് അവൾ ചുമരിനോട് ചേർന്ന് പതുങ്ങിയിരുന്നു. കാലം തെറ്റി വന്ന പേമാരിയും കൊടും വേനലുമറിയാതെ, അവൾ ആ ഇരുട്ടറയിൽ തന്റെ ജീവിതം തള്ളിനീക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക