Image

ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം: അനിശ്ചിതത്വം തുടരുന്നു (സനില്‍ പി തോമസ്)

Published on 21 May, 2026
ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം: അനിശ്ചിതത്വം തുടരുന്നു (സനില്‍ പി തോമസ്)

ജൂണ്‍ 11ന് ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളുവാനിരിക്കെ മത്സരങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വിവിധ കമ്പനികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഫിഫ സംഘം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. കരാര്‍ തുക സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. തുടക്കത്തില്‍ 100 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ട ഫിഫ പിന്നീട് 60 ദശലക്ഷത്തിലേക്കും 35 ദശലക്ഷത്തിലേക്കും എത്തിയിരുന്നു.

ഖത്തര്‍ ലോകകപ്പ് സംപ്രേഷണ കരാര്‍ 60 ദശലക്ഷം ഡോളറിന് ഒപ്പിട്ട റിലയന്‍സ്-ഡിസ്‌നി(ജിയോ സ്റ്റാര്‍) ഇക്കുറി 20 ദശലക്ഷമാണ് വാഗ്ദാനം ചെയ്തത്. സോണി സ്‌പോര്‍ട്‌സ് 2014, 2018 ലോകകപ്പുകളും 2016 ലെ യൂറോ ഫുട്‌ബോളും സംപ്രേഷണം ചെയ്യാന്‍ 2013ല്‍ കരാര്‍ ഒപ്പിട്ടത് 90 ദശലക്ഷം ഡോളറിന് ആയിരുന്നു. ഇത്തവണ പക്ഷേ, പ്രേക്ഷകര്‍ കുറയുമെന്നാണ് കണക്കുക്കൂട്ടുന്നത്. ആകെയുള്ള 104 മത്സരങ്ങളില്‍ 14 എണ്ണം മാത്രമാണ് ഇന്ത്യന്‍ സമയം അര്‍ധരാത്രിയ്ക്കു മുമ്പ് തുടങ്ങുന്നത്: നട്ടപ്പാതിരിയ്ക്കും ഏറെ പുലര്‍ച്ചെയും മത്സരം കാണാന്‍ ഇന്ത്യക്കാര്‍ തയ്യാറാകില്ലെന്നാണ് പൊതുവിലയിരുത്തല്‍. അതിനാല്‍ പരസ്യവരുമാനവും കുറയും.

മാത്രമല്ല, ഇന്ത്യയില്‍ ഭൂരിഭാഗം സ്‌പോര്‍ട്‌സ് പ്രേമികളും ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആവേശത്തിലാണ്. ഐ.പി.എല്‍, കശാലപ്പോരാട്ടം ആകട്ടെ മെയ് 31നാണ്. റിലയന്‍സ്-ഡിസ്‌നി സഖ്യവുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഈ സാധ്യത തള്ളി. 500 കോടി രൂപയാണ് ഫിഫ ആവശ്യപ്പെട്ടതെന്നും ഇത് ദൂരദര്‍ശന് താങ്ങാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദൂരദര്‍ശന്‍, ഡിഡി സ്‌പോര്‍ട്‌സ് ചാനലുകളിലും വേവ്‌സ് പ്ലാറ്റ്‌ഫോമിലും കളികാണാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍.

ഇതിനിടെ സംഭവം ഡല്‍ഹി ഹൈക്കോടതിയിലെത്തി. കോടതി വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയിലും ചൈനയിലും മത്സരം സംപ്രേഷണം ചെയ്യുന്നതിനു നേരിട്ട തടസം ഫിഫയ്ക്ക്  വെല്ലുവിളി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ചൈനയിലെ പ്രശ്‌നം പരിഹരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന മീഡിയ ഗ്രൂപ്പ് ആണ് സംപ്രേഷണം ഏറ്റെടുത്തത്.

ലോകകപ്പ് 2026 നൊപ്പം 2030 ലെ ലോകകപ്പ്, 2027 ലെയും 2031ലെയും വനിതാ ലോകകപ്പ് എന്നിവ ചേര്‍ത്ത് ഒരു പാക്കേജ് ആയാണ്  ചൈന മീഡിയ ഗ്രൂപ്പ് ഫിഫയുമായി കരാര്‍ ഒപ്പിട്ടത്. തുക എത്രയെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല. തുക കൂടുതലെന്നു പറഞ്ഞ് ചൈനയും നേരത്തെ സംപ്രേഷണ കരാര്‍ എഴുതാതെ കാത്തിരിക്കുകയായിരുന്നു. ലോകത്തില്‍ ഏറ്റവും അധികം ലോകകപ്പ് പ്രേക്ഷകര്‍ ചൈനയിലാണ്. ആദ്യ പത്തില്‍ ഇന്ത്യയും ഉണ്ട്.

യൂറോപ്യന്‍ ടീമുകള്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയുണ്ടെങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീം അര്‍ജന്റീനയും ബ്രസീലുമാണ്. താരങ്ങളെ കണക്കിലെടുത്താല്‍ മെസിയും നെയ്മറും റൊണാള്‍ഡോയുമാണ് ഇഷ്ട താരങ്ങള്‍. ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ കുറവാണ്. എന്തായാലും കായികലോകം ലോകകപ്പ് ഫുട്‌ബോളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കളികാണാന്‍ പറ്റാത്ത അവസ്ഥ ദുഃഖകരമാണ്. മൂന്നാഴ്ച ബാക്കിയുണ്ട്. പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക